Image

അന്നത്തെ മഴ ( കവിത : പി. സീമ )

പി. സീമ Published on 20 May, 2024
അന്നത്തെ മഴ ( കവിത : പി. സീമ )

അന്നത്തെ മഴ 
മരയഴികളുള്ള 
ജാലകങ്ങള്‍ക്കപ്പുറത്തു വീണ് 
ഓട്ടിന്‍പുറത്തു  ചിലമ്പുന്ന 
സംഗീതമായിരുന്നു.

'അന്തിയടപ്പന്‍ വരുന്നേ'  യെന്നു 
പടിഞ്ഞാറന്‍ മാനം നോക്കി 
അയയില്‍ തൂങ്ങുന്ന 
തുണികളുടെ ഓര്‍മ്മപ്പെടുത്ത ലായിരുന്നു 

ചരല്‍ പാകിയ മുറ്റത്തെ 
നീര്‍ക്കുമിളകള്‍ക്കിടയിലെ 
പാതി മുങ്ങിയ കടലാസ്സു തോണികളായിരുന്നു.

തിരുവാതിര ഞാറ്റുവേലയ്ക്ക് 
ചിലമ്പിട്ട പെണ്ണിനെപ്പോലെ 
ഓടിക്കിതച്ചെത്തി 
മഴനൂലുകളെ 
തുള്ളിക്കൊരു കുടമാക്കി 
നിനച്ചിരിക്കാതെ 
പെയ്തു തോരുന്ന 
മായാജാലമായിരുന്നു.

ഇന്നും മഴയുണ്ട് 
എപ്പോള്‍ വേണമെങ്കിലും 
ഉടയാവുന്ന 
ചില്ലുജനാലകള്‍ക്കപ്പുറം
മുറ്റത്തു പാകിയ 
നിറം മങ്ങിയ തറയോടുകളില്‍ 
അത് നോവായ് 
മുറിവായ് 
കനലായ് 
ജീവിതമായ് 
ചുട്ടു പൊള്ളുന്നുണ്ട്.

കാടിളക്കി കറുത്തു
കാറ്റിനൊപ്പം 
പാടാന്‍ മറന്ന 
പെരുമഴ 
ഇടയ്ക്കിടെ 
നിലവിളിച്ചും 
ആര്‍ത്തു ചിരിച്ചും 
പുഴയെ പിന്നെയും പിന്നെയും 
ഭ്രാന്തിയാക്കുന്നുണ്ട്.

ആര്‍ക്കാണ് ഭ്രാന്തെന്ന് ചോദിച്ചു 
മഴയും പുഴയും 
മതം ചൊല്ലി മദിക്കുന്ന
ദൈവങ്ങളെ പകുത്തെടുക്കുന്ന 
മനുഷ്യരെ പോലെ 
തമ്മില്‍ തമ്മില്‍ 
തല്ല് കൂടുന്നുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക