കഴിഞ്ഞ ശനിയാഴ്ച രാവിലെ ഭാര്യയുമൊത്തു കോസ്റ്റ്കോയില്‍ (Costco) ഷോപ്പിംഗിനു പോകുന്ന വഴി റോഡിന്റെ അരികിലൂടെ നിറയെ കാറുകള്‍ മെല്ലെ മെല്ലെ മുന്നോട്ടുപോകുന്നു. റോഡില്‍ തിരക്കില്ല എന്നാല്‍ കാറുകളുടെ എണ്ണത്തിലുള്ള വലിപ്പം അത്ഭുതപ്പെടുത്തി. അതില്‍ ആളുകള്‍ ഇരിപ്പുണ്ട് പക്ഷെ ഒക്കെ ശാന്തരായി വണ്ടി നീക്കി മുന്നോട്ടുപോകുന്നു. യാത്രയുടെ എതിര്‍ ദിശയിലായിരുന്നതുകൊണ്ടു അവരോടു ചോദിക്കാനും തരപ്പെട്ടില്ല.
രാവിലെ പോയാല്‍ തിരക്കുകുറയും എന്ന് കരുതിയാണ് ഷോപ്പിങ് രാവിലെ ആക്കിയത്. എന്നാല്‍ പ്രതീക്ഷക്കു വിരുദ്ധമായി നിറയെ ആളുകള്‍. വലിയ ഷോപ്പിംഗ് കാര്‍ട്ടുകളുമായി ഉറുമ്പുകള്‍ പോലെ നീങ്ങുന്നു. കയറുന്ന ഭാഗത്തുതന്നെ വിലകുറച്ചു വച്ചിരിക്കുന്ന അത്യാവശ്യസാധങ്ങള്‍, അറിയാതെ കൈവച്ചുപോകുന്ന പ്രേരണ ആര്‍ക്കും ഉണ്ടാകും. ഒക്കെ വലിയ അളവില്‍. ചിലതൊക്കെ പെറുക്കി ഷോപ്പിംഗ്ക്വാര്‍ട്ടില്‍ ഇട്ടു, ഭാര്യയുടെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിഞ്ഞു അവ ഒരിക്കലും ഉപയോഗിക്കാത്ത സാധങ്ങള്‍ ആണെന്ന്, അത് പതുക്കെ തിരിച്ചുവച്ചു മുന്നോട്ടുപോയി. പിന്നെയും പ്രലോഭനങ്ങളില്‍ പെടുത്താതെ കാത്തോണേ എന്ന പ്രാര്‍ത്ഥനയോടെ മുന്നോട്ടുപോയെങ്കിലും വേണ്ടാത്ത ചിലതെങ്കിലും വീണ്ടും ക്വാര്‍ട്ടില്‍ ഇടംപിടിച്ചു. ഒരു തരത്തില്‍ ഷോപ്പിംഗ് ചെക്ക് ഔട്ട് ലൈനില്‍ ചെന്നപ്പോള്‍ വലിയ നിര. ചിലര്‍ ഒന്നില്‍ കൂടുതല്‍ കാര്‍ട്ടുകളില്‍ കുത്തിനിറച്ച സാധങ്ങളുമായി നിരന്നുനീങ്ങുന്നു. മിക്കവാറും മാസങ്ങള്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഗ്രോസറി സാധനങ്ങള്‍. പണം ഉരച്ചശേഷം നിര്‍ദാക്ഷണ്യം സാധങ്ങള്‍ അവര്‍ കാര്‍ട്ടിലേക്കു വലിച്ചെറിയുമ്പോള്‍ നീളുന്ന ബില്ലിന്റെ നീളത്തിലും കടുപ്പത്തിലും പരിഭവപ്പെട്ടു ഭാര്യയെ ഒന്നുകൂടി ക്രൂരമായി നോക്കി പുറത്തേക്കു വന്നു.
തിരിയെ വരുന്ന വഴി മുന്‍പുകണ്ട കാറുകളുടെ നിര നന്നേനേര്‍ത്തു, പതുക്കെ അവിടെ നിറുത്തി എന്താണ് അവിടെനടക്കുന്നതു എന്ന് നോക്കി. തീപിടിച്ച പച്ചയും മഞ്ഞയും നിറത്തിലുള്ള വെസ്റ്റുകള്‍ ധരിച്ച ചിലര്‍ കാറുകളെ ഒരു സ്ഥലത്തേക്ക് നയിക്കുന്നു, ഫുഡ് ബാങ്ക് ആണ്എന്ന് മനസ്സിലായി. ഇത്രയും അധികം ആളുകള്‍ ധനാഢ്യമായ ഈ പ്രദേശത്തു ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്ന സാഹചര്യം നടുക്കി. മില്യണ്‍ ഡോളര്‍ ഏതു ചവറുവീടിനും കിട്ടുന്ന സ്ഥലത്തെ ദാരിദ്ര്യത്തിന്റെ അവസ്ഥ കണ്ണുതുറപ്പിച്ചു. വീടും കാറും താമസവും ഉണ്ടെകിലും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങള്‍ നമ്മള്‍ക്കുചുറ്റും ഉണ്ട് , അവര്‍ നിലനില്‍ക്കുന്നത് നല്ലമനസ്സുള്ള വളരെപ്പേരുടെ കരുണയിലാണ്. സന്നദ്ധ സംഘടനകള്‍ സമാഹരിക്കുന്ന ഫുഡ് ഡ്രൈവ് കൊണ്ടുമാത്രം ഇത്തരം ആവശ്യങ്ങള്‍ തീരില്ല. ഒറ്റയ്ക്ക് കുട്ടികളെ വളര്‍ത്തേണ്ടി വരുന്ന അമ്മമാര്‍ക്ക് അവരുടെ ശമ്പളം കൊണ്ട് ബില്ലുകള്‍ കൊടുക്കാന്‍ കഴിയുമെങ്കിലും പലപ്പോഴും ഭക്ഷണത്തിനു തികയില്ല, അപ്പോള്‍ ഇത്തരം ഇടങ്ങളാണ് അവരെ സഹായിക്കുന്നത്. ലക്ഷങ്ങളോളം കുടുംബങ്ങള്‍ ഇങ്ങനെ ജീവിക്കുന്നു. പട്ടിണി എന്നും എവിടെയും ഒരു യാഥാര്‍ഥ്യമാണ് മെയ് 28 അതിനെ ഓര്‍മ്മപ്പെടുത്തുന്നു World Hunger Day.
എല്ലാ വര്‍ഷവും മെയ് 28 ന് ആചരിക്കുന്ന വേള്‍ഡ് ഹംഗര്‍ ഡേ, 2011-ല്‍ ദി ഹംഗര്‍ പ്രോജക്ട് ആരംഭിച്ച ഒരു ആഗോള പരിപാടിയാണ്. ഇത് ലോക വിശപ്പ് അവസാനിപ്പിക്കുന്നതിനുള്ള ബോധവല്‍ക്കരണവും പ്രവര്‍ത്തനത്തിന് പ്രചോദനവും നല്‍കുന്നു. 2021-ലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ലോകത്ത് പ്രതിദിനം 7,750 മുതല്‍ 15,345 വരെ പട്ടിണി മരണങ്ങള്‍ കണക്കാക്കുന്നു. 2024 മെയ് 28-ന് വ്യക്തികളും സംഘടനകളും ഗവണ്‍മെന്റുകളും കൈവരിച്ച പുരോഗതി ആഘോഷിക്കാനും പട്ടിണിക്കെതിരായ പോരാട്ടത്തില്‍ നിലനില്‍ക്കുന്ന വെല്ലുവിളികളെ അംഗീകരിക്കാനും ഉള്ള സമയമാണ്. ലോക വിശപ്പ് ദിനത്തിലെ നമ്മുടെ പങ്കാളിത്തം വിശപ്പ് ബാധിച്ചവരുടെ ദുരവസ്ഥ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കും.
നിരവധി കുട്ടികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ഓരോ ദിവസവും പട്ടിണിയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഈ മരണങ്ങള്‍ തടയാവുന്നവയാണ്, പട്ടിണിക്കെതിരായ പോരാട്ടം ജീവകാരുണ്യത്തിന്റെ മാത്രമല്ല, നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും കാര്യമാക്കുന്നു.
കമ്മ്യൂണിറ്റികളില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ ആഘാതം വളരെ വലുതാണ്. അവബോധം വളര്‍ത്തുന്നതിനായി ഈ അറിവ് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സോഷ്യല്‍ മീഡിയ പിന്തുടരുന്നവരുമായും പങ്കിടുക. പട്ടിണി നിവാരണ സംഘടനകളെ പിന്തുണയ്ക്കുക. ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗം പഞ്ചസാരയില്ലാതെ ഒരു ആഴ്ച പരീക്ഷിക്കുക , അല്ലെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തിലെ മറ്റ് ചില നിര്‍ണ്ണായക ഘടകങ്ങള്‍ ഒഴിവാക്കുക ഒക്കെയാണ്. ഒരു പ്രാദേശിക ഫുഡ് ബാങ്കില്‍ സഹായിക്കുക, ഫുഡ് ഡ്രൈവുകളില്‍ പങ്കെടുക്കുക, അല്ലെങ്കില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഓര്‍ഗനൈസേഷനുകള്‍ക്കായി സന്നദ്ധപ്രവര്‍ത്തനം എന്നിവ ഇതില്‍ ഉള്‍പ്പെടാം. നിങ്ങള്‍ക്ക് എടുക്കാന്‍ കഴിയുന്ന ഏറ്റവും ലളിതവും എന്നാല്‍ ഫലപ്രദവുമായ പ്രവര്‍ത്തനങ്ങളിലൊന്ന് നിങ്ങളുടെ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുക എന്നതാണ്. കുറച്ച് മാംസം കഴിക്കുക, സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുക, ഒക്കെ നമുക്ക് ഏറ്റെടുക്കാവുന്ന ചെറിയ കാര്യങ്ങളാണ്, ലോകത്തിന്റെ വലിയ സാധ്യതകളും.
രാവിലെ ജോലിക്കു കയറുന്നതിനു മുന്‍പ് ഒരു കാപ്പി ഓഫീസിനു മുന്നിലുള്ള ഫുഡ് കോര്‍ട്ടില്‍ നിന്നും പതിവായി വാങ്ങാറുണ്ട്. സ്ഥിരമായി വാങ്ങുന്ന ആള്‍ ആയതിനാല്‍ എന്റെ കോഫിയുടെ രീതികള്‍ അയാള്‍ക്ക് നന്നായി അറിയാം. അങ്ങനെ കോഫി പിക്ക് ചെയ്യാന്‍ ലൈനില്‍ നിന്നപ്പോള്‍ ഒരാള്‍ അടുത്തുവന്നു ഒരു ഡോണട്ട് ചൂണ്ടിക്കാട്ടി, അതെനിക്ക് വാങ്ങിത്തരാമോ എന്ന് പതുക്കെ ചോദിച്ചു. അതിനെന്താ ഒരു കോഫി കൂടി ആവട്ടെ എന്ന് ചോദിച്ചു, അതുവേണ്ട ഡോണട്ട് മാത്രം മതി എന്ന് പറഞ്ഞു അയാള്‍ അതും വാങ്ങി നന്ദിപറഞ്ഞു ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു. കോഫിയുമായി ഓഫീസിന്റെ പടികള്‍ കയറുമ്പോള്‍ ആ മനുഷ്യന്റെ മുഖം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു.