Image

ആയിരം പൂർണചന്ദ്രന്മാരെ കണ്ട ബഹുമുഖപ്രതിഭ! (വിജയ് സി.എച്ച്)

Published on 27 May, 2024
ആയിരം പൂർണചന്ദ്രന്മാരെ കണ്ട ബഹുമുഖപ്രതിഭ! (വിജയ് സി.എച്ച്)

ഈയിടെ ശതാഭിഷേകനായ ശ്രീകുമാരൻ തമ്പി മലയാളിയ്ക്ക് ഗാനരചയിതാവും, തിരക്കഥാകൃത്തും, ചലച്ചിത്ര സംവിധായകനും, നിർമാതാവുമെല്ലാമാണ്. പ്രണയവും, വിരഹവും, ദാർശനികതയും തുളുമ്പുന്ന മുവായിരത്തിലേറെ സിനിമാഗാനങ്ങൾക്ക് വരികളെഴുതിയതിനാൽ, ആയിരം പൂർണചന്ദ്രന്മാരെ കണ്ടൊരു ബഹുമുഖപ്രതിഭ ആദ്യന്തം കവി തന്നെയാണെന്ന യാഥാർത്ഥ്യത്തിന് മങ്ങലേൽക്കുമോ?


മലയാള ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾക്കു നൽകുന്ന ഏറ്റവും ഉന്നതമായ ജെ.സി. ഡാനിയേൽ അംഗീകാരവും, ഏറെ ആദരണീയമായി കണക്കാക്കപ്പെടുന്ന പത്മപ്രഭാ പുരസ്കാരവും, ഇക്കഴിഞ്ഞ ഒക്ടോബറിൽ ആത്മകഥയ്ക്ക് വയലാർ അവാർഡും കൂടി എത്തിയപ്പോൾ, തമ്പി സാർ നേടാത്ത സമ്മാനങ്ങളൊന്നും സംസ്ഥാനത്തില്ലെന്നായി!
കേരള സംസ്കൃതിയുടെ 'ശ്രീ'യെന്നു പരക്കെ പ്രതിപാദിക്കപ്പെടുന്ന പ്രതിഭയുടെ വാക്കുകളിലൂടെ...


🟥 കവിയാണ് ഞാൻ
കവിത്വം എനിയ്ക്ക് ജന്മനാ ലഭിച്ച സിദ്ധിയാണ്. സിവിൽ എഞ്ചിനീയറിംങ് ബിരുദധാരിയായ ഞാൻ സംഗീത സംവിധാനമുൾപ്പെടെയുള്ള എല്ലാ സിനിമാ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, ഞാൻ പ്രാഥമികമായി ഒരു കവിയാണ്. തത്വചിന്തകളാണ് എന്നും കവിതകൾ എഴുതുവാനുള്ള എൻ്റെ പ്രചോദനവും. ഞാൻ ആദ്യമായി എഴുതിയ കവിത 'കുന്നും കുഴിയും' ആണ്. സ്ഥിതിസമത്വവാദമാണത്. എന്തുകൊണ്ട് ഈ കുന്നു തട്ടി ഈ കുഴി മൂടിക്കൂടാ എന്നാണ് ഈ കവിതയിലൂടെ ഞാൻ ചോദിക്കുന്നത്. പതിനൊന്നാം വയസ്സിൽ! ആ പ്രായത്തിലുള്ള മറ്റു കുട്ടികൾ പൂവിനെക്കുറിച്ചും, പൂമ്പാറ്റയെക്കുറിച്ചും, കിളിയെക്കുറിച്ചും എഴുതിയ സമയത്ത് എൻ്റെ ചിന്തകൾ ഏറെ ആഴമുള്ളതായിരുന്നു. ഇതുവരെ നാലു കവിതാസമാഹരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്.


🟥 സിനിമാപാട്ട് സാധാരണക്കാരൻ്റെ കവിത
കവി എന്നതിലുപരി ഗാനരചയിതാവായി അറിയപ്പെടുവാനുള്ള കാരണം, സിനിമ കൂടുതൽ ജനപ്രിയ മാധ്യമമായതുകൊണ്ടും, ചലച്ചിത്രഗാനങ്ങൾക്ക് പൊതുസ്വീകാര്യത പെട്ടെന്നു നേടാനാവുമെന്നതിനാലുമാണ്. യഥാർത്ഥത്തിൽ സാധാരണക്കാരൻ്റെ കവിതയാണ് സിനിമാപാട്ടുകൾ. ഞാൻ ആദ്യമെഴുതിയ ഗാനത്തിനും ഒടുവിൽ എഴുതിയ ഗാനത്തിനുമിടയ്ക്ക് നാലു തലമുറകളുടെ യൗവനമെങ്കിലും കടന്നു പോയിട്ടുണ്ട്. കഴിഞ്ഞ അറുപതു വർഷങ്ങളിൽ മലയാളിയുടെ പ്രണയ ചിന്തകൾക്ക് ചായം ചാലിച്ചത് ഞാനെഴുതിയ ഗാനങ്ങളാണെന്നാണ് നിരൂപകരുടെ വിലയിരുത്തൽ.


🟥 പ്രപഞ്ചം പ്രണയനിർഭരം
എൻ്റെ ഹൃദയത്തിൽ പ്രണയം ഉള്ളതുകൊണ്ടു ഞാൻ പ്രണയ ഗാനങ്ങളെഴുതുന്നു. ഈ പ്രപഞ്ചം നിലനിൽക്കുന്നത് കോസ്മിക് എനർജി മൂലമാണ്. ആ കോസ്മിക് എനർജി മനുഷ്യരിൽ ചെലുത്തുന്ന ആകർഷണത്തിൻ്റെ പരിണിതഫലമാണ് വ്യക്തികൾ തമ്മിലുള്ള പ്രണയം. പ്രണയനിർഭരമാണ് ഈ പ്രപഞ്ചം തന്നെ എന്നതാണ് വാസ്തവം. ഭൂമി സൂര്യനെ കൃത്യമായി ചുറ്റിക്കൊണ്ടിരിക്കുന്നു, ചന്ദ്രൻ ഭൂമിയെ കൃത്യമായി ചുറ്റിക്കൊണ്ടിരിക്കുന്നു. പരസ്പര ആകർഷണംകൊണ്ടാണിത് സംഭവിക്കുന്നത്. അതുതന്നെയാണ് പ്രണയം. പറയേണ്ടതില്ലല്ലൊ, പരസ്പര ആകർഷണം എന്ന അത്ഭുതമാണ് പ്രകൃതിയെ നിലനിർത്തുന്നത്. ഒരു ഗാലക്സി മറ്റൊരു ഗാലക്സിയുമായി ആകർഷണത്തിലാണ്. കോടാനുകോടി നക്ഷത്ര സമൂഹങ്ങളും ഇങ്ങനെ നിലനിൽക്കുന്നു. ഓരോ നക്ഷത്ര സമൂഹത്തിലും പതിനായിരം കോടി മുതൽ നാൽപ്പതിനായിരം കോടി വരെ നക്ഷത്രങ്ങളുണ്ട്. അങ്ങനെ കോടാനുകോടി ഗാലക്സികൾ ചേർന്നതാണ് ഈ പ്രപഞ്ചം. അതിൻ്റെ നിലനില്പ് ആകർഷണം മൂലവും. ആ ആകർഷണമാണ് പ്രണയം! മാംസനിബദ്ധമായ പ്രണയത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്. എന്നെ പ്രേമിച്ചു, ചതിച്ചു എന്നു പറയുന്നതല്ല പ്രണയം. എൻ്റെ പ്രണയം കോസ്മിക് ആണ്. അമ്മയ്ക്ക് മകനോടുള്ളതു പോലും പ്രണയമാണ്. അതിനെ നമ്മൾ വാത്സല്യമെന്നു വിളിയ്ക്കുന്നു. ദൈവത്തോടു പോലും നമുക്കു പ്രണയം തോന്നും. ഈശ്വരനോടുള്ള പ്രണയമാണ് ഭക്തി!


🟥 പ്രണയം പ്രകൃതി നിയമം
പ്രണയം പ്രകൃതി നിയമമാണ്. ഏതെങ്കിലും ഒരാളുടെ മുഖം മനസ്സിലൂടെ കടന്നുപോകാത്തവരുണ്ടോ? അത് തീവ്രമായൊരു പ്രണയമായി വളരണമെന്നില്ല, ഇഷ്ടം തോന്നിയ ആളോട് അത് പറയണമെന്നുമില്ല. എന്നാൽ, വളർന്നില്ലെങ്കിലും, ഒരിഷ്ടം നാമ്പിട്ടിരുന്നുവെന്നത് നേരാണ്. 'പാടുന്ന പുഴ'യിൽ ഞാൻ എഴുതിയ, 'ഹൃദയസരസ്സിലെ...' എന്നു തുടങ്ങുന്ന ഗാനത്തിലെ ആ വരികൾ...
'എഴുതാൻ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ...
എന്നനുരാഗ തപോവന സീമയിൽ
ഇന്നലെ വന്ന തപസ്വിനി നീ...'
ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിക്കാത്ത ഒരാൾ പോലും ഉണ്ടാവില്ല. പ്രണയ ലേഖനം ഒരിക്കലും എഴുതിയിട്ടില്ലെങ്കിലും, എഴുതണമെന്നു തോന്നിയിട്ടുണ്ടാകാം, എഴുതാൻ വൈകിയെന്നും തോന്നിയിട്ടുണ്ടാകാം. എഴുതിയില്ലെങ്കിലും, ആ കഥയിലൊരു നായികയുണ്ടല്ലൊ -- ഒരു പുരുഷ സങ്കല്പം മനസ്സിലൂടെ കടന്നു പോകാത്ത ഒരു സ്ത്രീയുമില്ല. എൻ്റെ ആ വരികളുടെ സാർവലൗകികതയ്ക്കു കാരണമിതാണ്. എന്നാൽ, മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്ന പെണ്ണിനെ വിവാഹം ചെയ്യാൻ കഴിയാറില്ല. സാധാരണ നടക്കുന്നത് ഇതാണ്. അവിടെയാണ്, 'മംഗളം നേരുന്നു ഞാൻ...' എന്ന പാട്ടിൻ്റെ സാർവലൗകികത ('ഹൃദയം ഒരു ക്ഷേത്രം' എന്ന പടത്തിലെ നിത്യഹരിത നഷ്ടപ്രണയ ഗാനം). ഏതു പുരുഷനും, ഏതു സ്ത്രീയ്ക്കും വിവാഹത്തിനു മുമ്പ് ഒരു പ്രണയസങ്കല്പം ഉണ്ടായിരിക്കുമെന്നത് തീർച്ചയാണ്.


🟥 തത്വചിന്താപരമായ ഔന്നത്യം
എൻ്റെ ഗാനങ്ങൾ ശ്രോതാക്കൾ ഇന്നും നെഞ്ചിലേറ്റാനുള്ള കാരണം അവയുടെ തത്വചിന്താപരമായ ഔന്നത്യമാണ്. നിരൂപകർ എൻ്റെ രചനകളെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ ആദ്യം പ്രതിപാദിക്കുന്നത്, 'ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിൻ കഥ പറയൂ...' എന്ന ഗാനമാണ്. ഇതെഴുതുമ്പോൾ എനിയ്ക്കു 27 വയസ്സാണ്. 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിൻ ചിരിയിലലിയുന്നെൻ ജീവരാഗം...' രചിയ്ക്കുമ്പോൾ എനിയ്ക്ക് 28 വയസ്സ് ആയിട്ടില്ല. 1966-ൽ 'കാട്ടുമല്ലിക'ക്കു ഞാനെഴുതിയ പാട്ടുകളും, 2019-ൽ 'ഓട്ടം' എന്ന ന്യൂജെൻ സിനിമയ്ക്ക് ഞാനെഴുതിയ പാട്ടും ഏകദേശം ഒരേ നിലവാരത്തിൽ നിൽക്കുന്നുണ്ട്. ഇതു സ്ഥാപിക്കുന്നത് എൻ്റെ തത്വചിന്ത പ്രായാതീതമാണെന്നല്ലേ? കേരള ചലച്ചിത്ര അക്കാദമി എൻ്റെ ചലച്ചിത്ര ജീവിതത്തെക്കുറിച്ചു പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ, പുതിയ തലമുറയിൽപ്പെട്ടവർ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാർ എടുത്തു പറഞ്ഞിരിക്കുന്നൊരു കാര്യം, കാലഘട്ടമെത്ര കടന്നു പോയാലും ശ്രീകുമാരൻ തമ്പിയുടെ രചനകൾ നിത്യനൂതനമായി നിലകൊള്ളുമെന്നാണ്. ക്ലാസ്സിസത്തിനു പ്രായമില്ല! കാലം എനിയ്ക്കു തന്നൊരു അനുഗ്രഹമാണിത്.


🟥 'ആ നിമിഷത്തിൻ്റെ' മാന്ത്രികശക്തി
'ആ നിമിഷത്തിൻ്റെ നിർവൃതിയിൽ...' എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ 50 വർഷമായി ജനം കേട്ടുകൊണ്ടിരിക്കുന്നു. ഇപ്പോൾ പോലും, ഓരോ ശ്രവണത്തിലും അവർ അനുഭൂതിയുടെ ഏതോ അജ്ഞാത തീരത്തെത്തുന്നുവെന്നും ഫീഡ്ബേക്കുകൾ ലഭിച്ചുകൊണ്ടിരിക്കുന്നു. ഈയിടക്കാണ് പത്തുപതിനാലു വയസ്സുള്ള ഒരു പെൺകുട്ടി ഈ ഗാനം മനോഹരമായി പാടുന്നതു കേട്ടത്. ഞാൻ സംവിധാനം ചെയ്ത പ്രഥമ പടത്തിലെ പാട്ടാണിത് (ചന്ദ്രകാന്തം -- 1974). നിർമ്മാതാവും സംവിധായകനും ഞാൻ തന്നെ ആയതിനാൽ ഗാനരചനയ്ക്ക് എനിക്കു പൂർണ സ്വാതന്ത്യ്രം ലഭിച്ചു. വിശ്വേട്ടനോടു (എം. എസ്. വിശ്വനാഥൻ, ഈ പടത്തിൻ്റെ സംഗീത സംവിധായകൻ) ചർച്ച ചെയ്തു ഗസൽ ഛായയുള്ള സംഗീതവും ചിട്ടപ്പെടുത്തി. എൻ്റെ വരികളിൽ തന്നെ സംഗീതമുണ്ട്, അതു കണ്ടുപിടിക്കുകയേ വേണ്ടുവെന്നാണ്, എന്തുകൊണ്ട് ഞാനും എം. എസ്. വിശ്വനാഥനും ചേരുമ്പോൾ സൂപ്പർഹിറ്റു പാട്ടുകളുണ്ടാകുന്നുവെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ വിശ്വേട്ടൻ മറുപടി പറഞ്ഞത്. മറ്റു പല പടങ്ങളിലും സംവിധായകരുടെ താൽപര്യങ്ങൾക്കു വഴങ്ങി വരികൾ മാത്രമല്ല, നല്ല പദങ്ങൾ പോലും മാറ്റി എഴുതേണ്ടി വന്നിട്ടുണ്ട്. എന്നാൽ, എനിക്കു ലഭിച്ച full creative freedom 'ആ നിമിഷത്തിൻ്റെ' മാന്ത്രികശക്തിയും മാസ്മരികതയും ഏറെ വർദ്ധിപ്പിച്ചു.


🟥 വ്യക്തിപരമായ പ്രണയാനുഭവങ്ങൾ
പ്രണയ നൈരാശ്യവും, പ്രണയ സാഫല്യവും നേരിട്ടറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ. ഞാനൊരു യുവ ഗാനരചയിതാവായി ഉയർന്നുവരുന്ന സമയത്ത് അനവധി പെൺകുട്ടികൾ എന്നെ പ്രണയിച്ചിട്ടുണ്ട്. പക്ഷേ, അവരെ തിരിച്ചു പ്രണയിക്കാൻ എനിയ്ക്കു സാധിച്ചിട്ടില്ല -- കഴിയില്ലല്ലൊ. എഴുതാൻ വൈകിയ കുറെ പ്രണയകഥകൾ! എൻ്റെ ആദ്യ പ്രണയം, അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിരുന്ന ദീർഘകാല പ്രണയമായിരുന്നു -- 18 വയസ്സു മുതൽ 24 വയസ്സു വരെ നിലനിന്ന പ്രണയം. സാമൂഹികമായും മറ്റെല്ലാ രീതിയിലും യോജിപ്പുണ്ടായിട്ടുകൂടി, പരസ്പരം യാത്ര പറഞ്ഞു പിരിയേണ്ട ഒരു ഘട്ടം വന്നു. വീട്ടുകാരുടെ എതിർപ്പായിരുന്നു മൂലകാരണം. അവൾ വേറെ വിവാഹം ചെയ്തു. അവൾക്കൊരു കുഞ്ഞു പിറന്നതിനു ശേഷമാണ്, എന്നെ പ്രണയിച്ചുകൊണ്ടിരുന്ന മറ്റൊരു പെണ്ണിനെ ഞാൻ വിവാഹം ചെയ്തത്. രണ്ടു പേരും എൻ്റെ ആരാധികമാരായിരുന്നു. എൻ്റെ ഭാര്യ എന്നെയാണ് പ്രണയിച്ചത്. എൻ്റെ ആദ്യ പ്രണയം നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ എൻ്റെ ഭാര്യ എനിയ്ക്ക് കത്തുകൾ അയച്ചുകൊണ്ടിരുന്നു. സൗഹൃദമാണെങ്കിൽ മുന്നോട്ടു പോകാമെന്നും, പ്രണയിക്കാൻ എനിയ്ക്കു കഴിയില്ലെന്നും ഞാൻ അവളോടു പറഞ്ഞു. I am already in love with a girl എന്നും, അവൾക്കു ഞാൻ വാക്കു കൊടുത്തതാണെന്നും, എൻ്റെ ഭാര്യയോട് അവൾ എൻ്റെ കാമുകിയായിരുന്നപ്പോൾ തുറന്നു പറഞ്ഞ ഭർത്താവാണ് ഞാൻ. അവളുടെ കത്തുകളിൽ പ്രണയ സ്വരം കേട്ടു തുടങ്ങിയപ്പോഴേ ഞാൻ വ്യക്തമാക്കിയിരുന്നു, സുന്ദരിയായ അവളെ പലരും ഇഷ്ടപ്പെടുന്നുണ്ടെന്നും അതിലൊരാളെ തെരഞ്ഞെടുത്ത് വിവാഹം ചെയ്യണമെന്നും. പക്ഷേ, അവൾ എനിയ്ക്കുവേണ്ടി കാത്തിരുന്നു. എൻ്റെ ആദ്യ പ്രണയം തകർന്നപ്പോൾ, സ്വഭാവികമായും ഞങ്ങൾ വീണ്ടും അടുത്തു, അതൊരു പരസ്പര പ്രണയമായി മാറുകയായിരുന്നു.


🟥 ഒരു സ്പേസ് ഉണ്ടാക്കിയെടുത്തു
മലയാള ചലച്ചിത്ര സംഗീത ലോകത്ത് വയലാറും, പി. ഭാസ്കരനും രണ്ടു പർവതങ്ങളായി നിൽക്കുന്ന കാലത്തായിരുന്നു എൻ്റെ വരവ്. അന്ന് ഒഎ൯വി ഇല്ല. എനിയ്ക്ക് ഒരു സ്പേസ് ഇല്ലായിരുന്നു, ഉണ്ടാക്കി എടുക്കുന്നതും അത്ര എളുപ്പമായിരുന്നില്ല. ആ കാലഘട്ടത്തിൽ എന്നെ ഞാനാക്കിയതും, അഞ്ചു വർഷത്തിനകം, വയലാറിനും, പി. ഭാസ്കരനും കിട്ടുന്നത്ര ഗാനങ്ങൾ എനിയ്ക്കും തുല്യമായി കിട്ടിത്തുടങ്ങുവാൻ ഹേതുവായതും 'സ്വർണ ഗോപുര നർത്തകീശില്പം കണ്ണിനു സായൂജ്യം നിൻ രൂപം...' (1973), അല്ലെങ്കിൽ, 'ആ നിമിഷത്തിൻ്റെ നിർവൃതിയിൽ...', (1974) പോലുള്ള ഗാനങ്ങൾ ശ്രോതാക്കളിൽ സൃഷ്ടിച്ച ആവേശമായിരുന്നു. എൻ്റേത് വയലാറിൽ നിന്നും, പി. ഭാസ്കരനിൽ നിന്നും വിഭിന്നമായൊരു ശൈലിയാണെന്ന് അവർ തിരിച്ചറിഞ്ഞു. വിശ്വേട്ടനും, ദക്ഷിണാമൂർത്തി സ്വാമിയും, അർജുനൻ മാഷും, ദേവരാജൻ മാഷും, രാഘവൻ മാഷും ഉൾപ്പെടെയുള്ള 38 സംഗീത സംവിധായകർക്ക് എൻ്റെ വരികൾ ബോധ്യപ്പടാനുള്ള കാരണവും ആ അക്ഷരങ്ങളിൽ തന്നെ അന്തർലീലമായിയിരിക്കുന്ന ഈണമാണ്. 'ഏതു പന്തൽ കണ്ടാലും അതു കല്ല്യാണപ്പന്തൽ, ഏതു മേളം കേട്ടാലും അതു നാദസ്വരമേളം...' എന്ന എൻ്റെ വരികൾ കേൾക്കുമ്പോൾ തന്നെ പ്രതിഭാധനനായ സംവിധായകനറിയാം ഇതിനു വേണ്ട രാഗം സിന്ധു ഭൈരവിയാണെന്ന്!


🟥 മുമ്പേ നടന്നവർ
ജീവിത ഗന്ധികളായ സൃഷ്ടികളാൽ മലയാളി മനസ്സുകളിൽ ഇന്നും ജീവിയ്ക്കുന്ന പ്രതിഭകളാണ് വയലാറും, പി. ഭാസ്കരനും, ഒഎൻവിയും. മൂന്നു പേരും കവികളും ഗാനരചയിതാക്കളുമായിരുന്നു. എന്നാൽ, ഞാൻ എന്നെ അവരുമായി താരതമ്യം ചെയ്യാറില്ല. എൻ്റെ മുമ്പേ നടന്നവരാണ് ഈ മൂന്നു കവികളും. ഇതിൽ ഭാസ്കരൻ മാഷോടാണ് എനിയ്ക്കു കടപ്പാടുള്ളത്. ഞാൻ അദ്ദേഹത്തെ അനുകരിച്ചിട്ടില്ല, ഞങ്ങളുടെ രീതികൾ തമ്മിൽ ഒരു ബന്ധവുമില്ലതാനും. എന്നാൽ, 1951-52 കാലഘട്ടത്തിൽ ഭാസ്കരൻ മാഷ് എഴുതിയ ചില പാട്ടുകളാണ് എനിയ്ക്കു ഗാനരചയിതാവാനുള്ള പ്രചോദനം നൽകിയത്. മാഷ് 'നവലോകം' എന്ന പടത്തിനുവേണ്ടി എഴുതിയ 'തങ്കക്കിനാക്കൾ ഹൃദയേ വീശും വനാന്ത ചന്ദ്രികയാരോ നീ...' കേട്ടപ്പോഴാണ് എനിയ്ക്ക് ആദ്യമായി പാട്ടെഴുതണമെന്ന ആഗ്രഹം തോന്നിയത്. തുടർന്ന്, 'ഓർക്കുക വല്ലപ്പോഴും', 'സത്രത്തിൽ ഒരു രാത്രി', 'വില്ലാളി' മുതലായ അദ്ദേഹത്തിൻ്റെ കവിതകൾ വായിച്ചു. അതുപോലെ കവിത എഴുതണമെന്നും തോന്നി. അന്നെനിയ്ക്ക് 11 വയസ്സാണ്.

പിന്നീട്, അദ്ദേഹം സംവിധാനം ചെയ്ത 'നീലക്കുയിൽ' കണ്ടു. അപ്പോൾ എനിയ്ക്ക് മാഷിനെ പോലെ സിനിമകൾ സംവിധാനം ചെയ്യണമെന്നും തോന്നി. എൻ്റെ മനസ്സിൽ ഒരു മാതൃകയായി ഞാൻ സൂക്ഷിച്ചത് പി. ഭാസ്കരനെയാണ്. അങ്ങനെ ഞാൻ സിനിമയിലെത്തി. തുടക്കക്കാരനായ എന്നെ പ്രോത്സാഹിപ്പിക്കുകയും, എൻ്റെ തിരക്കഥ 'കാക്കത്തമ്പുരാട്ടി' സംവിധാനം ചെയ്യുകയും (1970), അതിൽ പാട്ടെഴുതുവാനുള്ള അവസരം തരുകയും ചെയ്തു ഭാസ്കരൻ മാഷ് എന്നെ അത്ഭുതപ്പെടുത്തി. അന്ന് ചലച്ചിത്ര ഗാനരചനാ ലോകത്ത് നിറഞ്ഞു നിന്നിരുന്നത് വയലാറും, മാഷുമായിരുന്നു. പക്ഷേ, എന്നെ ഒരു competitor-ആയി കരുതാതെ, കൂടെ നിർത്തി. താമസിയാതെ ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചു തുടങ്ങി. ഗുരു സ്ഥാനത്താണ് ഞാൻ ഭാസ്കരൻ മാഷെ സങ്കല്പിച്ചിരുന്നത്. എന്നാൽ, ഗുരുവാകാൻ താൻ തമ്പിയെ ഒന്നും പഠിപ്പിച്ചിട്ടില്ലെങ്കിലും, തൻ്റെ ജീവിതത്തിലെ അനേകം ധന്യതകളിൽ ഒന്നായി ആ ഗുരുസ്ഥാനം താൻ സ്വീകരിക്കുന്നുവെന്നുമാണ് മാഷ് പറഞ്ഞത്! ആ ഒരു ബന്ധം അദ്ദേഹത്തിൻ്റെ മരണത്തിനു ശേഷവും നിലനിൽക്കുന്നു.

ആയിരം പൂർണചന്ദ്രന്മാരെ കണ്ട ബഹുമുഖപ്രതിഭ! (വിജയ് സി.എച്ച്)
Join WhatsApp News
Mary mathew 2024-05-27 10:39:01
Great genius God give him lot of creativity in all areas .May almighty God give him a long lasting life .with a strong continuity .🙏❤️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക