1
പവർ കട്ടിന്റെ
ഉഷ്ണസദ്യയ്ക്ക്
വിശറി ക്ഷണിച്ചു
സ്വിച്ചിട്ട മാതിരി
കാറ്റെത്തി
കുളിർമ്മയുടെ
സമ്മാനപ്പൊതി നൽകി
ക്ഷണിക്കപ്പെടും മുമ്പ്
കാറ്റ് ഒളിച്ചിരിക്കയായിരുന്നു
വിശറിയുടെ തന്നെ
വർണ്ണഞൊറികൾക്കിടയിൽ!
2
ചില നേരങ്ങളിൽ കാറ്റ്
ആറ്റിനോടും വഞ്ചിയോടും
സമദൂരം പാലിച്ച് മേഘങ്ങളിൽ
വിശ്രമിക്കും
ചിലപ്പോൾ കാറ്റ്
ആററുവഞ്ഞിക്കാട്ടിൽ ഒളിച്ചിരുന്ന്
കടവിലടുത്ത കേവഞ്ചിയെ
കരയിൽ മറച്ചിട്ട്
ഒരു പോക്കിരിക്കുട്ടനെപ്പോലെ
പൊട്ടിച്ചിരിക്കും.
3
കിഴക്കൻകാറ്റും
അമ്പലമണിയും
അനാസക്തിമനവും
കിരാതമൂർത്തിയുടെ
നെഞ്ചിലെ കാറ്റിൽ പുണ്യമാം
മണിയടിനാദമനാഹതം.
4
വീഴ്ത്താൻ കാറ്റിനു
തരിമ്പും ഇച്ഛയില്ല
വീഴാൻ വൻമരത്തിനും
തരിമ്പും ഇച്ഛയില്ല
ചുഴിയിൽ അടങ്ങാനാവാതെ
ചുഴലിയിൽ നിർത്താനാകാതെ
ചീറിയടിച്ചെത്തിയപ്പോൾ
ഉന്മാദക്കാറ്റിൽ
ശിഖരം വേരടക്കം..........
കലി ബാധിച്ച കൊടുങ്കാറ്റിനെ
സ്രഷ്ടാവ് ശാസിച്ചപ്പോൾ
കാറ്റ് ഒരു തുരുത്തിലേക്ക് പിൻവാങ്ങി
പതിയെ പ്രാണായാമം സാധകം ചെയ്തു
കാറ്റിന് വലിയ ശാന്തത ഉണ്ടായി!
5
കാറ്റിനെ അയച്ചവന്റെ
കുസൃതികൾക്ക്
കാറ്റിനെ പഴിക്കാനാവില്ല
താരാട്ടിൽ നിന്ന്
ദുരന്ത ഗീതത്തിലേക്കുള്ള
വ്യതിയാനം ആസൂത്രിതമാകണമെന്നില്ല
6
വെട്ടുകാരനെത്തി
മസിലൻ മഴു പ്രയോഗം
വൻമരം വിറകു കുട്ടകളായി
പാളികളും ചീളുകളും
വെയിലിന്റെ വറചട്ടിയിൽ ഉണങ്ങി
വിറകു അടുപ്പിലെത്തി
മരം നല്ല ചാരമായി
കനലടങ്ങിയപ്പോൾ
ചാരത്തിനു ഒരു മോഹം,
കുഞ്ഞുങ്ങൾക്കും കുറുഞ്ഞികൾക്കും
അണ്ണാരക്കണ്ണന്മാർക്കും
തണൽപ്പന്തലൊരുക്കണം
ഒരിക്കൽ കൂടി ഒരു പച്ചിലമരമാകണം
നക്ഷത്രങ്ങളോട് കിന്നാരം ചൊല്ലണം
ആകാശം മുട്ടെ പന്തലിക്കണം!
7
വൃത്തത്തിൽ സഞ്ചരിക്കുന്ന കാറ്റ് സമഗ്രമായ പൂജ്യമത്രെ
അതു കൊണ്ട് തന്നെ അപൂർണ്ണതകൾക്ക് പൂജനീയനും
പൂജ്യത്ത് ന്ന്
വലത്തോട്ട് തിരിച്ചാൽ ഒന്നിലെത്തും
ഇടത്തോട്ട് ഇറങ്ങിയാൽ അനന്തത
ഒന്നിനും അനന്തതയ്ക്കുമിടയിലെ
ലീലാവിലാസങ്ങൾ
ഊർജ്ജവും ചാഞ്ചല്യവും
പരിധിയില്ലാതെ കടമെടുക്കുന്നതു
കാറ്റിൽ നിന്നാകാം
8
ചിലർ കണക്കിൽ പാസ്സാകും
ഭൂമിയിൽ കനകക്കൊട്ടാരം പണിയും
ചിലർ പൂജ്യത്തിൽ പൂസാകും
കടൽത്തീരത്തിരുന്ന് തിരകളെണ്ണും
അങ്ങനെ സംഭവിക്കുന്നതെന്തു
കൊണ്ടെന്ന് ആരായുക
ഉത്തരമറിയാത്ത കാറ്റ്
അഗ്നിയെയും ജലത്തെയും
ഭൂമിയെയും തമസ്ക്കരിച്ച്
ഒരു ബഹിരാകാശ-വിനോദ-
തീർത്ഥയാത്രയ്ക്കിറങ്ങിയേക്കും!