Image

മിന്‍സ (ചെറുകഥ: ചിഞ്ചു തോമസ്)

Published on 08 June, 2024
മിന്‍സ (ചെറുകഥ:  ചിഞ്ചു തോമസ്)

രാവിലെ ആറ്‌പതിനഞ്ചിനാണ്‌ മിൻസയുടെ സ്കൂൾ ബസ്സ് വരുന്നത്.അവൾക്ക് സ്കൂൾബസ്സിൽ പോകാൻ വളരെ ഇഷ്ട്ടമാണ്.അവളുടെ വീടും സ്കൂളും തമ്മിലുള്ള ദൂരം പ്രത്യക്ഷത്തിൽ കുറവാണെങ്കിലും ആ സ്കൂൾബസ്സ് ആ നാട്ടിലുള്ള എല്ലാ ഊടുവഴികളും താണ്ടിച്ചെന്ന് കുറേ കുട്ടികളേയുംകയറ്റി ഏഴ്മുപ്പത് ആകുമ്പോഴേ സ്കൂളിൽ എത്തിയിരുന്നുള്ളൂ.

അന്നേ ദിവസം മിൻസയുടെ ജന്മദിനമായിരുന്നു.അവളുടെ ക്ലാസ്സിലുള്ള കുട്ടികൾക്ക് വിതരണം ചെയ്യുവാനുള്ള മിഠായി മാത്രമേ അവളുടെ പക്കൽ ഉണ്ടായിരുന്നുള്ളൂ.അതുകൊണ്ടുതന്നെ 'ഇന്നെന്റെ ഹാപ്പീ ബർത്ത്ഡേയാണ് ' എന്നവൾ ബിസ്സിലുള്ള ആരോടും പറഞ്ഞില്ല. ഇനി  അഥവാ പറഞ്ഞാൽ  തേനീച്ചകൾ പൂക്കളുടെ ചുറ്റും തേൻതേടി നടക്കുന്നതുപോലെ, 'മിഠായി താ ...'എന്നും പറഞ്ഞു കൈനീട്ടി വരും  എല്ലാവരും.പിന്നെ ക്ലാസ്സിലെ കുട്ടികൾക്ക് കൊടുക്കാൻ ഒന്നുംഉണ്ടാകുകയില്ല.ബാഗിന് കുറേക്കൂടെ വലുപ്പമുണ്ടായിരുന്നെങ്കിൽ കുറെയേറെ മിഠായികൾ കുത്തിനിറയ്ക്കാമായിരുന്നു എന്നവൾ ചിന്തിച്ചു.
       
തലേന്ന് പാതിരാത്രി അച്ഛനും അമ്മയും അവൾക്ക് തുരുതുരാ ഉമ്മ നൽകിയപ്പോൾ ഉറക്കത്തിലായിരുന്ന മിൻസ അച്ഛനേയും അമ്മയേയും അവളുടെ രണ്ട് കുഞ്ഞികൈകൾകൊണ്ട് മുറുക്കിപ്പിടിച്ചിട്ട്  'എന്താ .... ഞാൻ ഉറങ്ങുവാ ....'എന്ന് കിണുങ്ങി പറഞ്ഞു. ‘ മോൾക്ക് ഇന്ന് നാലുവയസ്സായി’ എന്ന് പറഞ്ഞു കേക്കിന്റെ ഒരു ചെറുകഷ്ണം അവളുടെ നാവിൽ തൊട്ടുതന്നതോർത്തു അവൾ സന്തോഷം അടക്കാനാവാതെ കാലൊന്നാട്ടി ഊറി ചിരിച്ചുകൊണ്ട് ബസ്സിന്റെ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു.

ഓരോ കുട്ടികളും സ്കൂൾബസ്സ് കാത്തുനിൽക്കുന്നത് കാണാൻ മിൻസക്ക് ഇഷ്ട്ടമായിരുന്നു.ചില കുട്ടികൾ ബസ്സ് വരുന്നത് കാണുമ്പോൾ അമ്മയെ കെട്ടിപ്പിടിച്ചു കണ്ണുകളടച്ചു 'എനിക്ക് പോണ്ടാ ' എന്നും പറഞ്ഞു ചിണുങ്ങുന്നത് കാണാം.മിൻസയ്ക്ക് അതുകാണുമ്പോൾ ചിരിവരും.

'എനിക്കിഷ്ട്ടാ സ്കൂളിൽ പോകാൻ...എനിക്കിഷ്ട്ടാ കൂട്ടുകാരേകാണാൻ...എനിക്ക് ടീച്ചർമാരെയും ഇഷ്ട്ടാ...എനിക്ക് ബസ്സിൽ കാഴ്ചകൾ കണ്ടോണ്ട് ഇരിക്കുന്നതും ഇഷ്ട്ടാ‘. അവൾക്കു അവളെയോർത്തു അഭിമാനം കൊള്ളുന്ന നിമിഷങ്ങളായിരുന്നു അത്.
'ഞാൻ കരയില്ല , ഞാൻ ചിരിച്ചോണ്ടേ സ്കൂളിൽ പോകൂ', മിൻസ അടുത്തിരിക്കുന്ന കുട്ടിയോട് ചിണുങ്ങിപ്പറയും.

ഓരോ കുട്ടികളേയും സ്കൂൾ ബസ്സിന്റെ ഉള്ളിലേയ്ക്ക് കയറ്റി വിടുമ്പോൾ അമ്മമാർ ഒരുകാര്യം വിളിച്ചുപറയുന്നത് കേൾക്കാം ,"വെള്ളം കുടിക്കാൻ മറക്കെല്ലേ !".

മിൻസ ആലോചിച്ചു , എന്റെ അമ്മയും പറയും ,'വെള്ളം കുടിക്കണേ ,വെള്ളം കുടിക്കണേ, ഭയങ്കര ചൂടാണേ , വെള്ളം കുടിച്ചില്ലേൽ അസുഖം വരുമേ '! ഹ ഹ ഹ മിൻസ അറിയാതെ ഉറക്കെ ചിരിച്ചുപോയി... ഈ അമ്മയ്ക്ക്  ഒന്നും അറിയില്ല! ബസ്സിന്റെ ഉള്ളിലും തണുപ്പാ.. സ്കൂളിലും തണുപ്പാ...അമ്മയ്ക്ക് ഒന്നും അറിയില്ല!  അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ വീതികുറഞ്ഞ വഴിയുടെ ഒരു ഭാഗത്തു നിന്നിരുന്ന  വൃക്ഷങ്ങൾ അടഞ്ഞുകിടന്നിരുന്ന ജനാലയിലൂടെ ബസ്സിന്റെ ഉള്ളിലേയ്ക്ക് നോക്കി. അതിരാവിലെയായതിനാൽ ഇലകളിൽ മഞ്ഞുതുള്ളികളുണ്ടായിരുന്നു. ശിഖരങ്ങൾ ഇലകളിലുള്ള മഞ്ഞുതുള്ളികളാൽ ജനൽപ്പുറത്തു അർത്ഥമില്ലാത്ത എന്തൊക്കെയോ കുത്തിക്കുറിച്ചു.അതുകണ്ടു മിൻസയ്ക്ക് ചിരിവന്നു.

****************** ******************* ************************

" ഇത് ഞാൻ അക്ഷരങ്ങൾ എഴുതുന്നപോലെയുണ്ടല്ലോ "! " നീ സ്കൂളിൽ വന്നാൽ ഈ എഴുത്തിനു നിനക്കുംകിട്ടും ശിക്ഷ". മിൻസ വൃക്ഷങ്ങളോട് അവയുടെ അയോഗ്യത ഓർമ്മിപ്പിച്ചുകൊണ്ട് വൈകിട്ടുകാണാം എന്ന് പറഞ്ഞു കൈവീശി റ്റാ റ്റാ പറഞ്ഞു.

മിൻസയുടെ ക്ലാസ്സിൽ പഠിക്കുന്ന അലെക്സിന്റെ വീടായി.അവൾ പുറത്തേക്ക് അവനെ നോക്കിയിരുന്നു.അവൻ സ്കൂൾ ബസ്സിലേയ്ക്ക് വരുന്നത് അവന്റെ അമ്മയുടെ സാരിത്തുമ്പിൽ മറഞ്ഞുനിന്നായിരുന്നു.ഒരു പാവം പയ്യനായിരുന്നു അലക്സ്.അവന്റെ അമ്മയാകട്ടെ ശോഷിച്ചു വെളുത്ത ഒരസ്ഥികൂടവും.അലക്സിന്റെ കണ്ണുകളിൽ എപ്പോഴും പരുങ്ങലും ഭയവുമാണ്. ആൾക്കൂട്ടം കാണുമ്പോൾ അവന് പേടി തോന്നും. അവന്റെ ചുവന്ന ചുണ്ടുകൾ എപ്പോഴും തുറന്നിരുന്നു. പല്ലുകൾ ഉന്തി പുറത്തോട്ടും. മിൻസയ്ക്ക് അലെക്സും അമ്മയും അവളുടെ ചിന്തകളിലെ നിഗൂഢങ്ങളായ രണ്ട് കഥാപാത്രങ്ങളായിരുന്നു. മിൻസയെ കണ്ടാൽ അലക്സ് അവൻ തിരയുന്ന ആരെയോ കണ്ടപോലെ കുറച്ചു നിമിഷങ്ങൾ അവളെ നോക്കി നിന്ന് പതിയെ ചിരിവിടർത്തും. അവൻ ചിരിക്കാൻ തുടങ്ങുമ്പോഴേ മിൻസ തലതിരിക്കും. അതിനു കാരണം മിൻസയ്ക്ക് അലക്സ് രഹസ്യങ്ങൾ നിറഞ്ഞ പല്ല് പുറത്തേക്കുന്തിയ വാലില്ലാത്ത കൊമ്പുകളുമില്ലാത്ത ഒരു കുട്ടിച്ചാത്തനായിരുന്നു.

അന്നേദിവസം അലക്സ് മിൻസയുടെ അടുത്തായിരുന്നു ഇരുന്നത്.അവനെ നോക്കാതെ അവൾ തലതിരിച്ചുതന്നെ വെച്ച് പുറത്തുനിന്ന് കണ്ണെടുക്കാതെയിരുന്നു.

എല്ലാ കുട്ടികളേയും കയറ്റി എല്ലാ വഴികളും കടന്ന് സ്കൂൾബസ്സ് അവസാനം സ്കൂളിലെത്തി. കുട്ടികളെല്ലാം ഉന്തിതള്ളി ബസ്സിന്‌ പുറത്തേക്കിറങ്ങുവാൻ കൂട്ടംകൂടി നിന്നു. അലെക്സും ബാഗ് എടുത്തുകൊണ്ട് എഴുന്നേറ്റു. മിൻസയെ നോക്കി. അവൾ എഴുനേൽക്കുന്നില്ല. ഉറക്കമാണ് . മിൻസ...അവൻ പതുക്കെ വിളിച്ചു. അവൾ എഴുനേൽക്കുന്നില്ല. നല്ല ഉറക്കമാണ്. കൂർക്കംവലിക്കുന്നുണ്ട് . അവന് അവളെ തൊട്ട് വിളിക്കുവാൻ പേടി തോന്നി.

'എല്ലാവരും ഇറങ്ങു ', ആയ ആജ്ഞാപിച്ചു. അലക്സ് പുറത്തേക്ക് ഇറങ്ങുംമുമ്പ് മിൻസയെ ഒന്നുംകൂടെ നോക്കി. അവൾ ഉറക്കമാണ്.

'മിൻസ ഉറങ്ങുന്നു ' എന്ന് അലെക്സിന് ആയയോട് പറയാൻ പേടി വന്നു. അലക്സ് പുറത്തിറങ്ങിയതും ഡ്രൈവർ ബസ്സ് പൂട്ടി.സ്കൂളിലേക്ക് ആയ അവിടെനിന്ന എല്ലാ കുട്ടികളേയും കൊണ്ടുപോയി.

മിൻസ ബസ്സിലിരുന്നു ഉറങ്ങുന്നകാര്യം സ്കൂൾ ടീച്ചറോട് പറയാനുള്ള  പേടികാരണം അലെക്സിന് കഴിഞ്ഞില്ല. അത് പറയണമെന്ന് ആലോചിക്കുമ്പോഴേയ്ക്ക് അവന് കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി.

സാരമില്ല. സ്കൂൾ വിട്ട് ബസ്സിൽ ചെല്ലുമ്പോൾ അവളെ കാണാമെല്ലോ ! അപ്പോഴേക്കും അവൾ ഉറക്കത്തിൽനിന്നു ഉണർന്നിട്ടുണ്ടാകും, നാലുവയസുകാരനായ അലക്സ് സ്വയം ആശ്വസിച്ചു.

സ്കൂൾവിട്ടു ബസ്സിൽ കയറാൻ എല്ലാവരും വരിവരിയായി നിന്നു. ബസ്സ് ഡ്രൈവർ ഏ സി ഇട്ടു. കുട്ടികൾ ബസ്സിനുള്ളിലേക്കു കയറി. ചുട്ടുപഴുത്ത ഇരിപ്പിടത്തിൽ ബോധരഹിതയായി കണ്ണുകൾതള്ളി വായതുറന്ന് കിടക്കുന്ന മിൻസയെക്കണ്ട് കുട്ടികൾ അലറിക്കരഞ്ഞു. ആയ മിൻസയെ വാരിയെടുത്തുകൊണ്ട്   സ്കൂളിലേക്കോടുന്നതും അവിടെനിന്ന് ടീച്ചർമാരെല്ലാവരുംകൂടെ അവളെ എടുത്തു ആശുപത്രിയിലേക്കോടുന്നതും അവിടെനിന്ന ആയമാരും മറ്റ് മുതിർന്നവരും നെഞ്ചത്തടിച്ചു നിലവിളിക്കുന്നതും അക്ഷരാർത്ഥത്തിൽ ഞെട്ടലോടെ അലക്സ് നോക്കിനിന്നു.

“എന്റെ മിൻസ...എന്താ നീ ഇതുവരെ ഉറക്കം ഉണരാത്തത് ?" അവൻ ഒന്നും മനസ്സിലാകാതെ നിന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക