സിനിമായോടും സിനിമ അഭിനേതാക്കളോടുമുള്ള അടങ്ങാത്ത ഒരു ആരാധനയും ഭ്രമവും എല്ലാ സമൂഹങ്ങളിലും വ്യാപകമായി ഉണ്ട്.
ജയലളിതയും എംജിആറും നൂലിൽ കെട്ടി ഇറങ്ങി തമിഴ് രാഷ്ട്രീയത്തിൽ എല്ലാമെല്ലാമായി മാറിയതും പോലെയുള്ള അനവധി ഉദാഹരണങ്ങൾ നമുക്ക് കാണാൻ സാധിക്കും.
ആരാധനയുടെ മൂർധന്യത്തിൽ ഖുശ്ബുവിന് അമ്പലം കെട്ടിയതും സിനിമാക്കാരൻ മരിക്കുമ്പോൾ തീകൊളുത്തി ആത്മഹത്യ ചെയ്യുന്നതുമായ, തമിഴ് ജനതയുടെ അന്ധമായ സിനിമ പ്രേമത്തെ നമ്മൾ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.
തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയം ഒരു ബിജെപിക്കാരൻ എന്നതിലുപരി ഒരു സിനിമാക്കാരൻ ആയതുകൊണ്ട് മാത്രമാണ് സുസാധ്യമായത്’’. ഒരുപക്ഷേ കോൺഗ്രസിന്റെ സീറ്റിൽ സുരേഷ് ഗോപി നിന്നിരുന്നു എങ്കിലും അയാൾ ജയിക്കുമായിരുന്നു.
വർഷങ്ങളായുള്ള രാഷ്ട്രീയ പാരമ്പര്യമുള്ള വളരെ ചെറുപ്പം മുതൽ തന്നെ രാഷ്ട്രീയത്തിൽ പഠിക്കുകയും ഇറങ്ങുകയും മനസ്സിലാക്കുകയും 24 മണിക്കൂറും രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ചെയ്യുന്ന സഖാവ് സുനിൽകുമാറിനെ ഇത്ര വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു എന്ന് പറയുമ്പോൾ ജനങ്ങളുടെ ഉള്ളിൽ ഉള്ള സിനിമാക്കാരനോടുള്ള ഒരു അഭിവാഞ്ച കിറുകൃത്യമായി മനസ്സിലാവുന്നതാണ്.ഗൗരവമായ രാഷ്ട്രീയ പ്രവർത്തനം എന്നാൽ ഞങ്ങൾക്ക് പുല്ലാണ് എന്നാണ് രാഷ്ട്രീയ ബോധമുള്ള കേരളീയ ജനത കാണിച്ചുകൊടുത്തത്.
രാഷ്ട്രീയത്തിൽ മാത്രമല്ല സിനിമാക്കാർ വന്ന് നൂലിൽ കെട്ടി ഇറങ്ങി ഗോൾ അടിച്ചു പോകുന്നത്.
പണ്ടുമുതലേ തന്നെ സാഹിത്യത്തിലും സിനിമക്കാർക്ക് നല്ല ചാകരയാണ്. സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ വാർഷിക പതിപ്പുകൾ വരുമ്പോൾ സിനിമക്കാരന്റെ കവറും ഇൻറർവ്യൂ ആയിരിക്കും കൊടുക്കുന്നത്. ഞങ്ങൾക്ക് വിറ്റു പോകണ്ടേ എന്നതാണ് പത്രാധിപർ ഭാഷ്യം. സിനിമ വായനക്കാരാണ് വാർഷികപതിപ്പുകൾ വാങ്ങുന്നത് അല്ല അത് വാങ്ങുന്നത് സാഹിത്യ വായനക്കാർ തന്നെയാണ്.
ഏതെങ്കിലും സാഹിത്യകാരന്റെ കവറോ ഇൻറർവ്യൂവോ വെച്ച് ഒരു സിനിമ പ്രസിദ്ധീകരണം ഇറങ്ങുന്നത് ഞാൻ ഇന്നുവരെ കണ്ടിട്ടില്ല.
സിനിമയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്ന ആരെങ്കിലും എന്തെങ്കിലും എഴുതിയാൽ അത് എന്ത് ചവറും ആയിക്കൊള്ളട്ടെ അതിന് അക്കാദമി അവാർഡ് കൊടുക്കുന്ന ഒരു കലാപരിപാടി അടുത്ത കാലം വരെ ഉണ്ടായിരുന്നു.
ആത്മകഥകൾ ആണ് ഈ തമാശയിൽ മുന്നിൽ നിൽക്കുന്നത് കാശുകൊടുത്ത് എഴുതിക്കുന്ന ഇത്തരം ആത്മകഥകൾ മറ്റ് മികച്ച പുസ്തകങ്ങൾ ഉണ്ടെങ്കിൽ പോലും അവയെ പുറന്തള്ളി മുന്നിലെത്തി സ്ഥാനം പിടിക്കുന്നു. അങ്ങനെയുള്ള അനവധി ആത്മകഥകൾ സോദ്ദാഹരിക്കാൻ കഴിയും.
ലിറ്ററേച്ചർ ഫെസ്റ്റിവലും ഇതിനുദാഹരണം തന്നെയാണ്. അനവധി ഫിലിം ഫെസ്റ്റിവൽ ലോകത്തിൻറെ നാനാഭാഗത്തും നടക്കുമ്പോൾ റെഡ് കാർപെറ്റിൽ ഒരു എഴുത്തുകാരനും വരുന്നതായി കണ്ടിട്ടില്ല. എന്നാൽ ലിറ്ററേച്ചർ ഫെസ്റ്റിവലുകളുടെ മുഖ്യ ആകർഷണം സിനിമക്കാരാണ്. അത് ഉദ്ഘാടനം ചെയ്യുന്നതും മിക്കപ്പോഴും സിനിമാക്കാരാണ്. മുഖ്യ സെഷനുകൾ സിനിമാക്കാർക്ക് ഉള്ളതാണ്.
മറ്റൊരു വലിയ തമാശ മെയിൻ ആയിട്ട് ഒരു മേഖലയിൽ നിൽക്കുന്ന ഒരാളെ അയാളുടെ അടുത്ത മേഖലയിൽ ഉള്ള കഴിവ് കാട്ടി കൈ തട്ടുക എന്നതാണ്. സിനിമാക്കാരനെ കൊണ്ട് പാട്ടുപാടിക്കുക. പാട്ട് കാരിയെ കൊണ്ട് നൃത്തം ചെയ്യിക്കുക. സിനിമാക്കാരനെ കൊണ്ട് ചിത്രം വരപ്പിക്കുക. ചിത്രകാരനെ കൊണ്ട് മിമിക്റി കാണിക്കുക. സ്പോർട്സാരത്തെ കൊണ്ട് കളിപ്പിക്കുക അങ്ങനെ ഒരു സംഗതി കൂടിയുണ്ട് നമ്മുടേതല്ലാത്ത ഒരു മേഖലയിൽ ചെറിയ രീതിയിൽ എന്തെങ്കിലും കാണിച്ചാൽ അത് വലിയ സംഭവമായിരിക്കും.
അതായത് ഉത്തമ സിനിമക്കാരനെ കൊണ്ടുവന്ന പ്രതിഷ്ഠിച്ച് കാര്യം നേടുന്ന കലാപരിപാടി കേരളത്തിന്റെ പോളിറ്റി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പല മേഖലകളിലും അതുണ്ട്.സാഹിത്യത്തിൽ വന്നപ്പോൾ നമ്മൾ അത് വലിയ കാര്യമാക്കിയില്ല. ഇപ്പോഴിതാ രാഷ്ട്രീയത്തിൽ അത് തെളിവോടുകൂടി വന്നിരിക്കുന്നു.
നവോത്ഥാനം വന്നു പോയതുകൊണ്ട് മാത്രം എങ്ങനെയോ ഇങ്ങനെ ആയിപ്പോയ ഒരു ജനതയാണ് നമ്മൾ. തമിഴനെയും തെലുങ്കനെയും സിനിമക്കാരോടുള്ള അവൻറെ ഇഷ്ടം പ്രതി പരിഹസിക്കാനുള്ള യാതൊരു അവകാശവും നമുക്കില്ല.
ഇടതുപക്ഷവും ഇന്നസെൻ്റിൻ്റെ കാര്യത്തിലും മുകേഷിന്റെ കാര്യത്തിലും എല്ലാം ഇതേ ബുദ്ധി പയറ്റി തെളിഞ്ഞതാണ്.ബുദ്ധിയും ബോധവും വിവേകവും ഉണ്ട് എന്ന് വിശ്വസിക്കുന്ന ഇടതർക്ക് പോലും അങ്ങനെ തോന്നുമ്പോൾ ബുദ്ധിയില്ലാത്ത ചാണക മനോഗണക്കാർക്ക് അത് തോന്നിയില്ലെങ്കിൽ അല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ? തൃശ്ശൂരിൽ ഫലത്തിൽ ബിജെപിയാണ് അക്കൗണ്ട് തുറന്നത് എങ്കിലും ജയിച്ചത് സിനിമക്കാരനാണ്.
ഉണ്ണി മുകുന്ദനും അനുശ്രീയും രചന നാരായണൻകുട്ടിയും ഒക്കെ എംഎൽഎയും എംപിയും ആകുന്നു കിനാശ്ശേരി ആണ് കേരളം’.