പാടവും തോടും തൊടികളും കണ്ടു വളർന്ന കുട്ടിക്കാലം. അതുകൊണ്ട് തന്നെ പൂവുകളോടും പൂന്തോട്ടങ്ങളോടും വളരെ ഇഷ്‌ടമാണ്. മുറ്റത്ത് നട്ടു വളര്‍ത്തിയ ചെടികളോട് കിന്നാരം പറഞ്ഞും, അവയെ തലോടിയും , സല്ലപിച്ചും നടക്കുന്നത് എന്റെ പ്രിയതമയുടെ ഒരു സ്ഥിരം കലാപരിപാടിയായിരുന്നു. അതുകൊണ്ട് തന്നെ വിവിധയിനം ചെടികളുടെ ഒരു ശേഖരം തന്നെ വീട്ടിൽ ഉണ്ട്. അവയിൽ കുടുതലും കേരളത്തിൽ കാണപ്പെടുന്ന ചെടികൾ തന്നെ. സ്പ്രിങ് വരുമ്പോൾ പുതിയ പുതിയ ചെടികളെ വീട്ടിലെ ഗാർഡനിൽ അംഗങ്ങൾ ആക്കുന്ന പതിവും ഉണ്ട് .
അങ്ങനെ ഒരു ദിവസം ഹോം ഡിപ്പോയിൽ ഗാർഡൻ റൂമിൽ വളരെ അധികം അരളി ചെടികൾ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ട ഭാര്യ അത്ഭുതപ്പെട്ടുപോയി. ന്യൂ യോർക്കിൽ ഇത് സാധാരണ കാണാറില്ല . ശ്രീമതി നേരെ ചെന്ന് നാല് അരളിച്ചെടികൾ വാങ്ങി . പിങ്ക് ,ചുവപ്പ്, വെളുപ്പ് , മഞ്ഞ നിറങ്ങളിൽ ഉള്ളവ വളരെ ഭംഗിയുള്ളതായി തോന്നി. അവയെ ഏറ്റവും വലിയ ചട്ടികളിൽ ആക്കി ആവിശ്യത്തിലധികം ആഹാരവും വെള്ളവും നൽകിവളർത്തി. അവർ വളർന്നു വലിയ മരം പോലെ ആയി . ഭ്രാന്ത് പിടിച്ചപോലെ അവ പുഷ്പിക്കാറുണ്ടായിരുന്നു . അവയിൽ നിറച്ചു പൂക്കൾ വിവിധ വർണ്ണങ്ങളിൽ ആയപ്പോൾ അവയുടെ ഭംഗി ഒരു മഴവില്ലുപോലെ അനുഭവപെട്ടു. അതിന്റെ ഭംഗി അവോളം ആസ്വദിക്കാറുമുണ്ടായിരുന്നു. കൊഴിഞ്ഞു വീഴുന്ന പൂവിതളിന്റെ ആത്മനൊമ്പരം അറിയാതെ..വീണ്ടും വീണ്ടുംവിടരാന്‍ കൊതിക്കുന്ന പൂക്കള്‍ മത്സരിച്ചു വിരിഞ്ഞുകൊണ്ടിരുന്നു. അവയുടെ മത്സരം കണ്ട് ഞങ്ങളും സന്തോഷിച്ചിരുന്നു.
വീട്ടിൽ വരുന്ന അതിഥികൾക്കെല്ലാം മറ്റ് ചെടികൾക്കൊപ്പം അരളിച്ചെടിയെയും പരിചയപ്പെടുത്തുവാൻ ഞങ്ങൾ മറക്കാറില്ലയിരുന്നു . പലപ്പോഴും അവരെ തൊട്ടു തലോടി ക്കൊണ്ടു ഓരോ മൂളിപ്പാട്ടും പാടി നടക്കുക എന്റെയും സ്വഭാവം ആയിരുന്നു . പലപ്പോഴും അതിന്റെ ഗന്ധത്തിന് വേണ്ടി എത്രയോ തവണ അതിനെ തഴുകിയിട്ടുണ്ട്.
പൂന്തോട്ടത്തിലെ പൂക്കൾ ഓരോന്നായി അതിന്റെ കൃത്യനിർവഹണത്തിൽ ഏർപ്പെട്ടുകൊണ്ടേയിരുന്നു. പനീർ പൂവുകൾ സൂര്യനെനോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു . കുടമുല്ലപ്പൂവ് മണം പടർത്തി വണ്ടുകൾക്കായി കാത്തിരിക്കുന്നു. പിച്ചിപ്പൂക്കൾ ശലഭങ്ങളുടെ വരവിനായി സൗരഭ്യം പരത്തി കാത്തിരുന്നു . പക്ഷേ അരളി ചെടി മാത്രം എന്തോ കള്ളത്തരം ഒളിപ്പിക്കുന്നത് ഞാൻ അറിഞ്ഞതേയില്ല . ഇത്രയും സ്നേഹത്തോടു വളർത്തിയിട്ടും എന്നോട് എന്തോ രഹസ്യം ഒളിപ്പിക്കുന്നതായി ഞാൻ ഒരിക്കൽപോലും ചിന്തിച്ചിരുന്നില്ല. ഒരു പക്ഷേ അറിയാൻ ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം . ഈയിടെയാണ് ഞാൻ അതിന്റെ കള്ളത്തരം മനസിലാക്കിയത് .
ഈ അടുത്ത സമയത്താണ് അരളിച്ചെടി വിഷാശം ഉള്ള ഒരു ചെടിയാണ് എന്ന് ഞാൻ മനസിലാക്കുന്നത്.
ഇന്ത്യയിലും അമേരിക്കയിലും കാണുന്ന ഈ സസ്യത്തിന് അതിശൈത്യം ഒഴിച്ച് മറ്റ് എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്. വിവിധ വർണ്ണങ്ങളിൽ അരളിച്ചെടികൾ കണ്ടുവരുന്നു.
സുന്ദരക്കാഴ്ചയൊരുക്കുന്ന അരളിപ്പൂക്കൾ പക്ഷേ, ജീവഹാനിവരെ സംഭവിച്ചേക്കാവുന്ന രാസഘടകങ്ങളടങ്ങിയ സസ്യങ്ങളിലൊന്നാണെന്നത് പരക്കെ അറിയുന്ന കാര്യമാണ് .
അരളിയുടെ ഇലയും പൂവും തണ്ടും വേരുമടക്കം സമൂലം വിഷമയമാണ് . ചെറിയ അളവിലെങ്കിലും ഉള്ളിൽ പോയാൽ വിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. ഒലിയാന്ദ്രിൻ (Oleandrin), ഒലിയാന്ദ്രിജനിൻ (Oleandrigenin) എന്നീ രണ്ടു രാസ ഘടകങ്ങൾ ആണ് ഈ ചെടിയെയും പൂക്കളെയും വിഷമയം ആക്കുന്നത് എന്നാണ് അറിയുന്നത് . ഇത് ഹാർട്ടിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കും എന്നാണ് പറയപ്പെടുന്നത്.
സൂര്യ സുരേന്ദ്രൻ എന്ന പെൺകുട്ടി കേരളത്തിലെ വിമാനത്താവളത്തിൽ കുഴഞ്ഞു വീണതിനെ തുടർന്നു ചികിത്സയിലിരിക്കെ മരിച്ചതോടു കൂടിയാണ് അരളി ഒരു വില്ലൻ ചെടിയായി മാറിയത് .അരളി ചെടിയുടെ ഇല ചവച്ചത് മരണത്തിലേക്ക് നയിച്ചു എന്നാണ് പറയുന്നത് . അതുവരെ നമ്മളിൽ പലരും മറന്ന് ഇരിക്കുകയായിരുന്നു ഇതിലെ വിഷത്തെ പറ്റി. അഥവാ അറിവ് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം .
ഇത്ര ഭയങ്കരി ആയിരുന്നു ഈ അരളി എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. വിഷാംശം ഉള്ള ചെടിയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ആരെങ്കിലും ഇതിനെ വീട്ടിൽ വളർത്തുമോ. എന്നെ പോലെ തന്നെ പലരുടെയും വീടുകളിൽ ഒന്നുമറിയാത്തതുപോലെ അരളിച്ചെടി ഇപ്പോഴും ഒരു അംഗത്തെപ്പോലെ വളർന്നുകൊണ്ടേയിരിക്കുന്നു. നല്ല ഭംഗിയോടെ പൂത്തുനിൽക്കുബോൾ അതിലുള്ള വിഷത്തെപറ്റി നമുക്ക് മറക്കാതിരിക്കാം. ഇനിയും ആരുടെയും ജീവനെടുത്തു ഒരു കൊലയാളി ചെടി എന്ന നാമം അതിന് ലഭിക്കാതിരിക്കട്ടെ!!!!
Arali plant-Are you so scary?