Image

സ്നേഹമിഠായികൾ (കരാമ മുനിസിപ്പാലിറ്റി ബിൽഡിങ്ങ്സ് -244- 245 Flat No.1 തുടരുന്നു:മിനി വിശ്വനാഥന്‍)

Published on 29 May, 2024
സ്നേഹമിഠായികൾ (കരാമ മുനിസിപ്പാലിറ്റി ബിൽഡിങ്ങ്സ് -244- 245 Flat No.1 തുടരുന്നു:മിനി വിശ്വനാഥന്‍)

ദുബായി ജീവിതവുമായി ഒരു വിധം പൊരുത്തപ്പെട്ടു തുടങ്ങിയെങ്കിലും രാവിലെ വിശ്വേട്ടൻ ഓഫീസിൽ പോയിക്കഴിഞ്ഞാൽ ഉച്ചയൂണിന് തിരിച്ച് വരുന്നത് വരെയുള്ള സമയം എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ചോറും കറികളും ഉണ്ടാക്കുക എന്ന അതിവിരസമായ പരിപാടി ഒരു വഴിപാട് പോലെ കഴിച്ച് ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കും. അപ്പോഴേക്ക് റോഡിനെതിർവശത്തുള്ള വീടുകളിലെ ചില മലയാളി മുഖങ്ങൾ എന്നെ നോക്കി പരിചയം ഭാവിച്ച് ചിരിച്ചു തുടങ്ങിയിരുന്നു.

വിജനമായ റോഡിൽ ആ സമയത്ത് ഗ്രോസറി ഡെലിവറി ബോയ്സിൻ്റെ സൈക്കിൾ മാത്രമെ കാര്യമായി ഉണ്ടാവൂ. പിന്നെ  വെള്ളം നിറച്ച നീലക്യാനുകൾ അടുക്കി വെച്ച വണ്ടികൾ പാർക്കിങ്ങ് ലോട്ടിൽ കിടക്കുന്നുണ്ടാവും. കുടിക്കാനുള്ള വെള്ളം ക്യാനിൽ വാങ്ങി സൂക്ഷിക്കുന്നത് എനിക്ക് ദുബായിലെ മറ്റൊരു അതിശയക്കാഴ്ചയായിരുന്നു. പൈപ്പിലെ വെള്ളം നല്ലതല്ലെന്നും ക്യാനിലെ വെള്ളം മാത്രമെ കുടിക്കാൻ എടുക്കാവൂ എന്നുമുള്ള കർശന നിർദ്ദേശത്തോടെ വിശ്വേട്ടൻ രാവിലെ തന്നെ വലിയ ഒരു ജഗിൽ വെള്ളം പാർന്ന് വെക്കും. 

നാട്ടിലെ കിണറ്റിലേക്ക് തൊട്ടി എറിഞ്ഞ് ഭൂതത്തിനെ പിടിക്കുന്ന കളികൾ ഓർത്തെടുത്തു കൊണ്ട് ഞാൻ ജെഗിൽ നിന്ന്  നേരിട്ട് വായിലേക്കൊഴിച്ച് വെള്ളം കുടിക്കും. കിണറ്റിൽ ബക്കറ്റ് ഇടുമ്പോഴുള്ള മുഴക്കം ഭൂതം  ശബ്ദമുണ്ടാക്കുന്നതാണെന്നായിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്. വീടിൻ്റെ തെക്കുഭാഗത്തെ പുളിമരത്തിൽ ശ്രീകൃഷ്ണൻ്റെ കൂട്ടുകാരനായ ഒരു വികൃതി ചെക്കനും വടക്ക് ഭാഗത്തുള്ള പ്ലാവ് മരത്തിൽ 
ചക്കഭഗവതിയും ഉണ്ടെന്നു ഞാൻ ആ കാലത്ത് ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. എൻ്റെ ഇതുപോലുള്ള ഭ്രമക്കാഴ്ചകൾക്ക് നിറം പകരാൻ പറമ്പിൽ പുല്ല് പറിക്കാൻ വരുന്ന ലക്ഷ്മി അമ്മ ആവോളം സഹായിച്ചിട്ടുണ്ട്. പറമ്പിൽ കാണുന്ന ഓരോ ചപ്പിനും പുല്ലിനും ചുറ്റും വരെ അവർ ഐതിഹ്യകഥകൾ ഉണ്ടാക്കി ഞാനുമായി പങ്ക് വെച്ചു. സർപ്പം ഊതിയ കുളിർമാവിലയും കൂളിച്ചൂട്ടിൽ നിന്നുള്ള തീപ്പൊരി വീണ് കരിഞ്ഞ ആലവും പുല്ല് പറിക്കുന്നതിനിടെ അവരെനിക്ക് കാട്ടിത്തന്നു. 

പരമശിവൻ  വട്ടപ്പിലാവിലയുടെ ഇല കുമ്പിളാക്കി പാർവ്വതി അറിയാതെ കള്ള് കുടിച്ചെന്നും, അത് കണ്ടുപിടിച്ച പാർവതീ ദേവി ആ ചെടിയുടെ ഇലകൾ ഉപയോഗത്തിന് കൊള്ളാതെ ഓട്ടയായി ഇരിക്കട്ടെ എന്ന് ശപിച്ച ത്രേ. അതു കൊണ്ടാണ് ഈ ചെടിയുടെ ഇലകൾ നുരുമ്പിച്ച് പോയതെന്ന് പറഞ്ഞ് അവർ നടുനീർക്കുമ്പോൾ ഞാൻ ആ വട്ടപ്ളാവിലയുടെ ഇലകൾ പരിശോധിക്കും. ഓട്ടയില്ലാത്ത ഒരില പോലും അതിലില്ലെന്ന്  കണ്ട് അതിശയത്തോടെ  അടുത്ത കഥയ്കായി കാത്  ചേർക്കും ! ഓർമ്മകളിൽ നാട്ടിലെ മായകൾ നിറഞ്ഞുനിന്നപ്പോഴാണ് പുറത്ത് നിന്ന് നീട്ടിയുള്ള ഹോണടി കേട്ടത്.

രാവിലെ കുടിക്കാനുള്ള വെള്ളവുമായി പാർക്കിങ്ങിൽ വണ്ടി വരുമെന്നും നീ 5 ദിർഹവും കാലി ക്യാനും കൊടുത്ത് പുതിയ വെള്ളം വാങ്ങി വെക്കണമെന്നും രാവിലെ വിശ്വേട്ടൻ ഓർമ്മിപ്പിച്ചിരുന്നു. "പാനി ചാഹിയേ ?" എന്ന് ചോദിച്ച് കൊണ്ട് ഒരു ചെറുപ്പക്കാരൻ അടുത്തു  വന്നപ്പോഴാണ് ഞാനാ കാര്യം ഓർത്തത്.
"ഹാ, ചാഹിയേ" എന്ന് പരത്തിപ്പറഞ്ഞ് ഞാൻ ഒഴിഞ്ഞ നീലക്യാൻ പുറത്ത് വെച്ചു. ഇനി അവരോട് പറയാൻ ഹിന്ദിയൊന്നും ബാക്കിയില്ലെന്ന സങ്കടത്തിൽ നിൽക്കുമ്പോഴാണ് അയാൾ പാഞ്ച് ദിർഹം എന്ന് പറഞ്ഞ് കൈനീട്ടിയത്. കൈയിൽ ഉള്ള ചെറിയ കുടുവൻപാത്രത്തിലെ കോയിനുകളിൽ പാഞ്ച് ദിർഹം കണ്ടുപിടിക്കാനാവാതെ ഞാൻ നിശബ്ദയായി. അപ്പോഴാണ് "രമേശേട്ടാ ഫ്ലാറ്റ് നമ്പർ 8 ല് രണ്ട് വെള്ളം വേണേനും പോലും" എന്ന് ഒരു സ്വരം താഴേക്ക് ഒഴുകിയെത്തിയത്. "ഞാനിപ്പം 
ബരാപ്പാ, ഈടന്ന് പൈശ വാങ്ങട്ടെ " എന്ന മറുപടിയിൽ നിന്ന് എനിക്ക് മുന്നിൽ നിൽക്കുന്ന ആൾ രമേശൻ എന്ന് പേരായ ഒരു മലയാളിയാണെന്നും, മാത്രമല്ല കണ്ണൂർക്കാർ ആണെന്നും അയാളുടെ സ്ലാങ്ങിലൂടെ തിരിച്ചറിഞ്ഞ ഞാൻ ആൾക്കൂട്ടത്തിൽ സ്വന്തക്കാരെ കണ്ടതുപോലെ ഒരു സന്തോഷത്തിൻ "ഇതിൽ നിന്ന് അഞ്ച് ദിർഹം എടുക്കുമോ" എന്ന് ദയനീയമായി ചോദിച്ച് ആ കോയിൻ പാത്രം അയാൾക്ക് നേരെ നീട്ടി. 

ചെറിയ ഒരു പുഞ്ചിരിയോടെ അയാൾ അതിൽ നിന്ന് കോയിനുകൾ പെറുക്കി എന്നെ കാണിച്ചു തന്നു. 25 ഫിൽസും 50 ഫിൽസും ഒരു ദിർഹം കോയിനുകളും നിറഞ്ഞ ആ പാത്രം എന്നെ നോക്കി ചിരിച്ചു. പിന്നീട് അയാൾ പോക്കറ്റിൽ നിന്ന് അഞ്ച് ദിർഹത്തിൻ്റെയും പത്ത് ദിർഹത്തിൻ്റെയും നോട്ടുകളും കാട്ടിത്തന്നു. ഇനി എല്ലാ ബുധനാഴ്ചയും വരാമെന്നും വെളളം അടുക്കളയിൽ എടുത്ത് വെച്ച് തരാമെന്നും അയാൾ ഉദാരനായി. ഞങ്ങളുടെ നാടിനടുത്ത് തന്നെയാണ് അയാളുടെ നാട് എന്നും വെള്ളത്തിന് അത്യാവശ്യമുണ്ടെങ്കിൽ പേജ് ചെയ്താൽ മതിയെന്നും പറഞ്ഞ് പേജർ നമ്പറും തന്നു. ദുബായി ജീവിതത്തിൽ ഒരു കാര്യത്തിലെങ്കിലും സ്വയം പര്യാപ്തയായെന്ന സന്തോഷത്തിൽ ഞാൻ സ്വയം നിറഞ്ഞു. മാത്രമല്ല മലയാളം കൊണ്ട് ദുബായിൽ ജീവിച്ചു പോവാനാവുമെന്ന തിരിച്ചറിവിൻ്റെത് കൂടിയായിരുന്നു ആ സന്തോഷം.  (ആ കാലത്ത് വെള്ളം സപ്ലെ ചെയ്തിരുന്നത് നീല നിറമുള്ള പ്ലാസ്റ്റിക്ക് ക്യാനുകളിലായിരുന്നു. പിന്നീടാണ് ഇപ്പോഴുള്ള ട്രാൻസ്പരൻ്റ് ബോട്ടിലുകൾ വന്നത്.)

രാവിലെ ഒരു പതിനൊന്നര ആയതോടെ നടപ്പാതകളിൽ സ്കൂളിൽ പോവുന്ന ആൺകുട്ടികൾ നിറഞ്ഞു. പരസ്യക്കടലാസുകൾ ചുരുട്ടി പന്തിൻ്റെ രൂപത്തിലാക്കി വിവിധ യൂനിഫോമുകൾ അണിഞ്ഞ കുട്ടികൾ ബഹളം വെച്ച് കളിച്ചു തുടങ്ങി. ഇന്ത്യൻ സ്കൂളിലെയും ഔവർ ഓൺ ഇംഗ്ലീഷ് സ്കൂളിലേയും ആൺ കുട്ടികളുടെ ബസ് സ്റ്റോപ്പ് 244 ന് മുന്നിലായിരുന്നു എന്നത് എനിക്ക് മറ്റൊരു ലോട്ടറിയായി. അവരുടെ അമ്മമാരെപ്പോലെ ഞാനും ആ കുട്ടികൾ ഓടിക്കളിക്കുന്നത് ശ്രദ്ധിക്കുകയും അവരവരുടെ ബസുകളിൽ കയറി ഇരിക്കുന്നത് വരെ ജനലിലൂടെ നോക്കുകയും ചെയ്തു. അതിൽ ചില കുട്ടികൾ ചിരിച്ച് കൊണ്ട് എനിക്ക് നേരെയും കൈ വീശിത്തുടങ്ങി. എതിർ വശത്തുള്ള ഫ്ലാറ്റുകളിലെ മലയാളി സാന്നിദ്ധ്യം ഈ കുട്ടികളിലൂടെ എനിക്ക് മനസ്സിലായി. 

അതിനിടെ ഞാൻ വാഹനങ്ങളുടെയും മറ്റും കണക്കെടുക്കുന്നതിനിടെ ഖാൻ സാഹിബ് എന്ന ലോഗോ ഉള്ള ഒരു ട്രക്ക് എതിർ വശത്ത് പാർക്ക് ചെയ്ത് കിടക്കുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു. അതിലിരിക്കുന്ന താടിക്കാരനായ ഡ്രൈവർ ചുറ്റുപാടുമുള്ള വീടുകളിലേക്ക് വെറുതെ കണ്ണു പായിക്കുന്നതും എൻ്റെ ശ്രദ്ധയിൽ പെട്ടു. ദുബായി ആയത് കൊണ്ട് പേടിക്കാനൊന്നുമില്ലെന്ന വിശ്വാസത്തോടെ ഞാൻ അയാളുടെ നോട്ടം അവഗണിച്ചു. 
തൊട്ടടുത്തുള്ള ഗേറ്റ് ഓഫ് കരാമാ റെസ്സ്റ്റോറൻ്റിൽ ചായ കുടിക്കാനായി പോവുന്ന ഡ്രൈവർമാർ വലിയ സിമൻ്റ് മിക്സറുകൾ കറങുന്ന ട്രക്കുകൾ ഇവിടെ പാർക്ക് ചെയ്യുന്നത് സാധാരണമായിരുന്നു. പക്ഷേ ഈ മഞ്ഞവണ്ടി അത്തരത്തിൽ ഒന്നായിരുന്നില്ലെന്ന് എനിക്ക് വെറുതെ തോന്നി. എന്തായാലും എന്നെ ബാധിക്കുന്ന കാര്യമല്ലെന്നതിനാൽ ഞാൻ വീണ്ടും എൻ്റെ ഫ്ലാറ്റിൻ്റെ നിശബ്ദതയിൽ ഊളിയിട്ടു. 

ഹാളിൽ  ആഡംബരമായി വലിയ ഒരു ടി.വിയുണ്ട്. വി. സി.ആറും. കണ്ടു മടുത്ത കല്യാണക്കാസറ്റും പഴയ ഒരു കോമഡി സ്റ്റേജ് ഷോയുടെ കാസറ്റുമല്ലാതെ    പുതിയതായി കാണാൻ മറ്റൊന്നുമുണ്ടായിരുന്നില്ല. വായിക്കാൻ പുസ്തകങ്ങളോ സംസാരിക്കാൻ കൂട്ടുകാരോ ഇല്ലാതെ
ബോറടി എന്ന അവസ്ഥ ജീവിതത്തിലാദ്യമായി അറിഞ്ഞ ഞാൻ ഡിസംബർ ഇരുപത്തി എട്ടിന് എന്നെ പെണ്ണുകാണാൻ വന്ന ദുബായിക്കാരനെയും ആ കല്യാണത്തിന് സമ്മതം മൂളിയ എന്നെയും മനസ്സിൽ ശപിച്ചു. 
കതിരൂരിൽ നിന്ന് തലശ്ശേരിയിലേക്ക് ബസിൽ പോവണമെന്നും ചൂട് നിലക്കടല കൊറിച്ച് കൊണ്ട് പഴയ സ്റ്റാൻഡിലൂടെ നടക്കണമെന്നും വെറുതെ ആശിച്ചു. 

ഓർമ്മകൾ സങ്കടങ്ങളായി ഇരമ്പിയൊഴുകി വന്നു കണ്ണു നനയിച്ച നിമിഷമാണ് വാതിലിലെ ശക്തമായ ആഞ്ഞടിശബ്ദത്തിന് പിന്നാലെ ഓപ്പൺ, ഓപ്പൺ എന്ന കുഞ്ഞിവിളികൾ ഉയർന്നത്.  വാതിലിലെ ഇടിയുടെ ശക്തി 
കൂടിത്തുടങ്ങിയപ്പോൾ ഞാൻ പതുക്കെ വാതിൽ തുറന്നു ചുറ്റും നോക്കി.

വാതിൽ തുറന്ന തക്കത്തിൽ ഇന്നലെ സന്ധ്യക്ക് വന്ന കുട്ടികൾ രണ്ടും വീട്ടിലേക്ക് ഓടിക്കയറി സോഫയിൽ ചാടിക്കയറി ഇരുന്ന് "അമ്മച്ചീ കം, കം " എന്ന് ഉറക്കെ കൂക്കി വിളിച്ചു. അടുത്ത വീട്ടിലെ ഡോറിൽ ചാരിനിൽക്കുന്ന അമ്മച്ചിയെ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. കണ്ണുകളിൽ വാത്സല്യം നിറച്ച് "ദുബായിൽ പുതിയതാ അല്ലിയോ " എന്ന് ചോദിച്ച് അവർ അകത്തേക്ക് കടന്നുവന്നു. "പിള്ളാര് ഇച്ചിരി കുറുമ്പന്മാരാ കേട്ടോ"എന്നൊരു മുൻകൂർ ജാമ്യമെടുത്ത് അവർ കുട്ടികൾക്കടുത്ത് സോഫയിൽ ചാരിയിരുന്നു. "തൈയ്റോയിഡ് കാരണമാ ഈ വണ്ണം ,എന്ന് തൻ്റെ ഭാരിച്ച ശരീരത്തെ ഒന്ന് ന്യായീകരിച്ച് അവർ എന്നെ അടിമുടി സൂക്ഷിച്ച് നോക്കി കണ്ണുകൾ കൊണ്ട് എന്നെ അളന്നു. " കൊച്ചിൻ്റെ നാടെവിടെയാ" എന്ന ഒരു ചോദ്യത്തിൽ തുടങ്ങിയ ആ സൗഹൃദമാണ് യഥാർത്ഥത്തിൽ എന്നെ ജീവിതം പഠിപ്പിച്ചത്. അമ്മച്ചിയുടെ വരവോടെ എൻ്റെ ജീവിതത്തിൻ്റെ പുതിയ ഒരദ്ധ്യായം തുടങ്ങുകയായിരുന്നു !

അമ്മച്ചിക്ക് ജീവിതം ഒരു വിവിധ നിറങ്ങൾ കൊണ്ടലങ്കരിച്ച ഒരു പഞ്ഞിക്കെട്ടാണ്. കനമുള്ളതൊന്നും മനസ്സിൽ സൂക്ഷിക്കില്ല. ഒന്നും മനസ്സിൽ വെച്ചേക്കരുത്! എന്നാൽ ഹൃദയത്തിൽ നിറയെ സ്നേഹം നിറച്ച് വെക്കുകയും വേണം, എന്നിട്ടത് നിർല്ലോഭം വാരി വിതറണം! ആവശ്യമില്ലാത്തവർക്ക് പോലും ! അമ്മച്ചി പഠിപ്പിച്ച ആദ്യപാഠം ഇതാണ്. സ്നേഹത്തിന് പിശുക്ക് കാട്ടുമ്പോഴാണ് അമ്മച്ചി പിണങ്ങി മാറുക ! 

"ഇപ്പഴത്തെ പിള്ളാര് ശരിയല്ല"
അമ്മച്ചി മുഖം വീർപ്പിക്കും!
എന്നിട്ട് കൊച്ചുമക്കളുടെ കൈയ്യും പിടിച്ച് സ്വന്തം വീട്ടിലേക്ക് നടക്കും! എന്നാലും അടുത്ത ദിവസം രാവിലെ വീണ്ടും വരും, രണ്ട് കട്ലറ്റോ , ഒരല്പം മീൻചാറോ അടുക്കളയിൽ കൊണ്ടു വെക്കും !
കെട്ടിപ്പിടിച്ചുമ്മ വെച്ച് പിണക്കം മാറ്റുന്നത് പോലെ!

കരാമ ജീവിതം തുടരും.....

Karama Municipality Buildings -244- 245 Flat No.1

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക