Image

നരഭോജികൾ വീണ്ടും, കിഡ്‌നി മാഫിയയെ പൊളിച്ചടുക്കി പുരസ്കാരം നേടി, പക്ഷെ (കുര്യൻ പാമ്പാടി)

Published on 01 June, 2024
നരഭോജികൾ വീണ്ടും, കിഡ്‌നി മാഫിയയെ പൊളിച്ചടുക്കി പുരസ്കാരം നേടി, പക്ഷെ (കുര്യൻ പാമ്പാടി)

മലയാളികളെ പ്രത്യേകിച്ചു  നിർധനരായ സ്ത്രീജനങ്ങളെ ലക്ഷങ്ങളുടെ  മോഹവലയത്തിൽ കുടുക്കി വൃക്കകൾ ചൂഴ്ന്നു  മാറ്റി നിരാധാരരാക്കുന്ന ഗൂഢസംഘങ്ങളെക്കുറിച്ചുള്ള റിപ്പോർ ട്ടുകൾ ഒരിക്കൽ കൂടി കേരളീയ മന:സാക്ഷിയെ  പിടിച്ച്‌ കുലുക്കുമ്പോൾ ചരിത്രം ആവർത്തിക്കുകയാണ്.

ഇന്ത്യമുഴുവൻ നീരാളിപിടുത്തത്തിലാക്കിയ അത്തരമൊരു റാക്കറ്റിനെപറ്റി 37 വർഷം മുമ്പ് വിശദപഠനം നടത്തിയെ ഴുതിയ 'നരഭോജികൾ' എന്ന ലേഖന പരമ്പരക്ക് ഏറ്റവും മികച്ച റിപ്പോർട്ടിങ്ങിനുള്ള കേരള ഗവർമെന്റിന്റെ 1987 ലെ പുരസ്കാരം  മുഖ്യമന്ത്രി ഇകെ  നായനാരിൽനിന്നു സ്വീകരിച്ച ആളാണ്‌ ഞാൻ.

അവയവ റാക്കറ്റിന്റെ കണ്ണി-അറസ്റ്റിലായ എറണാകുളം എടത്തല സ്വദേശി സജിത്

മൂന്നു തവണയായി പത്തു വർഷം, 11 മാസം, 22 ദിവസം ഭരിച്ചു റിക്കാർഡ് നേടിയ നായനാരുടെ മരണശേഷം 2004  നവംബർ 27നു കണ്ണൂരിലെ കല്യാശേരിയിൽ പോയി സഖാവും ഞാനും ഒന്നിച്ച് നിൽക്കുന്ന ചിത്രം കാണിച്ച് ബോധ്യപ്പെടുത്തി ശാരദ ടീച്ചറിൽ  നിന്ന് കുടുംബത്തിന് മുഴുവൻ ചായയും പലഹാരവും നേടിയെടുക്കാനും എനിക്കു സാധിച്ചു.  

ആവീട്ടിലെത്തുമ്പോൾ റോഡിനു തൊട്ടെതിർവശമുള്ള ചെറിയ ക്ഷേത്രത്തിൽ,നിന്ന് ' വെങ്കടേശ്വര    സുപ്രഭാതം'  പോലുള്ള കീത്തനങ്ങൾ ഒഴുകി വരുന്നു. ടീച്ചറുടെ സംസാരം കേൾക്കാൻ ബുധ്ധിമുട്ടിയപ്പോൾ  "മുഖ്യമന്ത്രിയുടെ വീടല്ലേ, അവരോട്  ഇതൊക്കെ നിർത്താൻ  പറഞ്ഞുകൂടേ?" എന്നു ഞാൻ ചോദിച്ചു. "ഒരിക്കലും പാടില്ല. ഞാൻ ഇതു പറയുമ്പോഴൊക്കെ 'മതവികാരങ്ങൾ  വൃണപ്പെടുത്തിക്കൂടാ ശാരദേ'   എന്ന് സഖാവു  പറയുമായിരുന്നു."

കരുണാകരൻ മന്ത്രിസഭയുടെ കാലത്താണ് പത്തു ലക്കങ്ങളിലായി ലേഖനം മലയാള മനോരമയിൽ വന്നത്. സമ്മാനം തന്നത്  രണ്ടാം നായനാർ മന്ത്രിസഭയുടെ കാലത്തും. നിയമ സഭയിൽ ലേഖനപരമ്പര ഉയർത്തിക്കാട്ടി പ്രതിപക്ഷ മെമ്പർമാർ ഒച്ചപ്പാടുണ്ടാക്കിയപ്പോൾ ആരോഗ്യമന്ത്രി കെ പി രാമചന്ദ്രൻ  നായർ വിശദീകരണവുമായി എണീറ്റു:

പരമ്പരയുടെ അവസാനഖണ്ഡത്തിൽ നിർദ്ദേശിച്ചതുപോലെ മൃതശരീങ്ങളിൽ നിന്ന് കണ്ണ്, വൃക്ക, കരൾ തുടങ്ങിയ അവയവങ്ങൾ ശേഖരിച്ച് രോഗികൾക്ക് നൽകാനുള്ള ബൃഹദ് പദ്ധതി ഗവർമെന്റ് ആവിഷ്‌ക്കരിക്കുന്നതാണെന്നു അദ്ദേഹം മറുപടി നൽകി. അവയവങ്ങൾ നീതിപൂർവം ആവശ്യക്കാർക്ക് നൽകുന്നതിന് മെഡിക്കൽ കോളേജുകളിൽ വിദഗ്ദ്ധ  സമിതികൾ രൂപവൽക്കരിക്കുന്നതാണ്.

എന്തോ ചിലതൊക്കെ നടന്നു. അമേരിക്കയിലും യൂറോപ്പിലെ പല പരിഷ്കൃത രാജ്യങ്ങളിലും റോഡപകങ്ങളിൽ മരിക്കുന്നവരുടെ അവയവങ്ങൾ ശേഖരിച്ച് വിതരണം ചെയ്യന്ന രീതിയുണ്ട്. അമേരിക്കയിൽ പോലീസ് ഹെലികോപ്റ്ററിൽ തന്നെ അവ എത്തിക്കാൻ ഏർപ്പാടുണ്ട്. പക്ഷെ ഇവിടെയോ?

ഇറാനിലെ ടെഹ്‌റാനിൽ  വൃക്ക വാങ്ങാൻ കാത്തുകിടക്കുന്ന രോഗി-ചിത്രം എഎഫ്‌പി

എന്താണ് 2024 ലെ സ്ഥിതി? രോഗികൾ കാത്തുകെട്ടി കിടക്കുന്നു. അവർക്കു ആവശ്യത്തിന് അവയവങ്ങൾ കിട്ടുന്നില്ല. പണം മോഹിച്ച് നൽകാൻ തയ്യാറുള്ള പാവപ്പെട്ടവർ  ഇറാനിലും ശ്രീലങ്കയിലും (പണ്ട് ഹോങ്കോങ്കിലും ഉണ്ടായിരുന്നു ഈ ഗൂഢസംഘം)  മറ്റും അഭയം തേടുന്നു. സർക്കാരിന്റെ കണ്ണ് വെട്ടിച്ച് അവരെ കുരുക്കിലാക്കാൻ  അവയവ മാഫിയ വലവിരിക്കുന്നു.  ഇത്തരം സംഘങ്ങൾ അന്താരാഷ്ട്ര  തലത്തിൽ പ്രവർത്തിക്കുന്നുവെന്ന് പലതവണ തെളിഞ്ഞിട്ടുള്ളതാണ്.

എന്റെ പരമ്പര  വന്നു ഒരു മാസത്തിനുള്ളിൽ ഹോങ്കോങ്ങിലെ 'സൗത്ത് ചൈന മോർണിംഗ് പോസ്റ്റ്'  എന്ന ഇംഗ്ലീഷ് പത്രത്തിൽനിന്ന് വിളി വന്നു. "ഇവിടെയും ആ റാക്കറ്റ് ഉണ്ട്. താങ്കളുടെ ലേഖനത്തിന്റെ പരിഭാഷയും  ചിത്രങ്ങളും അയച്ചു തരുമോ?" ഒരു സ്ത്രീശബ്ദം ചോദിച്ചു. മനോരമക്കും അഭിമാനം പകർന്ന വിളി. അയച്ചുകൊടുത്തു.  

പാക്ക്  പഞ്ചാബിൽ വൃക്ക വിറ്റ ആൾ  തുന്നികെട്ടിയ മുറിവ് കാട്ടുന്നു-എഎഫ്‌പി

കേരളത്തിൽ അവയവ ശസ്ത്രക്രിയ നിയന്ത്രിക്കാൻ ഗവർമെന്റ് രൂപീകരിച്ച കെഎൻഒഎസ്  (കേരള നെറ്റ്വർക് ഓഫ് ഓർഗൻ ഷെയർ) എന്ന സംഘടനയുണ്ട്. അവരുടെ 'മൃതസഞ്ജീവനി' പദ്ധതിയിൽ വൃക്ക, കരൾ, ഹൃദയം എന്നിവയ്ക്കായി രജിസ്റ്റർ ചെയ്തു  കാത്തിരിക്കുന്നവർ 2265 പേരുണ്ട്. അവയവ ദാനികളുടെ എണ്ണം കുറയുന്നതിനാൽ ജീവൻ നിലനിർത്താൻ അന്യ അവയവം കൂടിയ തീരു എന്ന സ്‌ഥിലിയിലാകുന്നവർ  ഇടനിലക്കാരുടെ പിന്നാലെ പായുന്നു.

തമിഴ് നാട്ടിൽ പലയിടത്തും അവയവ ദാനം ഒരു പാക്കേജാണ്‌. 20 ലക്ഷം മുതൽ 25  ലക്ഷം വരെ നൽകിയാൽ ദാതാവിനെയടക്കം ആശുപതികൾ സജ്ജീകരിക്കും. കേരളത്തിൽ ശസ്ത്രക്രിയകൾ കുറഞ്ഞതോടെ അത്യാവശ്യക്കാർ തമിഴ്‌നാട്‌  ആശുപത്രികളിൽ അഭയം തേടുന്നു എന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ.

വൃക്ക നൽകി കബളിപ്പിക്കപ്പെട്ട സ്ത്രീയുമായി അഭിമുഖം: ഏഷ്യാനെറ്റിലെ  ജോഷികുര്യൻ

കൊല്ലത്ത് ഉളിയക്കോവിലിൽ താമസിക്കുന്ന രാജു എന്ന ചെറുപ്പക്കാരനിൽ നിന്നാണ്   1986ലെ നരഭോജികളുടെ കഥ ആരംഭിക്കുന്നത്. വീട്ടിൽ നിന്ന് പുറപ്പെട്ടു പോയി ബോംബെയിലെ ഒരു ഇറാനിയുടെ ഹോട്ടലിൽ പണിയെടുത്തിരുന്ന അയാൾ, വർഷങ്ങൾ കഴിഞ്ഞു കീശനിരയെ പണവുമായി തിരികെ എത്തുന്നു. ആരെയെകിലും കൊന്നിട്ട് വന്നാതാണോ എന്ന് ബന്ധുക്കൾക്ക് സംശയം.

കഥകൾ മാറ്റിമാറ്റിപ്പറഞ്ഞ അയാളെ അവർ ബലമായി തിരുവന്തപുരത്തു  ഗവ. ആശുപതിയിൽ ഹാജരാരാക്കി. ഡോക്ടർമാരുടെ പരിശാധനയിൽ അയാളുടെ വയറിനു ഇടതു വശത്ത് നീണ്ട മുറിവ് തുന്നികെട്ടിയ പാടു കണ്ടെത്തി. എക്‌സ്റേയിൽ അയാളുടെ ഒരു വൃക്ക നഷ്ട്ടപെട്ടിരിക്കുന്നതായും വെളിപ്പെട്ടു.

അയാളെ കൊല്ലത്തെ  തെരുവോരങ്ങളിൽ തിരഞ്ഞു കണ്ടു പിടിച്ചു. പണമെല്ലാം തീർന്നപ്പോൾ ലോട്ടറികച്ചവടം നടത്തി ജീവിക്കുകയാണ്. അനുനയിപ്പിച്ചപ്പോൾ അയാൾ എല്ലാം തുറന്നു പറഞ്ഞു. ബോംബേ  ഹോട്ടലിൽ വയറു വേദനയുമായി ഇരിക്കുമ്പോൾ  അവിടെ സ്ഥിരം വരുന്ന ഒരാൾ സഹായിക്കാമെന്ന് ഏറ്റു. പേര് ഗോവിന്ദ്.

ഗോവിന്ദ്  വലിയൊരു ആശുപത്രിയിലേക്കു കൂട്ടിക്കൊണ്ടു  പോയി.  നിരവധി  ലാബ് പരിശോധനകൾക്കൊ   ടുവിൽ ശസ്ത്രക്രിയ. ഗോവിന്ദ് എന്നും ഓറഞ്ചും ആപ്പിളും വാങ്ങിക്കൊണ്ടുവന്നു സൽക്കരിക്കുമായിരുന്നു. മുറിവ് ഉണങ്ങിയപ്പോൾ തിരുവനന്തപുരത്തേക്കുള്ള  വിമാന ടിക്കറ്റും അയ്യായിരം രൂപയും നൽകി യാത്രയാക്കി.  

കിഡ്‌നി തട്ടിപ്പ്  റിപ്പോർട്ടിന് കേരളം ആദരിച്ച ലേഖകനും കുടുംബവും പുരസ്കാരവും

രാജുവിന്റെ പക്കൽ സൂക്ഷിച്ചിരുന്ന ഒട്ടേറെ ലാബ് സർട്ടിഫിക്കറ്റുകളുടെ കോപ്പികളിൽ ഒന്നിൽ വലതു മുകളിലായി ഗോവിന്ദ് എന്ന് രേഖപ്പെടുത്തിയിരുന്നു. രോഗിയെ പരിശോധനക്കു റഫർ ചെയ്ത ഡോക്റ്ററുടെ പേരും കിട്ടി-ദേവദാസ് ഗാന്ധി. അനേഷണം ബോംബെയിലേക്ക് നീട്ടിയാലേ  മാഫിയയുടെ ചുരുളുകൾ ഒന്നൊയി  അഴിക്കാൻ സാധിക്കൂ എന്നുറപ്പായി.

കോട്ടയം മെഡിക്കൽ കോളജിലെ നെഫ്രോളജിസ്റ് (വൃക്കരോഗ വിദഗ്ദ്ധൻ) കാശി വിശ്വേശരനെ കണ്ടു. വൃക്കരോഗം എന്താണെന്നും അത് താൽക്കാലികമായി മറികടക്കാനുള്ള ഡയാലിസിസും (യന്ത്രം മുഖേന രക്തം ശുദ്ധീകരിക്കുക)) ആത്യന്തികമായി വൃക്ക മാറ്റിവയ്‌ക്കേണ്ടതിന്റെ പ്രാധാന്യവും എന്താണെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു.  

അദ്ദേഹത്തോടൊപ്പം  മധുരയിൽ ആയിടെ നടന്ന ഒരു ദേശീയ നെഫ്രോളജി സമ്മേളത്തിൽ പങ്കെടുത്തു. അവിടെ പ്രബന്ധം അവതരിപ്പിച്ചവരിൽ ഒരു പ്രമുഖന്റെ പേര് ഗാന്ധി എന്നാണെന്നറിഞ്ഞപ്പോൾ ഞെട്ടലുണ്ടായി. അവയവ റാക്കറ്റിലെ മുഖ്യ പ്രതികളിൽ ഒരാൾ അയാളല്ലേ?  

 ആദ്യം പോയത് വെല്ലൂർ  മെഡിക്കൽ കോളജിലേക്കാണ്. അവിടെ ബന്ധുക്കളിൽ നിന്നു മാത്രമേ  കിഡ്‌നി സ്വീകരിക്കൂ എന്നായിരുന്നു പ്രമാണം. പക്ഷെ ആരെയും  ബന്ധുവാക്കാൻ ഏതു റാക്കറ്റിനും കഴിയുമെന്ന് വ്യക്തമായി. അവിടെ ശസ്ത്രക്രിയ കാത്തു കിടക്കുന്നവരെയും അത് കഴിഞ്ഞു വിശ്രമിക്കുന്നവരെയും താമസിപ്പിക്കുന്ന ഒരു 'കിഡ്‌നി കോളനി' തന്നെ കണ്ടു.

ആശുപത്രി ഗേറ്റിനു മുമ്പിൽ രോഗികൾക്കും കൂട്ടു കിടപ്പുക്കാർക്കും കരിക്കു വിൽക്കുന്ന ഒരു സംഘം ഉണ്ടായിരുന്നു. അവരിൽ പെട്ട ആളാണ്‌ റാക്കറ്റിന്റെ  സൂത്രധാരൻ എന്ന് തൊട്ടു പിന്നിൽ ഹോട്ടൽ നടത്തുന്ന മലയാളി സ്വകാര്യമായി പറഞ്ഞു തന്നു. ആൾ സൂത്രക്കാനാണ്. പലതവണ ശ്രമിച്ചാലേ പിടി തരൂ.

പുരസ്കാരം സമ്മാനിച്ച മുഖ്യമന്ത്രി ഇകെ  നായനാർ, പത്നി ശാരദ ടീച്ചർ

ഒടുവിൽ ഇടനിലക്കാരൻ ശെൽവൻ പ്രത്യക്ഷപെട്ടു. കിഡ്‌നി ദാതാക്കളെ കണ്ടെത്താനായി ഉൾഗ്രാമങ്ങളിൽ പോയി വന്നതാണ്. ഓ പോസിറ്റീവ് രക്തമുള്ള ഗൾഫിലെ  ബന്ധുവിന് മാറ്റിവയ്ക്കാൻ അടിയന്തിരമായി  വൃക്ക വേണമെന്നും പണം പ്രശ്‌നമല്ലെന്നും പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോൾ അയാൾ അയഞ്ഞു.  ആശുപത്രിക്കു സമീപമുള്ള വീട്ടിലേക്കു ഊണിനു ക്ഷണിച്ചു. അവിടെ വച്ച് കരാർ ഉറപ്പിക്കാം.

മീൻ കുഴമ്പും ചീരത്തോരനും  കൂട്ടിയുള്ള ഊണ് ശെൽവന്റെ പെണ്ടാട്ടി സ്നേഹപൂർവം വിളമ്പി. നല്ലൊരു കിഡ്നിക്ക് ഒരുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. (37 വർഷം മുമ്പാണെന്നു ഓർക്കുക) നാലിലൊന്നു അഡ്വാൻസ് ചെയ്യണം. തർക്കിച്ചു റേറ്റ് 75,000 ആയി കുറപ്പിച്ചു. അയാൾ എന്റെ നേർക്ക് ഒരു വിസിറ്റിങ്‌ കാർഡ് നീട്ടി. "കെ. ശെൽവൻ, കിഡ്‌നി ഏജന്റ്, നിയർ മെഡിക്കൽ കോളജ്,  വെല്ലൂർ.  ഇടതു താഴെ എസ്‌എസ്‌സി നമ്പറും വലത്ത് താഴെ ലാൻഡ്‌ലൈൻ നമ്പരും. ഫോൺ കണക്ഷൻ കിട്ടാനായി എസ്‌എസ്‌ഐ (സ്‌മോൾ സ്കെയിൽ ഇന്ഡസ്ട്രി) യായി  റജിസ്റ്റർ ചെയ്തതാണ്.

പിറ്റേന്നു അഡ്വാൻസുമായി എത്താമെന്ന് ഇറപ്പു പറഞ്ഞു അവിടെനിന്നു തടി തപ്പി.

അടുത്തതായി ഹൈദ്രബാദ്‌. അവിടെ ജൈനമതക്കാരുടെ മഹാവീർ  ആശുപത്രിയിൽ കിഡ്‌നി മാറ്റിവയ്ക്കുന്നുണ്ടെന്നും വെല്ലൂ രിലേതു പോലെ പോലെ ബന്ധുവിന്റെ കിഡ്‌നി എന്ന് നിർബന്ധമില്ലെന്നും കേട്ടിരുന്നു. എല്ലാറ്റിനും രസീത് നൽകി ചിട്ടയായി നടത്തുന്ന സ്ഥാപനമാണ്.  ഒടുവിൽ ഡോക്ടർ അമർനാഥിനെ തന്നെ കണ്ടു.  ഗൾഫ് രോഗിയുടെ കഥ ആവർത്തിച്ചു. പക്ഷെ...

"ഡോക്ടർ, സർജറിയുടെ തലേദിവസം രോഗിയുടെ പക്കൽ നിന്നു താങ്കൾ  നല്ലൊരു തുക വാങ്ങുന്നുണ്ടെന്നും അതിനു രസീത് നൽകുന്നില്ലെന്നും കേൾക്കുന്നല്ലോ. എന്റെ ആളിന് കമ്പനിയിൽ നിന്ന് റിഇമ്പേഴ്സ് മെന്റ് കിട്ടേണ്ടതാണ്. എല്ലാറ്റിനും രസീത് കൂടിയേ തീരു"

ഓപ്പറേഷന് തലേന്ന് രസീത് ഇല്ലാതെ പണം വസൂലാക്കുന്നുവെന്നു പറഞ്ഞ താമസം ഡോക്ടറുടെ മുഖം ചുവന്നു, സംസാരം നിർത്തി. അയാൾ വിറച്ചുകൊണ്ട് ആക്രോശിച്ചു. "നിങ്ങൾ പറയുന്നത് കള്ളമല്ലേ?  നിങ്ങൾ ഇൻകം ടാക്സിൽ നിന്നല്ലേ? അതോ സിബിഐയിൽ നിന്നോ? ''എന്ന് പറഞ്ഞു കൊണ്ട്  അദ്ദേഹം തുടരെ ബെല്ലടിച്ചു. "സംസാരം ഇനിയില്ല. നിങ്ങൾക്കു പോകാം," യൂണിഫോം ധരിച്ച ഒരു സെക്ച്യുരിറ്റിക്കാരൻ വന്നു  എന്നെ പുറത്തേക്കു കൂട്ടിക്കൊണ്ടു പോയി.

ബോംബെയുടെ ഇരുളടഞ്ഞ ഗലികളിൽ ആണ് അടുത്ത അന്വേഷണം.  ഗോവിന്ദ് പതിവായി വരുന്ന  നായേഴ്സ് മെഡിക്കൽ കോളജിന്റെ പരിസരത്തു തമ്പടിച്ച്  നടത്തിയ അന്വേഷണം പലദിവസം നീണ്ടു. ഭാഗ്യത്തിനു ഗോവിന്ദിന്റെ നമ്പർ കിട്ടി. ഗൾഫ് രോഗിയുടെ കഥ അവർത്തിച്ച ശേഷം പറഞ്ഞു, ഒന്ന് കണ്ടാൽ കൊള്ളാം, എവിടെയാണ് താമസം? "കാണാൻ പറ്റില്ല, അഡ്രസ് ഇല്ല" എന്നായിരുന്നു കർക്കശമായ മറുപടി.

വീണ്ടും സഹായം യാചിച്ചപ്പോൾ പിറ്റന്നാൾ  ആശുപതിക്കു മുമ്പിൽ വരും. കാത്തു നിന്നാൽ അവിടെ വച്ചു കാണാമെന്നു മറുപടി. അത്രയും രക്ഷയായി. ടെലസ്കോപ്പിക്ക് കാമറയുമായി ഒരു ഫോട്ടോഗ്രാഫറെ ദൂരെ ഒളിപ്പിച്ച് നിർത്തിയെങ്കിലും ഗോവിന്ദ് വന്നതേയില്ല. വീണ്ടും വിളിച്ചു. ഫോൺ എടുക്കുന്നതേയില്ല. ഏത ദിവസമാണ് അങ്ങിനെ കാത്തു നിൽക്കുക?  

അറബി സംസാരിക്കുന്ന ഗോവിന്ദിനെ അറിയാമെന്നും ആശുപത്രിയിൽ കിഡ്‌നി ശസ്ത്രക്രിയ ചെയ്യാൻ കിടത്തിയിരിക്കുന്ന യമനിൽ നിന്നുള്ള രോഗികൾക്ക് ഓറഞ്ചും ആപ്പിളുമായി പതിവായി വന്നു പോകാറുണ്ടെന്നും  ആശുപത്രിയുടെ മുമ്പിൽ കരിക്കു വിൽക്കുന്ന മലപ്പുറത്തെ അലിയാണ് അടക്കം പറഞ്ഞത്.

ഗൾഫിൽ പോകാൻ ഊഴം കാത്തിരിക്കുന്ന സാധു പയ്യൻ. വിദേശ കൂട്ടുകാരൻ സമ്മാനിച്ച ഒരു ചെറിയ കാമറയുമുണ്ട്. ഗോവിന്ദിന്റെ പടം എടുത്ത് ബോംബെ മനോരമ  ഓഫീസിൽ എത്തിച്ചാൽ നല്ല പ്രതിഫലം നൽകാമെന്നു പറഞ്ഞു അലിയെ വിശ്വസിപ്പിച്ച ശേഷം  കിട്ടിയ പടങ്ങളും വിവരങ്ങളുമായി ഞാൻ പിറ്റേന്നു  രാവിലെ വിമാനത്തിൽ കൊച്ചിയിലേക്ക് പറന്നു.

പരമ്പര തുടങ്ങുന്നതായി മനോരമയുടെ ഒന്നാം പേജിൽ അറിയിപ്പ് നൽകി. അറബി രോഗിക്ക് ഡയാലിസിസ് നടത്തുന്ന സുന്ദരിയായ മലയാളി നഴ്‌സിന്റെ ചിത്രമായിരുന്നു ഒപ്പം.  "ദേശാന്തര അവയവ മാഫിയയുടെ ഉദ്വേഗ ജനകമായ സചിത്ര കഥ നാളെ മുതൽ: നരഭോജികൾ."

പരമ്പര തുടങ്ങി എട്ടാം ദിവസം ബോംബേ ഓഫീസിൽ നിന്ന് വിളി വന്നു. അലി എന്നൊരു പയ്യൻ ഒരു റോൾ ഫിലിം ഏൽപ്പിച്ചുവെന്ന വിവരം പറയാൻ, വിശാസിക്കാൻ കഴിഞ്ഞില്ല. ആ പയ്യൻ പറഞ്ഞ പണി പറ്റിച്ചു! ഫിലിം കയ്യോടെ വിമാനത്തിൽ കൊച്ചിയിലെത്തിക്കാൻ ഏർപ്പാടാക്കി. അവിടെനിന്നു കാറിൽ കോട്ടയത്തേക്ക്.

ബ്ളാക് ആൻഡ് വൈറ്റ് റോളിൽ ഏഴെട്ടു പടങ്ങൾ ഉണ്ടായിരുന്നു. മിക്കവയും കൊള്ളില്ല. പലതും ഔട്ട് ഓഫ് ഫോക്കസ്. ചിലതു ബ്ളാങ്ക്.  ഒരെണ്ണത്തിൽ മാത്രം വരയൻ വട്ടക്കഴുത്തു ബനിയൻ ഇട്ട ഒരാളുടെ മുഖത്തിന്റെ പകുതി ഭാഗം തെളിഞ്ഞു കിട്ടി.രക്ഷപെട്ടു. " വില്ലൻ ഗോവിന്ദനെ കിട്ടി. ചിത്രം നാളെ " എന്ന് ഒന്നാം പേജിൽ തന്നെ അനൗൺസ്‌മെന്റ്. അലിക്ക് ബോംബേ ഓഫീസിൽ നിന്ന് ആയിരം രൂപ കൊടുക്കാൻ ഏർപ്പാടാക്കി.

വില്ലന്മാരുടെ വില്ലൻ, അറബി സംസാരിക്കുന്ന  ഇടനിലക്കാരൻ,  മലയാളിയുടെ കിഡ്‌നി വാങ്ങി യമനി രോഗി  ക്കു  വിറ്റ കശ് മലൻ ഗോവിന്ദ്. അയാളുടെ ചിത്രവുമായി അവസാനത്തെ ലക്കം ഇറങ്ങി. ടെലിവിഷൻ കാര്യമായി എത്താത്ത  കാലത്തു പരമ്പര ഹിറ്റ് ആയി. "ഇതിനു അവാർഡ് കിട്ടു"മെന്ന അസോഷ്യേറ്റ് എഡിറ്റർ തോമസ് ജേക്കബിന്റെ പ്രവചനം അച്ചട്ടായി.

മനോരമയെ ഇടതു നേതാക്കൾ കഠിനമായി വിമർശിക്കുന്ന കാലം. എഴുത്തുകാരനും സഹൃദയനുമായ നായനാർ പിന്നീട് മനോരമയിൽ ഒരു പംക്തി വരെ കൈകാര്യം ചെയ്തുവെന്നത് മറ്റൊരു പരമാർത്ഥം. അന്ന് അദ്ദേഹത്തിൽ നിന്ന് അവാർഡ് വാങ്ങുക എന്നത് വീണു കിട്ടിയ ഭാഗ്യം.
 
തിരുവനന്തപുരംപ്രസ് ക്ലബ്ബിൽ വച്ച് അവാർഡ് സമ്മാനിച്ചു കൊണ്ട് നായനാർ പറഞ്ഞു: "ഓനും ജേര്ണലിസ്റ് ആയിരുന്നെടോ. ഇപ്പോഴത്തെ ജേര്ണലിസ്റ്റുകളെല്ലാം അച്ചായന്മാർ പറയുന്നത് കേട്ട് പേന  ഉന്തുന്നവരല്ലേ?ഞങ്ങളൊന്നും അങ്ങിനെ ആയിരുന്നില്ല!"

അവാർഡ് സ്വീകരിച്ച ശേഷമുള്ള മറുപടിയിൽ "എന്റെ അനുഭവത്തിൽ ഒരു അച്ചായനും ഒരിക്കൽ പോലും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല"  എന്നു പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് തലയാട്ടി. എന്നിട്ടു കുടുംബാംഗങ്ങളോടൊപ്പം എൻറെകൂടെ ഫോട്ടോക്ക് പോസ് ചെയ്തു. ഏറ്റുമാനൂർ ഏഴര പൊന്നാനയിൽ ഒന്നിനെ കള്ളൻ കൊണ്ടുപോയപ്പോൾ "ഭഗവാനെന്തിനു പാറാവ്?" എന്ന് ചോദിച്ചു കേരളത്തെ  ചിരിപ്പിച്ച ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രി!

അവാർഡ് വാങ്ങി ആറു മാസം കഴിഞ്ഞപ്പോൾ ഒരു നട്ടപ്പാതിരായ്ക്കു  പെരുന്തൽമണ്ണയിൽ നിന്ന് ഒരു സംഘം ആളുകൾ ഒരു ജീപ്പിൽ എന്റെ വീട്ടിലെത്തി ബെല്ലടിച്ചു. മനോരമയിൽ പോയി ഗാന്ധി നഗറിൽ കുട്ടികളുടെ ആശുപത്രിക്കു എതിരെയുള്ള എന്റെ വീടിന്റെ വിലാസം വാങ്ങി വന്നതാണ്. ഗൾഫിലെ അവരുടെ ഒരു ബന്ധുവിന് ഒരു കിഡ്‌നി വേണം. നല്ല ഒരെണ്ണം. പണം പ്രശ്‌നമല്ല!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക