Image

ഹൃദയം വിട്ടിറങ്ങുന്ന വാക്കുകൾ (ഒരു അവലോകനം: സുധീർ പണിക്കവീട്ടിൽ)

Published on 03 June, 2024
ഹൃദയം വിട്ടിറങ്ങുന്ന വാക്കുകൾ (ഒരു അവലോകനം: സുധീർ പണിക്കവീട്ടിൽ)

നെഫി മാറഞ്ചേരി എന്ന കവയിത്രിയുടെ "ഹൃദയം വിട്ടിറങ്ങുന്ന വാക്കുകൾ" എന്ന കവിതാ  സമാഹാരത്തിൽ ഇരുപത്തിയൊമ്പത് കവിതകൾ  ഉണ്ട്.  ആധുനികത എന്ന തണലിൽ സസുഖം വാഴുന്ന കവിതകളിൽപ്പെടുന്നവയാണ്  ഇതിലെ കവിതകൾ എന്ന് കരുതുന്നു. കാവ്യരചനയിൽ കവികൾ ഉപയോഗിക്കുന്ന താളം, ലയം, ബിംബകല്പനകൾ എന്നിവ ശ്രീമതി നെഫി ഉപയോഗിക്കാതെ അവരുടെ വികാരങ്ങളെ അവർ നേരെ ചൊവ്വേ പറഞ്ഞിരിക്കുകയാണ്. ഒരുപക്ഷേ  ഗദ്യകവിത എന്ന് ഇന്നു വായനക്കാർ പേരിട്ടിരിക്കുന്ന വിഭാഗത്തിൽ ഇവയെ ഉൾപ്പെടുത്താം  കവിതാസമാഹാരത്തിന്റ പേര് സൂചിപ്പിക്കുന്നതുപോലെ "ഹൃദയം വിട്ടിറങ്ങുന്ന വാക്കുകൾ" തന്നെയാണ് ഇവരുടെ കവിതകൾ.


കവയിത്രിയുടെ ചിന്തകളെ ചിത്രീകരിക്കുന്ന പ്രകടമായ ഭാഷയാണ് കവിതയായി  രൂപപ്പെടുത്തിയിരിക്കുന്നത്. കാവ്യഭാവനകൾ കവയിത്രിയുടെ ചിന്തകളെ പ്രതിഫലിപ്പിക്കുന്നു. അത് ചിലപ്പോൾ നിറമുള്ള കാൽപ്പനികതയുടെ മുന്തിരിച്ചാറിൽ  മുക്കിയതാകാം, ചിലതെല്ലാം പരുക്കൻ പാറപോലെയാകാം. കഠിനമായ പദങ്ങൾ ഒന്നും ഉപയോഗിക്കാതെ അവരുടെ ജീവിതദർശനങ്ങൾ വെളിപ്പെടുത്തുകയാണ് ഓരോ കവിതകളിലും.  ഈ കവിതകളെ തത്വശാസ്ത്രപരമായ കവിതകൾ എന്ന് വിശേഷിപ്പിക്കാം. കവിഭാവനകൾ പറക്കുന്നത് ജീവിതത്തിന്റെ പൂർണ്ണത  മനസ്സിലാക്കാനാണ്. ആ ശ്രമത്തിൽ അവർ കണ്ടെത്തുന്ന തത്വങ്ങൾ മനുഷ്യരാശിക്ക് ഉപയോഗപ്രദമാകുന്നു. എന്നാൽ തത്വചിന്തകന്റെ കണ്ടെത്തുലുകൾക്ക് ആധികാരികത ആവശ്യമാണ്. കവികൾ പക്ഷെ അവരുടെ ചിന്തകളെ കാറ്റിൽ പറക്കുന്ന പട്ടംപോലെ പറത്തി വിടുന്നു. കവിതകൾ വ്യാഖ്യാനിക്കപ്പെടുന്നതുകൊണ്ട് കവികൾക്ക് അവർ പറയുന്നതിനോട് ഉത്തരവാദിത്വം ഉണ്ടാകണമെന്നില്ല.
പ്രായത്തിൽ വളരെ ചെറുപ്പമായ ഈ കവയിത്രി ജീവിതത്തിന്റെ വ്യത്യസ്തതലങ്ങളെ നിരീക്ഷിക്കുമ്പോൾ നിരാശയും വേദനിപ്പിക്കുന്ന  കുറെ സംഭവങ്ങളുടെ ജനനവും പുനർജ്ജനനവും  ഒക്കെയാണ് കാണുന്നത്. അപ്പോഴാണ് അവർക്ക് തോന്നുന്നത് "ഞാൻ"  (പേജ് ൯) ആരാണ്. അതൊരു ചോദ്യമായി അവശേഷിക്കുന്നുവെന്നു അവർ കണ്ടെത്തുന്നു,

"കൊതിച്ചതൊന്നുമേ വിധി തന്നതുമില്ല, വിധിച്ചതിലോ കൊതി തോന്നിയതുമില്ല".  വിധിയെക്കുറിച്ചും അവരുടെ ഒരു കവിതയുണ്ട്.  നമ്മൾ നിനച്ചിരിക്കാത്ത സമയം എന്തൊക്കെ സംഭവിക്കുന്നുവെന്നു  നിസ്സാരരാം നമ്മൾ അറിയുന്നില്ല. അങ്ങനെ ജീവിതത്തിൽ സംഭവിക്കുന്നതിനെയൊക്കെ നമ്മൾ വിധിയെന്ന് പേരിടുന്നു. കാരണം നമ്മൾ നിസ്സാരരാണ്. വെറും വിധിയുടെ കയ്യിലെ കളിപ്പാവകൾ.  അവർക്ക് ചുറ്റിലും ജീവിതം ഒരു പ്രഹേളികയായി കാണുകയാണ്. ഒന്നിനും ഒരു നിശ്ചയമില്ലെന്നു കുമാരനാശാൻ പറഞ്ഞതുപോലെ ധർമ്മാധർമ്മങ്ങളുടെ  തുലാസിൽ അധർമ്മം കൂടുതലായി തൂങ്ങുന്നത് കാണുമ്പോൾ അവർ  വിസ്മയാധീനയാകുന്നു.

വികാരങ്ങളുടെ ആവിഷ്കാരമാണ്  കവിതയെന്നു പറയപ്പെടുന്നു. ഈ കാവ്യസമാഹാരത്തിലെ ഓരോ കവിതയും ദൈനംദിന ജീവിതത്തിൽ മനുഷ്യമനസ്സുകളിൽ ഉദിച്ചുയരുന്ന വികാരങ്ങളുടെ അക്ഷരരൂപങ്ങളാണ്. മനസ്സിൽ തോന്നുന്ന ചിന്തകളെ കവയിത്രി ഓരോ തട്ടുകളിലാക്കി സ്ഥാപിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ വാസ്തവത്തിൽ അവ പരിമിതപ്പെട്ടുപോകാവുന്നതാണ്. എന്താണ് നോവ്, കഴിവ്, ഭാവന ആരാധന അങ്ങനെ വ്യത്യസ്തമായ ഭാവങ്ങളെ കവയിത്രി അവരുടെ അറിവിലൂടെ ആവിഷ്കരിക്കയാണ്. അതിനൊക്കെ വേറെയും മാനങ്ങൾ ഉണ്ടാകാം എന്നാണു വിവക്ഷിക്കുന്നത്.

എങ്കിലും വായനക്കാരനോട് അവർ പറയുന്നത് വിശ്വസനീയമാകും വിധമാണ്. ദൈവത്തെ ആരാധിക്കുന്ന നമ്മൾ  അദ്ദേഹത്തെ തേടി  ഉലകം ചുറ്റുന്നു. (ആരാധന പേജ്  25 ) എന്നാൽ അവൻ നമ്മുടെ ഹൃദയത്തിൽ കുടികൊള്ളുന്നു. ഇതൊരു പുതിയ ആശയമല്ല എന്നാൽ ആ ആശയത്തെ കൂടുതൽ വിശദീകരിക്കാൻ ശ്രമിക്കയാണ് ഈ കവിതയിൽ,

കവിതകളിലെ പ്രമേയം നമുക്ക് വളരെ പരിചിതമെങ്കിലും  അവയെ പരിചയപ്പെടുത്തുന്ന വിധം നൂതനമാണ്. എല്ലാ കവിതകളിലും സൗമ്യമായ പ്രതിഷേധത്തിന്റെ, അല്ലെങ്കിൽ വിയോജിപ്പിന്റെ ശബ്ദം കേൾക്കാം.  വേഷം (പേജ് 48 ) എന്ന കവിതയിൽ പല വേഷപ്പ കർച്ചയിലൂടെ മുന്നോട്ട് പോയി അവസാനം ഇനി ഏതാണ് വേഷം എന്നറിയാതെ മനുഷ്യർ പകച്ചു നിൽക്കുന്നു എന്ന് വെളിപ്പെടുത്തുന്നുണ്ട്.  ജീവിതം പലപ്പോഴും നൽകുന്ന നിസ്സഹായതയും നിരാശയും ഈ കവിതയിലും പ്രകടമാണ്. ഓരോ കവിതകളും ജീവിതത്തിലെ നിമിഷങ്ങൾ പെറുക്കിയെടുത്ത് അതിനെ അപഗ്രഥിച്ച് വ്യക്തമായ ഒരു നിർണ്ണയം നടത്താൻ കഴിയില്ലെന്ന് നമ്മെ മനസ്സിലാക്കിപ്പിക്കുന്നു. ജീവിതത്തിന്റെ ഉത്തരങ്ങൾ തേടുന്ന മനുഷ്യൻ അതിന്റെ ചോദ്യം എന്തായിരുന്നു എന്ന് അന്വേഷിക്കുന്നില്ലെന്ന് അവർ വിശ്വസിക്കുന്നു.  ഇപ്പോഴും ചോദ്യത്തിനാണ് പ്രസക്തി. ഭാരതീയ ദർശനങ്ങളിൽ ചോദ്യങ്ങൾ ചോദിക്കുന്നത് ബുദ്ധിപരമായി കരുതുന്നു ഉത്തരങ്ങൾ തേടലല്ല ചോദ്യങ്ങൾ ചോദിക്കുന്നതാണ് സത്യം കണ്ടെത്താൻ സഹായിക്കുക എന്ന തത്വം ഈ കവിതയിൽ ചേർത്തിരിക്കുന്നു.  

ആധുനിക കവിത എന്ന് പറയുമ്പോൾ തീരെ ദുരൂഹത ഇല്ലാത്തവയാണ് ഇതിലെ കവിതകൾ എന്ന് മനസ്സിലാക്കുക.  മനുഷ്യജീവിതവുമായി കവയിത്രി കണ്ടെത്തുന്ന വികാരങ്ങൾ, ഭാവങ്ങൾ എന്നിവയ്ക്ക്  ഒരു പുതിയ ഭാഷ്യം ചമക്കുകയാണവർ. അത് വളരെ രസാവഹമായും, ചിന്തോദീപകമായും  ആവിഷ്കരിച്ചിട്ടുണ്ടെന്നുള്ളത് ആസ്വാദകരമാണ്. 
കവയിത്രിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. 

ശുഭം 

Join WhatsApp News
Abdul 2024-06-03 18:13:43
The young poetess's philosophical poetries are worthy to read. Wish you best for your laureate endeavor. Sudheeer's short and sweet review is enjoyable.
Nefi maranchery 2024-06-03 19:28:06
എൻ്റെ കവിതകൾ ഇത്ര ആഴത്തിൽ വിശകലനം ചെയ്തു കൊണ്ട് അപഗ്രഥനം തയ്യാറാക്കിയ ശ്രീ സുധീർ പണിക്ക വീട്ടിലിന് എൻ്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തിക്കൊണ്ട് നെഫി മാറഞ്ചേരി...🙏🙏🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക