"ചുടുരക്തം തളംകെട്ടിനിന്ന ഒരു തെരുവുവക്കത്ത്
ഭീതിദമായ ഒരു സായാഹ്നത്തിൽ
ഒരു സ്‌ത്രീ നിന്നിരുന്നു, ഒറ്റയ്‌ക്ക്”.
...............................................
ആയിരത്തിത്തൊള്ളായിരത്തി നാൽപത്തിയേഴ്.
ത്യാഗോജ്വലമായ സഹനസമരത്തിലൂടെ ഇൻഡ്യ സ്വാതന്ത്ര്യം നേടിക്കഴിഞ്ഞിരുന്നു. അതോടൊപ്പം ഇൻഡ്യ വിഭജിക്കപ്പെട്ടു, മൂന്നു കഷണങ്ങളായി, രണ്ടു രാജ്യങ്ങളായി- ഇന്ത്യയും പാകിസ്ഥാനും."സഹോദര രാഷ്‌ട്രങ്ങൾ” ശത്രുക്കളായി! ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റ നിഗൂഢ തന്ത്രം!
ഇൻഡ്യയിൽ നിന്ന് മുസ്‌ലിങ്ങൾ പാക്കിസ്ഥാനിലേക്കും അവിടെനിന്ന് ഹിന്ദുക്കൾ ഇന്ത്യയിലേക്കും കൂട്ടത്തോടെ പലായനം ചെയ്‌തു. ജനിച്ച നാടും സ്വന്തം വീടും ആരാധിക്കുന്ന ദേവാലയവും എല്ലാം ഇട്ടുപേക്ഷിച്ചിറങ്ങിയ ആ അഭയാർത്ഥികൾ രക്ഷിക്കാൻ കൊതിച്ചത് ഒന്നുമാത്രമാണ്-ജീവൻ! ഗാന്ധിജി ഉൽബോധിപ്പിച്ച സാഹോദര്യത്തിന്റെ സൂക്തങ്ങൾ മാറ്റൊലിക്കൊണ്ടിരുന്ന നാട്ടിൽ അന്ധമായ മതവിദ്വേഷത്തിന്റെ കൊലവിളി മുഴങ്ങി കേട്ടു. സ്വന്തം കുട്ടികളുടെ കൺമുന്പിൽവച്ച് മാതാപിതാക്കൾ നിഷ്‌കരുണം കൊല്ലപ്പെട്ടു. ബന്ധുക്കൾ നോക്കിനിൽക്കേ, സ്‌ത്രീകൾ ക്രൂരമായി ബലാത്സംഗംചെയ്യപ്പെട്ടു. ഇതു നടന്നതാണോ? അതേ, അന്ന്, ഇൻഡ്യയിൽ!
തെരുവീഥികളിലൂടെ പരിഭ്രാന്തരായ അഭയാർത്ഥികൾ വിപരീത ദിശകളിലേക്ക് നിലക്കാതെ
പ്രവഹിച്ചുകൊണ്ടിരുന്നു. പലയിടങ്ങളിലും കൂട്ടംകൂടിനിന്നിരുന്ന മതഭ്രാന്തന്മാർ കടന്നുപോകുന്നവരോട് അന്വേഷിച്ചു, " നിങ്ങൾ ഹിന്ദുവോ മുസൽമാനോ"? ഹിന്ദുക്കളെ മുസൽമാന്മാരും മുസൽമാന്മാരെ ഹിന്ദുക്കളും വെട്ടിക്കൊല്ലുമെന്നുള്ളതുകൊണ്ട് മറുപടിപറയാൻ യാത്രക്കാർ ഭയപ്പെട്ടിരുന്നു. " ഞാൻ മനുഷ്യനാണ്" എന്ന് പതുക്കെയെങ്കിലും പറയാനുള്ള ആൽമബലം ആർക്കുംതന്നെ മതങ്ങൾ നൽകിയിരുന്നില്ല!
പക്ഷേ,
അത്തരമൊരു തെരുവുവക്കത്ത്,
ഭീതിദമായ ഒരു സായാഹ്നത്തിൽ,
ഒരു സ്‌ത്രീ നിന്നിരുന്നു, ഒറ്റയ്‌ക്ക്!
പ്രായം കാർന്നെടുത്ത ശോഷിച്ച ആ ശരീരം കൊലയാളികളുടെ അട്ടഹാസം കേട്ട് വിറച്ചില്ല. ക്രൂരമായ കാഴ്ചകൾ കണ്ട് കലങ്ങിയ കണ്ണുകളിൽ അലൗകികമായ ഒരു തേജസ് സ്‌ഫുരിച്ചിരുന്നു. സംഘടിതമതങ്ങൾ ഉരുവിട്ടുകൊടുക്കാത്ത സാഹോദര്യത്തിന്റെ
ആൽമബലം നൽകിയ ശാന്തത ആ മുഖത്ത് ശോഭിച്ചിരുന്നു.
ഒക്കത്ത് ഒരു മൺകലത്തിൽ വെള്ളവും, പകർന്നുകൊടുക്കാൻ കൈയിൽ ഒരു പാത്രവും മാത്രമായിരുന്നു അവൾ ധരിച്ചിരുന്ന “ആയുധങ്ങൾ” ! അതുവഴി കടന്നുപോകുന്ന ജനക്കൂട്ടത്തെ കരുണയോടെ അവൾ നോക്കി. അവരുടെ ജാതിയോ മതമോ ഏതെന്ന് അവൾ അന്വേഷിച്ചില്ല. അല്‌പവും പതറാത്ത സ്വരത്തിൽ അവരോട് അവൾ തിരക്കി, " നിങ്ങൾക്കു ദാഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഇതാ കുറെ വെള്ളം".
• മനുഷ്യമഹത്വത്തിന്റെ സമുന്നതമായ ആവിഷ്‌കരണമായിരുന്നു അവളുടെ ആ സേവനം!
• മതതത്ത്വങ്ങളുടെ ആൽമീയസത്തയിൽനിന്ന് ഉയർന്നതായിരുന്നു ആ ചോദ്യം- “നിങ്ങൾക്കു ദാഹിക്കുന്നുണ്ടോ”?
• ഭാരത സംസ്‌കാരത്തിന്റെ വിശാലമനസ്‌ഥിതി സുവ്യക്തമാക്കിയ സംഭാവന- " ഇതാ കുറേ വെള്ളം"!
ഏഴിലേറെ ദശാബദ്ങ്ങൾ പിന്നിട്ടുകഴിഞ്ഞു സ്വതന്ത്രഭാരതം. അന്നത്തെ നാൽപതു കോടിയിൽ നിന്നും നൂറ്റിനാൽപതു കോടിയിലേറെയായി ഇന്ന് ജനസംഖ്യ!
നോക്കാം നമുക്ക് പിന്നോട്ട്, പക്ഷേ, നടക്കരുത് നമ്മൾ പിന്നോട്ട്. അദൃശ്യരായ ദൈവങ്ങളെ പ്രസാദിപ്പിക്കാൻ കൺമുന്പിൽ നിൽക്കുന്ന സഹോദരങ്ങളെ കുരുതികൊടുക്കരുത്. എരിവെയിലിൽ വിവശനായി നിൽക്കുന്നവന്റെ മതം ഏതെന്നു തിരക്കാതെ നമുക്ക് ചോദിക്കാം , " നിങ്ങൾക്കു ദാഹിക്കുന്നുണ്ടോ"?