ഹൃദയം വഴി സുബുദ്ധിയിലേക്കു
ചിന്തകളിരമ്പിയെത്തുമ്പോളവ
വിടർന്നു നല്ല കവിതാസുമങ്ങളായ്
പരത്തട്ടെ പ്രൗഢമാം പരിമളം.
ഋതത്തെ വീട്ടിൽ നിന്നു,മാട്ടിയോടിച്ച
വക്രബുദ്ധികൾ നേർവഴി
ലക്ഷ്യമിട്ടാലും ശരി,നേർവഴി
മാറും പൊയ് വഴിയായി നിർണ്ണയം.
ബൗദ്ധിക കൽപ്പനകൾ
വിലപ്പോവുകില്ലീപ്പുങ്കാവനത്തിൽ;
അവ പാലിപ്പാനെവിടെ
സ്വാതന്ത്ര്യം പാപികൾക്ക്?
ഐശ്വര്യകാലത്തിൻ പാരിതോഷികങ്ങൾ
ആസന്നമാ, മാസുരകാലം
തിരിച്ചെടുക്കട്ടെ നിർദ്ദയം;
ഉടമാവകാശബോധത്താലിവിടെ
ധനികരും പരമദരിദ്രവാസികൾ!
അതാര്യമാമിരുട്ടിൽ
മറവി തൻ കൊത്തളത്തിൽ
നെടുനിശ്വാസമുതിർക്കുന്നു
മറുതകൾ ഓർമ്മകൾതൻ;
കണ്ണീർക്കടലിളകി വരും
സഖീ സമാഗമത്തിൽ;
വിരഹത്തിലൊ ഭഗ്നഹൃദയം
വിങ്ങിത്തേങ്ങി നിലച്ചിടും.
ഓർക്കുവാൻ വേണ്ടിയോർക്കുന്നു വെറും യന്ത്രങ്ങളെപ്പോലെ
മേനിയിൽ മനതാരിൽ ഘോരപാപത്തിൻ
ചുടലച്ചാരം പൂശി നടക്കുവോർ.
വസന്തത്തിൽ വൈകി
വിരിഞ്ഞ പൂവ് പോൽ
ഇതളിനു പിറകെ ഇതളായ്
പ്രണയം മണ്ണിലമരുന്നു
ശിശിരത്തിൻ തുരുത്തായി
മാറുന്നു ജീവിതം
ദുരന്തസന്ദേശവാഹിനി.
ആവനാഴിയിൽ നമ്മൾ
പാപത്തിൻ കൂരമ്പുകൾ
കുത്തി നിറച്ചവർ;
തൊടുക്കും അമ്പൊക്കെ
സ്വഹൃദയത്തെ
കൊടുംപകയോടെ തുളയ്ക്കട്ടെ!
ചിരന്തനസ്മരണയുടെ
കൊളുത്തും കെണിയും
ജീവിതപ്പാത തൻ
അരികിലുപേക്ഷിച്ചവർ
വ്യർത്ഥം പേറി നടപ്പൂ
ഗതകാലത്തിൻ
തുരുമ്പെടുത്തതാം
പൊങ്ങച്ചത്തിൻ ആവനാഴികൾ!
ഈ നിമിഷം ശാശ്വത, മതിൻ
ദിവ്യചാരുതയറിയാതെ
മറവി തൻ ശവപേടകത്തിൽ
മുട്ടിത്തറപ്പിക്കുന്നു നമ്മൾ
ഒടുക്കത്തെ ഇരുമ്പാണിയും!