ജൂണ്‍ ഒന്നിന് യു.എസില്‍ തുടങ്ങുന്ന ട്വന്റി 20 ലോക കപ്പ് ക്രിക്കറ്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് ഏതാന്നും മാസം മുമ്പേ ടീം നായകനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ഇന്ത്യയെ ഒന്‍പതാം ട്വന്റി 20 ലോക കപ്പില്‍ നയിക്കുമെന്ന് ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചതാകട്ടെ ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷായും. സെലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അതിന് അധികാരമുണ്ട്. പക്ഷേ, മുന്‍പൊക്കെ സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്ന് ടീമിനെ തിരഞ്ഞെടുത്ത് പ്രഖ്യാപിക്കുന്നതിനൊ പ്പമായിരുന്നു ക്യാപ്റ്റനെയും പ്രഖ്യാപിക്കുക. ഇപ്പോള്‍ ഉപനായകനായ ഹര്‍ദിക് പാണ്ഡ്യ നായകനാകില്ല എന്ന് മുന്‍കൂട്ടിക്കുള്ള സൂചനയായിരുന്നു ആ പ്രഖ്യാപനം. മാത്രമല്ല, ലോക കപ്പ് തുടങ്ങും മുമ്പേ കോച്ച് രാഹുല്‍ ദ്രാവിഡിനു പകരം പുതിയ കോച്ചിനെ തേടിയുള്ള പ്രഖ്യാപനവും വന്നു.കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോക കപ്പോടെ ദ്രാവിഡിന്റെ കരാര്‍ അവസാനിച്ചതാണ്. ട്വന്റി 20 ലോക കപ്പ് വരെ നീട്ടിക്കൊടുക്കുകയായിരുന്നു.ഇക്കുറി ദ്രാവിഡിന് വേണമെങ്കില്‍ വീണ്ടും അപേക്ഷിക്കാം എന്ന നിലപാടാണ് ബി.സി.സി.ഐ.കൈക്കൊണ്ടത്. അദ്ദേഹത്തിന് താല്പര്യമില്ലെന്ന് അറിയിച്ചു.വിദേശ കോച്ച് വന്നേക്കുമെന്ന സൂചനയുണ്ടായെങ്കിലും ഗൗതം ഗംഭീര്‍ അയിരിക്കും അടുത്ത കോച്ച് എന്നാണ് മനസ്സിലാകുന്നത്.
ഇന്ത്യ ലോക കപ്പ് ജയിച്ചാലും ഇല്ലെങ്കിലും സ്ഥാനമൊഴിയും ; അഥവാ സ്ഥാനമൊഴിയണം എന്ന നിലയിലാണ് കോച്ച് രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പം പോകുന്നത്.
ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ഐ.പി.എലില്‍ ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയായിരുന്നു. ഇപ്പോള്‍ ഐ.പി.എല്‍ ലീഗ് റൗണ്ടിലെ 14 മത്സരങ്ങളും പൂര്‍ത്തിയാക്കി പ്‌ളേ ഓഫിലേക്കു കടന്നു. മേയ് 26നാണ് ഫൈനല്‍.ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ കളിക്കാരുടെ ഫോമില്‍ ,മാറ്റമുണ്ടായി എന്നതാണ് ,ടീം പ്രഖ്യാപനത്തിനു ശേഷം നടന്ന ഐ.പി.എല്‍. മത്സരങ്ങള്‍ സൂചിപ്പിച്ചത്. ട്വന്റി 20യില്‍ ഇത് സംഭവിക്കാവുന്നതു തന്നെ. നിലവിലെ ഫോം വച്ച് കളിക്കാരെയും ടീമിനെയും അളക്കാനാവില്ല.
ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി 20 ലോക കപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യ പിന്നീട് കപ്പ് നേടിയിട്ടില്ല. 2011 ല്‍ ഏകദിന ലോക കപ്പ് ജയിച്ചശേഷം ഇതുവരെ ഐ.സി.സി ലോക കപ്പുകള്‍ ഒന്നും നേടിയിട്ടില്ല. ഏറ്റവും ഒടുവില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെയും ഏകദിന ലോക കപ്പിന്റെയും ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു.2022 ലെ ട്വന്റി 20 ലോക കപ്പിന്റെ സെമിയില്‍ തോറ്റ ശേഷം ടീമില്‍ സമഗ്ര മാറ്റം വേണമെന്ന മുറവിളി ഉയര്‍ന്നിരുന്നു.പക്ഷേ, ഇക്കുറി 15 അംഗ ടീമില്‍ എട്ടു പേരും കഴിഞ്ഞ ലോക കപ്പ് കളിച്ചവരാണ്.
രോഹിത് ശര്‍മയും വിരാട് കോലിയും ടീമിലെ സ്ഥാനം നേരത്തെ ഉറപ്പിച്ചവരാണ്. ഇവരെ ഈ വര്‍ഷാദ്യം അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയത് ഇക്കാരും വ്യക്തമാക്കിത്തന്നെയാണ്. രോഹിതിനൊപ്പം ഇടം കയ്യന്‍ യശ്വസി ജയ്‌സ്വാള്‍ ആയിരിക്കും ഓപ്പണര്‍ ആകുക. കോലി മൂന്നാം നമ്പറില്‍ വരും. ഇടംകയ്യന്‍ റിങ്കു സിങ്ങിനെ ഒഴിവാക്കിയത് പക്ഷേ, വിമര്‍ശനം ക്ഷണിച്ചു വരുത്തി.
മികച്ച ഫിനിഷര്‍ ആയ റിങ്കുവിനു പകരം അധികമായൊരു സ്പിന്നറെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ സൗരവ് ഗാംഗുലി സ്വാഗതം ചെയ്തു. പൂര്‍ണ ആരോഗ്യവാനെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരന്‍ ഇല്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറുടെ പക്ഷം. രാഹുലിനെയും ദിനേശ് കാര്‍ത്തിക്കിനെയും തഴഞ്ഞ് ഋഷഭ് പന്തിനൊപ്പം വിക്കറ്റ് കീപ്പറായി സഞ്ജു സാംസനെ ടീമിലെടുത്തത് പൊതുവേ സ്വാഗതം ചെയ്തിട്ടുണ്ട്.
പാര്‍ട് ടൈം ബൗളര്‍ എന്ന അധിക മികവാണ് ശിവം ദുബെയ്ക്ക് അനുകൂലമായത്. ശുഭ്മാന്‍ ഗില്ലിനെ പരിഗണിക്കാഞ്ഞതും വിമര്‍ശിക്കപ്പെടുന്നു.
മികച്ചൊരു ഫാസ്റ്റ് ബൗളിങ് നിരയുടെ അസാന്നിധ്യം വിജയ സാധ്യതയെ ബാധിക്കുമെന്നാണ് മദന്‍ ലാലിന്റെ പക്ഷം. ഫാസ്റ്റ് ബൗളര്‍മാരായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും അര്‍ഷദീപ് സിങ്ങുമാണുള്ളത്. പിച്ചുകള്‍ സ്പിന്നിനെ തുണയ്ക്കും എന്ന പ്രതീക്ഷയില്‍ നാലു സ്പിന്നര്‍മാരെ ടീമിലെടുത്തു. അതില്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ മാത്രമാണ് വലംകയ്യന്‍.
രോഹിത് ശര്‍മയും വിരാട് കോലിയും ഉണ്ടെങ്കിലും കളിയുടെ ഗതി മാറ്റാന്‍ കഴിയുക ഓപ്പണര്‍ ജയ്‌സ്വാളിനും മധ്യനിരയിലെ ശിവം ദുബെയ്ക്കും ആയിരിക്കും എന്ന രവി ശാസ്ത്രിയുടെ പ്രസ്താവന ശ്രദ്ധേയമാണ്.
കടലാസില്‍ കരുത്തരാണ്.പക്ഷേ, സൂപ്പര്‍ എട്ടു മുതല്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളി നേരിടേണ്ടി വരും.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശ്വസി ജൈസ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്( വിക്കറ്റ് കീപ്പര്‍ ), സഞ്ജു സാംസന്‍ ( വിക്കറ്റ് കീപ്പര്‍ ), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹ ല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
റിസര്‍വ് .ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.