ജോർജിയയിലെ ആൽഫറെറ്റയിൽ 18 വയസുള്ള മൂന്ന് ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികൾ കാറപകടത്തിൽ മരണമടഞ്ഞു. അതേ പ്രായക്കാരായ മറ്റു രണ്ടു കുട്ടികൾക്കു പരുക്കേറ്റു.
യൂണിവേഴ്സിറ്റി ഓഫ് ജോർജിയ വിദ്യാർഥികളായ ശ്രിയ അവസരള, ആൻവി ശർമ എന്നിവരും ഹൈ സീനിയർ ആര്യൻ ജോഷിയുമാണ് കൊല്ലപ്പെട്ടത്.
പരുക്കേറ്റവർ: ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥി ഋത്വിക്ക് സോമേപ്പള്ളി, വാഹനം ഓടിച്ചിരുന്ന ഹൈ സ്കൂൾ സീനിയർ മുഹമ്മദ് ലിയാക്കത്ത്.
അമിത വേഗതയാവാം അപകട കാരണമാണെന്നു പോലീസ് കരുതുന്നു. മേയ് 14നു രാത്രി 7:55നാണു അപകടം ഉണ്ടായതെന്നു അവർ പറഞ്ഞു.
മാക്‌സ്‌വെൽ റോഡിനു വടക്കായി വെസ്റ്റ്സൈഡ് പാർക്ക്വെയിലാണ് അപകടം ഉണ്ടായത്. മറ്റു വാഹനങ്ങൾ അപകടത്തിൽ ഉൾപെട്ടിരുന്നില്ല. 18 വയസുള്ള അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ആര്യൻ ജോഷിയും അവസരളയും കാറിൽ തന്നെ മരിച്ചു കിടപ്പായിരുന്നു. മറ്റുള്ളവരെ ആശുപത്രിയിൽ എത്തിച്ചു.
അവസരള യൂണിവേഴ്സിറ്റി ശിക്കാരി ഡാൻസ് ടീമിൽ അംഗമായിരുന്നു. ശർമ യുജിഎ കലാകാർ സംഘത്തിൽ പാടിയിരുന്നു.
ശിക്കാരി ഗ്രൂപ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു: "മികച്ച നർത്തകിയും സുഹൃത്തും നല്ലൊരു വ്യക്തിയും ആയിരുന്നു അവസരള. നിങ്ങളുടെ നൃത്തം ഇപ്പോഴും മറ്റുളളവരിൽ മന്ദസ്മിതം വിടർത്തി. നിങ്ങളുടെ മധുരമായ വ്യക്തിത്വത്തിനു പകരം വയ്ക്കാനില്ല. സ്നേഹം നിറഞ്ഞ ആ ഹൃദയം എന്നും ഓർമ്മിക്കപ്പെടും."
ശർമയുടെ മരണം ഞെട്ടിക്കുന്നതാണെന്നു കലാകാർ ഗ്രൂപ് പറഞ്ഞു. എന്നാൽ അവർ ഒരിക്കലും മായാത്ത മുദ്ര പതിപ്പിച്ചാണ് പോയത്. "ആൻവിയുടെ കാരുണ്യവും ഊർജസ്വലതയും ഞങ്ങളുടെ സമൂഹത്തിൽ ഏറെ ഊർജം പകർന്നിരുന്നു. അവർ മുറിയിൽ കടന്നാലുടൻ പ്രകാശം പരന്നിരുന്നു. അവരോടൊപ്പം കഴിഞ്ഞ എണ്ണമറ്റ നിമിഷങ്ങളുടെ ഓർമ്മകൾ ഞങ്ങൾ കാത്തു സൂക്ഷിക്കും."
അടുത്തയാഴ്ച ഗ്രാജുവേറ്റ് ചെയ്യാനിരുന്ന ആര്യൻ ജോഷിക്കു ആൽഫറെറ്റ ഹൈ ക്രിക്കറ്റ് ടീം ആദരാഞ്ജലി അർപ്പിച്ചു. കാരുണ്യവും കരുതലും ഏറെയുള്ള വിദ്യാർഥി ആയിരുന്നു ജോഷിയെന്നു അവർ പറഞ്ഞു.
ജോഷിയുടെ സംസ്കാരം വെള്ളിയാഴ്ച കമ്മിങ്‌സിൽ നടത്തി.
3 Indian teens killed in Georgia car crash