ആശുപത്രിയിൽ നിന്നും
അഞ്ചു നാൾ കൊണ്ട്
പുറത്താക്കപ്പെട്ടു.
പ്രവേശിപ്പിച്ച സ്ക്കൂളിൽ നിന്നും
പുറത്താകാൻ
പന്ത്രണ്ടു വർഷമെടുത്തു.
വീട്ടിൽ നിന്നും
പുറത്താകാൻ
ഇരുപതു വർഷം!
ഈ പ്രപഞ്ചത്തിൽ നിന്നും
പുറത്താകാൻ ഇനി
അധിക കാലമെടുക്കില്ലെന്നു
തോന്നുന്നു.
മിക്കപ്പോഴും
മനുഷ്യന്റെ ഭാഗധേയം അകത്തല്ല,
പുറത്ത്!
പുറത്തായ ഒരുവനെ
ഇനി എവിടെ പുറത്താക്കും ആവൊ?
തിരയും നുരയും അടങ്ങിയ
പുഴയിൽ മുഖം നോക്കുമ്പോൾ
ഞാൻ എന്നെ അകത്തും കാണാറുണ്ട്
പുറത്തും കാണാറുണ്ട്.
മറ്റു ചിലപ്പോൾ
അകത്തും കാണില്ല
പുറത്തും കാണില്ല
എവിടെ തിരഞ്ഞാലും
എന്നെ കണ്ടു കിട്ടാത്ത
ആ ദിവ്യമുഹൂർത്തത്തിൽ
ഒരു ചമൽക്കാരം സംഭവിക്കും:
മലകൾ വീണ്ടും മലകളാകും
പുഴകൾ വീണ്ടും പുഴകളാകും
നക്ഷത്രങ്ങൾ വീണ്ടും നക്ഷത്രങ്ങളാകും
ഞാൻ വെറും ഒരു ഞാനല്ല
വീണ്ടും സർവോസ്മിയാകും
ജനിമൃതിക്കപ്പുറമുള്ള സർവോസ്മി!
പ്രപഞ്ചത്തിന്റെ
സ്രഷ്ടാവ് ചോദിക്കും:
നിന്നെ കാണാൻ
കൊതിയാണെനിക്ക് ;
നീ എവിടെയാണ്?
ഞാൻ ഒളിച്ചിരുന്നതു
സ്രഷ്ടാവിന്റെ ഹൃദയത്തിന്റെ
കീഴറയിൽ! അത് അകത്തുമല്ല,
പുറത്തുമല്ല. അത് പൂർണ്ണതയെക്കാൾ
സമഗ്രതയോട് കടപ്പെട്ടിരിക്കുന്നു!
അവിടെ മറഞ്ഞിരുന്ന് മാറ്റൊലി വിടൽ എനിക്ക് പ്രിയമുള്ള ഒരു വിനോദം!
നിന്നെ കാണാൻ
കൊതിയാണെനിക്ക് ;
നീ എവിടെയാണ്?