Image

ഇറാനില്‍ ഇനിയെന്ത്...? റെയ്സിയുടെ മരണത്തില്‍ ഇസ്രയേലിന് പങ്കുണ്ടോ..? (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 20 May, 2024
ഇറാനില്‍ ഇനിയെന്ത്...? റെയ്സിയുടെ മരണത്തില്‍ ഇസ്രയേലിന് പങ്കുണ്ടോ..? (എ.എസ് ശ്രീകുമാര്‍)

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി ബന്ധപ്പെട്ടവര്‍ സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ അന്ത്യം ചില ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. കടുത്ത യാതാസ്ഥിതികനായ റെയ്സി രാജ്യത്തിന്റെ ഏട്ടാമത്തെ പ്രസിഡന്റ്ആയിരുന്നു. നിയമജ്ഞനും നയതന്ത്രജ്ഞനും മതമേലധ്യക്ഷനും ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമീനിയുടെ മാനസപുത്രനുമാണ്. അതിനാല്‍ ഭാവിയില്‍ ഇറാന്റെ പരമോന്നത പദവി വഹിക്കേണ്ട വ്യക്തിയായിരുന്നു സയ്യിദ് ഇബ്രാഹിം റൈസൊള്‍ സദതി എന്ന ഇബ്രാഹിം റെയ്സി.

ഇറാന്റെ കടുത്ത തീവ്രപക്ഷ നേതാവും മതത്തിലും രാഷ്ട്രീയത്തിലും വിട്ടൂവീഴ്ചയില്ലാത്ത കടുപ്പക്കാരനും ഇസ്രായേല്‍ വിരോധിയുമായ റെയ്സി മരണത്തിന് തൊട്ടുമുമ്പ് തന്റെ അവസാന പ്രസംഗത്തില്‍ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അസര്‍ബൈജാനുമായി ചേര്‍ന്ന് അതിര്‍ത്തിയിലെ അറസ് നദിയില്‍ നിര്‍മിച്ച രണ്ട് അണക്കെട്ടുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ളതായിരുന്നു റെയ്സിയുടെ വാക്കുകള്‍. ഗാസയെച്ചൊല്ലി ഇസ്രയേലുമായി സംഘര്‍ഷം നിലനില്‍ക്കവെയാണ് റെയ്‌സിയുടെ ദുരൂഹമരണം. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാനും പങ്കാളിയായതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായത്.

ഇറാന്റെ ദമാസ്‌കസിലെ നയതന്ത്ര കാര്യാലയത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ജനറല്‍മാരായ മുഹമ്മദ് റിസ സഹേദിയും മുഹമ്മദ് ഹാദി റഹീമിയും കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ തിരിച്ചടിച്ച ഇറാന്‍ വിജയം അവകാശപ്പെട്ടിരുന്നെങ്കിലും ലക്ഷ്യത്തിലെത്തുംമുമ്പ് അവരുടെ ആളില്ലാ വിമാനങ്ങള്‍ തകര്‍ത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. റെയ്സിയുടെ മരണത്തില്‍ ഇസ്രായേലിന് പങ്കുണ്ടോയെന്നതാണ് ഒരു ചോദ്യം. നിലവിലെ സാഹചര്യത്തില്‍ ഇസ്രയേല്‍ അത്തരത്തില്‍ ഒരു മഠയത്തരം കാട്ടില്ലെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ റെയ്സിയുടെ വിയോഗം പാലസ്തീന് നികത്താനാവാത്ത നഷ്ടവുമാണ്.

ചൈനയുമായി സൗഹൃദം സ്ഥാപിച്ച റെയ്സിയുടെ മരണം ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ എങ്ങനെ ബാധിക്കുമെന്നും ചോദ്യമുണ്ട്. 2023 ഒക്ടോബര്‍ ഏഴിനാരംഭിച്ച ഇസ്രയേല്‍-ഹമാസ് യുദ്ധം പ്രാദേശിക തലത്തില്‍ വ്യാപിക്കാന്‍ കാരണമായത് ഇറാന്റെ നിലപാടുകള്‍ ആണ്. മദ്ധേഷ്യ അശാന്തിയുടെ നിഴലില്‍ നില്‍ല്‍ക്കുമ്പോഴുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. ഏതായാലും ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത മരണത്തില്‍ ലോകനേതാക്കളുടെ അനുശോചന പ്രവാഹമാണ്.

ഞെട്ടിക്കുന്നതും, വളരെയധികം വേദനിപ്പിക്കുന്നതുമാണ് ഇറാനിയന്‍ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം റെയ്‌സിയുടെ വിയോഗമെന്നും ഇന്ത്യ-ഇറാന്‍ ബന്ധം ശക്തമാകുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ എക്കാലത്തും സ്മരിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. നേരത്തെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടപ്പോഴും മോദി ആശങ്കയറിയിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ അവധിക്കാല ആഘോഷം വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിലേക്ക് മടങ്ങി. വൈറ്റ് ഹൗസില്‍ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ബൈഡന്‍. യു.എസ് അധികൃതര്‍ കരുതുന്നത് ഇറാന്‍ പ്രസിഡന്റിനെ കൊലപ്പെടുത്തിയെന്നാണ്. ഹിജാബ് നിയങ്ങള്‍ അദ്ദേഹം കര്‍ക്കശമാക്കിയതിനു പിന്നാലെ 2022 സെപ്റ്റംബറില്‍ മഹ്സ അമിനിയെന്ന കുര്‍ദ് വനിതയുടെ മരണമുണ്ടായി. നിയമാനുസൃതം തലമറച്ചില്ലെന്ന ആരോപണത്തിന് മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ മരിച്ചതിനെത്തുടര്‍ന്ന് ഇറാനില്‍ ജനാധിപത്യ പ്രക്ഷോഭം ശക്തമായിരുന്നു.

ഇഖാനില്‍ ഇനി എന്ത് സംഭവിക്കും..? ഒരു പ്രസിഡന്റിന് ചുമതല നിര്‍വഹിക്കാന്‍ കഴിവില്ലാതെ വരികയോ അധികാരത്തിലിരിക്കെ മരിക്കുകയോ ചെയ്യുമ്പോള്‍ എന്താണ് ഇറാനിലെ നടപടിക്രമങ്ങള്‍ എന്ന സംശയം സ്വാഭാവികമാണ്. ഇറാനിലെ ഭരണനിര്‍വഹണ വിഭാഗത്തിന്റെ മേധാവിയാണ് പ്രസിഡന്റ്. അതേസമയം, രാജ്യത്തിന്റെ പരമോന്നത നേതാവായി പരിഗണിക്കുന്നത് ശിയാ പണ്ഡിതരായ ആയത്തുല്ലമാരെയാണ്. നിലവിലെ ശിയാ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമീനിയാണ് ഇറാന്റെ പരമോന്നത നേതാവ്.

ആത്മീയതയും ജനാധിപത്യവും ചേര്‍ന്നുള്ള ഭരണ സംവിധാനമാണ് ഇറാനിലേത്. പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമെങ്കിലും ഇതിന്റെ മുകളിലാണ് ആത്മീയ നേതാവും അദ്ദേഹം നിയന്ത്രിക്കുന്ന ഗാര്‍ഡിയന്‍ കൗണ്‍സിലും. രാജ്യത്തിന്റെ അവസാന വാക്ക് ആത്മീയ നേതാവിന്റെതാണ്. അതേസമയം, അന്താരാഷ്ട്ര വേദിയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് പ്രസിഡന്റായിരിക്കും.

ഒരു പ്രസിഡന്റ് പദവിയിലിരിക്കെ മരണപ്പെട്ടാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പറയുന്നത്, ഫസ്റ്റ് വൈസ് പ്രസിഡന്റ് ഇറാന്റെ എല്ലാ കാര്യങ്ങളിലും അന്തിമവാക്കായ പരമോന്നത നേതാവിന്റെ അനുമതിയോടെ ചുമതലയേല്‍ക്കണമെന്നാണ്. മുഹമ്മദ് മുഖ്ബര്‍ ആണ് നിലവിലെ ഫസ്റ്റ് വൈസ് പ്രസിഡന്റ്. ഫസ്റ്റ് വൈസ് പ്രസിഡന്റ്, പാര്‍ലമെന്റ് സ്പീക്കര്‍, ജുഡീഷ്യറി മേധാവി എന്നിവരടങ്ങുന്ന കൗണ്‍സില്‍ പരമാവധി 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനായി തിരഞ്ഞെടുപ്പ് ക്രമീകരിക്കണം.

മിതവാദിയായ ഹസന്‍ റൂഹാനിയുടെ പിന്‍ഗാമിയായി 2021-ലാണ് റെയ്സി പ്രസിഡന്റായി ചുമതലയേറ്റത്. 2025 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. ഇതുപ്രകാരം 2025-ലാണ് അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. പുതിയ സാഹചര്യത്തില്‍ ഭരണഘടനാ നിയമങ്ങള്‍ പ്രകാരം ഈ വര്‍ഷം ജൂലൈ ആദ്യത്തോടെ നടത്തേണ്ടി വരും. ഇറാന്‍ ഭരണഘടന അനുസരിച്ച് രാജ്യത്തിന്റെ രാഷ്ട്രത്തലവനും ഭരണാധികാരിയുമാണ് പ്രസിഡന്റ്. പ്രസിഡന്റ് മന്ത്രിസഭയെ നിയമിക്കുകയും അവരുടെ പ്രവര്‍ത്തനം മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു. ഇറാന്‍ സായുധ സേനയുടെ അധ്യക്ഷനാണ് പ്രസിഡന്റ്. നിയമനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കാനും നിയമനിര്‍മ്മാണ സഭയില്‍ നിന്ന് അംഗീകാരം നേടാനും പ്രസിഡന്റിന് അധികാരമുണ്ട്.

വിദേശ രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിക്കാനും അന്താരാഷ്ട്ര വേദികളില്‍ ഇറാന്റെ താത്പര്യങ്ങള്‍ പ്രതിനിധീകരിക്കാനും പ്രസിഡന്റിന് അധികാരമുണ്ട്. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ പ്രസിഡന്റിന് ബാധ്യതയുണ്ട്. രാജ്യത്തിന്റെ രാഷ്ട്രത്തലവനും ഭരണാധികാരിയുമാണെങ്കിലും പരമോന്നത നേതാവിന്റെ നിയന്ത്രണത്തിലാണ് അദ്ദേഹത്തിന്റെ അധികാരം.

1960 ഡിസംബര്‍ 14-ന് മാഷ്ഹദിലെ നൊഗാന്‍ ജില്ലയിലെ ഒരു പേര്‍ഷ്യന്‍ ക്ലറിക്കല്‍ കുടുംബത്തില്‍ ജനിച്ച റെയ്സി യാഥാസ്ഥിതിക പ്രിന്‍സിപലിസ്റ്റ് രാഷ്ട്രീയക്കാരനും ജൂറിസ്റ്റുമാണ്. 2021 ഇറാന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ച് രാഷ്ട്രത്തലവനായി. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ ഡെപ്യൂട്ടി ചീഫ് ജസ്റ്റിസ്, അറ്റോര്‍ണി ജനറല്‍, ചീഫ് ജസ്റ്റിസ് എന്നിങ്ങനെ നിരവധി പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980-കളിലും 1990-കളിലും ടെഹ്റാനിലെ പ്രോസിക്യൂട്ടര്‍, ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ആയിരക്കണക്കിന് രാഷ്ട്രീയ വിമതരുടെയും തടവുകാരുടെയും വധശിക്ഷയ്ക്ക് മേല്‍നോട്ടം വഹിച്ചു. എക്സിക്യൂട്ടീവ് ഉത്തരവ് 13876 അനുസരിച്ച് യു.എസ് ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്സ് കണ്‍ട്രോള്‍ റെയ്സിയെ വിലക്കിയിരിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക