ഏബ്രഹാം ലിങ്കണ്‍
എബ്രഹാം ലിങ്കണ്‍ ഓര്‍ക്കപ്പെടുന്നതെന്തിന്റെ പേരിലായിരിക്കും. ഒരടിമയുടെ നാവില്‍ ലിങ്കണ്‍ അടിമകളുടെ വിമോചകനെങ്കില്‍, ഒരു സങ്കുചിത വെള്ളക്കാരന്റെ ചരിത്രബോദ്ധ്യത്തിലെ ലിങ്കണ്‍ അവരുടെ വംശ്യാധിപത്യത്തില്‍ മാത്രമല്ല, അവരുടെ സാമ്പത്തിക ശ്രോതസിലും തുരങ്കം പണിത കരിങ്കാലി ആയി അടയാളപ്പെടുത്തുമായിരിക്കും. അവരുടെ സാമൂഹ്യവും, സാംസ്‌കാരികവുമായ പദവിയില്‍ വീണ വലിയ ഒരു വിള്ളല്‍ ആയിരുന്നു പതിമൂന്നാം ഭേദഗതിയിലൂടെ ആയിരത്തി എണ്ണൂറ്റി അറുപത്തഞ്ചില്‍ (1865) എബ്രാം ലിങ്കണ്‍ അടിമവ്യാപാരം നിര്‍ത്തലാക്കിയത് ചരിത്രത്തിലെഒരു വലിയ അടയാളക്കല്ലായി മാറിയതും, അതിനു മറുവിലയായി അദ്ദേഹത്തിനു സ്വന്തം ജീവന്‍ ബലിനള്‍കേണ്ടി വന്നതും ചരിത്രമാണ്. എന്നിട്ടും അടിമകള്‍ മോചിതരായോ... അവരെന്നും നുകത്തിന്‍ കീഴില്‍ തങ്ങളുടെ ലാഭത്തിനുവേണ്ടി പ്രതിഫലമില്ലാതെ ആദ്ധ്വാനിക്കേണ്ടവര്‍ എന്നുകരുതുന്ന വരേണ്യവര്‍ഗ്ഗത്തിന്റെ പ്രതിനിധികളില്‍ ഒരാളാണ് ലിങ്കണുനേരെ നിറയൊഴിച്ചത്. ഗാന്ധിയെ വെടിവെച്ചവര്‍ ഇതേ വംശാധിപത്യ വര്‍ഗ്ഗിയവാദികളുടെ പിന്തുടര്‍ച്ചക്കാര്‍ ആകാം. ഞാന്‍ ഗാന്ധിയെക്കുറിച്ചു പറഞ്ഞത് സാമിനു കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമാകാന്‍ വേണ്ടിയാണ്. രണ്ടു രാജ്യങ്ങളില്‍, രണ്ടു കാലങ്ങളില്‍ ഒരേ വര്‍ഗ്ഗിയതയുടെ പ്രേതങ്ങള്‍. പ്രത്യേകിച്ചും ഇപ്പോള്‍ രണ്ടുരാജ്യങ്ങളിലും വളരുന്ന വര്‍ഗ്ഗിയതയുടെ വേരുകള്‍ അന്നേ മുളച്ചതാകാം. തന്റെ താരതമ്മ്യം ശരിയോ എന്ന് ആത്മഗതം ചെയ്ത് അങ്കിള്‍ ടോം സാമിനെ നോക്കി അല്പനേരം മൗനിയായതിനു ശേഷം തുടര്‍ന്നു.
ഞാന്‍ എബ്രഹാം ലിങ്കണെ ഓര്‍ക്കുന്നത് നിങ്ങള്‍ ചരിത്രം മറക്കാതിരിക്കാനാ. നമ്മുക്കുവേണ്ടി, വാദിച്ചവരും ജീവന്‍ കൊടുത്തവരും കുറെയുണ്ട്... അവരെയൊന്നും നമ്മുടെ പോരാട്ട ചരിത്രത്തില്‍ നിന്നും വെട്ടിക്കളയരുത്. ഞാന്‍ വീണ്ടും പറയുന്നത് തൊലിവെളുത്തവരെല്ലാം നമുക്കെതിരല്ല.(ഇന്ന് കറുത്തവന്റെ ചരിത്രം പറയുന്നവരില്‍ അങ്ങനെ എത്തോ ഒന്ന് കടന്നതായി തോന്നുന്നു.. അങ്കിള്‍ ടോം സാമിനേയും സ്വന്തം എന്ന് കാണാന്‍ തുടങ്ങിയിരുന്നു.) അവര്‍ നമ്മുടെ ശത്രുക്കളല്ല. എന്നാല്‍ വംശാധിപത്യത്തില്‍ വിശ്വസിക്കുന്ന വര്‍ഗ്ഗിയവാദികളായ ഏറെപ്പേരുണ്ട്. അവരാണു നമ്മുടെ ശത്രുക്കള്‍. നമ്മുടെതെന്നു പറയുമ്പോള്‍, മാനവരാശിയുടെ, പുരോഗതിയുടെശത്രുക്കളാണവര്‍. അവര്‍ അവരുടെ തൊലിയുടെ നിറത്തിലും, അവരുടെ ശുദ്ധരക്തത്തിലും വിശ്വസിച്ച്, മറ്റുള്ളവരെല്ലാം ഒരുപടി താഴെയെന്നു ബലപ്പെടുന്നു.അതില്‍ തോട്ടം ഉടമകളായ പണക്കാര്‍ മാത്രമല്ല; വെറും തൊഴിലാളികളായ,അന്നത്തെ അപ്പത്തിനു വകയില്ലാത്തവരും പെടും. കണ്ടോ... ഞാന്‍ ജീവിക്കാന്‍ നിവൃത്തിയില്ലാത്തവനെങ്കിലും കുലപരമായി ഞാന്‍ അടിമയില്‍ നിന്നും വ്യത്യസ്ഥനാണ്. ഇതാണു പൊതുമനോഭാവം. അങ്ങനെയുള്ളവരെ ഏറെ പേടിക്കണം. അവര്‍ മുതലാളിക്കുവേണ്ടി കൂലിപ്പടയായി, എന്തന്യായവും ചെയ്യാന്‍ തയ്യാറുള്ളവരാണ്.
മറുപക്ഷത്തുള്ളവര്‍ മാനവികതയില്‍ വിശ്വസിച്ച്, നന്മയുടെ നല്ലവിത്തുകള്‍ മുളപ്പിക്കാന്‍ ശ്രമിച്ചവര്‍. അവരില്‍ ഏറയും നല്ലപുസ്തകത്തിലെ വചനങ്ങള്‍ ഉള്‍ക്കൊണ്ടവരായിരുന്നു. അവര്‍ ധനവാന്മാരാകാന്‍ മോഹിച്ചില്ല. അവരുടെ പ്രേക്ഷിത വേലയാല്‍ മോചനത്തിന്റെ വഴികളില്‍ എത്തിയവര്‍ ഏറെയുണ്ട്. അവര്‍ അടിമകളുടെ മുന്നിലെ കാണാത്തവഴികള്‍ കാട്ടിക്കൊടുത്തു. അതുവഴി നടന്നവരില്‍ ചിലരെങ്കിലും പിടിക്കപ്പെട്ടെങ്കിലും, ഏറെപ്പേര്‍ സ്വാതന്ത്ര്യത്തിന്റെ പെരുവഴികളില്‍ എത്തി. വഴിയൊരുക്കിയവരെ നാം എന്നും ഓര്‍ക്കണം. ഏബ്രഹാം ലിങ്കന്റെ കഥ പറയുമ്പോള്‍ മനസ്സ് പലവഴിപിരിയുന്നു. ഞാന്‍ കേട്ടറിഞ്ഞ കഥയില്‍ അതിശയോക്തി ഉണ്ടാകാം. എങ്കിലും ഏബിന്റെ (ഹോണസ്റ്റ് ഏബ് എന്നായിരുന്നു ഇഷ്ടമുള്ളവര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്)ഒരു നല്ല ചിത്രം വരയ്ക്കണമെന്നാണെന്റെ ആഗ്രഹം. അതിനര്‍ഹതയുള്ള ചുരുക്കം ചിലരില്‍ ഒരുവനായിട്ടാ ഏബ്രഹാം ലിങ്കണ്‍ എന്റെയുള്ളില്‍ ജീവിക്കുന്നത്.
ഇംഗ്ലണ്ടില്‍ നിന്നും ഉടുതുണിയുമായി കപ്പലില്‍ വന്ന പൂര്‍വ്വപിതാക്കന്മാരുടെ പരമ്പരയില്‍ ജനിച്ച ഏബും കുടുംബവും ദാരിദ്രത്തില്‍ ആയിരുന്നു. പിതാവ് ഒരു കൃഷിക്കരനായിരുന്നു എങ്കിലും നിത്യച്ചിലവുകള്‍ ഒരുവിധം നടത്തിക്കൊണ്ടു പോകും എന്നേയുള്ളായിരുന്നു. ഒരു പെരുമഴയും വെള്ളപ്പൊക്കവും ഏബ് ഓര്‍ക്കുന്നു. അന്ന് ഒലിച്ചു പോയ കോണ്‍ കൃഷിയില്‍ ഭാവിയുടെ അന്നം ഉണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ ഏബിന്റെ ഓര്‍മ്മകളില്‍ ഒരു തുടര്‍ക്കഥയാണ്. അപ്പന്റെ കൃഷിഭൂമിയുടെ അവകാശത്തെ സംബന്ധിച്ച് അയല്‍ക്കാരന്‍ കൊടുത്ത കേസിനെത്തുടര്‍ന്ന് കുടുബം ഇന്ത്യാനയിലേക്ക് കുടിയേറി ഒരു പുറമ്പോക്കില്‍ താല്കാലിക ഒടിച്ചുമറയുണ്ടാക്കി താമസമാക്കി.ഇത് എടുത്തു പറയുന്നത്, ഈ രാജ്യത്തിന്റെ പരമോന്നത പദവിയില്‍ എത്തിയഏബിന്റെ മഹത്വം എടുത്തു കാണിക്കാനാണ്. ദുരന്തങ്ങള്‍ ഏബിന്റെ ജീവിതത്തില്‍ എന്നും കൂടെയുണ്ടായിരുന്നു. അവര്‍ മൂന്നു സഹാദര്‍ങ്ങള്‍അതില്‍ ഒരാള്‍ ചെറുപ്പത്തിലെ മരിച്ചു. ഏബിനൊമ്പതു വയസായപ്പോഴേക്കും അമ്മയും മരിച്ചു. പിന്നെ ഒരുവര്‍ഷത്തിനു ശേഷം വന്ന രണ്ടാനമ്മ ഏബിന്റെ ഭാഗ്യമായിരുന്നു. അവര്‍ അവരുടെ സ്വന്തമായ മൂന്നു കുട്ടികളെക്കേള്‍ ഏബിനെ നന്നായി നോക്കി എന്നു ചരിത്രം പറയുന്നു. ഏബിനെ എല്ലക്കാര്യത്തിലും പ്രചോദിപ്പിച്ചു. രണ്ടോ മൂന്നോ ക്ലാസുവരെ സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞുള്ളു എങ്കിലും ഏബ് സ്വന്തമായി പഠിച്ചു. സ്വന്തമായി എണ്ണയും വിളക്കും വാങ്ങാന്‍ പണമില്ലാഞ്ഞ് വഴിവിളക്കിനു ചുവട്ടില്‍ ഇരുന്നു പഠിച്ചതായി രേഖയില്‍ ഉണ്ടത്രേ. എഴുത്തും വായനയും വശമായതിനുശേഷം, ആ നല്ലപുസ്തകം നന്നായി വായിയ്ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തത് പിന്നിടുള്ള ഉയര്‍ച്ചയുടെ ചവിട്ടുപടികളായിരുന്നു. ഷെയ്‌സ്പിയര്‍ നാടകങ്ങളും, അക്കാലത്തെ പ്രധാനപുസ്തകങ്ങളും അറിവിന്റെ ശ്രോതസായി.
ആയിരത്തി എണ്ണൂറ്റി ഒമ്പത് (1809) ഫെബ്രുവരി പന്ത്രണ്ടിന് കെണ്ടക്കിയില്‍ ജനിച്ച ഏബ്, ആറടി നാലിഞ്ചു പൊക്കത്തില്‍ വളര്‍ന്നു എന്ന് പ്രത്യേകം പറയുമ്പോള്‍, അക്കാലത്ത് അത്ര വലുപ്പംഅസാധരണമായിരുന്നിരിക്കാം. എന്നാല്‍ അതിനൊപ്പിച്ചുള്ള വണ്ണം ഇല്ലായിരുന്നു എന്നുള്ളതും പ്രത്യേകം ശ്രദ്ധിക്കപ്പെടാന്‍ കാരണം ആയിരുന്നിരിക്കാം. ഏബിന്റെ സൗന്ദര്യത്തെക്കുറിച്ചും ആരും അത്ര പുകഴ്ത്തിപ്പറയുന്നില്ല. ഏബ് വക്കീല്‍ ഗുമസ്ഥനായി, വക്കീലായി, വാദിക്കുന്ന കേസുകളൊക്കെ ജയിക്കുക എന്നതില്‍ കവിഞ്ഞ് അതില്‍ സത്യം കണ്ടെത്താനും അതില്‍ ഉറച്ചു നില്‍ക്കാനും കഴിഞ്ഞു എന്നതിനാല്‍, ഒരു സത്യസന്ധനായ വക്കീല്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. അത് വ്യക്തിത്വത്തെ ഉറപ്പിച്ചു. ഒരുവിധം സ്വന്തംകാലില്‍ നില്‍ക്കാറായപ്പോള്‍ രാഷ്ട്രിയത്തില്‍ ഇറങ്ങി. അനേകം മത്സരങ്ങള്‍ തോറ്റു. എബ്രാഹാം ലിങ്കണ്‍ എല്ലാവരും ഇഷ്ടപ്പെടുന്ന വെറും വാചകകസര്‍ത്തുകളില്‍ വിശ്വസിച്ചില്ല. കഴമ്പുള്ള ആശയസമ്പുഷ്ടമായ പ്രഭാഷണങ്ങള്‍ നടത്തിയെങ്കിലും എതിരാളികളുടെ ഘനഗംഭീരമായ സ്വരത്തിലും, നാടകീയതയിലും അധികമാരും അതു ശ്രദ്ധിച്ചില്ല എന്നുള്ളതായിരിക്കാം തോല്‍വിക്കു കാരണം. എബ്രഹാം അന്ന് ഒരു ജനകീയ നേതാവായിരുന്നില്ല. ജനത്തിനെന്നും വേണ്ടത് ലഹരിപിടിപ്പിക്കുന്ന വാക്കുകളാണ്. അത് ഇന്നും അങ്ങനെതന്നെയാണ്. ജനക്കൂട്ടത്തിന് ലഹരിയാണു വേണ്ടത്.
ഇരുപത്തൊന്നാം വയസ്സില്‍ ഇല്ലിനോയിസിലേക്ക് സകുടുംബം മറ്റൊരു കുടിയേറ്റം. ആ യാത്രയില്‍ കാളവണ്ടി തെളിച്ചത് ഏബ് തന്നെയായിരുന്നു. ഇല്ലിനോയിസില്‍ അപ്പന്റെ കൃഷിയില്‍ സഹായിക്കുമായിരുന്നെന്നെങ്കിലും, മറ്റൊരു തൊഴിലിനുവേണ്ടിയുള്ള ദാഹം കലശലായി. അങ്ങനെ കിട്ടാവുന്ന എല്ലാ ജോലിയും പരീക്ഷിച്ചു. ഒടുവില്‍ അവിടെവെച്ചാണ് വക്കില്‍ ഗുമസ്ഥനായതും, അതുവഴി വക്കീലായതും. മറ്റെല്ലാരേയും പോലെ വേട്ടക്കു പോകുന്നതിനോ, ചൂണ്ടയിടുന്നതിനോ താല്പര്യമില്ലായിരുന്നു എന്നു പറയുന്നത്, വെടിയേറ്റമൃഗത്തിന്റെ കരച്ചിലും, ചൂണ്ടയില്‍ പിടയുന്ന മീനിന്റെ പിടച്ചിലും പേടിസ്വപ്നമാകുന്നത്, ആ മനസ്സിലെ മറ്റുജീവികളോടുള്ള സഹാനുഭൂതിയെ വെളിപ്പെടുത്താനാണ്. അതുപോലെ യുദ്ധവും അദ്ദേഹത്തെ സന്തോഷിപ്പിച്ചില്ല എന്നു വേണം കരുതാന്‍. അയിരത്തി എണ്ണൂറ്റി മുപ്പത്തിരണ്ടിലെ (1832) ബ്ലാക് ഹോക് യുദ്ധത്തിലെ ഒരു ക്യാപറ്റനായി ചേര്‍ന്നെങ്കിലും, നേറ്റീവ് അമേരിയ്ക്കനുമായി യുദ്ധം ചെയ്യുന്നതെന്തിനുവേണ്ടി എന്ന ചോദ്യം ഉള്ളില്‍ മുഴങ്ങുന്നുണ്ടായിരുന്നു. അങ്ങനെ യുദ്ധത്തെ വെറുത്തിരുന്നവന്‍, സിവില്‍ വാറിന്റെ കമാന്റര്‍ ഇന്‍ ചീഫായിരുന്നു എന്നു പറയുന്നത് ഒരു വിരോദാഭാസമായി തോന്നാം. അന്ന് അതല്ലാതെ മറ്റുവഴികള്‍ ഇല്ലായിരുന്നു. രാജ്യം ഒന്നായിരിക്കാനും, ജനാധിപത്യം നിലനിര്‍ത്താനും നിയൊഗിക്കപ്പെട്ടവനായി എന്നേയുള്ളു. ആ നിയോഗം തന്റെ ബലികൂടിയായിരുന്നു എന്ന് അറിയില്ലായിരുന്നു.
1832 ലെ യുദ്ധാനന്തരം പലതൊഴിലും പരീക്ഷിക്കപ്പെട്ടു. ഒരു കൊല്ലപ്പണിക്കാരനാകാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. മനസ്സ് നിയമത്തിലേക്കു നയിച്ചു. തന്നത്താന്‍ നിയമം പഠിച്ച് പസായി, പ്രാക്ടീസ് തുടങ്ങി. സ്പ്രിന്ദ്ഫീഡിലേക്കുള്ള മാറ്റം കൂടുതല്‍ അവസരങ്ങള്‍ കൊടുത്തു. വില്ല്യം എച്ച് ഹെണ്ടേഷ്‌സനുമായുള്ള ഒത്തു ചേരല്‍ സമാന മനസ്‌കരായ രണ്ടു വക്കീലന്മാര്‍ തമ്മിലുള്ള ഒത്തുചേരലായിരുന്നു. അവര്‍ പണത്തിനുപിന്നാലെ അധികം പോയില്ല. ആദര്‍ശവും സത്യവും ആകാവുന്നത്ര പിന്തുടര്‍ന്നു. പത്തുവര്‍ഷത്തോളം അവര്‍ ഒന്നിച്ചു നിന്നു. രാഷ്ട്രിയത്തിലെ തോല്‍വികള്‍ക്കു ശേഷം കുറച്ചു നാള്‍ ഒഴിഞ്ഞു നിന്നെങ്കിലും മനസ്സ് അങ്ങോട്ടു തന്നെ നയിച്ചു. മിസ്സസ്സിപ്പി നദിക്കു കുറെകെയുള്ള റോക്ക് ഐലന്റ്് ബ്രിഡ്ജിന്റെ പണിതടയാന്‍ അന്നത്തെ കടത്തുകാരുടെ കൂട്ടാഴ്മശ്രമിച്ചെങ്കിലും അതിനെ പരാജയപ്പെടുത്തിയത്, രാജ്യപുരോഗതിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ കോടതിയില്‍ വാദിച്ചു ജയച്ചതുകൊണ്ടാണ'്.ലിങ്കന്റെ ഇത്തരത്തിലുള്ള പുരോഗമന ചിന്തകള്‍ ചിലരെങ്കിലും ശ്രദ്ധിക്കാതിരുന്നില്ല. അനുകമ്പയും ദയയും ആ ഹൃദയത്തില്‍ ഉണ്ടായിരുന്നു.
ഒരിക്കല്‍ ഒരു കൊലക്കേസില്‍ ജയിച്ച കഥകൂടി അറിഞ്ഞപ്പോള്‍ ജനങ്ങള്‍ക്ക്, പണത്തിനുമീതെ നീതിയുടെ പിന്നാലെ പോകുന്ന ലിങ്കണെക്കുറിച്ചുള്ള മതിപ്പ് കൂടി. ആ കൊലക്കേസ് വളരെ എളുപ്പത്തല്‍ തോക്കും എന്ന് എല്ലാവരും കരുതി. പക്ഷേ സത്യം ജയിക്കണമെന്ന വാശിയില്‍ സാഹചര്യത്തെളിവുകള്‍ നിരത്തി. രാത്രിയില്‍ കുറ്റകൃത്യം കണ്ടുവെന്നു പറയുന്ന സാക്ഷിയെ വിസ്തരിച്ച്, നിലാവുള്ള ആ രാത്രിയില്‍ അത്ര അകലത്തില്‍ കൃത്യമായി പ്രതിയെ തിരിച്ചറിയാന്‍ കഴിയില്ലെന്ന സത്യം കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ അധികം വാദിക്കേണ്ടി വന്നില്ല. ഒരു നിരപരാധി ചാര്‍ത്തപ്പെട്ട കുറ്റത്താല്‍ ശിക്ഷിക്കപ്പെടരുതെന്ന് ആഗ്രഹിച്ചു.പിന്നീട് പലകോടതികളും ആ കേസ് റഫറല്‍ കേസ്ഡയറിയായി പരിഗണിച്ചു. ഞാന്‍ ആ കേസിനെക്കുറിച്ച് അങ്ങനെ ആണു മനസ്സിലാക്കിയിരിക്കുന്നത്. ഏതായാലും ലിങ്കണെ പലരും ആ കേസിന്റെ പേരില്‍ പുകഴ്ത്തി. സത്യസന്ധന്‍ എന്നൊരു പേരും നേടിക്കൊടുത്തു. ഇല്ലിനോയിസിലെ അറിയപ്പെടുന്ന വക്കിലായി ലിങ്കണ്‍. ജീവിക്കാനുള്ള വരുമാനം കിട്ടിത്തുടങ്ങിയപ്പോള്‍ സ്വന്തം കുടുംബമെന്ന സാധാരണ മനുഷ്യപ്രകൃതത്തില്‍ പങ്കാളിയെ തിരഞ്ഞുതുടങ്ങി. ഉന്നതകുലജാതയും, വിദ്യാസമ്പന്നയുമായ പണക്കാരി മേരി റ്റോഡ് എബ്രഹാമിന്റെ ജീവിതത്തെ ഏറെ സ്വാധിനിച്ചു എന്നുവേണം കരുതാന്‍.
നാലുമക്കള്‍ ജനിച്ചെങ്കിലും മൂത്തവന്‍ മാത്രമേ ആരോഗ്യവാനായിരുന്നുള്ളു. രണ്ടുപേര്‍ കുട്ടികളായിരിക്കുമ്പോള്‍ തന്നെ വിടവാങ്ങി. എറ്റവും ഇളയവന്‍ നിത്യരോഗിയും. ഇതൊക്കെ എബ്രഹാം ലിങ്കണെ എങ്ങനെ ബാധിച്ചു എന്നറിയില്ലെങ്കിലും, ഞാന്‍ ഊഹിക്കുന്നു; അതൊക്കെ അദ്ദേഹത്തിന്റെ മനസ്സില്‍ എന്നും ഉണങ്ങാത്ത മുറിവുകള്‍ ആയിരുന്നു. രോഗിയായ ഇളയവന്‍ എപ്പോഴും കൂടെയുണ്ടായിരുന്നു. കുടുംബഭരണം മൊത്തത്തില്‍ മേരിയില്‍ ആയിരുന്നതിനാല്‍ പൊതുകാര്യങ്ങളിലും, രാഷ്ടിയത്തിലും ഇടപെടാന്‍ സമയം കിട്ടിയിരുന്നു എന്നുവേണം കരുതാന്‍. ലിങ്കണെ ആളുകള്‍ ഇഷ്ടപ്പെട്ടത് നിലപാടുകളുടെ പേരിലാണ്. ഭൂരിപക്ഷം ശരിയാണന്നു പറയുന്നത് തെറ്റാണെങ്കില്‍ തെറ്റെന്നു പറയാനുള്ള ആര്‍ജ്ജവം ലിങ്കണുണ്ടായിരുന്നു. അദ്ദേഹം ഒരു അബോളിഷ്ണിസ്റ്റായിരുന്നു എന്നാരും പറയില്ല. പക്ഷേ അദ്ദേഹത്തിന്റെ മനസ്സ് എന്നും അനീതിക്കെതിരായിരുന്നു. ആ നല്ല പുസ്തകത്തിലെ വചനങ്ങളിലുള്ള അറിവും, വായിച്ച പുസ്തകങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട നന്മയുടെ അംശവും, പൈതൃകമായി കിട്ടിയ അനുകമ്പയും ഒക്കെ അദ്ദേഹത്തെ രൂപപ്പെടുത്താന്‍ സഹായിച്ചുണ്ടാകാം. ലിങ്കണെക്കുറിച്ച് ഇങ്ങനെ ഒരു വിലയിരുത്തല്‍ ഇതിനുമുമ്പ് ആരെങ്കിലും നടത്തിയിട്ടുണ്ടാകുമോ... അറിയില്ല. എന്തായാലും എന്റെ കാഴ്ചപ്പാടിങ്ങനെയാണ്. എന്റെ വിലയിരുത്തല്‍ തെറ്റാണെങ്കില്‍ ലിങ്കണ്‍ന്റെ ആത്മാവ് എന്നോട് പൊറുക്കട്ടെ... അങ്കിള്‍ ടോം എന്തോ ഓര്‍ത്തൊന്നു നിര്‍ത്തി വീണ്ടും തുടര്‍ന്നു.
വക്കീല്‍ ജീവിതം ഒത്തിരിയേറെ യാത്രകള്‍ ഒരുക്കിക്കൊടുത്തു. കുതിരപ്പുറത്ത് ദിവസങ്ങള്‍ നീണ്ട യാത്ര എന്തൊക്കെ അനുഭവങ്ങള്‍ അദ്ദേഹത്തിനു കൊടുത്തിട്ടുണ്ടാകും. അടിമകളേയും, ഉടമകളേയും കണ്ടിട്ടുണ്ടാകും. അടിമകളുടെ ജീവിതം അദ്ദേഹത്തിലെ നീതിബോധത്തെ തൊട്ടുണര്‍ത്തിയിട്ടുണ്ടാകും. അതായിരിക്കാം പിന്നീട് വീണ്ടും രാഷ്ട്രിയത്തിലേക്ക് ഇറങ്ങിയപ്പോള്‍ അടിമകളുടെ മോചനം എന്ന ആശയം മുന്നോട്ടുവെച്ചത്. ധാരാളം എതിര്‍പ്പുകളും, ഒറ്റപ്പെടലും ഉണ്ടായെങ്കിലും സ്വന്തം ആശയത്തില്‍ ഉറച്ചു നിന്നു. ആ കാലത്ത് അബോളിഷനിസ്റ്റുകള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ തുടങ്ങിയതും ലിങ്കണെ പ്രചോദിപ്പിച്ചിട്ടുണ്ടാകും. ഒരാളുടെ ഉള്ളിലെ മനുഷ്യനെ നമുക്കെങ്ങനെ തിരിച്ചറിയാം... 'വൃക്ഷത്തെ ഫലംകൊണ്ട് തിരിച്ചറിയാം' എന്നു പറഞ്ഞ രക്ഷകന്റെ വാക്കുകള്‍ തന്നെയാണ് അദ്ദേഹം ആധാരമായി സ്വീകരിച്ചതെന്ന് തോന്നുന്നു.അദ്ദേഹം മേരിക്കൊപ്പം ഇവാജ്ഞലിക്കല്‍ ചര്‍ച്ചില്‍ പോയിരുന്നെങ്കിലും എവിടെയും അംഗത്വം എടുത്തിരുന്നില്ല. അതില്‍ അദ്ദേഹം വിശ്വസിച്ചിരുന്നില്ല എന്നു വേണം കരുതാന്‍. പള്ളികള്‍ അദ്ദേഹത്തിനെതിരെ ആരോപണവുമായി ഇറങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞത്; 'വചനം ഇങ്ങനെ പറയുന്നു; ഒരുവന്‍ ദൈവത്തെ സ്വന്തം ഹൃദയത്താലും ആത്മാവിനാലും സ്‌നേഹിക്കുന്നുവെങ്കില്‍, അവന്‍ അവന്റെ അയല്‍ക്കാരനേയും, സ്വന്തം ഹൃദയത്താലും, ആത്മാവിനാലും സ്‌നേഹിക്കും. അങ്ങനെ ഒരു ചര്‍ച്ച് എന്നെങ്കിലും ഉണ്ടായാല്‍ ഞാന്‍ എന്റെ ഹൃദയത്തേയും ആത്മാവിനേയും അവിടെ സമര്‍പ്പിക്കാം.' ആശയം ഏതാണ്ടിങ്ങനെ എന്നു ഞാന്‍ കരുതുന്നു. അങ്കിള്‍ ടോം പറഞ്ഞു. ഒരാള്‍ മറ്റൊരാളുടെ അടിമയാകുന്നതിനെ ലിങ്കണ്‍ വെറുത്തിരുന്നു എന്നു ഞാന്‍ കരുതാനുള്ള കാരണങ്ങളില്‍ ഒന്നീവാക്കുകളാണ്. ശരിയോ എന്ന മട്ടില്‍ അങ്കിള്‍ ടോം സാമിനെ നോക്കി.
ബീയറിന്റെ ലഹരിയും, നീണ്ട ദിവസത്തിന്റെ ക്ഷീണവും സാമിന്റെ കണ്‍പോളകളില്‍ കനത്തു. ഒന്നിലും താല്പര്യമില്ലാത്ത തലമുറയൊടെന്തിനു ചരിത്രം പറയുന്നു എന്ന ഒരു നിലപാടില്‍ അങ്കിള്‍ ടോം തന്നോടു തന്നെ മുഷിഞ്ഞു. ഇവര്‍ ജീവിതത്തിന്റെ യാതനകള്‍ അറിഞ്ഞവരല്ല. അവര്‍ ജനിക്കുമ്പോള്‍ അടിമകള്‍ അല്ലായിരുന്നു. അടിമകളുടെ ജീവിതം അവര്‍ക്കറിയില്ല. അവര്‍ക്ക് ജീവിതം ആഘോഷിക്കാനുള്ളതാണ്. ലഹരിയില്‍ അവര്‍ ജീവിക്കുന്നു. പെണ്ണും, മദ്യവും ആണു ജീവിതമെന്നവര്‍ കരുതുന്നു. പക്ഷേജീവിതത്തില്‍ എല്ലാം നിഷേധിക്കപ്പെട്ടവരുടെ ആത്മാവിന്റെ കരച്ചില്‍ അവര്‍ കേള്‍ക്കുന്നുണ്ടോ. ഒരു പെണ്ണിനൊപ്പം ജീവിക്കാതെ, സ്വന്തം മക്കളെ സ്‌നേഹിക്കാന്‍ അനുവദിക്കാതെ, മൂന്നോ നാലോ വയസില്‍ കൈമാറ്റം ചെയ്യപ്പട്ടവരുടെ മനസ്സറിയാന്‍ അവര്‍ക്കു കഴിയുമോ...? ഒളിച്ചോടാന്‍ ശ്രമിച്ച് പിടിക്കപ്പെട്ട് കഴുവേറ്റപ്പെട്ടവരുടേം, കൈകാല്‍ ഛേദിച്ചവരുടെയും നിലവിളി ഇവര്‍ കേട്ടിട്ടില്ലല്ലോ... പെണ്‍കുട്ടികളുടെമേലുള്ള പീഡനത്തിന്റെ നീണ്ട ചരിതം ഇവര്‍ക്കറിയില്ലല്ലോ... സാമിന്റെ കൂര്‍ക്കംവലിയിലെ അലോസരം സ്വയം ഉള്ളിലൊതുക്കി അങ്കിള്‍ ടോം ഒരോന്നാലൊചിച്ച് എബ്രഹാം ലിങ്കനൊപ്പം പറ്റിച്ചേര്‍ന്നു. ആ മനുഷ്യന്‍ എന്തിനു കൊല്ലപ്പെട്ടു...?ശരിക്കും എബ്രഹാം ലിങ്കണ്‍ അടിമകളെ മോചിപ്പിച്ചോ...? ഇപ്പോഴത്തെ തീവ്രവാദികള്‍ അങ്ങനെ ചോദിക്കുമായിരിക്കും. പക്ഷേ ലിങ്കന്റെ ഒന്നാമത്തെ കാല്‍വെപ്പിന്റെ വില ഒട്ടും കുറച്ചു കാണരുത്.
ലിങ്കന്റെ പല പരാജയങ്ങള്‍ക്ക് ശേഷം ഇല്ലിനോയിസ് സ്റ്റേറ്റ് ലെജിലേറ്റിവിലേക്ക് നാലുപ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടു. അത് ആയിരത്തി എണ്ണുറ്റി മുപ്പത്തിനാലുമുതല്‍ ആയിരത്തി എണ്ണൂറ്റിനാല്പതുവരെയാണന്നാണു തോന്നുന്നത് (1834/1840). അന്ന് പല പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും നേതൃത്തം കൊടുത്തവരുടെ കൂട്ടത്തില്‍ ലിങ്കന്റെ പേരും ഉണ്ട്. ലിങ്കണ്‍ വ്യവസ്ഥാപിത രാഷ്ട്രിയക്കാരന്‍ ആയിരുന്നില്ല. പുതിയ ആശയങ്ങളും, അഭിപ്രായങ്ങളും ഉള്ള ആളായിരുന്നു. ചര്‍ച്ച് പലപ്പോഴും എതിരായിരുന്നിട്ടുപോലും, മതം രാഷ്ട്രിയത്തില്‍ ഇടപെടരുത് എന്ന ഉറച്ച നിലപാടുള്ള ആളായിരുന്നു അന്നത്തെ പ്രബലരായ ഡെമോക്രാറ്റിക് പാര്‍ട്ടിക്കെതിരെ വിഗ്പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ജയിച്ച ആളായിരുന്നു ലിങ്കണ്‍. ലിങ്കന്റെ നിലപാടുകളെ എടുത്തു കാണിക്കാന്‍ പറഞ്ഞു കേട്ട ഒരു കഥ പറയാം. അങ്കിള്‍ ടോം ഇപ്പോള്‍ തന്നത്താനെന്നപൊലെയാണു കഥ പറയുന്നത്.ആയിരത്തി എണ്ണൂറ്റിമുപ്പത്തേഴില്‍ (1837) ആന്റിസ്ലെവറി പത്ര ഉടമയായ എലീജ ലൗജോയിയെ ഒരുകൂട്ടം സ്ലേവനുകൂലികള്‍ കൊന്നു. സ്ലെവറി ഭരണഘടനാപരമായ അവരുടെ അവകാശമാണന്നും, പരിപാവനാമായ ആ അവകാശം നിലനിര്‍ത്തേണ്ടത് ആവശ്യമാണന്നും പറഞ്ഞ് അന്നത്തെ അസംബ്ലിയില്‍ സ്ലേവനുകൂലികള്‍ അവതരിപ്പിച്ച ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്ത രണ്ടുപേരില്‍ ഒരാള്‍ ലിങ്കണായിരുന്നു. അദ്ദേഹത്തിന്റെ നിലപാട് അന്നേ വ്യക്തമായിരുന്നു. അന്നദ്ദേഹം രേഖപ്പെടുത്തിയ അഭിപ്രായം, സ്ലേവറി അനീതിയും ക്രൂരവും ആണെന്നായിരുന്നു. സ്ലേവറിയോട് ലിങ്കനെന്നും പോരാടിക്കൊണ്ടേയിരുന്നു. പലപ്പോഴും അതൊറ്റയാന്‍ പോരാട്ടമായിരുന്നു. ആയിരത്തി എണ്ണൂറ്റി നാല്പത്തിയേഴ്-നല്പത്തി ഒന്‍പതില്‍ (1847/49) ഇല്ലിനോയിസില്‍ നിന്നും വിഗ്പാര്‍ട്ടിയുടെ ഒരേ ഒരു മെമ്പറായിരുന്നിട്ടും സഭയില്‍ സ്ലേവറിക്കെതിരെ ബില്ലവതരിപ്പിച്ചെങ്കിലും അധികം ആരും ശ്രദ്ധിച്ചില്ല. ഒരോ കൗണ്ടിയില്‍ നിന്നുമുള്ള എതിര്‍പ്പ് മൂലം അത്തരം ഒരു ബില്ല് ചര്‍ച്ചക്കുപോലും എടുക്കാതെ തള്ളി എന്ന വേദനയുമായി, പ്രസിഡന്‍ഷ്യല്‍ ഇലക്ഷനിലേക്കു കടക്കാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു.
അന്നത്തെ പ്രസിഡന്റിന്റെ മെക്‌സിക്കന്‍ വാറിനെക്കുറിച്ചുള്ള ഒരു പരാമര്‍ശത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് വളരെ ശ്രദ്ധേയമായി.. അതായത് മെക്‌സിക്കന്‍സാണ് അമേരിക്കന്‍ മണ്ണില്‍ രക്തംതളിച്ച് യുദ്ധം തുടങ്ങിയതെന്ന വാദം ലിങ്കണ്‍ അംഗീകരിച്ചില്ല എന്നുമാത്രമല്ല ആ വാദത്തിനെതിരെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ഇതെടുത്തു പറയുന്നത് ലിങ്കന്റെ സത്യസന്ധമായ നിലപാടുകളെക്കുറിച്ചു പറയാനാണ്. ലിങ്കണ്‍ രാഷ്ട്രിയത്തിലെ നെറികേടിനെക്കുറിച്ച് വേവലാതിപ്പെടുകയും, നിരാശപ്പെടുകയും ചെയ്തു. കുടുംബത്തില്‍ രണ്ടമത്തെ മകന്റെ മരണം ഭാര്യയെ ഒരു വിഷാദരോഗി ആക്കി. ആ ഡിപ്രഷന്‍ ലിങ്കനേയും ബാധിച്ചപോലെയായിരുന്നു ആ കാലം. ഏതാണ്ട് ഒറ്റപ്പട്ടവനായി അഞ്ചുവര്‍ഷക്കാലം രഷ്ട്രിയത്തില്‍ നിന്നും ഒഴിഞ്ഞു നിന്നെങ്കിലും, ആയിരത്തി എണ്ണുറ്റി അമ്പത്തിനാലിലെ (1854) ലൂസിയാനാ പര്‍ച്ചേഴ്‌സിലൂടെ സ്ലേവറി ഉറപ്പിക്കുകയും, , കാന്‍സാസ് നെബരാസ്‌കാ ബോര്‍ഡറില്‍ സ്ലേവറി അനുവദിക്കുകയും ചെയ്യുന്ന പുതിയ ബില്ലിനെതിരെ ഇല്ലിനോയിസിലും, സ്ലേവറി നിരോധിച്ചിട്ടുള്ള സംസ്ഥാനങ്ങളിലും സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ലിങ്കന്റെ എക്കാലത്തേയും എതിരാളിയായിരുന്ന സ്റ്റീഫന്‍ ഡഗ്ലസായിരുന്നു ആ ബില്ലിന്റെ ഉപഞ്ജാതാവ്. അനീതിക്കെതിരെ ഉള്ളിലെ കത്തലിനെ അടക്കാന്‍ ലിങ്കണു കഴിയുമായിരുന്നില്ല. വീണ്ടും രാഷ്ട്രിയത്തിലേക്കിറങ്ങി.
വിഗ്പാര്‍ട്ടി മുങ്ങുന്ന കപ്പലായിരുന്നു. പുരോഗമന മനസ്‌കരുടെ കൂട്ടാഴ്മ റിപ്പ്ബ്ലിക്കന്‍ പാര്‍ട്ടിയുണ്ടാക്കി. ലി ങ്ക്ണ്‍ ആയിരത്തി എണ്ണുറ്റി അന്‍പത്തിയാറില്‍ (1856) ആ പാര്‍ട്ടിയില്‍ ചേര്‍ന്നു. പക്ഷേ അദ്ദേഹത്തിന്റെ എതിരാളി ഡ്ഗ്ലസനും അപ്പോഴേക്കും റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നിട് നടന്ന തിരഞ്ഞെടുപ്പില്‍ അവര്‍ തമ്മിലായിരുന്നു മത്സരം. കടുത്ത പോരാട്ടത്തിനൊടുവില്‍ ഒരു ജനികീയന്‍ ആകാന്‍ കഴിയാത്ത ലിങ്കണ്‍ പരാജയപ്പെട്ടു. എങ്കിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെ മാനവികത എന്നും ഓര്‍ക്കപ്പെടും. പൊതു ജനത്തിന് വേണ്ടത് മനുഷ്യത്വമല്ല. പ്രസംഗങ്ങളിലെ നാടകിയതയും അഭിനയ ചാതുരിയുമാണ്. അവര്‍ ഒരു നാടകം കാണുന്നപോലെ അതാസ്വദിക്കും. അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ച ലിങ്കണ്‍ പിന്നെ പാര്‍ട്ടിയോഗങ്ങളില്‍ വലിയ തത്വങ്ങള്‍ പ്രസംഗിച്ചില്ല. തന്റെ സദസിനു വേണ്ടതുമാത്രം പറഞ്ഞു.
അടിമകളായ നീഗ്രോകള്‍ ലിങ്കണെ എങ്ങനെ വിലയിരുത്തും. അല്ലങ്കില്‍ ആരെങ്കിലും അവരുടെ അഭിപ്രായം ചോദിച്ചിരുന്നുവൊ. ലിങ്കണ്‍ ഇല്ലിനോയിസിലെചാര്‍ലെറ്റിലെ ഒരു പൊതുപരിപാടിയില്‍ പ്രസംഗിച്ചത്; നീഗ്രോകള്‍ക്ക് ഞാന്‍ വോട്ടവകാശം വാഗ്ദാനം ചെയ്യുന്നില്ല.കറുത്ത വര്‍ഗ്ഗത്തിന് വെളത്തവര്‍ക്കൊപ്പംതുല്ല്യപദവിവും എന്റെ ചിന്തകളില്‍ ഇല്ല.കറുത്തവരെ എന്റെ വിധികര്‍ത്താക്കളാക്കാനോ, അവരുമായി വെളുത്തവര്‍ നിയമപ്രകാരമുള്ള വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെയോ ഞാന്‍ അനുകൂലിക്കുന്നില്ല.'ലിങ്കന്റെവാക്കുകള്‍ അദ്ദേഹത്തിനെതിരെ പ്രചരണം നടത്തിയിരുന്ന പള്ളികളുടെ നാവടപ്പിക്കാനിയിരുന്നു എന്നു വാദിക്കാമെങ്കിലും, പൊതുവേ അദ്ദേഹത്തിന് അടിമത്വം എന്ന അവസ്ഥയോടുള്ള സഹതാപത്തിനപ്പുറം നീഗ്രോകളുടെ ജീവിത നിലവാരം ഉയര്‍ത്തി അവരെ സാധാരണ പൗരന്മാരാക്കണമെന്ന ചിന്ത ഉണ്ടായിരുന്നുവോ...? ചിലപ്പോള്‍ അദ്ദേഹത്തിന്റെ ചിന്ത അത്രത്തോളം വളര്‍ന്നിട്ടുണ്ടാകില്ല. അല്ലെങ്കില്‍ പടിപടിയായി അവരെ ഉയര്‍ത്താം എന്ന ചിന്ത മറച്ചു വെച്ചതായിരുന്നുവോ...? എങ്ങനെയായാലും അടിമവംശം അദ്ദേഹത്തോട് തന്ന വിടുതലിനായി കടപ്പെട്ടവരാണെങ്കിലും, ഇപ്പോഴത്തെ കറുത്തവരുടെ നേതാക്കന്മാര്‍ അദ്ദേഹത്തെ ഒരു വെള്ളക്കാരനായിമാത്രം കാണുന്നു. അതിനുള്ള അവരുടെ ന്യായം;എന്തുകൊണ്ട് അടിമവ്യാപരം നിര്‍ത്തല്‍ ചെയ്തപ്പോള്‍, മുഴുവന്‍ അടിമകളേയും, ഉടമയുടെ ഇഷ്ടത്തിനു വിടാതെ, സ്വതന്ത്രരാക്കുകയും, വോട്ടവകാശമുള്ള പൗരന്മാരാക്കുകയും ചെയ്തില്ല.ചോദ്യം ന്യായമാണ്.പക്ഷേ ആ കാലത്തിന്റെ പരിമിതികൂടി കണക്കിലെടുക്കെണ്ടെ... ലിങ്കണ്‍ ഒരബോളിഷ്ണിസ്റ്റായിരുന്നില്ല. അടിമകള്‍ വെളുത്തവന്റെ അവകാശമാണെന്നു വിശ്വസിച്ചിരുന്നവര്‍ വോട്ടു ചെയ്‌തെങ്കില്‍ മാത്രമേ ലിങ്കണ് എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. അതിനുവേണ്ടി എടുത്ത ഒരു പൊതുനിലപാടായി അതിനെ കണ്ടുകൂടെ. എന്തായാലും ലിങ്കന്റെ ഹൃദയത്തില്‍ അടിമകളുടെ രോദനം മുഴങ്ങിയിരുന്നു. ഒരുപക്ഷേ കാലല്‍ വെടിയുണ്ടയുമായി വന്നില്ലായിരുന്നെങ്കില്‍.... എനിക്ക് ലിങ്കണ്‍ അടിമയുടെ മശിഹയാണ്. അതു ലിങ്കന്റെ നിയോഗമായിരുന്നിരിക്കാം. സാം പെട്ടന്ന് ഞെട്ടിയുണര്‍ന്നവനായി ചോദിച്ചു; എന്നിട്ട് ലിങ്കന്റെ ജീവിതം എന്തായി...അങ്കിള്‍ ടോം സാമിനെ നോക്കി ഒന്നു ചിരിച്ചതെയുള്ളു.
ആയിരത്തി എണ്ണുറ്റി അറുപതിലെ (1860) പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ചിക്കാഗോയില്‍നിന്നും, റിപബ്ലിക്കന്‍ പാര്‍ടിയുടെ നാഷണല്‍ കണ്‍വന്‍ഷനില്‍ ബാലറ്റിലെ മൂന്നാം ഊഴക്കാരനായി നോമിനേറ്റു ചെയ്യപ്പെട്ടു. ഒരു നീഗ്രോക്ക് ഇവിടുത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങള്‍ എത്രകണ്ടു മനസിലാകുമോ അത്രയെ ഇപ്പോഴും അതിനെക്കുറിച്ചറിയുള്ളു. ഒന്നാം ബാലറ്റും, രണ്ടാം ബാലറ്റും, ആരുനേടി. എന്തായാലും ലിങ്കനെക്കാള്‍ പൊതു സമ്മതരായ രണ്ടുപേര്‍ ലിങ്കനുമുന്നില്‍ ഉണ്ടായിരുന്നു എന്നുമാത്രം മനസ്സിലാക്കുമ്പോള്‍ കാര്യങ്ങള്‍ കുറെക്കൂടി വുക്തമാകുമായിരിക്കും. നോമിനേഷന്‍ കിട്ടിയതിനുശേഷം, ലിങ്കണ്‍വക്കീല്‍പണി മാറ്റിവെച്ച്, വലിയ സൈന്താദ്ധിക പ്രസംഗങ്ങളൊക്കെ മാറ്റിവെച്ച്, സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍കുറച്ചെ പ്രസംഗിച്ചുള്ളു. കൂടെയുള്ളവരോടും വിവാദപരാമര്‍ശങ്ങള്‍ നടത്തെരുതെന്നും നിര്‍ദ്ദേശിച്ചു. പല തോല്‍വികളില്‍ നിന്നും പഠിച്ച പാഠങ്ങളായിരിക്കാം. എന്നിരുന്നാലും അടിമകളുടെ വിമോചനം മുഖ്യവിഷയമായി അവതരിപ്പിക്കാനും മറന്നില്ല. പാര്‍ട്ടിയെ ഒന്നിപ്പിക്കാന്‍ ഒത്തുതീര്‍പ്പുകള്‍ മുന്നോട്ടുവെച്ചു. 'ഒരു രാജ്യം തമ്മില്‍ തമ്മില്‍ ഛിദ്രിച്ചാല്‍ പിന്നെ അതിനു നിലനില്‍പില്ല'എന്ന ക്രിസ്തു വചനം അദ്ദേഹം പലയിടത്തും ആവര്‍ത്തിച്ചു. ഡെമോക്രാറ്റുകള്‍ക്കിടയില്‍ അപ്പോള്‍ ആഭ്യന്തര കലഹം കൊടുംമ്പിരി കൊണ്ടിരിക്കുന്ന സമയം ആയിരുന്നു. ആ തന്ത്രം ഫലം കണ്ടു. നാലുപേരുടെ മത്സരത്തില്‍, നാല്പതു ശതമാനം വോട്ടുനേടി ലിങ്കണ്‍ ഒന്നാമതെത്തി അങ്ങനെ പ്രസിഡന്റായി.
Read: https://emalayalee.com/writer/119