Image

പരൽമീനുകൾ കളിക്കുന്ന തോട്ടുവക്കത്തെ വീട് (ബാലനോവൽ-ബാബു ഇരുമല)

Published on 29 May, 2024
പരൽമീനുകൾ കളിക്കുന്ന തോട്ടുവക്കത്തെ വീട് (ബാലനോവൽ-ബാബു ഇരുമല)

see magazine: https://mag.emalayalee.com/magazine/may2024/#page=39

അദ്ധ്യായം 5

വിചാരണ

ബെന്നി ചാച്ചനും, അമ്മയും, അമ്മമ്മയും ഡ്രോയിംഗ് റൂമിലെ സെറ്റികളിൽ ഇരുന്നു. ഞാനും, നേഹയും, അപ്പുവും നിൽക്കുകയായിരുന്നു. ചാച്ചനാണ് തുടങ്ങിയത്.

'അപ്പു എന്ന മുരുകനെ നിങ്ങൾ എന്തിന് കൂടെ കൊണ്ടുവന്നു? ഇത്തരം സാഹസങ്ങൾ കാട്ടി കൂട്ടുമ്പോൾ മുതിർന്ന ആളെന്ന നിലയ്ക്ക് അമ്മയോട് നിങ്ങൾ രണ്ടു പേരും കാര്യങ്ങൾ പറയേണ്ടിയിരുന്നില്ലെ?'. 

ചാച്ചൻ്റെ ചോദ്യങ്ങൾ കേട്ട് അപ്പു  കരയുവാൻ തുടങ്ങിയിരുന്നു. ഞാനും,  നേഹയും ധൈര്യം കൈവിട്ടില്ല. മറുപടി പറഞ്ഞത് ഞാനാണ്.  

'ഞങ്ങൾ രണ്ടുപേരും ഇന്നലെ ഉച്ചകഴിഞ്ഞ് പുറത്ത് കളിക്കുന്നതിനിടയിൽ ഒരു വലിയ കരച്ചിൽ കേട്ടു. കരച്ചിൽ കേട്ട വീടിൻ്റെ അടുത്തെത്തിയപ്പോൾ ഏതു വീടാണെന്ന് ഞങ്ങൾക്ക് മനസിലായി. വില്ലകളിലേക്കുള്ള ഗേറ്റിൻ്റെ വലതു വശത്ത് മുകളിലുള്ള വീടായിരുന്നു അത്'.

ഞാൻ തുടർന്നു. 

'സെക്യൂരിറ്റിക്കാരൻ ഭായി ഉച്ചഭക്ഷണം കഴിക്കുവാൻ പോയിരുന്നു. നേഹയെ  ഗേറ്റിനടുത്ത് നിറുത്തി ഗേറ്റും, മതിലും ചാടി ഏങ്ങലടി കേട്ട മുറിയുടെ പകുതി തുറന്ന  ജനാലക്കരികിൽ ഞാൻ എത്തി. ജനാലയിൽ മുട്ടി അപ്പുവിന് എന്നെ പരിചയപ്പെടുത്തുകയും, കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു.'

ഭയം കൊണ്ട് തൊണ്ട ഇടറിയെങ്കിലും ഞാൻ നിറുത്താതെ തുടർന്നു.

'അതിനിടെ അവരുടെ അടുക്കളയിൽ നിന്നും ആൻ്റിയുടെ വക ഭീഷണിയും കേട്ടു . അങ്ങനെ അപ്പു  പറഞ്ഞതെല്ലാം സത്യമാണ് എന്ന് എനിക്ക് ഉറപ്പായി. അപ്പൂനെ ആ വീട്ടിൽ നിന്നും രക്ഷപെടുത്തേണ്ടത്  ഏതാണ്ട് അവൻ്റെ സമപ്രായക്കാരനായ എൻ്റെയും,  നേഹയുടെയും  കടമയാണെന്ന് തോന്നി.' 

'കാരണം, അപ്പു  ആ വീട്ടിൽ ഏഴു മാസമായി താമസിക്കുന്നു. അപ്പൂൻ്റെ അമ്മ ഒരു ഗതിയുമില്ലാതെ ആണ് മകനെ ആ വീട്ടിൽ ഏൽപ്പിച്ചിട്ടു പോയത്. ആ സമയത്ത് അങ്കിളും ആൻ്റിയും  പറഞ്ഞ വാക്കുകളൊന്നും അവർ  പാലിച്ചിട്ടില്ല.  പഠിക്കാൻ വിടാതിരിക്കുക, താങ്ങാവുന്നതിലും കൂടുതൽ ജോലികൾ ചെയ്യിപ്പിക്കുക, ശാരീരികമായി ഒത്തിരി പീഢിപ്പിക്കുക ഇതെല്ലാം തെറ്റല്ലെ? 

അമ്മമ്മയും, അമ്മയും, ചാച്ചനും എൻ്റെ മുഖത്തേക്കു തന്നെ ശ്രദ്ധിച്ച് ഇരിക്കുകയാണ്.

'അയൽ വീട്ടുകാർ, സെക്യൂരിറ്റിക്കാരൻ ഭായി അങ്ങനെ പലരും അപ്പുവിൻ്റെ കരച്ചിലുകൾ പലപ്പോഴും കേട്ടിട്ടുണ്ടാകാം. പക്ഷെ, അവരാരും അവനെ രക്ഷപ്പെടുത്തുന്നതിന് താൽപര്യം എടുത്തില്ല. പോലീസ് സ്റേറഷനിൽ പരാതിപ്പെടുകയോ, കൗൺസിലറോട് പറയുകയോ, ചൈൽഡ് ഹെൽപ് ലൈനിൽ വിളിക്കുകയോ ഒന്നും ചെയ്തില്ല.' 

എങ്ങനെ എനിക്ക് ഇത്രയുമൊക്കെ പറയാനാകുന്നുവെന്ന് ഞാൻ അതിശയിച്ചു. 

‘അങ്ങനെ  മനസ്സുകൊണ്ട് ഏറെ വേദനിക്കുകയും, ബുദ്ധിമുട്ടുകയും, തല്ലുകൊള്ളുകയും ചെയ്ത  ഇന്നലെ രക്ഷപെടണം എന്ന അതീവ ചിന്ത മുരുകനെന്ന ഈ അപ്പുവിനും ഉണ്ടായി കാണണം. അതാകണം ഞാൻ ക്ഷണിച്ചപ്പോൾ തന്നെ ഇവൻ താൽപ്പര്യം പറഞ്ഞത്.' 

'പിറ്റേന്ന് രാവിലെ കോതമംഗലത്തേക്ക് പോരുന്നുണ്ടല്ലൊ എന്ന ചിന്തയാൽ ആണ് പെട്ടെന്ന് ആശയമുദിച്ച് ഞാൻ ഇങ്ങനെ ഒരു ഒളിച്ചോട്ടം പ്ലാൻ ചെയ്തത്. കോതമംഗലത്ത് വന്ന് നിങ്ങളോടൊക്കെ സമാധാനമായി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി, മൂന്നാറിൽ നിന്നും ഇതുവരെ ഇത്തരം വിഷയങ്ങളെക്കുറിച്ചൊന്നും അറിയുവാനോ, അതിന് ത്രാണിയോ ഇല്ലാത്ത അപ്പുവിൻ്റെ അമ്മയെ വരുത്താമെന്നും ഞങ്ങൾ കരുതി.'

ഞാൻ പറഞ്ഞു നിറുത്തിയതിൻ്റെ ബാക്കിയെന്നവണ്ണം നേഹ പറഞ്ഞു.  

'അനു അമ്മയോട്  കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നുവെങ്കിൽ, അമ്മ ഇങ്ങനെ ചെയ്യുവാൻ  സമ്മതിക്കുമായിരുന്നുവെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല'. 

അമ്മ അപ്പോൾ നേഹയും ഞാനുമൊക്കെ വലിയ ആളുകൾ ആയിപ്പോയി എന്ന വൈകാരിക ഭാവത്തിൽ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അമ്മമ്മയാണ് ഞങ്ങളുടെ വിശദീകരണം കേട്ടതോടെ അനുകൂലിച്ച് സംസാരിച്ചത്.

'തെറ്റും ശരിയും ഒക്കെ അവിടെ നിൽക്കട്ടെ. കുട്ടികൾ തീരുമാനിച്ചത് ചെയ്തു. അവർ അപ്പുവിനെ രക്ഷപെടുത്തിയതിനെ ചെറിയ കാര്യമായി കാണേണ്ട. മൂന്നു പേരെയും സംരക്ഷിക്കേണ്ടത് ഇനി നമ്മൾ മുതിർന്നവരുടെ കടമയാണ് '.

ബെന്നി ചാച്ചൻ്റെ ആശങ്കകൾ മറ്റുചിലത് ആയിരുന്നു.

'ഇനി ആ അങ്കിൾ എന്തൊക്കെ ചെയ്തു കൂട്ടുമെന്ന് അനുമാനിക്കാനാവില്ല. അപ്പുവിനെ കാണുവാനില്ലെന്ന് പറഞ്ഞ് പോലീസിൽ പരാതിപ്പെടാം. അപ്പുവിൻ്റെ അമ്മയെ അയാൾ തന്നെ ഫോൺ ചെയ്ത് പറയാം.'

ചാച്ചൻ തുടർന്നു. 

'നിങ്ങൾ മൂന്നു ദിവസം കഴിഞ്ഞ് ചൊവ്വാഴ്ച്ച കാക്കനാട് ചെല്ലുമ്പോൾ ഭീഷണിയുമായി വില്ലയിൽ അങ്കിൾ എത്താം. നിങ്ങൾ  പറഞ്ഞതൊക്കെ ശരിയായിരിക്കും. പക്ഷേ, ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ  മറുവശം കൂടി  നിങ്ങൾ ചിന്തിക്കേണ്ടതായിരുന്നു' .

അമ്മ വളരെ വിഷമത്തോടെ കൂടി പറഞ്ഞു. 

'നിങ്ങൾ ഇതൊക്കെ ചെയ്യുമ്പോൾ ഒരു വാക്കെങ്കിലും എന്നോട് ചോദിക്കാമായിരുന്നു. നിങ്ങള് രണ്ടാളിലെയും മാറ്റം  ഇന്നലെ വൈകിട്ട് തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാണ്. എന്താന്ന്  ചോദിക്കുകയും ചെയ്തു. ഇന്ന് രാവിലെ കാറിൽ പോരുമ്പോഴും എനിക്കെന്തോ പന്തികേട് തോന്നി.'  

അനു അമ്മയുടെ സംസാരത്തിൽ പരിഭവം നിറഞ്ഞു നിന്നെങ്കിലും തണുക്കുകയാണെന്ന് മനസിലായി.

അദ്ധ്യായം 6

പ്രതീക്ഷ

ഞങ്ങൾ ഉറങ്ങുമ്പോൾ കാക്കനാട്ടു നിന്ന് അപ്പു  താമസിച്ചിരുന്ന വീട്ടിലെ അങ്കിളും ആൻ്റിയും കൂടി ഇവിടെ വന്നിരുന്നുവെന്ന കാര്യം ചാച്ചൻ അറിയിച്ചതോടെ ഞങ്ങൾ മൂവരും അങ്കലാപ്പിലായി. അമ്മമ്മയുടെ കോതമംഗലത്തെ വീട് തേടി അവർ എത്തിയ കഥ ഞങ്ങൾ ഭയത്തോടെ കേട്ടിരുന്നു. 

കാക്കനാട്ടെ അടുത്ത വീടുകളിലൊക്കെ അയാൾ പോയി അന്വേഷിച്ചുവെന്നും, ആരാണ് രാത്രിയിലോ, രാവിലെയോ വീടുവിട്ട് പോയതെന്ന് അന്വേഷിച്ചപ്പോൾ, ഞങ്ങളുടെ വീട്ടിലേക്കു കൂടി അന്വേഷണം നീണ്ടുവെന്നും പറഞ്ഞു. 

ഞങ്ങൾ രാവിലെ കോതമംഗലത്തേക്ക് പോന്ന വിവരം സെക്യൂരിറ്റി ഭായിയും, വീട്ടിൽ ഞങ്ങൾ ഇല്ലാത്തപ്പോഴും  എന്നും വീട്ടുജോലിക്ക് വന്നു പോകുന്ന സാലി ചേച്ചിയും പറഞ്ഞുവത്രെ. 

അങ്ങനെ ചേച്ചി പറഞ്ഞു കൊടുത്തതു പ്രകാരം സ്ഥലം മനസിലാക്കി, അമ്മയുടെ ഫോൺ നമ്പറുമായി 12 മണിയോടെ മറ്റു രണ്ടു മൂന്ന് ഇടങ്ങളിൽ പോയ കൂട്ടത്തിൽ അവർ ഇവിടെ കോതമംഗലത്തെ വീട്ടിലും വന്നു.

അങ്കിൾ വിഷയം അവതരിപ്പിച്ചത് ഇപ്രകാരമായിരുന്നുവത്രെ.

'ഞങ്ങടെ വീട്ടിൽ ജോലിക്കു നിക്കണ ഒൻപതു വയസുള്ള മുരുകനെ കാണാനില്ല. അപ്പൂന്നാണ് അവൻ്റെ വിളിപ്പേര്. ഇന്നലെ വൈകിട്ട് കുറെ ഗുണദോഷിച്ചത് ഇഷ്ടപെടാതെ അവൻ എങ്ങോട്ടെങ്കിലും പോയതാകാം, ഇവിടെയെങ്ങാൻ ഉണ്ടോ എന്നറിയാൻ വന്നത '. 

ഇവിടത്തെ കുട്ടികൾ ഇരുവരുമല്ലാതെ മറ്റാരുമില്ലെന്ന് അവരോട് ചാച്ചനും, അമ്മയും തറപ്പിച്ചു പറഞ്ഞതോടെ അവർ തിരിച്ചു പോകുവാൻ ഇറങ്ങി.  

വീടിൻ്റെ കിഴക്കേമുറ്റത്ത് തുണികൾ അലക്കുവാൻ ഇട്ടിരുന്നു. കൂട്ടത്തിൽ അപ്പുവിൻ്റെ വസ്ത്രങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ചാകണം  ആൻ്റിയുടെ കണ്ണുകൾ പരതിയതെന്നാണ് അമ്മ പറഞ്ഞത്. 

ഇതൊക്കെ കേട്ടതോടെ അടുത്ത ദിവസങ്ങളിൽ എന്തൊക്കെ സംഭവിക്കും എന്നതിൻ്റെ ചങ്കിടിപ്പ് ഞങ്ങളിൽ ഉയർന്നു.

അമ്മമ്മ പറഞ്ഞു.

'നിങ്ങള് ഇങ്ങനെ ഒരു കാര്യം ചെയ്തു. ഇനി അതിൻ്റെ ബാക്കി നോക്കുക. അത്ര തന്നെ ' . 

'നിങ്ങള് ചെയ്തത്  വലിയൊരു കാര്യം തന്നെയാണ്. അതിൻ്റെ ദോഷവശങ്ങളെക്കുറിച്ച് ഞാൻ  പറഞ്ഞുവെന്ന് മാത്രം '. 

ബെന്നി ചാച്ചൻ പറഞ്ഞ് അവസാനിപ്പിച്ചു. 

അപ്പുവിനോട് ചോദിച്ചപ്പോൾ അവൻ്റെ വീടിനടുത്തുള്ള ഗോമതി അക്കയുടെ മൊബൈൽ നമ്പർ ചാച്ചന് പറഞ്ഞു കൊടുത്തു. ആ നമ്പറിലേക്ക്  ബെന്നി ചാച്ചൻ വിളിച്ചു. 

'അപ്പുവിൻ്റെ അമ്മയെ വിളിപ്പിച്ചിട്ട് തിരിച്ച് വിളിക്കാം.'

അങ്ങനെയാണ്  അവർ പറഞ്ഞത്. ബെന്നി ചാച്ചന് തമിഴ് കുറെയൊക്കെ വശമാണ്. മൂന്നാറുകാരുടെ സംസാരത്തിൽ പകുതി തമിഴ് ഉണ്ടാകുമല്ലോ. 

ഏതായാലും ഞങ്ങൾ സംസാരിച്ചിരിക്കുന്നതിനിടെ തന്നെ ചാച്ചൻ്റെ  ഫോണിലേക്ക് ഗോമതി അക്ക വീണ്ടും വിളിച്ചു. അപ്പുവിൻ്റെ അമ്മ ശെൽവിക്ക് ഫോൺ കൈമാറിയതോടെ ചാച്ചൻ എല്ലാ കാര്യങ്ങളും അവരോട് വിശദമായി പറഞ്ഞു.

അപ്പു സുഖമായി ഇരിക്കുന്നുവെന്നും, കോതമംഗലത്ത് ഉണ്ടെന്ന വിവരം തൽക്കാലം ആരോടും പറയരുതെന്നും, ആരു വിളിച്ചാലും ഒന്നും അറിഞ്ഞിട്ടില്ലെന്നെ ഭാവിക്കാവു എന്നും  ചട്ടംകെട്ടി.

നാളെയോ, ചൊവ്വാഴ്ച്ചയൊ രാവിലെ 10 മണിയോടെ കോതമംഗലം ബസ് സ്റ്റാൻ്റിൽ എത്താമെന്നും, കൂട്ടികൊണ്ടുവരുവാൻ സ്റ്റാൻഡിൽ ചെല്ലണമെന്നും, ഗോമതി അക്കയുമായി ആലോചിച്ച് അപ്പുവിൻ്റെ അമ്മ ശെൽവി പറഞ്ഞു. ശേഷം, ചാച്ചൻ ഫോൺ അപ്പുവിൻ്റെ കൈവശം കൊടുത്തു. 

അങ്ങനെ നീണ്ട ഏഴു മാസത്തിനു ശേഷം ആ അമ്മയും മകനും സന്തോഷവും, സങ്കടവും നിറഞ്ഞ സംഭാഷണത്തിൽ ഏർപ്പെട്ടു.

പോലീസിൽ പരാതിപ്പെടണമെന്നും, വേണ്ടെന്നും അഭിപ്രായമുണ്ടായി. ചാനലുകാരോട് പറഞ്ഞാലോ എന്നും ചിന്തിച്ചു. ബാലാവകാശ കമ്മീഷനും ചർച്ചയിൽ വന്നു. 

ഏതായാലും അതൊക്കെ പിന്നീട്  തീരുമാനിക്കാമെന്ന ചാച്ചൻ്റെ അഭിപ്രായം തന്നെ മാനിക്കപ്പെട്ടു. ഫോൺ വച്ചതോടെ എല്ലാവർക്കും പകുതി ആശ്വാസമായി. 

'ഇനി ഇക്കാര്യം ഓർത്ത് നിങ്ങളാരും വിഷമിക്കണ്ടാട്ടൊ. മല പോലെ വന്നത് എലി പോലെ പോയീന്ന് പറഞ്ഞു കേട്ടിട്ടേ ഒള്ളു .' 

അമ്മമ്മ പറഞ്ഞു.  

‘നിങ്ങടെ ഒപ്പം ഞങ്ങൾ എല്ലാരും ഉണ്ട് '. 

ബെന്നി ചാച്ചൻ പറഞ്ഞപ്പോൾ അറിയാതെ അമ്മയും  തലയാട്ടി.

'എല്ലാവർക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം. വാ, ഇപ്പത്തന്നെ വൈകി'. 

അമ്മമ്മ പറഞ്ഞു. ക്ലോക്കിൽ അപ്പോൾ രണ്ടു മണി കഴിഞ്ഞിരുന്നു. അമ്മമ്മയുടെ വീട്ടിലെ ഊണ് പൊളിച്ചു. വിഭവസമൃദ്ധമായ ഭക്ഷണം ആയിരുന്നു. 

ചോറിനൊപ്പം അനവധി കറികൾ ഊണുമേശയാകെ നിരന്നു. അമ്മ കൊണ്ടുവന്ന വഴുതനങ്ങ വറുത്തര കറി, കാളൻ, ഇഞ്ചി അച്ചാർ, സാമ്പാർ കൂടാതെ അമ്മമ്മയുടെ വക ബീഫ് ഫ്രൈ, മീൻ കറി, വറുത്തത് ഒക്കെ ഉണ്ടായിരുന്നു. 

വിഭവങ്ങളുടെ ബാഹുല്യം അപ്പുവിൻ്റെ കണ്ണുകളെ അത്ഭുതം കൂറുന്നതാക്കി. അമ്മമ്മയുടെ വീട്ടിൽ വർഷങ്ങളായി ആഴ്ചയിൽ രണ്ടു ദിവസം ലിസി എന്ന ചേച്ചി  സഹായങ്ങൾക്കായി വന്നു പോകുന്നുണ്ട്. 

അമ്മമ്മയുടെ കാലും കൈയും  പാടില്ലാതെ ആയതോടെ അത്യാവശ്യം കറികൾ കൂടി ചേച്ചി വച്ചു കൊടുക്കുന്നുണ്ടത്രെ.

ഞങ്ങളെല്ലാവരും കൂടി ഉച്ച ഭക്ഷണം കഴിക്കുവാൻ ഇരുന്നു. മുതിർന്നവരുടെ വഴക്ക് പറച്ചിൽ സമ്മാനിച്ച വേദനകളും, വിഷമങ്ങളും എല്ലാം കുറച്ചൊക്കെ ഞാനും  നേഹയും മറന്നിരുന്നു. 

അപ്പുവിൻ്റെ മുഖത്ത് ഭയാശങ്കകൾ ഒഴിഞ്ഞിരുന്നില്ലെങ്കിലും, പ്രതീക്ഷകൾ കളിയാടുന്നത്  അപ്പോൾ കാണാമായിരുന്നു. 

രണ്ടുദിവസത്തിനകം  അമ്മ ശെൽവി എത്തുമെന്നും, കാര്യങ്ങൾ നന്നായി പര്യവസാനിക്കുമെന്ന പ്രതീക്ഷ. എല്ലാം ശരിയാകുമെന്ന ഉറച്ച വിശ്വാസത്തിൽ ഞങ്ങൾ ഇളയവർ അമ്മമ്മ നിർബന്ധിച്ച് ഇട്ടു തന്നുകൊണ്ടിരുന്ന കറികൾ ആസ്വദിച്ച് ഊണ് കഴിച്ചു.

അദ്ധ്യായം 7

കൂവൽ

വിഷമങ്ങൾ കുറെയൊക്കെ പതുക്കെ മാറി.  ഭക്ഷണം കഴിച്ച് കുറെ കഴിഞ്ഞ് ഞാനും, നേഹയും വീണ്ടും കളികളിൽ സജീവമായി.

ഇപ്പോൾ ഞങ്ങൾക്ക്  അപ്പുവിനെ കൂടി കൂട്ടിന് കിട്ടിയിരിക്കുന്നു. 

വീടും പരിസരവും പരിചിതമല്ലെങ്കിലും അപ്പു എല്ലാവരോടും പെട്ടെന്ന് ഇണങ്ങി. മുറികളാക്കെ കണ്ടു നടക്കുമ്പോൾ ഒറ്റനില വീടെങ്കിലും നല്ല സൗകര്യങ്ങളുണ്ടെന്ന് അപ്പു ഞങ്ങളോട് പറഞ്ഞു. 

കോതമംഗലത്ത് അമ്മമ്മയുടെ വീട്ടിൽ എനിക്കും, നേഹയ്ക്കും ധാരാളം കളിപ്പാട്ടങ്ങൾ ഉണ്ടായിരുന്നു. അപ്പ വിദേശത്തു നിന്നു കൊണ്ടുവന്ന കളിപ്പാട്ടങ്ങളിൽ കുറെ ഇവിടെയുണ്ട്. ഏറിയ പങ്കും അതാണെന്ന് പറയാം.

കുറെ ടോയ്സ് സൂക്ഷിച്ചിരിക്കുന്നത്  ഡ്രോയിങ് മുറി സെപറേഷൻ നടത്തിയ ഒരു ചെറിയ ഭാഗത്താണ്. അപ്പുവിനെയും കൂട്ടി അവിടെ ഇരുന്ന് ഞങ്ങൾ കളിക്കുവാൻ തുടങ്ങി. മടുത്തപ്പോൾ  അപ്പുവിന് കൂടി പ്രിയങ്കരമായ സാറ്റ് കളിയിലേക്ക് ഞങ്ങൾ മാറി. 

മുറികൾക്കുള്ളിൽ ഒളിച്ചും, കണ്ടുപിടിക്കാൻ നോക്കിയും, സാറ്റു വച്ചും കളി തുടർന്നു. വൈകുന്നേരം ഞങ്ങൾ മുററത്തേക്ക് ഇറങ്ങി. സൈക്കിൾ ചവിട്ട്, പന്തുകളി ഇവകളിൽ ഒക്കെ സജീവമായി ഏർപ്പെട്ടു.

വെയിലാറിയതിനാൽ കുറച്ചു സമയം മുൻവശത്തെ തോട്ടിലെ മീനുകളെയും, വെള്ളം ഒഴുകുന്നതും കണ്ടിരിക്കാൻ തോന്നി. അമ്മയും അമ്മാമ്മയും കാണാതെ പതുക്കെ ഗേററു തുറന്ന് തോട്ടുവക്കത്തു പോയി നിന്നു.

വെള്ളം കുറഞെങ്കിലും തോട്ടിൽ ചെറിയ ഒഴുക്കുണ്ട്. പരൽ മീനുകൾ വെള്ളത്തിനെതിരെ കൂട്ടമായി പോകുന്നത് കണ്ടു നിൽക്കാൻ രസമാണ്.

ഒരു കുളക്കോഴി വെള്ളത്തിലൂടെ നീന്തി നടക്കുന്നുണ്ട്. തോടിൻ്റെ അപ്പുറം  ബൈപാസ് റോഡാണ്. 

വൈകുന്നേരമായതിനാൽ വണ്ടികൾ മാത്രമല്ല, നടപ്പുകാരുമുണ്ട്. തോട്ടിൽ വെള്ളത്തിൽ പെട്ടെന്നൊരു തിരയിളക്കം. ഞങ്ങളൊന്ന് പകച്ചു. തോട്ടിറമ്പ് കെട്ടിയിട്ടുള്ളതല്ല. ഞാൻ പറഞ്ഞു.

'പാമ്പാകും. നമുക്ക് പോകാം.'

അപ്പു വീടിൻ്റെ പിറകുവശത്തുള്ള കൂട്ടുകാരെ പരിചയപ്പെട്ടിട്ടില്ലായിരുന്നു.  ജാക്കിയെന്ന ഞങ്ങളുടെ ഏറെ ഇഷ്ട്ടക്കാരനായ പട്ടിയുണ്ട്. മൂന്ന് കോഴിപ്പിടകളുടെ കൂടും പിൻവശത്താണ്. 

ഒരു തത്തയും  അമ്മമ്മയുടെ വീട്ടിൽ ഉണ്ട്. അതുപോലെ തന്നെയാണ് ചക്കിയെന്ന വല്ലപ്പോഴും വന്നു പോകുന്ന വെളുമ്പി പൂച്ച. ഇവരെല്ലാം ആണ് കോതമംഗലത്തെ എൻ്റെയും,  നേഹയുടെയും  കൂട്ടുകാർ. 

ആദ്യം തന്നെ കൂട്ടിൽ ഉണ്ടായിരുന്ന  ജാക്കിയെന്ന പട്ടിയെ, ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിനെ അപ്പുവിന് പരിചയപ്പെടുത്തി. ജാക്കി രണ്ടു വയസു കഴിഞ്ഞ  ബ്രൗൺ നിറമുള്ള  പട്ടിയാണ്. 

കൈകാലുകൾക്ക് ഉയരം കുറഞ്ഞ, രോമത്തിന് ഒട്ടും തന്നെ നീളമില്ലാത്ത, നീണ്ടതെങ്കിലും തളർന്ന ചെവികളും, കുറുകിയ വാലുമുള്ള കരുത്തനാണ് അവൻ. അവൻ്റെ കുര കേട്ടാൽ മതി ആരും പേടിച്ചു പോകും. 

പാമ്പിനെയും, തേളിനെയും, കീരിയേയും ഒക്കെ കണ്ടാൽ കൊന്നേ അടങ്ങു. കോഴി അവൻ്റെ ദൗർബല്യമാണ്. കഴിഞ്ഞ രണ്ടു വർഷമായി ഞങ്ങളെ കണ്ടാൽ ഉടനെ വാലാട്ടി തുടങ്ങുന്ന, സ്നേഹ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന ഈ ജാക്കി ഞങ്ങളുടെ ഉറ്റ ചങ്ങാതിയാണ്.  

ഒരിക്കൽ അമ്മ ചോദിച്ചപ്പോൾ ഞങ്ങൾ പറഞ്ഞത് എല്ലാവരെക്കാളും ഞങ്ങൾക്കിഷ്ടം ജാക്കിയെ ആണെന്നാണ്. 

ജാക്കിയെ കാക്കനാട്ടേക്ക് കൊണ്ടുപോകാൻ പക്ഷെ അമ്മക്ക് താൽപ്പര്യമില്ല. ജാക്കി അപ്പുവുമായി വേഗം ഇണങ്ങുമെന്ന് അവൻ്റെ വാലാട്ടും, സ്നേഹ ശബ്ദങ്ങളും കാണിച്ചു. 

എന്നാൽ, രണ്ടുമൂന്ന് കഷണം കപ്പ വറുത്തതും, റസ്കും എടുത്തിരുന്നത് അപ്പു കൊടുത്തു എങ്കിലും അവൻ ഒന്നും കമ്മി എടുത്ത് കഴിച്ചില്ല. വീടിൻ്റെ പിറകുവശത്തെ പറമ്പിലെ ചാമ്പ മരത്തിൽ ഞാൻ  ജാക്കിയെ  കൊണ്ടുപോയി കെട്ടിയിട്ടു. 

മൂത്രമൊഴിക്കുവാനും, അപ്പി ഇടുന്നതിനും വൈകിട്ട്  അവിടെയാണ് അവനെ കെട്ടിയിടുക. കോതമംഗലത്ത് ഉള്ളപ്പോൾ ആ ഡ്യൂട്ടി ഞങ്ങളുടേതാണ്.

ഇപ്പോൾ കോഴിക്കൂട്ടിലുള്ളത് മൂന്ന് പിടക്കോഴികൾ ആണ്. അമ്മമ്മ ആരും ഇല്ലാത്തപ്പോൾ അവരോട് സ്നേഹം കൂടി സംസാരിക്കുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്.  കറുപ്പ് നിറം ഉള്ളത് കറമ്പി, ചുവപ്പു നിറമുള്ളത് സുന്ദരി, വെളുപ്പ് നിറമുള്ളത് മദാമ്മ അങ്ങനെയാണ് അവരെ അമ്മമ്മ വിളിക്കുക. 

കൂട്ടിന് പുറത്തേക്ക് അവരെ അപൂർവമായെ ഇറക്കാറൊള്ളു. ഇറക്കിയാൽ പിന്നെ സന്ധ്യയായാലും കൂട്ടിൽ കേറില്ല. ചികഞ്ഞു ചികഞ്ഞങ്ങനെ നടക്കും. അവസാനം അമ്മമ്മ കൂടി വന്ന് ഒച്ചവച്ചാലേ കൂട്ടീക്കേറു.

ഞങ്ങൾ ഉള്ള ദിവസം ആണെങ്കിൽ 'ഇന്ന് രണ്ട് മൊട്ട വേണോട്ടൊ ' എന്നൊക്കെ അമ്മമ്മ പറയുന്നത്  പലപ്പോഴും ഒളിഞ്ഞു നിന്ന് കേട്ടിട്ടുണ്ട്. അങ്ങനെ പറയുന്ന ദിവസം അമ്മമ്മക്ക് രണ്ട് മുട്ട കിട്ടിയിരിക്കും. 

അപ്പു  ചേട്ടൻ ആണ് കൂട്ടിലെ മുട്ടകൾ കാണിച്ചു തന്നത്. കൂടു തുറന്ന് ഞാനവ എടുത്തു. മൂന്നെണ്ണം ഉണ്ടായിരുന്നു. 

‘നമ്മൾ  മൂന്നു കുട്ടികൾ ഉള്ളതുകൊണ്ട് ഇന്ന് രാവിലെ മൂന്നെണ്ണം വേണമെന്ന് അമ്മമ്മ പറഞ്ഞിരിക്കാം.’ 

നേഹ പറഞ്ഞു. മുട്ട  കിച്ചണിൽ  കൊണ്ടുപോയി അമ്മമ്മക്ക് കൊടുത്തു. 

അപ്പുവിനെ കണ്ട് കോഴികൾ മൂവരും കൊക്കിക്കൊണ്ടിരുന്നു. അവിടെ തന്നെ ഒരു തത്തക്കൂടും അതിൽ ഒരു തത്തമ്മയും ഉണ്ട്. തത്തമ്മക്ക് പ്രത്യേകിച്ച് പേരൊന്നും  ഇല്ല. 

എന്നാലും 'തത്തമ്മേ പൂച്ച പൂച്ച' എന്ന്  പറയുമ്പോഴൊക്കെ ഞങ്ങളെ നോക്കി ശബ്ദം കേൾപ്പിക്കും. ജാക്കിയെ അഴിച്ച് കൂട്ടിലേക്ക് തന്നെ കയറ്റിവിട്ടു.

ഞങ്ങൾ മൂന്നുപേരും കയ്യും, കാലും, മുഖമൊക്കെ കഴുകി  വീട്ടിനുള്ളിലേക്ക് കയറി. നേഹ കൊച്ചു ടിവി വെച്ചു. പിന്നെ, കുറച്ചു നേരം ഞങ്ങൾ വാർത്ത ചാനലുകൾ കണ്ടിരുന്നു. 

പ്രാർത്ഥനക്കു ശേഷം ഭക്ഷണം കഴിക്കുമ്പോൾ ബെന്നി ചാച്ചൻ ഇല്ലായിരുന്നു. പുറത്തെവിടെയോ പോയിരിക്കുകയാണ്. കൂട്ടുകാരെ കാണാൻ ആണെന്നാണ് പറഞ്ഞത്. 

ഞാനും അപ്പുവും ഊണ് കഴിച്ചു. നേഹക്ക് ചോറു വേണ്ട. അവൾക്ക് ഇഷ്ടമുള്ള പൂരി തന്നെ അമ്മമ്മ ഉണ്ടാക്കിയിരുന്നു. ഭക്ഷണശേഷം ഞങ്ങൾ മുറിയിൽ പോയി. 

ഞാൻ ബഹിരാകാശ യാത്ര സംബന്ധിച്ച് ബ്ലാക്ക് ബോർഡിൽ ചിത്ര സഹിതം അപ്പുവിനും, നേഹക്കും ക്ലാസ് എടുത്തു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ നേഹ റോബോർട്ടുകളെ വരച്ചു. അപ്പു കടലാസിലെ  റോബോർട്ട് രൂപങ്ങൾ കത്രിക കൊണ്ട് കട്ട് ചെയ്ത് കൊടുത്തു. 

റോബോർട്ടുകൾ അമ്മമ്മയെ വീട്ടുജോലികളിൽ സഹായിക്കുവാനുള്ളതാണ് എന്നാണ് വയ്പ്പ്. ഒരോ റോബോർട്ടിനെ കൊടുക്കുമ്പോഴും അമ്മമ്മ പ്രതിഫലമായി ഞങ്ങളുടെ കാശു കുടുക്കയിൽ നോട്ട് നിക്ഷേപിക്കുന്ന പതിവുണ്ട്.  അമ്മ വന്നു.

'നേതനും, നേഹയും ഈ കട്ടിലിൽ കിടന്നോ. അപ്പു ആ കട്ടിലിൽ. നേഹ എൻ്റെ കൂടെ വരുന്നോ?'.

അമ്മ. 

'ഇല്ല'. 

നേഹ.

read more: https://emalayalee.com/writer/294

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക