രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ വെറും 14 ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവിധ മുന്നണികളുടെയും പാര്‍ട്ടികളുടെയും മല്‍സരാര്‍ത്ഥികളുടെയും അണികളുടെയും ചങ്കിടിപ്പ് വല്ലാതെ വര്‍ധിച്ചിരിക്കുന്നു. അത് സ്വാഭാവികം. ജൂണ്‍ 4-ാം തീയതി ഇലക്ട്രേണിക് ബാലറ്റ് പെട്ടി തുറക്കുമ്പോള്‍, പ്രചാരണ കാലത്തെ ആരോപണ പ്രത്യാരോപണങ്ങളും അവകാശവാദങ്ങളും ഗീര്‍വാണങ്ങളും അതിലേറെ വാഗ്ദാനങ്ങളുമെല്ലാം അര്‍ത്ഥവത്തായിരുന്നോ അതോ പാഴായിപ്പോയോ എന്ന സത്യം പുറത്തുവരും.
ഫലമറിയാന്‍ ഇനി രണ്ടാഴ്ചയുള്ളപ്പോള്‍ ഇലക്ഷന്‍ ഫലം സംബന്ധിച്ച ചര്‍ച്ചകളും കൂട്ടലും കിഴിക്കലുമെല്ലാം സജീവമാണ്. മുഖ്യമന്ത്രി പിണറായിയോടുള്ള വിരോധം വാസ്തവത്തില്‍ ഭരണവിരുദ്ധ വികാരമായി മാറിയത് ഇടതുമുന്നണിയെ ഭയപ്പെടുത്തുന്ന കാര്യമാണ്. മുഖ്യമന്ത്രിയുടെ ശരീര ഭാഷയും സംസ്ഥാനത്തെ പോലീസ് രാജും പിണറായിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി കേസും വികസന മുരടിപ്പും കെ റെയിലും ബി.ജെ.പിയിലേയ്ക്കുള്ള അണികളുടെ ഒഴുക്കും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും ക്രൈസ്തവ സഭകളുടെ നിലപാടും മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാത്തതും നിക്ഷേപകരായ പ്രവാസി മലയാളികളുടെ നിരാശയുമെല്ലാം ഇടതു മുന്നണിയുടെ വിജയപ്രതീക്ഷകളെ തീര്‍ത്തും മങ്ങലേല്‍പ്പിക്കുന്ന ഘടകങ്ങളാണ്.
രാഹുല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവത്തില്‍ കഴിഞ്ഞ തവണ കേരളത്തില്‍ യു.ഡി.എഫ് തരംഗമാണ് ആഞ്ഞടിച്ചത്. ഇടതുമുന്നണിയെ കേവലം ഒരു സീറ്റിലേക്ക് ഒതുക്കിയായിരുന്നു യു.ഡി.എഫിന്റെ തേരോട്ടം. ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് വിജയിച്ച സി.പി.എമ്മിന്റെ എ.എം ആരീഫാണ് 17-ാം ലോക്സഭയില്‍ ഇടതുമുന്നണിയുടെ ഏക പ്രതിനിധി. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് 18-ാം ലോക്സഭയിലേയ്ക്ക മത്സരിച്ചത്. ഇതില്‍ 25 വനിതകള്‍ ഉണ്ട്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 77.67 ആയിരുന്നു സംസ്ഥാനത്ത് പോളിങ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇക്കുറി അത് 71.27 ശതമാനമായി കുറഞ്ഞു.
ഭരണവിരുദ്ധ വികാരം അലയടിച്ചതുമൂലമാണ് പോളിങ് ശതമാനം കുറഞ്ഞതെന്ന് യു.ഡി.എഫ് വാദിക്കുമ്പോള്‍ കാര്യമായ ചോര്‍ച്ച തങ്ങളുടെ വോട്ടുബാങ്കില്‍ ഉണ്ടാകില്ലെന്നാണ് എല്‍.ഡി.എഫ് ആശ്വസിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പിന് മുമ്പ് വിവധ ഏജന്‍സികളും ചാനലുകളും മറ്റും നടത്തിയ അഭിപ്രായ സര്‍വേകളില്‍ ഭരണവിരുദ്ധ വികാരത്തില്‍ ഇടതുമുന്നണിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ ബി.ജെ.പിയുടെ വോട്ട് ഷെയര്‍ വര്‍ധിക്കും. 20 മണ്ഡലങ്ങളുടെ ഒരു കണക്കെടുപ്പിലേയ്ക്ക്...
*തിരുവനന്തപുരം: സിറ്റിങ് എം.പി, കോണ്‍ഗസിന്റെ ശശി തരൂരും സി.പി.ഐയുടെ പന്യന്‍ രവീന്ദ്രനും ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും അറ്റുമുട്ടിയ മല്‍സരത്തില്‍ അടിസ്ഥാന സൗകര്യ വികസനം, ഐ.ടി.വികസനം, പൗരത്വനിയമ ഭേദഗതി, മണിപ്പൂര്‍ കലാപം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വിശ്വപൗരന്‍ എന്ന പേര് ശശി തരൂര്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും എം.പി. എന്ന ലേബലിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമാണെന്ന് പൊതു അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെങ്കിലും തരൂര്‍ വീണ്ടും പാര്‍ലമെന്റിലെത്തും.
*ആറ്റിങ്ങല്‍: സിറ്റിങ് എം.പി, കോണ്‍ഗസിന്റെ അടൂര്‍ പ്രകാശ്, സി.പി.എമ്മിന്റെ വി. ജോയി, ബി.ജെ.പി സാരഥിയും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരന്‍ എന്നിവരാണ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ജനവിധി തേടിയത്. മണ്ഡലത്തില്‍ ഉള്ള വ്യക്തമായ സ്വാധീനവും പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും കൂട്ടിച്ചേര്‍ത്തു വായിച്ചാല്‍ അടൂര്‍ പ്രകാശായിരിക്കും വീണ്ടും ആറ്റിങ്ങലിന്റെ പ്രതിനിധി.
*കൊല്ലം: സിറ്റിങ് എം.പി, ആര്‍.എസ്.പിയുടെ എന്‍.കെ. പ്രേമചന്ദ്രന്‍, സി.പി.എം സ്ഥാനാര്‍ത്തി എം. മുകേഷ്, ബി.ജെ.പിയുടെ കൃഷ്ണകുമാര്‍ എന്നിവര്‍ പോരാടിയ കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രന്റെ വ്യക്തിപ്രഭാവത്തെ മറികടക്കാന്‍ മറ്റുള്ളവര്‍ക്കാവുമോ..? നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുമെങ്കിലും ലോക്സഭാ ഇലക്ഷനില്‍ യു.ഡി.എഫിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതാണ് മണ്ഡലത്തിന്റെ പൊതു സ്വഭാവം. അതിനാല്‍ ഇവിടെ പ്രേമചന്ദ്രന്‍ തന്നെ.
*മാവേലിക്കര: സിറ്റിങ് എം.പി, കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷ്, അഡ്വ. സി.എ അരുണ്‍കുമാര്‍ (സി.പി.ഐ), ബൈജു കലാശാല (ബി.ഡി.ജെ.എസ്) എന്നിവര്‍ പ്രധാന സ്ഥാനാര്‍ത്ഥികളായ ഈ മണ്ഡലത്തില്‍ കൊടിക്കുന്നിലിന് തന്നെയാണ് മുന്‍തൂക്കം. കേന്ദ്രത്തില്‍ ബി.ജെ.പിയെ നിഷ്‌ക്കാസിതരാക്കുവാനുള്ള പൊതുചിന്ത കൊടിക്കുന്നിലിനെ തുണയ്ക്കുമെന്നാണ് കരുതുന്നവര്‍ക്ക് തെറ്റുപറ്റില്ല.
*പത്തനംതിട്ട: സിറ്റിങ് എം.പി ആന്റോ ആന്റണി (കോണ്‍ഗ്രസ്), ഡോ, തോമസ് ഐസക്ക് (സി.പി.എം), അനില്‍ ആന്റണി (ബി.ജെ.പി) എന്നിവരാണിവിടെ പയറ്റിയത്. മണ്ഡലത്തിന്റെ രൂപീകരണം മുതല്‍ സ്ഥിരമായി വിജയിച്ചു കയറുന്ന ആന്റോ ആന്റണിയെ നിഷ്പ്രഭമാക്കാന്‍ എതിരാളികള്‍ക്ക് കഴിയില്ലെന്നതാണ് വാസ്തവം.
*ആലപ്പുഴ: സിറ്റിങ് എം.പി: എ.എം ആരീഫ്, (സി.പി.എം), കെ.സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ശോഭാ സുരേന്ദ്രന്‍ (ബി.ജെ.പി) എന്നവരുടെ നേരിട്ടുള്ള പേരാട്ടത്തില്‍ കെ.സി. വേണുഗോപാലിന് ഈസി വാക്കോവര്‍ ലഭിക്കും. കാരണം കോണ്‍ഗ്രസിന്റെ ദേശീയ മുഖമുള്ള പ്രമുഖ നേതാവാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കോണ്‍ഗ്രസിന് അനുകൂലമാണ് ആലപ്പുഴയുടെ സാമൂഹിക അടിത്തറ. 2019-ല്‍ എ.എം ആരിഫ് നേടിയ 10,474 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാന്‍ കെ.സി വേണുഗോപാലിന് ബുദ്ധിമുട്ടുമില്ല.
*ഇടുക്കി: സിറ്റിങ് എം.പി: ഡീന്‍ കുര്യാക്കോസ് (കോണ്‍ഗ്രസ്), ജോയ്സ് ജോര്‍ജ് (സി.പി.എം), സംഗീത വിശ്വനാഥന്‍ (ബി.ഡി.ജെ.എസ്) എന്നിവര്‍ ഗോദയില്‍ പോര്‍മുഖം തീര്‍ത്ത മണ്ഡലത്തില്‍ പട്ടയ പ്രശ്നം, ഭൂനിയമ ഭേദഗതി ബില്‍, ക്ഷേമ പെന്‍ഷന്‍, നാണ്യ വിളകളുടെ വിലയിടിവ്, റബ്ബറിന്റെ താങ്ങുവില, വന്യജീവി ആക്രമണങ്ങളെ തുടര്‍ന്നുള്ള മരണങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ചര്‍ച്ചാ വിഷയമായി. പത്തു വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി മുന്നണി ആയതിനാലും എട്ടു വര്‍ഷമായി കേരളത്തില്‍ അധികാരം കൈയാളുന്നത് സി.പി.എം ആയതിനാലും ഡീന്‍ കുര്യാക്കോസിന് ഒരു പഴിയും കേള്‍ക്കേണ്ടി വരുന്നില്ല എന്നതും അദ്ദേഹത്തിന്റെ വിജയം ഉറപ്പിക്കുന്നു.
*കോട്ടയം: സിറ്റിങ് എം.പി തോമസ് ചാഴികാടന്‍ (കേരള കോണ്‍ഗ്രസ്-എം), കെ. ഫ്രാന്‍സിസ് ജോര്‍ജ് (കേരള കോണ്‍ഗ്രസ്- ജോസഫ്), തുഷാര്‍ വെള്ളാപ്പള്ളി (ബി.ഡി.ജെ.എസ്) എന്നിവരായിരുന്നു പ്രധാനമായും ഗോദയില്‍. മണ്ഡലത്തിലെ ജനവിധിയുടെ കരുത്ത് ക്രിസ്ത്യന്‍ വോട്ടുകളാണ്. പൊതുവേ ഇടതു വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരാണ് ക്രൈസ്തവ വിഭാഗങ്ങള്‍. ഫ്രാന്‍സിസന് ജോര്‍ജ് അഴിമതി രഹിതനും കറ കളഞ്ഞ വ്യക്തിത്വത്തിന് ഉടമയുമാണ്. തോമസ് ചാഴികാടന്റെ വ്യക്തിപ്രഭാവത്തെ മറികടക്കാന്‍ ജോസഫ് വിഭാഗത്തോടൊപ്പം നില്‍ക്കുന്ന പുതിയ തലമുറയ്ക്ക് സാധിക്കുമോ എന്ന കാര്യം സംശയമാണ്. അതിനാല്‍ തോമസ് ചാഴിക്കാടന് വിജയം പ്രതീക്ഷിക്കാം.
*എറണാകുളം: സിറ്റിങ് എം.പി ഹൈബി ഈഡന്‍ (കോണ്‍ഗ്രസ്), കെ.ജെ. ഷൈന്‍ (സി.പി.എം), ഡോ. കെ.എസ് രാധാകൃഷ്ണന്‍ (ബി.ജെ.പി) എന്നിവര്‍ തമ്മിലുള്ള മല്‍സരം കടുത്തതായിരുന്നു. മെട്രോ നഗരമായ കൊച്ചിയുടെ വികസനം, മെട്രോ റെയിലിന്റെ രണ്ടാം ഘട്ടം, ജനങ്ങളെ ശ്വാസം മുട്ടിച്ച ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തം, തീരദേശത്തെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങള്‍ എന്നിവയൊക്കെയാണ് എറണാകുളത്ത് ചര്‍ച്ച ചെയ്യപ്പെട്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രചാരണം, പൗരത്വ നിയമം തുടങ്ങിയവ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമാകും.
*ചാലക്കുടി: സിറ്റിങ് എം.പി ബെന്നി ബെഹനാന്‍ (കോണ്‍ഗ്രസ്), സി. രവീന്ദ്രനാഥ് (സി.പി.എം), കെ.എം ഉണ്ണിക്കൃഷ്ണന്‍ (ബി.ഡി.ജെ.എസ്) എന്നിവര്‍ കരുത്ത് തെളിയിക്കാനിറങ്ങിയ യു.ഡി.എഫ് മണ്ഡലമാണ് കത്തോലിക്കാ വോട്ടുകള്‍ക്ക് പ്രാധാന്യമുള്ള ചാലക്കുടി. സിറ്റിങ് എം.പി. ബെന്നി ബെഹനാന്‍ ഒരു തരത്തിലുമുള്ള ജനവിരുദ്ധ വികാരം നേരിടുന്നില്ല എന്നത് അദ്ദേഹത്തിന്റെ വിജയമുറപ്പിക്കുന്നു.
*തൃശ്ശൂര്‍: സിറ്റിങ് എം.പി, കോണ്‍ഗ്രസിന്റെ ടി.എന്‍ പ്രതാപന്‍ ആണെങ്കിലും കെ. മുരളീധരന്‍ (കോണ്‍ഗ്രസ്), വി.എസ്. സുനില്‍കുമാര്‍ (സി.പി.ഐ), സുരേഷ് ഗോപി (ബി.ജെ.പി) എന്നിവരാണ് കളം നിറഞ്ഞ് പ്രചാരമം നടത്തിയത്. പ്രതാപിന് സീറ്റ് ലഭിക്കാതെ പോയതും അപ്രതീക്ഷിത നീക്കത്തിലൂടെ കെ. മുരളീധരന്റെ വരവും കോണ്‍ഗ്രസിന്റെ നീക്കങ്ങളുടെ പാളിച്ചകളെയാണ് സൂചിപ്പിക്കുന്നത്. വാസ്തവത്തില്‍ കടുത്ത പ്രതിരോധത്തിലാണ് കെ. മുരളീധരന്‍. ജനകീയനായ മുന്‍ മന്ത്രി വി.കെ. സുനില്‍കുമാറിനെ തളയ്ക്കുക പ്രയാസകരമാണ്.
*ആലത്തൂര്‍ (സംവരണ മണ്ഡലം): സിറ്റിങ് എം.പി രമ്യ ഹരിദാസ് (കോണ്‍ഗ്രസ്), കെ. രാധാകൃഷ്ണന്‍ (സി.പി.എം), പ്രൊഫ. ടി.എന്‍ സരസു (ബി.ജെ.പി) എന്നിവര്‍ ജനമമ്മിതിക്കായി മുഖാമുഖം നിന്നപ്പോള്‍ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കി ജനങ്ങള്‍ വോട്ടു ചെയ്തിട്ടുണ്ടെങ്കില്‍ രമ്യ ഹരിദാസിനാണ് വിജയം കാണുന്നത്.
*പാലക്കാട്: സിറ്റിങ് എം.പി വി.കെ ശ്രീകണ്ഠന്‍ (കോണ്‍ഗ്രസ്), എ. വിജയരാഘവന്‍ (സി.പി.എം), സി കൃഷ്ണകുമാര്‍ (ബി.ജെ.പി) എന്നിവര്‍ നടത്തിയ ജനാധിപത്യ യുദ്ധത്തില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം. ബി.ജെ.പിയുടെ വോട്ട് വര്‍ധിക്കുമെന്നാണ് കരുതുന്നത്. വിജയരാഘവന്റെ ഇമേജും കൂടി ആയപ്പോള്‍ ത്രികോണ മല്‍സരമായിരുന്നു..മണ്ഡലത്തിലെ വ്യക്തിബന്ധങ്ങള്‍ ശ്രീകണഠന് വോട്ടായി മാറും. കാര്‍ഷിക പ്രശ്നങ്ങള്‍, കുടിവെള്ളക്ഷാമം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങള്‍ ശ്രീകണ്ഠന്റെ വിജയത്തില്‍ കലാശിക്കുമെന്ന് കരുതുന്നവരെ സംശയിക്കേണ്ടതില്ല.
*വടകര: സിറ്റിങ് എം.പി കോണ്‍ഗ്രസിന്റെ കെ മുരളീധരന്‍ തൃശൂരിലേയ്ക്ക് കളം മാറിയപ്പോള്‍ കെ.കെ. ശൈലജ (സി.പി.എം), ഷാഫി പറമ്പില്‍ (കോണ്‍ഗ്രസ്), പ്രഫുല്‍ കൃഷ്ണന്‍ (ബി.ജെ.പി) എനിനവരാണ് ഇവിടെ ഏര്റുമുട്ടിയത്. എം.എല്‍.എമാരായ കെ.കെ. ശൈലജയും ഷാഫി പറമ്പിലും ശക്തമായ മത്സരം കാഴ്ച വച്ച വടകരയില്‍ പ്രവചനം അസാധ്യം. ആരോഗ്യ മന്ത്രി എന്ന നിലയില്‍ ലോകമെമ്പാടും അറിയപ്പെട്ട വ്യക്തിത്വമാണ് കെ.കെ. ശൈലജയുടേത്. എന്നാല്‍ ഇവിടെ ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ ഹൈക്കോടതി വിധി വടകരയിലെ വിജയത്തെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകമാണ്. സി.പി.എം വിരുദ്ധ വോട്ടുകള്‍ പോള്‍ ചെയ്യപ്പെടാനുള്ള സാധ്യതകള്‍ ഉള്ളപ്പോള്‍ ഷാഫി കൊടിപാറിക്കും.
*കോഴിക്കോട്: സിറ്റിങ് എം.പി എം.കെ രാഘവന്‍ (കോണ്‍ഗ്രസ്), എളമരം കരീം (സി.പി.എം), എം. ടി രമേശ് (ബി.ജെ.പി) എനിനവര്‍ മാറ്റുരച്ച മണ്ഡലമാണിത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടെത്തി മല്‍സരിച്ച എം.കെ രാഘവന്റെ ജനസമ്മതിക്ക് ഇടിവ് തട്ടാത്തത് അദ്ദേഹത്തിന്റെ വിജയസാധ്യത വര്‍ദ്ധിപ്പിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന എം.കെ രാഘവന്‍ വിജയിക്കണമെന്ന നല്ലൊരു ശതമാനം വോട്ടര്‍മാരുടെയും ആഗ്രഹവും മുസ്ലീം സംഘടനകളുടെ പിന്തുണയും കൂടി ആയപ്പോല്‍ എം.കെ രാഘവന്റെ വിജയം സുനിശ്ചിതമാണ്.
*വയനാട്: സിറ്റിങ് എം.പി രാഹുല്‍ ഗാന്ധി (കോണ്‍ഗ്രസ്), ആനി രാജ (സി.പി.ഐ), കെ. സുരേന്ദ്രന്‍ (ബി.ജെ.പി) എന്നിവര്‍ പയറ്റിയ വയനാട്ടില്‍ വിജയം ആര്‍ക്കാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. കഴിഞ്ഞ തവണ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വെന്നിക്കൊടി പാറിച്ച രാഹുല്‍ ഗാന്ധിയുടെ വിജയം നൂറുശതമാനം ഉറപ്പാണ്.
*മലപ്പുറം: സിറ്റിങ് എം.പി ഡോ. എം.പി അബ്ദുസമദ് സമദാനി (മുസ്ലീം ലീഗ്) ആണെങ്കില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ (മുസ്ലീം ലീഗ്), വി. വസീഫ് (സി.പി.എം), ഡോ. എം. അബ്ദുള്‍ സലാം (ബി.ജെ.പി) എന്നിവരായിരുന്നു ഗോദയില്‍. മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീര്‍ തന്നെ എന്ന് ഉറപ്പിക്കാം. ഭൂരിപക്ഷം എത്രത്തോളം ഉയരും എന്നാണ് അറിയേണ്ടത്. കേരള രാഷ്ട്രീയത്തിലും മുസ്ലീം ലീഗിലും സര്‍വസമ്മതനായ നേതാവാണ് ഇ.ടി.മുഹമ്മദ് ബഷീര്‍.
*പൊന്നാനി: സിറ്റിങ് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ (മുസ്ലീം ലീഗ്) ആണ്. എന്നാല്‍ കളത്തിലിറങ്ങിയ പ്രധാനികള്‍ ഡോ. എം.പി അബ്ദുസമദ് സമദാനി (മുസ്ലീം ലീഗ്), കെ.എസ്. ഹംസ (സി.പി.എം), അഡ്വ, നിവേദിത സുബ്രഹ്‌മണ്യം (ബി.ജെ.പി) എന്നിവരാണ്. മുസ്ലീം ലീഗ്-സമസ്ത അഭിപ്രായഭിന്നത ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് പൊന്നാനിയെങ്കിലും ഇവിടെ സമദാനി തന്നെയാകും വിജയിക്കുക. കാരണം അദ്ദേഹത്തിന്റെ ജനസമ്മതിയാണ്.
*കണ്ണൂര്‍: സിറ്റിങ് എം.പി കെ സുധാകരന്‍ (കോണ്‍ഗ്രസ്), എം. വി ജയരാജന്‍ (സി.പി.എം), സി. രഘുനാഥ് (ബി.ജെ.പി) എന്നിവരുടെ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച കണ്ണൂരിന് ഇടതിനെയും വലതിനെയും മാറിമാറി സ്വീകരിക്കുന്ന രാഷ്ട്രീയ സ്വഭാവമാണുള്ളത്. എന്നാല്‍ ഇക്കുറി കെ. സുധാകരനെതിരെ കോണ്‍ഗ്രസില്‍ തന്നെ ചില അസ്വാരസ്യങ്ങള്‍ ഉണ്ട്. മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിലും സുധാകരന്‍ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്ന അഭിപ്രായം ശക്തമായിട്ടുണ്ടെങ്കിലും എം.വി ജയരാജന്‍ ഈസിയായി ജയിക്കുമെന്ന് ഇടതുമുന്നണിക്കും പ്രതീക്ഷയില്ല.
*കാസര്‍കോട്: സിറ്റിങ് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ (കോണ്‍ഗ്രസ്), എം.വി ബാലകൃഷ്ണന്‍ (സി.പി.എം), എം.എല്‍ അശ്വിനി (ബി.ജെ.പി) എന്നിവര്‍ മല്‍സരിച്ച ഈ മണ്ഡലം എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യം ഉള്ളപ്പോള്‍ തന്നെ ഇടതു വിരുദ്ധ രാഷ്ട്രീയ സ്വഭാവം പ്രകടമാക്കിയിട്ടുണ്ട്. ഉണ്ണിത്താന്‍ മണ്ഡലത്തിലെ സ്ഥിരം സാന്നിധ്യമാണ്. അദ്ദേഹത്തിനെതിരെ കാര്യപ്പെട്ട ആരോപണങ്ങള്‍ ഒന്നുമില്ല. മുസ്ലീം ലീഗിന്റെ മനം നിറഞ്ഞ പിന്തുണയും ഉണ്ണിത്താന്റെ വിജയം ഉറപ്പാക്കുന്നു.