Image

സമ്പ്രാപ്തി (കവിത: വേണുനമ്പ്യാർ)

Published on 25 May, 2024
സമ്പ്രാപ്തി (കവിത: വേണുനമ്പ്യാർ)

ശ്വാസം തിരിച്ചു വരാതെ
കാറ്റിലടങ്ങുമ്പോൾ,
ഒരു കണ്ണിലെ തീ
മറുകണ്ണിലെ നീരണയ്ക്കുമ്പോൾ, 
വാഴ് വിൽ നഷ്ടപ്പെടുവാനെന്തുണ്ട്!

ലാഭനഷ്ടത്തിന്റെ 
കണക്കുപുസ്തകം
ചിത ഭക്ഷിക്കട്ടെ!

എരിഞ്ഞു തീരാറായ ഇരുകയ്യിന്റെ
സ്ഥാനത്ത് തോളിൽ ചിറകു
വിരിയുമ്പോൾ  പുതിയ ആകാശത്തെ
കീഴടക്കാനുള്ള സാഹസികത നിന്നിൽ നാമ്പിടും.

ഉരുകിത്തീരാറായ ഊരുക്കളുടെ
സ്ഥാനത്ത് പുതിയ പങ്കായങ്ങൾ ലഭിക്കുമ്പോൾ വന്യമായ പുറങ്കടലിനെ നേരിടാനുള്ള ഉൾക്കരുത്ത്
നിന്നിൽ പതഞ്ഞൊഴുകും.

അസ്ഥിരതയ്ക്കെതിരെ
നിരന്തരം അടരാടുന്ന ജീവന്റെ  കളിത്തോഴിയാകുമ്പോൾ
നീ ഓർമ്മകളുടെ
സുവർണ്ണചിത്രലിപിയോട് 
യാത്രാമൊഴി ചൊല്ലും !

പുതിയ തുടക്കത്തിന്റെ ആരംഭമായി
അവസാനങ്ങളെ കൊണ്ടാടാം.
മാറ്റത്തിന്റെ നിഗൂഢതകളെ
മറ നീക്കി കാണാം.

വില കെട്ട ലോകത്ത്
വിലമതിക്കാൻ പഠിക്കാം -
കൂടിന്റെ നഷ്ടത്തെയല്ല,
ആകാശത്തിന്റെ സമ്പ്രാപ്തിയെ!

കോശവും ജനിതകവും 
അതിജീവനതത്വവും
രസതന്ത്രവും അറിവും  കുഴിച്ചു
മൂടിയ ഹിമശിലകൾക്കിടയിൽ  
നമുക്ക് അനന്തതയുടെ
തീത്തരികൾ  തിരയാം.

ബന്ധനത്തെക്കുറിച്ചുള്ള
ഉണർവ്വ് ബന്ധനമല്ലെന്നറിയുന്ന
നിമിഷം  ഇരിക്കുന്നിടം തന്നെ
മോക്ഷപദമായി മാറുകയായി
തിരസ്കാരങ്ങൾക്കെല്ലാം 
തിളക്കം കുറയുകയായി
അന്വേഷണങ്ങൾക്കെല്ലാം
ചരമക്കുറിപ്പായി.

ഉണർവ്വിൽ ഉണർവ്വായ് ഉണരൂ;
നഷ്ടപ്പെടുവാൻ  ഇനി ഒന്നുമില്ല
ചങ്ങല പോലും!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക