Image

എക്‌സിറ്റ് പോൾ എന്തിനു വേണ്ടി? (നടപ്പാതയിൽ ഇന്ന് - 108: ബാബു പാറയ്ക്കൽ)

Published on 03 June, 2024
എക്‌സിറ്റ് പോൾ എന്തിനു വേണ്ടി? (നടപ്പാതയിൽ ഇന്ന് - 108: ബാബു പാറയ്ക്കൽ)

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആരാണ് അടുത്ത 5 വർഷം ഭരിക്കുന്നത് എന്ന് ജനങ്ങൾ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ് മാമാങ്കം അവസാനിച്ചു. മാസങ്ങൾ നീണ്ട പ്രക്രിയയ്ക്ക് ചെലവായത് ഏതാണ്ട് 24000 കോടിയിലധികമാണ്. ഏപ്രിൽ മാസത്തിൽ ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ തന്നെ അഭിപ്രായ സർവ്വേകൾ പുറത്തു വന്നു തുടങ്ങി. മാധ്യമ രംഗത്തെ മത്സരം ആരംഭിച്ചു കഴിഞ്ഞു. 

ഇതിലെ രസകരമായ സംഗതി ഓരോ ചാനലുകളും പ്രതിനിധീകരിക്കുന്ന നയങ്ങളും പാർട്ടികളും അനുസരിച്ചാണ് സർവ്വേകൾ പുറത്തു വിടുന്നത്. സാധാരണ സമ്മതിദായകരെ ആശയക്കുഴപ്പിലാക്കാൻ മാത്രമേ ഇത് സഹായിക്കൂ. അതു തന്നെയാണ് സർവ്വേകൾ പുറത്തു വിടുന്നവരും ആഗ്രഹിക്കുന്നത്. കാരണം തെരഞ്ഞെടുപ്പു ചർച്ചകളിൽ പ്രതിഫലിച്ചു കാണേണ്ട ജനകീയമായ വിഷയങ്ങൾ മറച്ചു പിടിക്കേണ്ടത് പലരുടെയും ആവശ്യമാണ്. വോട്ടിംഗ് തുടങ്ങിയതോടെ കമ്മീഷൻ ഇത് നിരോധിച്ചു. 

ഇപ്പോൾ വോട്ടിംഗ് തീർന്നപ്പോൾ തന്നെ വീണ്ടും പൂർവ്വാധികം ശക്തിയോടെ ഈ സർവ്വേകൾ 'എക്‌സിറ്റ് പോൾ' എന്ന ഓമന പേരിൽ പുറത്തിറങ്ങി. ഓരോ ചാനലുകളും അവരവരുടെ നയങ്ങളും താത്പര്യങ്ങളും പാർട്ടി കൂറും അനുസരിച്ചു ജയം നിർണ്ണയിക്കുകയാണ്. ഇത് കാണുന്ന സാധാരണ ജനങ്ങൾ വല്ലാത്ത ആശയകുഴപ്പിലാകുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായിട്ട് എല്ലാ ചാനലുകളിലും 'എക്‌സിറ്റ് പോൾ' മാത്രമാണ് വിഷയം. ഈ എക്‌സിറ്റ് പോൾ കൊണ്ട് ആർക്കെന്തു പ്രയോജനം? ഒരു സർവ്വേ ഏതാണ്ട് ശരിയാകുമെങ്കിൽ മറ്റുള്ള എല്ലാ സർവ്വേകളും തെറ്റായിരിക്കും. ഒന്നര മാസം കാത്തിരുന്നവർക്ക് ഒരു 48 മണിക്കൂർ കൂടി കാത്തിരുന്നു കൂടേ? 

ഇവിടെയാണ് ബിസിനസ് കടന്നു വരുന്നത്. ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനങ്ങളുടെ മുൻപിലേക്ക് എക്‌സിറ്റ് പോൾ തുറന്നു വയ്ക്കുന്നതോടെ അവരൊക്കെ ടീവി യുടെ മുൻപിൽ കുത്തിയിരുന്നു കൊള്ളും. വ്യൂവർഷിപ്പ് കൂടുന്നതോടെ ചാനലിലെ പരസ്യങ്ങളുടെ നിരക്കു വർധിക്കും. ചാനലുകൾ പണം വാരും. ഈ ജനങ്ങളെ അവിടെത്തന്നെ പിടിച്ചിരുത്താനായി കുറെ ചാനൽ ചർച്ചകൾ കൂടി അകമ്പടി സേവിക്കും. ഇന്ന് തന്നെ രാവിലെ തൃശൂരിൽ മത്സരിക്കുന്ന സുരേഷ് ഗോപിയെ ഒരു ചാനൽ വിജയിയായി പ്രഖ്യാപിച്ചപ്പോൾ 2 ചാനലുകൾ അദ്ദേഹത്തെ രണ്ടാം സ്ഥാനത്തേക്കും മറ്റു രണ്ടു ചാനലുകൾ അദ്ദേഹത്തെ മൂന്നാം സ്ഥാനത്തേക്കും പ്രഖ്യാപിച്ചു. ഒരു ചാനൽ അദ്ദേഹത്തെ വിജയി ആക്കുക മാത്രമല്ല, കേന്ദ്രമന്ത്രിയാക്കുകയും ചെയ്തു! ആടിനെ പട്ടിയാക്കുന്ന ഈ ചർച്ചകൾ അവസാനിപ്പിച്ചു കൂടേ? അതിദാരുണമായി കൊല്ലപ്പെട്ട സിദ്ധാർത്ഥനും മേയറമ്മയുടെ ധാർഷ്ട്യത്തിനു മുൻപിൽ ജോലി പോയ യദ്‌ദുവും ഒക്കെ എവിടെ പോയി? 

ഇനി ഇന്ന് രാത്രി മുതൽ തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ ഫലം പുറത്തു വരും. പിന്നെ ഇവരുടെ കാര്യമൊക്കെ ആര് തെരക്കാൻ! ഏതായാലും ഇന്ന് രാത്രി മുതൽ എല്ലാ ചാനലിലെ റിപ്പോർട്ടൻമാർക്കും ശ്വാസം വിടാൻ പോലും സമയമില്ലാതെ വായിട്ടടിക്കേണ്ടതാണ്. ഇനി അത് കാണാൻ നമുക്കു കാത്തിരിക്കാം.
________________

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക