Image

ഹിരണ്മയം (കവിത: വേണുനമ്പ്യാർ)

Published on 22 May, 2024
ഹിരണ്മയം (കവിത: വേണുനമ്പ്യാർ)

ഉൽപ്പത്തിയിൽ സത്യമുളവായി
പ്രകൃത്യാ പരിണമിച്ചിരട്ടിച്ച്
അവ്യക്ത സൂക്ഷ്മ സ്ഥൂല സൃഷ്ടികൾ
പടർന്നൊരു കൂറ്റൻ മരം കണക്കെ
പന്തലിച്ചീടവെ, ഇഹത്തിൽ
ഉള്ളതിന്റെയെല്ലാമസ്തിവാരം
ഒന്നുമില്ലായ്മയെന്നു കാണാം മനോദേഹനിഗ്രഹം ചെയ്ത്
ദർശിക്കുകിൽ സരളചിത്തർക്ക്!

ഒന്നുമല്ലാത്തോൻ 
ഞാനൊരിക്കലും
ഒന്നുമാവില്ലയെന്നു കേഴുവോൻ
അഭിലഷിക്കാൻ ഞാനാളല്ല
ഈ വൈതരണിയിലെന്തെങ്കിലുമാ-
യൊടുങ്ങിത്തീരുവാൻ
എന്റെയുള്ളിൽ നിരന്തരം 
വസിക്കുന്നൊരപരൻ, കണ്ണ്
തെറ്റിയാലെന്നെ ചതിച്ചു വീഴ്ത്തി 
കുടുകുടാ ഹസിക്കുന്നവൻ!

ലോകം സ്ഥലകാല
സാംഗത്യമൊരുക്കും
ഒരു മായാദർപ്പണ,മതിൽ
നിഴൽപ്പോര് നടത്തി തളരുന്ന
വെറും നിഴൽരൂപങ്ങൾ മനുഷ്യർ
വെളിച്ചത്തിൻ തിളക്കമേറുന്തോറും
പരിണമിക്കും ഗുഹച്ചുവരിൽ 
നിഴലും ഏറ്റമിരുണ്ടതായ്.

നിയതിയോടിപ്പൂ 
സ്വർണ്ണരഥം
ശൂന്യപാതയിൽ
കാലത്തിൻ തേരുരുളൊച്ച കേട്ട്
നീയുണരുക, നിന്നെത്തന്നെ
സ്വയം തേടുക!

പ്രതീതിയിൽ
കിനാവുകൾ പ്രസക്തം
പൂർണ്ണസത്യത്തിലൊ
വർണ്ണസ്വപ്നങ്ങളപ്രസക്തം

തുറന്നു പിടിക്കില്ലൊരുവനുമൊരു
വാതിലും നിനക്കായ്
സ്വയം നീയതു പണിതു
മിനുക്കിയെടുത്തുറപ്പിക്കണം
ശൂന്യമനോധർമ്മഭിത്തിയിൽ.

പ്രസാദബുദ്ധി തെളിഞ്ഞു
സുകൃതാനുസാരം
സ്ഥലകാല സീമകളെ ഭേദിച്ച്
വാതിലില്ലാവാതിലിലൂടെ കടക്കൂ, ദർശിക്കൂ ഗർഭഗൃഹത്തിൽ
സ്നേഹപഞ്ചാമൃതം തൂവും
ദൈവത്തിൻ ഹിരണ്മയഭാജനം!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക