Image

ഗുഡ് ബൈ പള്ളം - ഹലോ അമേരിക്ക- (നാല്പതു വർഷത്തിനാലെ-2 മീനു എലിസബത്ത്)

Published on 06 June, 2024
ഗുഡ് ബൈ പള്ളം - ഹലോ അമേരിക്ക- (നാല്പതു വർഷത്തിനാലെ-2 മീനു എലിസബത്ത്)

ഒരു ഏപ്രിൽ മാസത്തിലാണ് ഡാളസിലെ ഡി. എഫ്. ഡബ്ല്യൂ  എയർ പോർട്ടിൽ ഞങ്ങൾ വിമാനമിറങ്ങുന്നത്.  ശീതകാലം മാറി വരുന്നതേയുള്ളു. ഇളം വെയിലും സുഖമുള്ള ചെറു തണുപ്പും.
അമ്മയുടെ ജേഷ്ട്ടത്തി കൊച്ചുമറിയാമ്മക്കു ജോലിയായിരുന്നതിനാൽ അവരുടെ   ഭർത്താവ് കുഞ്ഞുമോനാണ് എയർ പോർട്ടിൽ വന്നിരിക്കുന്നത്.   ഇവരാണ്‌ ഞങ്ങളുടെ സ്പോൺസർ.

ഞാനും സഹോദരനും  കുഞ്ഞുമോനച്ചായന്റെ  കൊട്ടാരം പോലെയുള്ള വെള്ള പ്ലിമത് കാറിന്റെ ചുവന്ന  വെൽവെറ്റ് സീറ്റുകളിൽ  ചാഞ്ഞും ചരിഞ്ഞും കിടന്നു അമേരിക്ക കാണുകയാണ്. ഡാളസ് കാണുകയാണ്. അമേരിക്ക ഞങ്ങളെയും ഞങ്ങൾ അമേരിക്കയെയും കാണുകയാണ്.  

കുഞ്ഞുമോനച്ചയാൻ  അതീവ കൗതുകത്തോടെ  നാട്ടിലെ വിശേഷങ്ങൾ ചോദിക്കുന്നു. അപ്പനതിനെല്ലാം മറുപടി പറയുന്നു.  ഞാനും സഹോദരനും അമ്മയും,  അറ്റം കാണാതെ കിടക്കുന്ന ഹൈവേകളും അതിലൂടെ നിരനിരയായി ഒഴുകുന്ന പല തരം  കാറുകളും വലിയ 18- വീലർ ട്രക്കുകളും  അത്ഭുതത്തോടെ നോക്കുന്നു. ഒരു ട്രക്കിന്റെ പുറകിൽ  എന്തോ വലിയ ഒരു മെഷിൻ ഉരുണ്ടുരുണ്ടു കറങ്ങുന്നു എന്ത് തരം വണ്ടിയാണതെന്നു ഒരു പിടിത്തവും കിട്ടുന്നില്ല.
അത് കൺസ്ട്രക്ഷൻകാരുടെ സിമന്റു കുഴയ്ക്കുന്ന വണ്ടിയാണെന്നു കുഞ്ഞുമോനച്ചായന്റെ  വിശദീകരണം വന്നു. അന്നൊക്ക  നാട്ടിൽ മണല് കൂട്ടിയിട്ടു സിമന്റും വെള്ളവും ചേർത്ത് കുഴക്കുന്നതെ ഞങ്ങൾ കണ്ടിട്ടുള്ളു. ഇവിടെ അതിനായി ഒരു വണ്ടി തന്നെയുണ്ട്. ഭയങ്കരം!.

മറിയാമ്മ കൊച്ചമ്മ-ചെറുപ്പകാല ചിത്രം 

കുഞ്ഞുമോനച്ചായനെ വർഷങ്ങൾക്കു  ശേഷമാണ് കാണുന്നതെങ്കിലും   ഒരു അപരിചിതത്വവും തോന്നിയില്ല. അന്നൊക്കെ നാട്ടിൽ ഫോൺ വീട്ടിലില്ല. ഈമെയിലില്ല.  ഇടയ്ക്ക് നീലക്കളറുള്ള ഇൻലണ്ടിൽ അമേരിക്കയിൽ നിന്നും വരുന്ന മറിയാമ്മകൊച്ചമ്മയുടെ  എഴുത്തുകൾ. മറുപടികൾ. എന്റെ ഓർമ്മയിൽ  ആകെ രണ്ടു  പ്രാവശ്യമാണ് ഇവർ നാട്ടിൽ വന്നിരിക്കുന്നതെങ്കിലും നല്ല പരിചയവും സ്നേഹവുമാണ്  ഈ കുടുംബത്തോട്. കാരണം അമ്മയുടെ വീടിന്റ നെടുംതൂൺ നല്ലവളായ ഈ കൊച്ചമ്മയാണ്. എന്നുമുള്ള  വല്യമ്മച്ചിയുടെ ഉറക്കെ പ്രാർത്ഥനകളിൽ കൂടി ഞാനീ മകളുടെയും കുടുംബത്തിന്റെയും പേരുകൾ കേൾക്കുന്നതാണ്.  ഇടയ്ക്കൊക്കെ അമ്മച്ചിയുടെ കത്തെഴുത്തുകാരിയായിരുന്ന എനിക്ക് ഇവരോട് പ്രത്യേക അടുപ്പമുണ്ട്.  ഞങ്ങളുടെ എല്ലാ കുടുംബാംഗങ്ങൾക്കും  അത് പോലെ തന്നെ. വീട്ടിലെ മൂത്ത മകളായ മറിയാമ്മക്കൊച്ചമ്മ    ഹൈസ്‌കൂൾ  പാസായി ബോംബൈക്ക്  നേഴ്സിങ്ങിന് പോകുന്നു. അത് കഴിഞ്ഞു   പേർഷ്യക്ക് പോകുന്നു. അവിടെ നിന്നാണ് 70 കളിൽ അമേരിക്കയിലേക്ക്  വന്നത്.  

അന്നൊക്കെ തിരുവിതാംകൂറിലെ  മധ്യവർത്തി -ബിലോ മദ്ധ്യവർത്തി ക്രിസ്ത്യൻ കുടുംബങ്ങളിലൊക്ക ഇത് പോലെ ഒരു മകൾ  ഹൈസ്‌കൂൾ കഴിയുമ്പോൾ ബോബെയിലോ, പൂനയിലോ, മണിപ്പാലിലോ പോയി   നേഴ്സിങ് പഠിക്കും.  പിന്നീടവർ ഗൾഫിലോ നൈജിരിയയിലോ സാംബിയയിലോ  ജോലി നേടും.  അവിടെ നിന്ന്  അമേരിക്കയിലോ ജർമ്മനിയിലോ യൂക്കെയിലോ മറ്റു യൂറോപ്പിയൻ രാജ്യങ്ങളിലോ പോയി വേരുരുറപ്പിച്ചു,  കേരളത്തിലെ തന്റെ സഹോദരി സഹോദരങ്ങളെ  സ്പോൺസർ ചെയ്തു കൊണ്ട് വരും. . എഴുപതുകളുടെ ആദ്യം അമേരിക്കയിൽ വന്ന ഞങ്ങളുടെ  മറിയാമ്മകൊച്ചമ്മ  ഇതിനകം തന്റെ ഇളയവരായ  മറ്റു ഏഴു സഹോദരങ്ങളെയും കുടുംബത്തെയും അമേരിക്കക്കു കൊണ്ട് വന്നു കഴിഞ്ഞു.

മറിയാമ്മ  കൊച്ചമ്മയും കുഞ്ഞുമോൻ അച്ചായനും

തന്റെ കുടുംബത്തിന് വേണ്ടി നിലനിന്നതിനാൽ താഴെയുള്ള  നാല് അനുജത്തിമാരെ കല്യാണം കഴിപ്പിച്ചു അയച്ചതിന് ശേഷമാണ് ഈ കൊച്ചമ്മ വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നത് തന്നെ. തന്റെ വിവാഹ ശേഷവും ഭർത്താവിന്റെ പിന്തുണയോടെ ഇവർ 'അമ്മ വീട്ടിലെ എല്ലാ കാര്യങ്ങൾക്കും തന്റെ പിതാവിനെ സാമ്പത്തികമായി സഹായിച്ചു കൂടെ നിന്നു.
ഒരു തവണ വിസ കോൾ നീട്ടി എടുത്തും യാത്രനീട്ടി വെച്ചും ഏറ്റവും അവസാനം വരുന്നത് ഞങ്ങളാണ്.
അന്നൊക്കെ ഇമ്മിഗ്രെഷൻ വിസയിൽ അമേരിക്കയിൽ വന്നിരിക്കുന്ന ഓരോ മലയാളിക്കും  ഇത് പോലെ കുടുംബം കര പറ്റിച്ച ഒരു സഹോദരി, സഹോദരൻ അല്ലങ്കിൽ ഒരു ബന്ധു  കാണും. തുടർന്ന്  അവരുടെ മക്കളും, മരുമക്കളും ബന്ധുക്കളും  ചർച്ചക്കാരുമാണ്  പിന്നീടുള്ള കുടിയേറ്റക്കാർ. പണ്ട് തൊട്ടേയുള്ള സ്റ്റുഡന്റ് വിസക്കാരും, തൊണ്ണൂറുകളുടെ അവസാനം ഐ റ്റി ക്കാരും,  സിജിഎഫ് എൻ എസ്‌ പാസ്സയി വന്നവരുമൊഴിച്ചാൽ ഇന്നും ബന്ധു കുടിയേറ്റം നടക്കുന്നത് ഈ തരം സ്പോൺസർ ഷിപ്പിലാണ്.

ഇതൊക്ക പറയുമ്പോൾ,  അറുപതുകളിൽ തുടങ്ങിയ  നേഴ്സിങ്  കുടിയേറ്റത്തെക്കുറിച്ചു പറയാതെ ഈ  അദ്ധ്യായം  അവസാനിപ്പിക്കുവാൻ കഴിയില്ല..  

അന്നത്തെ നേഴ്‌സുമാരുടെ അതിജീവനത്തിന്റെ കഥകൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്.
കൈപ്പിടിയിലൊതുങ്ങാത്ത ഭാഷയും  വര്‍ണ വിവേചനവും പ്രതികൂല കാലാവസ്ഥയും അപരിചിത അന്തരീക്ഷവും ഉൾപ്പടെ ധാരാളം  വെല്ലുവിളികള്‍ തരണം ചെയ്യിതായിരുന്നു അവർ കുടിയേറ്റ ജീവിതത്തോട് പൊരുതി ജയിച്ചത്.   രാപ്പകലുകള്‍ ജോലി ചെയ്യാന്‍  പഴയകാല മലയാളി നഴ്‌സുമാര്‍ നിര്‍ബന്ധിതരായത് നല്ലൊരു ജീവിതത്തിനു വേണ്ടി മാത്രമായിരുന്നില്ല. അതവർക്ക്   മടക്കത്തെപ്പറ്റി ആലോചിക്കാന്‍ കൂടി കഴിയാത്ത അവസ്ഥ കൊണ്ടു കൂടിയാണ്.

അന്ന്  വിദേശത്തുള്ള ഒരു നേഴ്‌സ് തന്റെ ശമ്പളത്തിൽ നിന്നും   ഭർത്താവിന്റെയും തന്റെയും കേരളത്തിലുള്ള കുടുംബം ,തന്റെ  സ്വന്തം കുടുംബം ഉൾപ്പടെ  മൂന്നു കുടുംബങ്ങൾക്കാണ് ചിലവിനു കൊടുത്തിരുന്നത്.  ഇടക്കൊക്കെ  ഓരോ സഹായ അഭ്യർത്ഥനയുമായി വരുന്നവരെയും  ചർച്ചക്കാരെയും  സഹായിക്കുവാനും അവർ മനസുള്ളവരായിരുന്നു.  ഇന്ന് അമേരിക്കയിൽ കാണുന്ന കേരളീയ   മത സ്‌ഥാപനങ്ങൾ പോലും  മുഖ്യമായും    അന്നത്തെ  നേഴ്‌സുമാരുടെ അധ്വാനത്തിന്റെ ഫലം തന്നെ.  ഒരു സംസ്‌ഥാനത്തിന്റെ സമ്പത്ഘടനയെ തന്നെ മാറ്റി മറിക്കുന്ന രീതിയിൽ വലിയൊരു മാറ്റത്തിന്റെ പാത വെട്ടിത്തുറന്നത്  മലയാളി നേഴ്‌സുമാരുടെ സഹനത്തിന്റെയും കഷ്ടപ്പാടിന്റെയും അമിതാധ്വാനത്തിന്റെയും ഫലമാണെന്ന് ലോകം അംഗീകരിച്ച വസ്തുതയാണ്.

അന്ന് സ്പോൺസർ ചെയ്തു  കൊണ്ട് വന്ന കുടുംബത്തോട് പല വിധമായ അസ്വാരസ്യങ്ങൾ ഇന്നും വെച്ച് പുലർത്തുന്നവരെ  അറിയാം. അവർ നോക്കിയത് പോരാ. തന്നത് പോരാ. പലവിധ കുറ്റങ്ങൾ ചാർത്തി ബന്ധങ്ങൾ അറ്റു പോയവരുണ്ട്. അവർ നമ്മെ കൊണ്ട് വരാൻ സഹിച്ച ത്യാഗത്തിന്റെ കഥ അധികമാരും ഓർക്കാറില്ല.  എന്നാൽ ഞങ്ങളുടെ കുടുംബത്തിൽ ഇന്നും   സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും  പര്യായമായി കൊച്ചമ്മയെ കാണുന്നു. അന്ന് ഇവരൊന്നും ഇല്ലായിരുന്നെങ്കിൽ നമ്മുടെ ജീവിതം എങ്ങിനെ ആയിരിക്കുമെന്ന് ഇടക്കൊക്കെ ഓർക്കുന്നത് നല്ലതാണ്.  ഭർത്താവിന്റെ കുടുംബത്തിലുമുണ്ടു അദ്ദേഹത്തെയും മറ്റു ഏഴു സഹോദരങ്ങളെയും  അമേരിക്കയിലെത്തിച്ച ഒരു പെങ്ങൾ. തങ്കമ്മ കുര്യൻ. . ഇവരെപ്പോലെയുള്ള  അനേക  പെങ്ങൻമ്മാരും  സഹോദരിമാരും സ്വകുടുംബത്തെ മറക്കാതിരുന്നതിന്റെ ഫലമാണ് ഇന്നത്തെ നമ്മുടെ ഈ അമേരിക്കൻ ജീവിതം.

മറിയാമ്മ  കൊച്ചമ്മയും  കുടുംബവും 

കുഞ്ഞുമോൻച്ചായൻ വർഷങ്ങൾക്ക് മുൻപ് വിട പറഞ്ഞു.  മറിയാമ്മകൊച്ചമ്മ ഇന്ന് മക്കളും കൊച്ചുമക്കളുമായി റിട്ടയർമെന്റ് ജീവിതം നയിക്കുന്നു. ഇപ്പോഴും ആക്ടിവായിരിക്കുവാൻ ശ്രമിക്കുന്നു. പള്ളിയിൽ പോകുന്നു. പ്രാർത്ഥനാ നിർഭരമായ ഒരു ജീവിതം നയിക്കുന്നു.
ഇടക്കൊക്കെ പഴയ കാര്യങ്ങളെക്കുറിച്ചു ഓർപ്പിക്കുമ്പോൾ   " ദൈവം എന്നിൽ കൂടി പ്രവർത്തിച്ചുവെന്നേ ഒള്ളു മിനിമോളെ, എല്ലാം ദൈവയിഷ്ട്ടം.  പിന്നെ നമ്മുടെ അപ്പച്ചന്റെയും അമ്മച്ചിയുടെയും നിരന്തരമായ പ്രാർത്ഥനയും" ഇതാണ് കൊച്ചമ്മ വിനയപൂർവ്വം പറയാറുള്ളത്.    

അങ്ങിനെ ആ ഏപ്രിൽ മാസം  മുതൽ  കൊച്ചമ്മയുടെ വീട്ടിൽ താമസം തുടങ്ങി. കൊച്ചമ്മയുടെ മൂന്ന് മക്കൾ  പറയുന്ന ഇംഗ്ലീഷ്   ഞങ്ങൾക്കോ ഞങ്ങൾ പറയുന്നത് അവർക്കോ മനസിലാകുന്നില്ല. സ്വഭാവികം. എനിക്കും സഹോദരനും  ഇംഗ്ലീഷ്  വായിക്കാനും എഴുതാനും അറിയാം. പറയാനൊന്നും അത്ര അറിയില്ല. ഞങ്ങളുടെ കൂട്ടത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്നത് അപ്പനാണ്. അമ്മയും ഒരു വിധം പറയും. പണ്ടേ ഇംഗ്ലീഷ്  സിനിമകളുടെ ആരാധകനായിരുന്ന അപ്പൻ  ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കും. അദ്ദേഹം  പിള്ളേരോട് മടികൂടാതെ ഓരോന്ന്  തട്ടി വിടുന്നുണ്ട്. അവർ യാ യാ എന്ന് മറുപടിയും പറയുന്നു. അങ്ങിനെ  യാ യാ, യു നോ എന്നൊക്കെ  പറയാൻ  ഞങ്ങളും പഠിച്ചു. അമേരിക്കൻ ഇംഗ്ലീഷും   ടെക്സാസ് ആക്‌സെന്റും മനസ്സിലാകണമെങ്കിൽ ടിവി ന്യൂസും സിറ്റ് കോമുകളും കാണുന്നത് നന്നായിരിക്കുമെന്ന് കുഞ്ഞുമോനചായൻ നിർദ്ദേശിച്ചതനുസരിച്ചു ഞങ്ങൾ പിള്ളേരുടെ കൂടെ ടിവി കാണാൻ തുടങ്ങി. ആദ്യമൊന്നും ഒരക്ഷരം മനസിലായില്ലെങ്കിലും മെല്ലെ അത് ഞങ്ങളെ സഹായിച്ചു.

ഡാലസിൽ   വന്ന ആഴ്ച്ച തന്നെ കൊച്ചമ്മയുടെയും കുടുംബത്തിന്റെയും കൂടെ ഞങ്ങൾ ഗ്രാന്റ് പ്രെയറിയിലുള്ള  മാർത്തോമ്മ ചർച്ചിൽ പോയി. ചെറിയ ഒരു കോൺഗ്രിഗേഷൻ. അധികം ആൾക്കാരൊന്നുമില്ലാത്ത ഒരു ചെറിയ പള്ളി. മാർത്തോമ്മാക്കാരുടെ  പള്ളിയിൽ  ആദ്യമായാണ് ഞാൻ പോകുന്നത്. പള്ളി കഴിഞ്ഞു കൊച്ചമ്മ ആരെയൊക്കെയോ ബന്ധുക്കളെയും സുഹൃത്തുക്കളേയും  പരിചയപ്പെടുത്തി.  ഡോനറ്റും കാപ്പിയും കുടിച്ചു പിരിയുമ്പോൾ, എന്റെ പ്രായത്തിൽ ആരുമില്ലല്ലോയെന്ന ചിന്ത എന്നെ സങ്കടപ്പെടുത്താൻ   തുടങ്ങിയിരുന്നു.  

തുടരും
read more: https://emalayalee.com/writer/14

 

Join WhatsApp News
Abdul 2024-06-06 17:54:39
Interesting stories... Good to hear. Not everyone has these kinds of experiences.
Raju Thomas 2024-06-06 23:34:57
It reads natural and engaging like you are sitting near the reader and reminiscing from way back when you first arrived in the US so very long ago. And it is coming along fine.
Anthappan 2024-06-07 02:46:53
Though people have experiences, they are not honest in writing about it. This is a very honest and sincere writing. kudos
Santhosh Pillai 2024-06-07 04:07:26
വായിക്കുകയാണെന്ന് തോന്നുന്നില്ല, സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു എന്ന പ്രതീതി. നല്ല ആഖ്യാന ശൈലി!
ഹരിദാസ്‌ തങ്കപ്പൻ 2024-06-11 01:52:11
മനോഹരമായ അനുഭവസഞ്ചാരവർണ്ണനകൾ. അടുത്ത ഭാഗം വായിക്കുവാൻ കാത്തിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക