Image

ഗന്ധര്‍വന്‍ (ചെറുകഥ: ചിഞ്ചു തോമസ്)

Published on 24 May, 2024
ഗന്ധര്‍വന്‍ (ചെറുകഥ: ചിഞ്ചു തോമസ്)

‘ ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ 
മുകുളമായ് നീയെന്റെ മുന്നിൽ നിന്നൂ 
തരള കപോളങ്ങൾ നുള്ളി നോവിക്കാതെ 
തഴുകാതെ ഞാൻ നോക്കി നിന്നൂ ..'

' രണ്ട് ദിവസമായി ഈ പാട്ടുതന്നെയാണല്ലോ നാവിൽ! ‘ പൊടുന്നനെ അട്ടഹസിച്ച്‌ മാധവൻ  ചാരുകസേരയിലേക്ക്  നിവർന്നു. 
ദീർഘചതുരാകൃതിയിൽ പ്രൗഢഗംഭീരമായ ഓടിട്ട ഒരു തറവാടുവീടായിരുന്നു  അത്. നാല് പടികൾ കയറിച്ചെല്ലുമ്പോൾ ഒരു നീണ്ട കോലായ . അവിടെയാണ് ഒരു ചാരുകസേരയുമിട്ടു മാധവൻ പാട്ടുംപാടിക്കിടക്കുന്നത് . കോലായിൽ  അരമതിലും മേൽക്കൂരയും തമ്മിൽ ബന്ധിപ്പിക്കുന്ന ആറ്‌ തൂണുകളുണ്ട്.  പടിയുടെ ഇരുവശങ്ങളിലും ചെടിച്ചട്ടികൾ അടുക്കോടെ വെച്ചിട്ടുണ്ട്. ചട്ടിക്കുള്ളിൽ തഴച്ചു വളരുന്ന കുറേ ചെടികളുമുണ്ട് . പടിയോട്  ചേർന്നുള്ള  നിലത്ത് ഇരുവശങ്ങളിലായും ചെടികൾ വരി വരിയായി നിൽക്കുന്നുണ്ട്. ചെടികളുടെ ഈ നിൽപ്പുകണ്ടാൽ അവ  വീടിനുള്ളിൽ  കയറാൻ കാത്തുകെട്ടി നിൽക്കുന്നതുപോലെ തോന്നും .

മാധവന്റെ വീടിനുചുറ്റും വൃക്ഷങ്ങളാണ് . വീടിന്റെ തൊട്ടുമുന്നിലായി ഒരു വരിക്കപ്ലാവ് ‘താൻ സ്ഥാനം തെറ്റി നിൽകുകയാണോ!’ എന്ന് സംശയിച്ചു നില്പുണ്ട്. പുറത്തുനിന്നുകാണുന്നവർക്ക്  ഒരുപക്ഷേ അവിടെയുള്ള മരങ്ങളൊക്കെ അസ്ഥാനത്താണെന്ന് തോന്നാം എന്നാൽ മാധവനെ സംബന്ധിച്ച് അത് അങ്ങനെയല്ല.

മാധവൻ ഒരെഴുത്തുകാരനാണ് , കലാകാരനാണ്. ധാരാളം പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ലോകം അറിയപ്പെടുന്ന ഒരുകലാകാരൻ . അദ്ദേഹത്തെ കാണാൻ ധാരാളം മനുഷ്യർ വരാറുണ്ടെങ്കിലും അദ്ദേഹം ഒരു ദേശാടനപ്പക്ഷിയായതിനാൽ വരുന്നവർക്ക് മിക്കവാറും നിരാശമാത്രമാകും ഫലം.

അന്നേദിവസം ഒരു ഞായറാഴിച്ചയായിരുന്നു. വൈകുന്നേരം നാലുമണിയോടടുത്തു സമയം. ദൂരെനിന്ന് ആരൊക്കെയോവരുന്നത് കോലായിലിരുന്നു മാധവൻ കണ്ടു. മാധവനൊന്നു സൂക്ഷിച്ചുനോക്കി. അതിൽ ഒരാളെ മാധവന് പിടികിട്ടി. ഒട്ടും പ്രതീക്ഷിക്കാത്ത അഥിതി! മാധവന്റെ പഴയകാല ചെങ്ങാതി. മാധവൻ തന്റെ ചെങ്ങാതിയെ കണ്ടപ്പോൾ ആവേശഭരിതനായി എങ്കിലും താൻ ചാക്കോയുടെ വീട്ടിൽ വരാമെന്നും ഉടനെ കാണാമെന്നും ഉറപ്പുകൊടുക്കുന്ന ധാരാളം കത്തുകളെഴുതിയെങ്കിലും അതൊന്നും ഒരിക്കലും നടന്നിട്ടില്ലല്ലോ എന്നോർത്തപ്പോൾ ഒരു ജാള്യതയും മാധവന് അനുഭവപ്പെട്ടു.

ചാക്കോ ഒരു ജഗജില്ലിയാണ് . വാത്സല്യം കലർന്ന സംസാരമാണ് . ആവശ്യമെങ്കിൽ ഉരുളയ്ക്ക് ഉപ്പേരിപോലെയുള്ള മറുപടികൾ നാവിൽനിന്നും ധാരയായി ഒഴുക്കാനും ചാക്കോയ്ക്ക് മടിയില്ല. ചാക്കോ തന്നെ പൂട്ടാനുള്ള വരവാണ് എന്ന് മാധവന് അറിയാമായിരുന്നു. തന്റെ ഇരയെ നോട്ടമിട്ട് സാവധാനം പൂട്ടുന്ന വിദ്യ ചാക്കോയുടെ പ്രത്യേകതയാണ്. അതിൽനിന്നും ആർക്കും രക്ഷയില്ല . മാധവനും രക്ഷയില്ല . താനയച്ച  കത്തുകളും കൊണ്ടാകും ചാക്കോയുടെ വരവ് എന്ന്  മാധവൻ ഊഹിച്ചു. തൊണ്ടിസഹിതം കയ്യോടെ പിടിക്കപ്പെടും! അതോർത്തപ്പോൾ മാധവൻ ചാരുകസേരയിലേക്ക് വീണ്ടും ചാരി കണ്ണുമടച്ചു ഒരുകിടപ്പ് കിടന്നു.

ചാക്കോ മാധവന്റെവീട് ദൂരെനിന്നേ കണ്ടു. തന്റെ പോക്കറ്റിൽ കിടക്കുന്ന കത്തുകൾ അവിടെയുണ്ടെന്ന് ഉറപ്പുവരുത്തി. ശാന്തതയായിരുന്നു മുഖത്ത് . ശാന്തതയോടുള്ള ഗൗരവഭാവം. നടക്കുന്നവഴി കാലൊന്നിടറി. വീഴാതെപിടിക്കാൻ മകൻ അടുത്തേയ്ക്ക് ചെന്നു. 
'വേണ്ട ,എന്നെ ആരും പിടിക്കേണ്ട‘. ദൂരക്കാണുന്ന മാധവന്റെ വീട്ടിലേക്കുതന്നെയായിരുന്നു അപ്പോഴും ചാക്കോയുടെ നോട്ടം പതിഞ്ഞിരുന്നത്.

'ചാക്കോച്ചായാ ഇതെന്താ ഈ വഴിക്ക്? ‘ രാഘവൻ (മാധവന്റെ സഹോദരൻ )പതിവില്ലാത്ത അതിഥിയെ കണ്ടതിന്റെ ആശ്ചര്യത്തിൽ വായുംപൊളിച്ച്‌  ഒരുനിൽപ്പുനിന്നു!

'നിന്റെ ചേട്ടനെയൊന്നു കാണാൻ വന്നതാ '. വീണ്ടും പോക്കറ്റിൽ അമർത്തിപ്പിടിച്ച്‌  ചാക്കോ രാഘവനെ നോക്കി ശാന്തതയോടെ ചെറുതായൊന്നു  പുഞ്ചിരിച്ചു.

'ചാക്കോച്ചായൻ വാ , എന്റെ വീട്ടിലോട്ട് കയറിയിട്ട് മാധവേട്ടനെ കാണാൻ പൊക്കോളൂ '. രാഘവൻ സ്നേഹപൂർവ്വം ചാക്കോയെ  തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. എന്തായാലും രാഘവന്റെ വീട്ടിലൂടെയൊന്നു കയറിയിട്ട് പോകാമെന്ന്  ചിന്തിച്ച്‌  ചാക്കോയും മകനും രാഘവന്റെ വീട്ടിലേക്കു നടന്നുചെന്നു.

വീട്ടുകാരി ചായയും പലഹാരങ്ങളും മേശമേൽ നിരത്തി .

മാധവന്റെ പഴയ കുസൃതികളൊന്നും  ചാക്കോ മറന്നിട്ടുണ്ടായിരുന്നില്ല. അവൻ തന്റെ വരവ് അറിഞ്ഞു  ഈ വീടിന്റെ പരിസരത്തെവിടെയെങ്കിലും നിന്ന് തന്നെ ഒളിഞ്ഞുനോക്കുന്നുണ്ടാകുമെന്ന് ചാക്കോ ചിന്തിച്ചു. ഇവിടെ  നടക്കുന്ന വർത്തമാനം കേൾക്കാൻ പാകത്തിന് ചെവി കൂർപ്പിച്ച്‌ ഈ ഭാഗത്ത്‌  തമ്പടിച്ചിട്ടുണ്ടാകുമെന്നും ചാക്കോ കണക്കുകൂട്ടി. അതുകൊണ്ടുതന്നെ ചാക്കോ ഓർമ്മകളുടെയും പരിഭവത്തിന്റെയും താഴിട്ടുപൂട്ടിയ പെട്ടി ഒട്ടും അമാന്തിക്കാതെ തുറന്നുവെച്ചു.

'യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു . എന്റെ മുറി ഒരുമൂലയ്ക്കായിരുന്നു. മാധവന്റേതു എന്റെതിനോടടുത്തുതന്നെ. അന്നൊക്കെ അവനെക്കാണാൻ അവന്റെ അച്ഛൻ കൂടെക്കൂടെ  വരുമായിരുന്നു! ‘ രാഘവൻ ഇതുകേട്ട് ചാക്കോച്ചായനോടുള്ളഉപചാരമെന്നോണം നല്ലയോർമ്മയാണല്ലോയെന്ന്  കൂട്ടിച്ചേർത്തു.
  
അച്ഛന് നല്ല പൊക്കമുണ്ടായിരുന്നു, രാഘവൻഓർത്തുപറഞ്ഞു.

ഉം ..അതിനു ചാക്കോ മൂളി . രണ്ടുപേരും വർഷങ്ങൾക്കപ്പുറം സഞ്ചരിക്കുകയായിരുന്നു അപ്പോൾ.

മാധവന്  കഥയെഴുതാൻ .. കഥ  പറയാൻ നല്ല കഴിവായിരുന്നു . അവന്റെ എഴുത്തൊക്കെ എനിക്കിഷ്ട്ടമായിരുന്നു . ഓരോകഥകൾക്കും അവനിടുന്ന പേരുകളും വ്യത്യസ്തമായിരുന്നു. മാധവൻതന്നെ  പറഞ്ഞിട്ടുണ്ടല്ലോ  അമ്മ കഥ പറഞ്ഞു പറഞ്ഞു തന്നെ ഒരു കഥപറച്ചിലുകാരനാക്കിയെന്ന്! ചാക്കോയുടെ ദൃഷ്ടി ഓർമ്മകളിലെ വിദൂരങ്ങളിലെവിടെയോ പരതി നടക്കുമ്പോലെ തോന്നിച്ചു.

'അത് നൂറുശതമാനവും സത്യമാണ് . അമ്മ  കഥപറയുമ്പോൾ എല്ലാവരും പോയിരുന്നു  കേൾക്കും. ഞാൻ പോകാറില്ലായിരുന്നു. എനിക്ക് അതിനൊന്നും  സമയമില്ലായിരുന്നു !‘ രാഘവൻ ഓർത്തു.

ചാക്കോ പോക്കറ്റിൽനിന്ന് കത്തുകളെല്ലാം പുറത്തെടുത്തു.

എനിക്കവൻ കുറേ കത്തുകൾ അയയ്ക്കും ! നിന്നെ ഉടനേകാണാൻ വരാം .. കഥയെഴുത്തിൻറെ തിരക്കിലാണ്.. തിരക്കൊക്കെയൊഴിഞ്ഞു അതുവഴിവരാം.. വരുമ്പോൾ നിന്റെ സ്ഥാപനത്തിൽ കയറുന്നുണ്ട്.. എന്നൊക്കെ പറഞ്ഞു കുറേ കത്തുകൾ! പക്ഷേ അവൻ വന്നില്ല . ഞാനതാ ഇങ്ങോട്ടിറങ്ങിയത്. ഒന്ന് കാണാൻ. ഇപ്പോൾ അവന് എഴുപത്തിയൊമ്പതു വയസായി ! എനിക്ക് എഴുപത്തിയെട്ടും.

'നിങ്ങൾതമ്മിൽ ഒരുവയസിന്റെ വ്യത്യാസമാണെല്ലേ! ‘ രാഘവൻ അതിനു മറുപടിയായിപ്പറഞ്ഞു.

ഉം.. നമുക്കിനി അവന്റെ വീട്ടിലേക്കുപോകാം..

എല്ലാവരും മാധവന്റെവീടിനെ ലക്ഷ്യമാക്കി നടന്നു . നടക്കുന്നവഴിയിലൊക്കെ  നീളംകുറഞ്ഞ ധാരാളം തെങ്ങുകൾകാണാം.

തെങ്ങുകൾ കുറേയുണ്ടല്ലോ ! ചാക്കോ തെങ്ങിന്റെ എണ്ണമെടുക്കുമ്പോലെ ചുറ്റും കണ്ണോടിച്ചു.

തേങ്ങയുമുണ്ട് ധാരാളം . അതോക്കെവിറ്റു  അതിന്റെ പണം മാധവേട്ടന്റെ മക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു ഇട്ടുകൊടുക്കാറുമുണ്ട് . രാഘവൻ ആവശ്യമില്ലാത്ത ഉത്തരം കൊടുത്തു.

ഞാനതിന്റെയൊന്നും കണക്കെടുക്കാൻ വന്നതല്ല. ചാക്കോ രാഘവനെ ശാസിച്ചു.

തന്റെ പ്രിയ കൂട്ടുകാരന്റെ വീട് അടുക്കുംതോറും ചാക്കോയ്ക്ക് പരിഭവം കൂടിവന്നു .ദേഷ്യവും വിഷമവും ഒക്കെക്കൊണ്ട്  ചാക്കോയുടെ ഹൃദയം കലുഷിതമായി. ചാക്കോ തന്റെ മകന്റെ കൈകളിൽ താങ്ങി നടന്നു.
വീടെല്ലാം അഴുക്കുപിടിച്ചു കിടക്കുവാണ്. അവന്റെകഥകളുടെയൊക്കെ ആരംഭംകുറിച്ച വീട്! ചാക്കോ കോലായിൽകയറി അരമതിലിൽ ഇരുന്നു. കുറേനേരം അങ്ങനെതന്നെ.. എന്തൊക്കെയോ ആലോചിച്ച്‌ ഒന്നും മിണ്ടാതെയിരുന്നു.

ചാക്കോയ്ക്ക് മാധവൻ അയച്ച കത്തുകൾ ! മാധവൻ ഇപ്പോഴും ഇവിടെ എവിടെയൊക്കെയോഉണ്ടെന്നും എവിടെയോ ഇരുന്ന് അവൻ കഥകളെഴുതുകയാണെന്നും  അത് കഴിയുമ്പോൾ തന്നെ കാണാൻ വരുമെന്നുമൊക്കെയുള്ള ഒരു വിശ്വാസമായിരുന്നു ചാക്കോ ഇന്നും നിധിപോലെ സൂക്ഷിക്കുന്ന  കത്തുകൾ.  ആ കത്തുകൾ ഇങ്ങനെ കൂടെക്കൊണ്ടു നടക്കുമ്പോൾ മാധവന്റെ ആത്മാവ് കൂടെയുള്ളപോലെയും!

മാധവൻ കോലായിലുള്ള  ചാരുകസേരയിൽത്തന്നെ കിടപ്പാണ് . ചാക്കോയുടെ ഇരുപ്പുകണ്ടിട്ട് ഇടയ്ക്കിടയ്ക്ക് ഏറുകണ്ണിട്ടു മാധവൻ ചാക്കോയെ നോക്കുന്നുമുണ്ട് .

നിന്നെ കാണാൻ വരണമെന്ന് കരുതിയതാണ്!  ഒരുതിരക്കു കഴിയുമ്പോൾ അടുത്തത് . അങ്ങനെ കാലങ്ങൾ കടന്നുപോയി . ഇനി ഞാൻ ആഗ്രഹിച്ചാലും അതൊന്നും നടക്കില്ലല്ലോ. ഏതായാലും നീ എന്നെ കാണാൻ വന്നല്ലോ .. ചാക്കോ ഇതൊന്നും കേൾക്കുന്നില്ല എന്ന് മാധവനറിയാം. എങ്കിലും ചെവികൊണ്ട് കേൾക്കാൻ കഴിയാത്തത് അവന് മനസ്സിലാക്കാൻ കഴിയുമെങ്കിലോ!

വാ  പോകാം . ഇരുട്ടുന്നു , ചാക്കോ മകനോട് പറഞ്ഞു.

ചാക്കോ പതിയെ തൂണിൽ പിടിച്ചു പോകാനിറങ്ങി . എഴുപത്തിയൊമ്പതു വയസായി നിനക്ക്, എനിക്ക് എഴുപത്തിയെട്ടും .. ചാക്കോ പിറുപിറുത്തു. മാധവൻ ഇതൊക്കെ കേൾക്കുന്നുണ്ടെന്നു ചാക്കോയ്ക്ക് അറിയാമായിരുന്നു .

അവൻ പ്രണയത്തിന്റെ രാജാവാണ് . അവന്റെ പ്രണയംതുളുമ്പുന്ന കഥകളും അനശ്വരമാണ് . അവൻ എഴുതിയ അവസാന നോവലിന്റെ പേരുപോലെയായി ഇപ്പോൾ അവന്റെ അസ്തിത്വം. ഗന്ധർവ്വ ലോകത്താണവൻ . അതിസുന്ദരനായ ഒരു ഗന്ധർവ്വനായ്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക