Image

മനോ ജേക്കബ്:  പിരിയൻ ഗോവണിയിലൂടെ ഞാൻ നടന്ന ദൂരം (മീട്ടു റഹ്മത്ത് കലാം)

Published on 07 June, 2024
മനോ ജേക്കബ്:  പിരിയൻ ഗോവണിയിലൂടെ ഞാൻ നടന്ന ദൂരം  (മീട്ടു റഹ്മത്ത് കലാം)

see also: https://mag.emalayalee.com/weekly/june-2-2024/#page=20

സുകുമാർ അഴിക്കോട്- തത്ത്വമസി സാംസ്കാരിക അക്കാഡമിയുടെ ഈ വർഷത്തെ ആത്മകഥാ വിഭാഗത്തിലെ സാഹിത്യ പുരസ്കാരം  നേടിയത് അമേരിക്കൻ മലയാളിയായ മനോ ജേക്കബിന്റെ 'ഒരു പിരിയൻ ഗോവണി' എന്ന പുസ്തകമാണ്.ഭർത്താവ് കുരുവിള ജേക്കബിനും മക്കളായ ആര്യയ്ക്കും അയനയ്ക്കും മാത്രമല്ല, അമേരിക്കൻ മലയാളികൾക്ക് മുഴുവൻ ഈ നേട്ടത്തിൽ അഭിമാനിക്കാം.കണക്ടിക്കട്ടിൽ ഗവർണേഴ്‌സ് കാപ്പിറ്റോളിൽ പ്രിൻസിപ്പൽ ആക്ച്യുറിയൽ അനലിസ്റ്റായി പ്രവർത്തിക്കുന്ന മനോ, സഭാചരിത്രഗ്രന്ഥം,ചെറുകഥകൾ,കവിതകൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സങ്കടക്കടലിൽ പെട്ടുപോയ മനുഷ്യരുടെ ആത്മനൊമ്പരങ്ങളെ ചരിത്രത്തിന്റെയും ആത്മീയതയുടെയും ചവിട്ടുപടികൾ കയറി വായനക്കാർക്ക് സ്വച്ഛതയിലേക്കുള്ള യാത്രയ്ക്ക് വഴിവച്ച പുസ്തകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എഴുത്തുകാരി ഇ- മലയാളിയോട് സംസാരിക്കുന്നു… 

അമേരിക്കയിൽ എത്തുന്നതിന് മുൻപ്?

കശ്മീരിലാണ് ഞാൻ ജനിച്ചത്. ഡാഡി ഇന്ത്യൻ എയർഫോഴ്സിൽ ആയിരുന്നു. ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിലുള്ള കല്ലിശ്ശേരിയാണ്  അദ്ദേഹത്തിന്റെ   നാട്. രണ്ടുവയസുള്ളപ്പോഴാണ് ഞാൻ നാട്ടിലേക്ക്  ആദ്യമായി വന്നത്. ഹെഡ്മാസ്റ്ററായിരുന്ന അപ്പച്ചന് കൊച്ചുമക്കൾ നാട്ടിൽ തന്നെ പഠിക്കണമെന്ന് നിർബന്ധമായിരുന്നു.അങ്ങനെ, അഞ്ചാം വയസ്സിൽ എന്നെ കല്ലിശ്ശേരി പ്രൈമറി സ്‌കൂളിൽ ചേർത്തു. 

ഗ്രാമാന്തരീക്ഷത്തിലെ ബാല്യകൗമാരങ്ങൾ കൗതുകത്തിന്റെ ലോകമാണ് തുറന്നുതന്നത്. മുറ്റത്തെ ചെടിയിലെ പൂമൊട്ട് വിരിയുന്നത് നോക്കിയിരുന്ന് ഉറങ്ങിപ്പോയതൊക്കെ ഇന്നും ഓർമ്മയിലുണ്ട്. അത്തരത്തിലുള്ള അന്വേഷണങ്ങളാണ് കുഞ്ഞുകവിതകൾ എഴുതാൻ പ്രചോദനമായത്. വൃത്തം നോക്കിയുള്ള എഴുത്തൊന്നുമല്ല.മനസ്സിൽ തോന്നുന്നത് കുത്തിക്കുറിച്ച് ആരെയും കാണിക്കാതെ ഒളിച്ചുവയ്ക്കും. കയ്യിൽ കിട്ടിയതൊക്കെ വായിച്ചു. അപ്പോഴും പഠനത്തിൽ ശ്രദ്ധ ഊന്നിയിരുന്നു.ആ ലക്ഷ്യബോധംകൊണ്ടാണ് ഓതറ എ.എം.എം ഹൈസ്‌കൂളിൽ നിന്ന് എസ്എസ്എൽസി-ക്ക്  600ൽ 510 മാർക്ക് നേടി വിജയിച്ചത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലുമായിരുന്നു തുടർവിദ്യാഭ്യാസം. പത്തൊൻപതാം വയസ്സിൽ വിവാഹം.ഇരുപതാം വയസ്സിൽ ജീവിതം അമേരിക്കയിലേക്ക് പറിച്ചുനട്ടു.


 

വിദേശത്തേക്കുള്ള പറിച്ചുനടൽ?

  ഞങ്ങളുടെ കുടുംബത്തിൽ ആദ്യമായൊരു വിദേശരാജ്യത്ത് എത്തുന്നത് ഞാനാണ്. 'ഏഴാംകടലിനക്കരെ' എന്ന സിനിമയിലൂടെയാണ് അമേരിക്ക ആദ്യമായി കാണുന്നത്.അപ്പോഴും ഈ രാജ്യത്ത് എത്തപ്പെടുമെന്ന് ചിന്തിച്ചിരുന്നില്ല.

 എൺപതുകളുടെ തുടക്കത്തിൽ തന്നെ ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി അമേരിക്കയിൽ എത്തിയ ആളാണ് എന്റെ ഭർത്താവ് കുരുവിള ജേക്കബ്. ഫെഡറൽ ഗവൺമെന്റിൽ ജോലി ചെയ്ത വിരമിച്ച അദ്ദേഹത്തെ സംബന്ധിച്ച്  അമേരിക്കയിലെ ആദ്യനാളുകൾ ദുഷ്കരമായിരുന്നു.വിരലിൽ എണ്ണാവുന്നത്ര മലയാളികൾ മാത്രമുണ്ടായിരുന്ന ആ കാലത്ത് കാർ വാങ്ങാൻ നിർവ്വാഹം ഇല്ലാതെ അതികഠിനമായ ശൈത്യത്തിലും സൈക്കിളിൽ പോയിരുന്ന അനുഭവം എന്നോടും മക്കളായ ആര്യയോടും അയനയോടും പറയാറുണ്ട്. ഡിഗ്രി പരീക്ഷയുടെ സമയത്താണ് നാട്ടിൽ എന്നെ അദ്ദേഹം പെണ്ണുകാണാൻ വന്നത്. കെട്ടുന്നപെണ്ണിനെ അമേരിക്കയിൽ കൊണ്ടുപോയി കൂടുതൽ പഠിപ്പിക്കാൻ താല്പര്യപ്പെടുന്ന യുവാവ് എന്നതാണ് കല്യാണ ചെറുക്കനിൽ ഞാൻ കണ്ട പ്ലസ്.

 എന്തുകൊണ്ടാണ്  ആക്ച്യുറിയൽ സയൻസ് പോലൊരു കോഴ്സ് തിരഞ്ഞെടുത്തത്? 

എല്ലാവരും മെഡിക്കൽ മേഖല സ്വപ്നം കണ്ടപ്പോൾ വ്യത്യസ്തമായി എന്തെങ്കിലും പഠിക്കാനായിരുന്നു എനിക്ക് ഉത്സാഹം. അങ്ങനെയാണ് 

ആക്ച്യുറിയൽ സയൻസിന് ചേർന്നത്. കണക്കും സ്റ്റാറ്റിസ്റ്റിക്സുമാണ് അതിൽ പ്രധാനമായും വരുന്നത്. സ്ത്രീകൾക്ക് ഈ രംഗത്ത് ശോഭിക്കാനാകില്ലെന്ന് പറഞ്ഞ് ഇതേ മേഖലയിലുള്ള മലയാളിയായ ഒരു വ്യക്തി എന്നെ ആദ്യമേ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചിട്ടും ഞാൻ അത് ഗൗനിച്ചില്ല.അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാനാണ് മലയാളി സ്ത്രീകളിൽ ആദ്യമായി ഈ രംഗത്തേക്ക് വരുന്നത്.എന്തും  പ്രയാസമാണല്ലോ.

 ന്യൂയോർക്കിനും മസാച്യുസെറ്റ്സിനും ഇടയിൽ കിടക്കുന്ന കണക്ടിക്കട്ടിലായിരുന്നു അന്നത്തെ പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ എല്ലാം ആസ്ഥാനം.ഞാൻ തിരഞ്ഞെടുത്ത രംഗത്ത്  ജോലിക്ക്‌ സ്‌കോപ്പുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ഈ വിഷയത്തെ കൂടുതൽ സ്നേഹിച്ചത്. ഭർത്താവിന് ജോലിയുള്ളതിനാൽ വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യം ലഭിക്കാതെ വന്നു. അതുകൊണ്ടുതന്നെ സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടി.

 ടാഗോറിന്റെ ഗീതാഞ്ജലിയിൽ വരികൾ  എന്നിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.'Mind without fear,head held high,knowledge is free,virtue comes from the depth of truth.യാതൊന്നിനെയും ഭയക്കാതെ തല ഉയർത്തിപ്പിടിച്ച് അറിവ് നേടാനായി ഞാൻ അക്ഷരാർത്ഥത്തിൽ ഇറങ്ങിപ്പുറപ്പെട്ടു എന്നുപറയാം. അവസരങ്ങളുടെ അനന്തസാഗരമാണ് അമേരിക്ക.തീക്ഷ്ണമായി ആഗ്രഹിച്ചാൽ,ഇവിടെ എന്തും നേടാം.പരിശ്രമിക്കാനുള്ള മനസ്സ് വേണമെന്ന് മാത്രം.

 ഭയപ്പെടുത്തിയതുപോലെ പഠനവും ജോലിയും കുടുംബജീവിതത്തെ ബാധിച്ചോ?

 ഒരിക്കലുമില്ല.ഡിഗ്രി പഠനം കഴിഞ്ഞ് ജോലിക്ക് കയറി.പാർട്ട് ടൈം ആയാണ് മാസ്റ്റേഴ്സ് ചെയ്തത്. അവസാനത്തെ തിസീസ് ചെയ്യുന്ന സമയത്താണ് ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചത്.യൂണിവേഴ്സിറ്റിയിൽ നിന്ന് ഒരുവർഷത്തെ അവധിയെടുത്തു.പിന്നീട് പേപ്പർ സബ്മിറ്റ് ചെയ്യാൻ നോക്കിയപ്പോൾ എല്ലാം മറന്നതായി തോന്നി. ചൈനീസ് വംശജനായ എന്റെ പ്രൊഫസറാണ് അന്ന് ധൈര്യം പകർന്നത്. പുസ്തകം തുറന്നാൽ ഞാൻ ആ ട്രാക്കിൽ വരുമെന്ന് അദ്ദേഹം മുൻകൂട്ടി മനസ്സിലാക്കി.നാട്ടിൽ നിന്ന് അമ്മ സഹായത്തിനെത്തിയതുകൊണ്ട് കുഞ്ഞുങ്ങളുടെ കാര്യവും പഠനവും ജോലിയും എല്ലാം വലിയ പ്രശ്നമില്ലാതെ കടന്നുപോയി. എന്റെ അഭിപ്രായത്തിൽ മക്കളുടെ പേര് പറഞ്ഞ് കരിയർ കളയുന്നത് മണ്ടത്തരമാണ്. ഒരു ഫൗണ്ടേഷൻ നൽകിയ ശേഷം പഠനകാര്യത്തിലായാലും മക്കളെ കാര്യമായി ശ്രദ്ധിക്കേണ്ട ആവശ്യം എനിക്ക് വന്നിട്ടില്ല. അവരിപ്പോൾ മെഡിക്കൽ വിദ്യാർത്ഥികളാണ്.

'ഒരു പിരിയൻ ഗോവണി' എന്ന പേര് ആത്മകഥയ്ക്ക് നൽകിയതിന് പിന്നിൽ?

 പിരിയൻ ഗോവണി ചവിട്ടിക്കയറാൻ നല്ല പ്രയാസമാണ്.അതുപോലുള്ള ജീവിതസന്ധികളാണ് പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. നിശബ്ദമായി മമ്മി ആ പടികൾ കയറിയത് ഇപ്പോഴും കണ്ണടച്ചാൽ മുന്നിൽ തെളിഞ്ഞുവരും. പിന്നെ,നമ്മുടെ ഡിഎൻഎ യുടെ ഘടനയും അത്തരത്തിലാണല്ലോ.എന്തുകൊണ്ടും ആത്മകഥയ്ക്ക് അനുയോജ്യവും കരുത്തുറ്റതുമായി തോന്നിയതുകൊണ്ടാണ് ആ പേര് നൽകിയത്.കവർ പേജ് നൽകിയിരിക്കുന്നത് ഡിഎൻഎ യുടെ ഘടനയാണ്.

എങ്ങനെയാണ് ആത്മകഥ എഴുതണം എന്നൊരു ചിന്ത വന്നത്?
2016 ലെ മെമ്മോറിയൽ ഡേയ്ക്ക് ഞാനും രണ്ടുമക്കളും കൂടി പുസ്തകം വായിച്ച് ഒരുമിച്ച് ചിലവിട്ട സായാഹ്നത്തിൽ ആര്യ എന്നോട് അവളുടെ വിവാഹദിനത്തിൽ വിചിത്രമായൊരു സമ്മാനം നൽകണമെന്ന് ആവശ്യപ്പെട്ടു. വിലകൂടിയ ആഭരണമോ ആഡംബര വാഹനമോ ആയിരുന്നില്ല മകൾക്ക് വേണ്ടിയിരുന്നത്. വിലമതിക്കാനാകാത്ത എന്റെ ഓർമ്മകളുടെ അടരുകൾ ചേർത്ത് ഒരു ആത്മകഥാ പുസ്തകം നൽകാമോ എന്നാണ് അവൾ ചോദിച്ചത്. അതുവരെയും എനിക്ക് അങ്ങനൊരു പ്ലാൻ ഉണ്ടായിരുന്നില്ല.ഈ ആവശ്യം മനസ്സിൽ എവിടെയോ കൊളുത്തിക്കിടന്നു.2020 ൽ  കോവിഡ് ലോക്ക്ഡൗണിനെത്തുടർന്ന്  ധാരാളം ഒഴിവുസമയം വീണുകിട്ടിയപ്പോൾ പുസ്തകരചനയെക്കുറിച്ചുള്ള ചിന്ത പതിയെ തലപൊക്കി. എഴുതിത്തുടങ്ങിയപ്പോൾ മകൾ മറ്റൊരു നിർദ്ദേശം കൂടി തന്നു. താൻ എന്തുനേടി എന്ന് പൊങ്ങച്ചം പറയുന്ന പുസ്തകം എന്ന നിലയിൽ ആത്മകഥ അധഃപതിക്കരുതെന്നും വായിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഉപകരിക്കുന്ന എന്തെങ്കിലും ഒന്ന് എഴുത്തിലൂടെ പ്രതിഫലിപ്പിക്കണം എന്നുമാണ് അവൾ പറഞ്ഞത്. ഞാനത് അക്ഷരംപ്രതി പാലിച്ചു.135 പേജുകളിൽ ഒരുവിധം എല്ലാ വിഷയങ്ങളും പ്രതിപാദിച്ചിട്ടുണ്ട്.ഞങ്ങൾ ക്നാനായ ക്രിസ്ത്യൻ കുടുംബക്കാരാണ്. പക്ഷെ, ഡാഡി യാഥാസ്ഥിക മനോഭാവം ഉള്ള വ്യക്തി ആയിരുന്നില്ല. ഞങ്ങൾ രണ്ടുപെൺമക്കൾക്ക് ശേഷം ഒരുമകൻ പിറന്നാൽ, ഗുരുവായൂരുവച്ച് ചോറൂണ് നടത്താമെന്ന് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് നേർച്ച നേർന്നിരുന്നു.എന്റെ അനിയൻ തൊമ്മന്റെ ചോറൂണ് ഡാഡി ഗുരുവായൂരുവച്ച് നടത്തിയതിനെപ്പറ്റി പൂന്താനത്തിന്റെ വരികൾ ഉൾച്ചേർത്ത് ഞാൻ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

എന്റെയും കുടുംബത്തിന്റെയും നുറുങ്ങുകഥകൾക്കൊപ്പം  എഴുത്തിന് ദാർശനിക തലം നൽകാനാണ്  ശ്രമിച്ചിരിക്കുന്നത്. ചെറിയപ്രായത്തിൽ വിധവയായ എന്റെ മമ്മി നേരിട്ട പ്രശ്നങ്ങളും അവ തരണം ചെയ്ത രീതികളും ആ അവസ്ഥയിലുള്ള ഏത് സ്ത്രീയെയും ഇക്കാലഘട്ടത്തിലും സ്വാധീനിക്കും. അമ്മയാകാൻ തയ്യാറെടുക്കുന്ന ഒരുവൾക്ക് കുഞ്ഞിനെ അവളുടെ കരിയറിനെയോ പഠനത്തെയോ ബാധിക്കാതെ എങ്ങനെ വളർത്താമെന്നും എന്റെ പുസ്തകം വായിച്ചാൽ മനസ്സിലാകും.കിഴക്ക് ജനിച്ച് പടിഞ്ഞാറേക്ക് ജീവിതം മാറ്റിനട്ട എന്റെ തലമുറയിലെ സ്ത്രീകൾക്ക് ഇവിടെ തന്നെ ജനിച്ചുവളർന്ന മക്കളുടെ ചിന്തകൾ പലപ്പോഴും മനസ്സിലാകാറില്ല. മക്കൾ കൗമാരത്തിലേക്ക് കടന്നപ്പോഴേക്കും ഞാനും അവരുടെ പ്രായത്തിലേക്ക്  ഇറങ്ങിച്ചെല്ലാൻ ശ്രമിച്ചതുകൊണ്ട് എനിക്കവരെ നന്നായി മനസ്സിലാകുന്നുണ്ട്. അത്തരം പേരന്റിംഗ് ടിപ്സ് എഴുത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ഭൂതം പിടിച്ചുകൊണ്ടുപോകുന്ന കുഞ്ഞിനുവേണ്ടി സ്വന്തം ജീവൻപോലും പണയം വച്ച് പോകുന്ന നങ്ങേലിയുടെ കഥ നമുക്ക് പകരുന്ന വലിയ പാഠമുണ്ട്. മയക്കുമരുന്ന്,സെക്സ് റാക്കറ്റ് എന്നിങ്ങനെ ചുറ്റും കാണുന്ന ഓരോ വിപത്തും ആധുനിക കാലത്തിലെ ഭൂതമാണ്.ആ ഭൂതത്തിൽ നിന്ന് മക്കളെ രക്ഷിക്കാൻ ഓരോ അമ്മയും നങ്ങേലിയെപ്പോലെ തുനിഞ്ഞിറങ്ങിയാൽ അവരെ ശരിയായ വഴിക്ക് കൊണ്ടുവരാനാകുമെന്നും ഞാൻ എഴുതിയിട്ടുണ്ട്.  ഞാൻ കേട്ട മുത്തശ്ശിക്കഥകളും മണ്ണിന്റെ മണമുള്ള ഓർമ്മകളുമാണ് നാടിന്റേതായ ഫ്ലേവർ എന്റെ പുസ്തകത്തിൽ നൽകിയിരിക്കുന്നത്. മതാത്മകത,സോഷ്യലിസം,മാവോയിസം,ജെയിനിസം,ബുദ്ധിസം,ശാസ്ത്രം,കഥ,കവിത  എന്നിങ്ങനെ നാനാവശങ്ങളും സ്പർശിച്ചുകൊണ്ടായിരിക്കും വായനക്കാരൻ ഈ ഗോവണി കയറിയിറങ്ങുക.
 

ആത്മകഥ എഴുതാൻ തീരുമാനിച്ചപ്പോൾ നേരിട്ട വെല്ലുവിളി?

എവിടെ തുടങ്ങണം എന്നതുതന്നെയായിരുന്നു എന്നെ കുഴപ്പിച്ച ചോദ്യം.

കൃത്യമായ ക്രമത്തിൽ ഓർത്തെടുക്കാൻ ബുദ്ധിമുട്ട് തോന്നി. ഡിഗ്രി ഫിസിക്സ് ബാച്ചിലെ ഒരു സഹപാഠിയാണ് എവിടെ നിന്നെങ്കിലും തുടങ്ങിക്കോ എന്ന് പറഞ്ഞ് ധൈര്യം തന്നത്. പന്ത്രണ്ടാം വയസ്സുമുതൽ ഇങ്ങോട്ടേക്ക് കഥ പറഞ്ഞുപോകുന്ന രീതിയാണ് ഞാൻ സ്വീകരിച്ചത്. ഏറ്റവും വലിയ ആഘാതം ജീവിതത്തിൽ ഉണ്ടായത് ആ പ്രായത്തിലാണ്.എനിക്കെന്റെ ഡാഡിയെ നഷ്ടപ്പെട്ടത് പന്ത്രണ്ടാം വയസ്സിലാണ്. മുപ്പത്തിമൂന്ന് വയസ്സ് മാത്രമുണ്ടായിരുന്ന മമ്മി വിധവയായി.അവിടെനിന്ന് മുന്നോട്ടും ഇടയ്ക്ക് പുറകോട്ടും സഞ്ചരിച്ച് എന്റേതായ ഒരു രീതിയിൽ എഴുത്ത് നീങ്ങി. 

എന്തുകൊണ്ടാണ് എഴുതാൻ മലയാളം തിരഞ്ഞെടുത്തത്?

ഞാനൊരിക്കലും ഒരു ഇംഗ്ലീഷ് എഴുത്തുകാരിയല്ല. എന്റെ ഉള്ളിൽ കിടക്കുന്ന ഭാഷ മലയാളമാണ്. ഇപ്പോഴും ഇംഗ്ലീഷ് പുസ്തകങ്ങളെക്കാൾ കൂടുതൽ മലയാളമാണ് ഞാൻ വായിക്കുന്നത്. എന്റെ ചിന്തകളും എഴുത്തും മാതൃഭാഷയിൽ തന്നെയാണ്. അതുകൊണ്ടാകാം വാക്കുകളുടെ ഒഴുക്ക് നഷ്ടപ്പെടാതിരിക്കുന്നത്.നീലകണ്‌ഠ പ്രക്രിയ പോലുള്ള പദങ്ങൾക്ക് ഇംഗ്ലീഷ് കണ്ടുപിടിക്കുക എളുപ്പമല്ല.ഒന്നുരണ്ടു ഗുരുക്കന്മാർക്ക് വെറുതെ വായിക്കാൻ കൊടുത്തതാണ്.അവരിലൂടെയാണ് എൻബിഎസ് പോലെ പേരുകേട്ട പ്രസാധകർ എന്നെപ്പോലൊരാളെക്കുറിച്ച് അറിയുന്നത്. ആദ്യ പുസ്തകത്തിന് അങ്ങനൊരു പബ്ലിഷിംഗ് ഹൗസ് ലഭിച്ചത് ഭാഗ്യമായി കാണുന്നു.

അവാർഡ് ലഭിക്കുമെന്ന് കരുതിയിരുന്നോ?

  പുസ്തകം വായിച്ച് കവിയൂർ ശിവപ്രസാദ് സർ അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ ഏറ്റെടുത്തതാണ് ഒരർത്ഥത്തിൽ നിമിത്തമായത്. തത്ത്വമസി അവാർഡിന് രചനകൾ ക്ഷണിക്കുന്നു എന്ന് പത്രത്തിൽ കണ്ട വിവരം അദ്ദേഹമെന്നെ അറിയിച്ചത് മമ്മി മരണവുമായി മല്പിടുത്തം നടത്തുന്ന സമയത്തായിരുന്നു. അതുകൊണ്ടുതന്നെ  ഞാനതിന് ഉത്സാഹം കാണിച്ചില്ല. സർ മുൻകൈ എടുത്താണ്  പുസ്തകത്തിന്റെ അഞ്ച് കോപ്പി അവാർഡ് കമ്മിറ്റിക്ക് അയച്ചുകൊടുത്തത്.മാർച്ച് 13ന്  മമ്മിയുടെ മരണശേഷം ആ ഓർമ്മകളിൽ ഇരിക്കുമ്പോഴാണ് അവാർഡ് എന്റെ പുസ്തകത്തിനാണ് എന്നുള്ള വാട്സാപ്പ് സന്ദേശം ലഭിക്കുന്നത്.അതെന്റെ മമ്മിയുടെ അനുഗ്രഹമായി കാണാനാണ് ഇഷ്ടം. മാതൃദിനത്തിൽ മലപ്പുറത്തുവച്ച് പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങളുടെ കയ്യിൽ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

മനോ എന്നത് തൂലികാ നാമമാണോ?

ഔദ്യോഗികമായി ആനി എന്നാണ് പേര്. മനോ എന്നുള്ളത് വീട്ടിൽ വിളിക്കുന്ന പേരാണ്. ഏത് നാട്ടുകാരിയാണെന്നോ ഏത് മതത്തിൽപ്പെട്ടവളാണെന്നോ വ്യക്തമാകാത്ത പേര് എന്നതുകൊണ്ട് ഈ പേരിനോടല്പം ഇഷ്ടക്കൂടുതലുണ്ട്. അടുത്തിടെ ഒരു കൂട്ടുകാരി ചൂണ്ടിക്കാണിച്ചപ്പോഴാണ് അത് ജെൻഡർ ന്യൂട്രൽ കൂടിയാണെന്ന് മനസ്സിലാക്കിയത്.

സ്ത്രീപക്ഷത്ത് നിന്നാണോ എഴുതാൻ ശ്രമിക്കുന്നത്?

ഞാനൊരു ഫെമിനിസ്റ്റല്ല.എഴുത്തിൽ പക്ഷം ചേരലില്ല.സൃഷ്ടിയുടെ സൗന്ദര്യമാണ് ഞാൻ കാണുന്നത്.അവിടെ ആണോ പെണ്ണോ എന്ന ചിന്ത കടന്നുവരാറില്ല. കമ്മ്യൂണിറ്റിക്ക് വേണ്ടി എഴുതാറുണ്ട്.കുട്ടികൾക്കുവേണ്ടി സഭാചരിത്രഗ്രന്ഥം തയ്യാറാക്കി.വായനക്കാരന്റെ സമയത്തിനും പണത്തിനും വിലകല്പിക്കുന്ന വ്യക്തിയാണ്. എഴുതി തീരുന്നതോടെ പുസ്തകത്തിനുമേൽ എഴുത്തുകാരനുള്ള അവകാശം തീർന്നു.പിന്നീടത് വായനക്കാരന്റേതാണ്.

സത്യസന്ധമായി ജീവിതം പറഞ്ഞുപോകുമ്പോൾ ആരെയെങ്കിലും വേദനിപ്പിക്കേണ്ടി വരില്ലേ? 

ആരെയും നൊമ്പരപ്പെടുത്താതെ തന്നെ സത്യസന്ധമായാണ് എഴുതിയിരിക്കുന്നത്.ഒഴിവാക്കാൻ പറ്റാത്ത സന്ദർഭങ്ങളിൽ ആ വ്യക്തിയുടെ പേര് പറയാതെ കാര്യം പറഞ്ഞുപോവുകയാണ് ചെയ്തിട്ടുള്ളത്.അനുഭവങ്ങളും അതിനോടുള്ള പ്രതികരണങ്ങളും വായനക്കാർ മനസ്സിലാക്കണം എന്നല്ലാതെ വ്യക്തിഹത്യ നടത്തുക എന്ന ഉദ്ദേശം എഴുത്തിൽ ഉണ്ടായിട്ടില്ല.

കശ്മീരിൽ ജനിച്ചു,കേരളത്തിൽ വളർന്നു,അമേരിക്കയിൽ ജീവിക്കുന്നു... ഇതിൽ എവിടെ നടക്കുന്ന പ്രശ്നങ്ങളാണ് കൂടുതൽ നൊമ്പരപ്പെടുത്തുക?

ഒരെഴുത്തുകാരൻ സ്വന്തമായ ദേശമുള്ളവനല്ല എന്നുപറയാനാണിഷ്ടം.രണ്ടുവയസ്സുള്ള ഒരുകുഞ്ഞ് ഭൂമിയുടെ ഏതറ്റത്തുവച്ച് പീഡിപ്പിക്കപ്പെട്ട വാർത്ത ശ്രവിച്ചാലും എന്റെ ഉള്ള് പിടയും.ഒരാഴ്‌ച എങ്കിലും സ്വസ്ഥമായി ഉറങ്ങാൻ കഴിയാതെവരും.

ഇന്ത്യയിലേക്കാൾ കൂടുതൽകാലം ഞാൻ ജീവിച്ചത് അമേരിക്കയിലാണ്.കിഴക്കുനിന്ന് പടിഞ്ഞാറോട്ട് നടത്തിയ യാത്രയിലെ നന്മകൾ ഒപ്പം കൂട്ടാനാണ് ആഗ്രഹം.അനീതിയും അക്രമവും എവിടെ നടന്നാലും അതെന്നെ അസ്വസ്ഥയാക്കും.അടുത്തിടെ ഒരുപാട് വിഷമിപ്പിച്ചതാണ് മണിപ്പൂർ കലാപം.അമേരിക്കയിൽ ഇരുന്നുകൊണ്ട് ഇന്ത്യയിൽ എന്താണ് നടക്കുന്നതെന്നോ അവിടത്തെ രാഷ്ട്രീയമോ  എനിക്ക് കൃത്യമായി അറിയില്ല.നഗ്നരായി ആ പെൺകുട്ടികൾ തെരുവിലൂടെ നടന്ന് അപമാനിതരായതറിഞ്ഞ്  രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് അവിടെ എത്തിയില്ല എന്നത് എന്നെ അലട്ടുന്ന ചോദ്യമാണ്.അതിശൈത്യം മൂലം നാട് പ്രതിസന്ധിനേരിട്ട സാഹചര്യത്തിൽ തന്റെ വസ്ത്രം പോലും മാറാതെ മൂന്നുദിനരാത്രങ്ങൾ  പ്രശ്നം പരിഹരിക്കാൻ ജനത്തിനൊപ്പം നിൽക്കുന്ന  വനിതാ ഗവർണറെ ഇവിടെ കാണുന്ന എനിക്ക് ഇന്ത്യയിൽ നടക്കുന്നത് തെറ്റായാണ് തോന്നുന്നത്. ഏതൊരു സാധാരണക്കാരന്റെയും ജീവിത നിലവാരം മെച്ചപ്പെടുമ്പോഴാണ് ആ രാജ്യം വികസിതമാകുന്നത്.ഇന്ത്യയെക്കുറിച്ച് അങ്ങനെ പറയാൻ കഴിയുമോ?

ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതെവിടെയാണ്?

കശ്മീരിനെക്കുറിച്ച് മമ്മി പറഞ്ഞുതന്ന ഓർമ്മയേ ഉള്ളു. വളർന്നശേഷം പോയിട്ടില്ല.കേരളത്തിന്റെ മനോഹാരിതയും പച്ചപ്പും ഗ്രാമഭംഗിയും എന്നെ എക്കാലവും ഭ്രമിപ്പിക്കുന്ന ഒന്നാണ്. അപ്പച്ചന്റെ ബലമുള്ള കൈപിടിച്ച് സ്‌കൂളിലും പള്ളിയിലും പോയതും ആമ്പൽക്കുളത്തിലെ വാൽമാക്രിയും  നിറംമങ്ങാതെ മനസ്സിലുണ്ട്.പെരുമരത്തിന്റെ കമ്പൊടിച്ച് സിഗററ്റ് വലിച്ച കുട്ടിക്കാലം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. കൂട്ടുകാർ,ഗൃഹാതുരത ഇങ്ങനെ ചില കാര്യങ്ങളാണ് കേരളവുമായി അടുപ്പിക്കുന്നത്.പക്ഷേ, അമേരിക്കയാണ് എന്നെ ഇന്നുകാണുന്ന ഞാനാക്കിയത്.വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും തൊഴിലവസരം നല്കിയതിലുമൊക്കെ ഈ മണ്ണിനോട് വീട്ടാനാകാത്ത കടപ്പാടുണ്ട്.

അമേരിക്കയിലെ പുതുതലമുറയെ ഞാൻ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.എന്റെ മക്കൾ എന്നെക്കാൾ ആയിരം മടങ്ങ് നന്മയുള്ളവരാണ്. ഈ നാടിന്റെ സംസ്കാരം,അവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസം എല്ലാം അതിൽ സ്വാധീനിച്ചിട്ടുണ്ട്. നിയമങ്ങൾ കർശനമായി പാലിക്കുകയും തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയുകയും വേദനിപ്പിക്കാതെ വിമർശിക്കുകയും ചെയ്യുന്ന അവരിൽ ഒരാളാകാൻ കൊതിതോന്നും.ശിഥിലമായ കുടുംബബന്ധങ്ങൾ പോലെ പല പ്രശ്നങ്ങളും അമേരിക്കയിലുമുണ്ട്.എന്നാൽ,ഇത്രത്തോളം സ്വാതന്ത്ര്യം ആസ്വദിക്കാൻ വേറെ എവിടെയും കഴിയുമെന്ന് തോന്നുന്നില്ല. കേരളത്തിൽ എനിക്ക് വീടോ സ്ഥലമോ അങ്ങനെ യാതൊന്നുമില്ല. അതുകൊണ്ട് ജന്മനാടിനെ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് അമേരിക്കയിൽ തന്നെ തുടരുമ്പോൾ,അതാണെന്റെ സ്വർഗ്ഗം.

ReplyForward

Add reaction

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക