Image

പ്രക്ഷുബ്ധ കാലാവസ്ഥയിൽ ആടിയുലഞ്ഞ  സിംഗപ്പൂർ എയർലൈൻസ്‌ വിമാനത്തിൽ  ഒരു യാത്രക്കാരൻ മരണമടഞ്ഞു (പിപിഎം) 

Published on 21 May, 2024
പ്രക്ഷുബ്ധ കാലാവസ്ഥയിൽ ആടിയുലഞ്ഞ  സിംഗപ്പൂർ എയർലൈൻസ്‌  വിമാനത്തിൽ  ഒരു യാത്രക്കാരൻ മരണമടഞ്ഞു (പിപിഎം) 

പറക്കലിനിടയിൽ അന്തരീക്ഷം പ്രക്ഷുബ്ധമായതിനെ (Turbulent) തുടർന്നു നിയന്ത്രണം വിട്ടു ആടിയുലഞ്ഞ സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലെ ഒരു യാത്രക്കാരൻ മരിച്ചു. 30 പേർക്കു പരുക്കേറ്റതായി എയർലൈൻ അറിയിച്ചു.

73 വയസുള്ള ബ്രിട്ടീഷ് പൗരനാണ് മരിച്ചതെന്നു ചാനൽ ന്യൂസ് ഏഷ്യ പറയുന്നു. ഹൃദയാഘാതം ആണത്രേ മരണകാരണം. ഏഴു യാത്രക്കാരുടെ നില അതീവ ഗുരുതരമാണ്. പലർക്കും തലയിൽ മുറിവുണ്ട്. 

ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്നു തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 10:38നു സിംഗപ്പൂരിലേക്കു പറന്നുയർന്ന ബോയിങ് 777-300ER വിമാനം 11 മണിക്കൂറോളം പറന്ന ശേഷം അതീവ പ്രതികൂലമായ കാലാവസ്ഥയിൽ ബാങ്കോക്കിലേക്കു തിരിച്ചു വിട്ടു. ബാങ്കോക്ക് സമയം ചൊവാഴ്ച ഉച്ചയ്ക്കു 3:45നു സുവർണഭൂമി വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറങ്ങിയപ്പോൾ പരുക്കേറ്റ 18 പേരെ  ആശുപത്രികളിലേക്കു നീക്കിയെന്നു എയർലൈൻ പറഞ്ഞു.  

ഫ്ലൈറ്റ് എസ് ക്യൂ 321 പൊടുന്നനെ 6,000 അടിയോളം (1,800 മീറ്റർ) കുത്തനെ വീണുവെന്നു ഫ്ലൈറ്റ്റഡാർ24 ട്രാക്കിംഗ് ഡേറ്റയിൽ കാണുന്നുവെന്നു റിപ്പോർട്ടുകളിൽ പറയുന്നു. അഞ്ചു മിനിറ്റ് കൊണ്ട് 37,000 അടിയിൽ നിന്നു 31,000 അടിയിലേക്കു താഴ്ന്നു. 

ബംഗാൾ ഉൾക്കടൽ കടന്നപ്പോഴാണ് കാലാവസ്ഥാ മാറ്റം ഉണ്ടായത്.  

വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരും ഉണ്ടായിരുന്നു. മരിച്ചയാളുടെ വിവരങ്ങൾ എയർലൈൻ പുറത്തു വിട്ടിട്ടില്ല. എന്നാൽ സിംഗപ്പൂർ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചു. 
സിംഗപ്പൂർ എയർലൈൻസിന്റെ ഒരു സംഘവും ബാങ്കോക്കിലേക്ക് പുറപ്പെട്ടു.

One dead on turbulence-hit Singapore flight 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക