Image

കുന്നായ്മ (കവിത: രാജു തോമസ്)

Published on 30 May, 2024
കുന്നായ്മ (കവിത: രാജു തോമസ്)

ആവുന്നീലിപ്പോളൊട്ടു
കുശലം പറയുവാൻ--
ഹൃദയം തുറന്നാകി-
ലറിയാതെന്തൊക്കെയോ
വീണു നഷ്`ടമായ്‌പോ-
മെന്നുതാനെന്തേ ഭയം?

പരദൂഷണം സുഖം.
നാവാൽ മറ്റുള്ളോരെ
രസിച്ചു കുത്താം, വെട്ടാം,
നന്മയും വിജയവും
ബുദ്ധിയും തനിക്കെന്നൊ-
രാത്മവിശ്വാസത്താലെ.

ഏറെയായ് കുറ്റബോധം,
ഖേദങ്ങൾ, പാഴായ്`പോയ
വേലകൾ, കണക്കുകൾ.
ചലവും കണ്ണീരുമാ-
ണുള്ളീലാകെയു,മെന്നാ-
ലാവില്ല കാട്ടാനവ.

ഞാനിങ്ങനെങ്ങനായി,
എന്തിനാ,യെന്നുമൊന്നു
തിരയാൻ നില്‌ക്കാതെന്നു-
മേറുന്നു തിമിർപ്പോടെ
ഞാനുമീ കൊടൂംകാട്ടിൽ--
മദഹിസ്രകം വാഴ്‌ക!

ആവില്ലാരെയുമെൻ
വീട്ടിലേക്കാനയിക്കാൻ;
ചിതറിക്കിടക്കയാ-
ണസ്ഥിഖണ്ഡങ്ങളെങ്ങും,
പണ്ഡങ്ങൾ, വിലക്ഷണ-
മെൻ വിരൽമുദ്രയോടെ.

ആകെയാൽ, കോലായിലോ,
മുന്നിലെ പടിയിലോ,
നിങ്ങൾ വന്നൊരാ കാറിൽ-
ത്തന്നെയോ ഇരുന്നൽപം
സൊറയും കുന്നായ്`മയും
ചൊല്ലി നാം പിരിയുക!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക