Image

ശാന്തിദേവതേ, നീയെവിടെ? (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 04 June, 2024
ശാന്തിദേവതേ, നീയെവിടെ? (കവിത: മാര്‍ഗരറ്റ് ജോസഫ്)

ശാന്തിദേവതേ, നീയെവിടെ?
താന്തരെ,യെന്തിനു,പേക്ഷിച്ചു?
മാനസറാണീ, നിന്നെത്തേടി,
മായയില്‍ സഞ്ചാരികള്‍ ഞങ്ങള്‍.
ഏതെ ജന്മനിയോഗം മൂലം -
ആത്മശരീരം വരമായോര്‍;
കാലത്തിന്‍ കാല്പാടുകളെണ്ണി-
ലോകപ്പെരുവഴിയില്‍ യാത്ര;
കാണക്കാണെ,യകന്നകന്ന്,
കാണാമറയ,ത്തമരുന്നോര്‍, 
ജീവിതമാം നൂല്‍പ്പാലത്തിന്മേല്‍,
ആടിയുലയുന്നത്ഭുതമായ്.
വിധിതന്‍ വിളയാട്ടങ്ങള്‍ക്ക് ,
വിധേയരായവര്‍ക്കെന്തെല്ലാം,
പ്രതിസന്ധികള്‍ പലപ്പോഴും,
സങ്കീര്‍ണ്ണതകള്‍, രഹസ്യങ്ങള്‍;
സുഖദു:ഖങ്ങള്‍ കയ്യൊപ്പിട്ട-
ഉത്തമ സൃഷ്ടികള്‍ മുന്നോട്ട്....
ആശയറ്റവരാകുമ്പോള്‍, ഹാ!
ആത്മഹത്യയിലവസാനം.

ആമയമെന്യേ,യാനന്ദത്തിന്‍-
മാധുരിമാത്രം തിരയുമ്പോള്‍,
ആധിവ്യാധികളൊരുമിച്ച്-
പ്രായത്തിന്‍ പടികയറുമ്പോള്‍;
ഏകാന്തതയില്‍ തേങ്ങിത്തേങ്ങി
സാന്ത്വനമെങ്ങും തിരയുമ്പോള്‍, 
വീണ്ടെടുക്കുക മനശ്ശക്തി,
നാശക്കുഴികളില്‍ വീഴാതെ.
സാമം, മംഗളമേകും മന്ത്രം,
സാമം തന്നെ സ്‌നേഹവെളിച്ചം,
സാമസുന്ദരീ, നീയില്ലാതെ-
സാക്ഷാല്‍ നിര്‍വൃതിയാര്‍ക്കെവിടെ? 
 

Join WhatsApp News
Joy parippallil 2024-06-05 12:33:15
"മനോഹരമീ വാങ്മയചിത്രം" മനസ്സിനാനന്ദജന്യമഖിലം..!!❤️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക