Image

താമരയ്ക്ക് വാട്ടം , 'ഇന്ത്യ'യ്ക്ക് തിളക്കം (സിൽജി ജെ ടോം)

Published on 09 June, 2024
താമരയ്ക്ക്  വാട്ടം , 'ഇന്ത്യ'യ്ക്ക് തിളക്കം (സിൽജി ജെ ടോം)

പതിനെട്ടാം ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിനെ തുടർന്നുള്ള ചർച്ചകളിലും വിലയിരുത്തലുകളിലുമാണ്  ലോകമെങ്ങുമുള്ള ഇന്ത്യൻ സമൂഹം.  മൂന്നാം വട്ടവും ഭരണം ലഭിച്ചെങ്കിലും പരാജയം എന്ന് വിശേഷിപ്പിക്കാവുന്ന വിധം ശോഭ മങ്ങിയ  വിജയമായി ഈ തിരഞ്ഞെടുപ്പിൽ  ബി ജെ പിയുടേത്. എന്നാൽ തികച്ചും അപ്രതീക്ഷിതമായി വിജയം എന്ന് തന്നെ പറയാവുന്ന പരാജയമാണ് ഇന്ത്യാ മുന്നണി നേടിയത്  . എക്സിറ്റ് പോൾ പ്രവചനങ്ങളെ തെറ്റിച്ച് ഇന്ത്യാ സഖ്യം നേടിയ വൻ മുന്നേറ്റം ഈ തിരഞ്ഞെടുപ്പിന് ആരും പ്രതീക്ഷിക്കാത്ത ഉജ്വല രാഷ്ട്രീയ മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്.
കക്ഷി നില: എൻ ഡി എ -292, ഇന്ത്യാ സഖ്യം- 234, മറ്റുള്ളവർ 17.

കേരളത്തിലാവട്ടെ 18 സീറ്റ് നേടി  യു ഡി എഫ് തരംഗം ആഞ്ഞടിച്ചതിനിടയിലും തൃശൂരിൽ സുരേഷ്  ഗോപിയിലൂടെ  ബി ജെ പി കേരളത്തിൽ അക്കൗണ്ട്  തുറന്നത്  ശ്രദ്ധേയമായി.
കക്ഷി നില:  യു ഡി എഫ് 18, എൽ ഡി എഫ്  1, ബി ജെ പി  1.

കേന്ദ്രത്തിലും കേരളത്തിലും ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പായി ഇത് .
292 സീറ്റിൽ എൻ ഡി എ യെ പിടിച്ചുകെട്ടി ഇന്ത്യാ സഖ്യം നേടിയ  234 സീറ്റ്‌ വിജയത്തിന് കേവല ഭൂരിപക്ഷത്തേക്കാൾ തിളക്കമുണ്ട്  .തനിച്ച് ഭരിക്കാൻ ആവശ്യമായ 272 എന്ന സംഖ്യ ലഭിക്കാതെ വന്നതാണ് ബി ജെ പിക്ക് ക്ഷീണമായത് . 2014 ൽ 282 ഉം കഴിഞ്ഞ തവണ (2019)ൽ 303 ഉം സീറ്റുകൾ നേടിയിടത്ത് നിന്നാണ് ഇത്തവണ കേവല ഭൂരിപക്ഷത്തിൽ പോലും എത്താതെ 240 സീറ്റിൽ പാർട്ടിക്ക് ഒതുങ്ങേണ്ടി വന്നത് .   അമിത ആത്മ വിശ്വാസവുമായി ഭരണം പിടിക്കാനിറങ്ങിയ ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് നൽകിയത് . മൂന്നാം വട്ടവും എൻ ഡി എ ഭൂരിപക്ഷം നേടുന്നത് ചെറിയ നേട്ടമല്ല ,എന്നാൽ നാനൂറിലേറെ സീറ്റ് കിട്ടുമെന്ന അവകാശ വാദത്തിന്റെ അടുത്തെങ്ങുമെത്താൻ അവർക്കായില്ലന്നതാണ് ആ നേട്ടത്തിന്റെ ശോഭ കെടുത്തിയത് . കഴിഞ്ഞ തവണത്തെ 303 എന്ന വലിയ നേട്ടത്തിൽ നിന്ന് ഏറെ ദൂരം അകലെപോവുകയും ചെയ്തു. ഒറ്റവ്യക്തിയിലേക്കും ഒറ്റ പാർട്ടിയിലേക്കും നീളുന്ന അധികാര പ്രമത്തതയ്ക്കെതിരായ വിധിയായി  ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം എന്ന്  പറയുന്നതിൽ തെറ്റില്ല .വികസന സ്വപ്‌നങ്ങൾ നൽകിയും കഴിവുറ്റ ഭരണാധികാരിയെന്ന ഇമേജ് സൃഷ്ടിച്ചും നടപ്പാക്കിയ നയപരിപാടികളിൽ ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കുന്നതിനായിരുന്നു മോദി പ്രാധാന്യം നൽകിയത് . ഏറെ പഴി കേൾക്കേണ്ടി  വന്ന  മണിപ്പൂർ കലാപവും മോദിഭരണത്തിന് ഇക്കുറി തിരിച്ചടി നൽകുന്നതിൽ പ്രധാന ഘടകമായി.

ഒരു ഘട്ടത്തിൽ ഇല്ലാതായതായി പോലും കരുതിയ ഇന്ത്യാ സഖ്യത്തെ  പുനരുജ്ജീവിപ്പിച്ചു കൊണ്ടുവന്ന രാഹുൽ ഗാന്ധി, ഹിന്ദി ഹൃദയഭൂവിൽ ബി ജെ പി യെ തകർക്കാൻ ഒപ്പം ചേർന്ന് പ്രവർത്തിച്ച അഖിലേഷ് യാദവ് ഇവരൊക്കെ ഇന്ത്യാ സഖ്യത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ചില  പ്രധാനികൾ  മാത്രമാണ്  . ഈ ഇലക്ഷനിൽ മോദി തരംഗത്തെ ഒരു പരിധി വരെ പിടിച്ചുകെട്ടിയതിന് പിന്നിൽ സോഷ്യൽ മീഡിയ താരങ്ങളായ ധ്രുവ് രാതീയുടെയും രവീഷ് കുമാറിന്റെയും മുഹമ്മദ് സുബൈറിന്റെയുമൊക്കെ  പങ്ക് എടുത്ത് പറയേണ്ടതാണ് . സൈബര്‍ ലോകത്ത് ഇപ്പോൾ നിറഞ്ഞു നില്‍ക്കുന്ന പ്രതിപക്ഷ ശബ്‍ദമാണ് മോദിപ്പേടി ഇല്ലാതെ, പറയാനുള്ളത് വിളിച്ചു  പറയുന്ന,  അതിരൂക്ഷ വിമർശനങ്ങളാൽ ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന   ധ്രുവ് രാതീ. ജനാധിപത്യ രാജ്യത്ത് പ്രതിപക്ഷവും മാധ്യമങ്ങളും ചെയ്യേണ്ട ജോലി ഏറ്റെടുത്ത്   കൊണ്ടും കൊടുത്തും  ജനാധിപത്യത്തിന്റെ വക്താവായ  മുപ്പതുകാരൻ യു ട്യൂബിലൂടെ നടത്തിയ ഇടപെടലുകൾ ഈ തിരഞ്ഞെടുപ്പിനെ ഒരു പരിധി വരെ  സ്വാധീനിച്ചു .  സുബൈറാകട്ടെ ആൾട്ട്  ന്യൂസിലൂടെ മോദിയുടെ  കള്ളത്തരങ്ങൾ വെളിച്ചത്ത് കൊണ്ടുവന്നു. എൻ.ഡി.ടി.വി സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനം രാജിവെച്ചിറങ്ങിയ  മാധ്യമ പ്രവര്‍ത്തകൻ രവീഷ് കുമാറും മാധ്യമപ്രവർത്തകർക്ക്  മാതൃകയായി പ്രതിപക്ഷ ധർമം തന്നെയാണ് നിർവഹിച്ചത്.

ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലെന്ന നിലയിലേക്ക് രാജ്യം എത്തുന്നത് പത്ത് വർഷത്തിന് ശേഷമാണ്. സഖ്യ കക്ഷികൾക്ക് മിണ്ടാൻ പോലുമാവാത്ത സ്ഥിതിയിലായിരുന്നു നരേന്ദ്ര മോദിയുടെ കഴിഞ്ഞ രണ്ട് ഭരണ കാലവും കടന്നു പോയതെങ്കിൽ മൂന്നാം മോദി സർക്കാരിന്റെ നില നിൽപ് തന്നെ സഖ്യ കക്ഷികളെ ആശ്രയിച്ചാണ് .രാഷ്ട്രീയ കളികൾക്കും  കാലുവാരലിനും സമർത്ഥരായ ചന്ദ്ര ബാബു നായിഡുവും നിതീഷ് കുമാറും കേന്ദ്ര ഭരണത്തിന്റെ നിയന്ത്രണം കയ്യാളുമ്പോൾ അവരുടെ വിലപേശലുകൾ സർക്കാരിനെ വലിച്ചു താഴെയിടുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.  സഖ്യ കക്ഷി ഭരണം  മോദിക്കും ബി ജെ പിക്കും അത്ര പരിചയമുള്ള കാര്യമല്ല. കൂട്ടുകക്ഷി ഭരണത്തിന്റെ തൊന്തരവുകൾ  കോൺഗ്രസ് പക്ഷേ  നേരത്തേ ആവോളം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഭരണം നിലനിർത്താൻ ടി ഡി പി , ജെ ഡി യു തുടങ്ങിയ  കക്ഷികളെ ആശ്രയിക്കേണ്ട സാഹചര്യത്തിൽ ബി ജെ പി സർക്കാർ ആടിയുലയുമെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ അപ്പോൾ നോക്കാമെന്നും ഇപ്പോൾ സർക്കാരുണ്ടാക്കാൻ ശ്രമിക്കേണ്ടെന്നുമാണ് കോൺഗ്രസിന്റെ തീരുമാനം.

പപ്പു എന്നു വിളിച്ച്‌ ബിജെപി അവഹേളിച്ചിരുന്ന  രാഹുൽ ഗാന്ധി തന്നെയാണ്  ഈ തിരഞ്ഞെടുപ്പിൽ ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയതെന്ന് പറയാം. റാലികളും പൊതുയോഗങ്ങളുമായി നൂറിലധികം ഇടങ്ങളിൽ സ്നേഹത്തിന്റെ ഭാഷയിൽ   ജനങ്ങളെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്തു. ഗാന്ധിയും നെഹ്റുവും അംബേദ്ക്കറും ഭരണഘടനയും നിറഞ്ഞു നിന്ന പ്രസംഗങ്ങളിൽ അദ്ദേഹം സാധാരണക്കാരന്റെ ശബ്ദമായി.  വെറുപ്പിന്റെ കമ്പോളത്തിൽ   സ്നേഹത്തിന്റെ കട തുറന്നാണ് ജനഹൃദയങ്ങളിലേക്ക് രാഹുൽ നടന്നുകയറിയത്. ബി ജെ.പിയും  ഗോദി മീഡിയയും നിരന്തരം ആക്ഷേപിച്ചിട്ടും പാർട്ടി തുടരെ മോശം നാളുകളിലൂടെ കടന്നുപോകുമ്പോഴും പോരാട്ട വീര്യം ചോരാതെ മുന്നോട്ട് പോകാനായതാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ് .  കോണ്‍ഗ്രസ്സിനും ഇന്ത്യാ സഖ്യത്തിനും സീറ്റുകളുടെ എണ്ണത്തിലും വോട്ടിങ്ങ് ശതമാനത്തിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും വലിയ മുന്നേറ്റം ഉണ്ടാക്കി കൊടുക്കാന്‍ രാഹുലിന്റെ നേതൃത്വത്തിന് കഴിഞ്ഞിരിക്കുകയാണ്.  
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി ഒന്നടങ്കം  ആവശ്യപ്പെട്ടുകഴിഞ്ഞു . രാഹുൽ 140 കോടി ജനങ്ങളുടെ ശബ്ദമാണെന്നാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി അഭിപ്രായപ്പെട്ടത് .

കേരള  രാഷ്ട്രീയത്തിലാവട്ടെ ഭരണ  വിരുദ്ധ വികാരം അലയടിക്കുന്നതിന്റെ സൂചനയായി എൽ ഡി എഫ് നേരിട്ട വമ്പൻ പരാജയം. എൻ ഡി എ കേരളത്തിൽ ഇതാദ്യമായി തൃശൂർ  പിടിച്ചെടുത്തതും കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാമങ്ങളിലടക്കം കോൺഗ്രസ് നടത്തിയ മുന്നേറ്റവും പാർട്ടിക്ക് പൊതുവിൽ  ക്ഷീണമായി. സംസ്ഥാനത്ത് ബി ജെ പി ക്ക് തുല്യമായി ഒരേയൊരു സീറ്റുമായി മാത്രം നിൽക്കുന്നത് എൽ ഡി എഫിന് വൻ തിരിച്ചടി തന്നെയാണ് .പാർട്ടിയിൽ പിണറായി വിജയൻറെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടുന്നതിലേക്ക്  ഈ പരാജയം വഴി തുറന്നേക്കാം.
കോൺഗ്രസിലാവട്ടെ വിജയ തിളക്കത്തിനിടയിലും കെ മുരളീധരൻ തൃശൂരിൽ നേരിട്ട വൻ പരാജയം വിജയത്തിന്റെ ശോഭകെടുത്തി.

ഇടതു വലതു മുന്നണികളില്‍ മാത്രം കേന്ദ്രീകരിച്ച കേരള രാഷ്ട്രീയത്തില്‍ ശക്തമായൊരു ബദലായി വ്യക്തമായ  സാന്നിദ്ധ്യം അറിയിച്ച്  ബിജെപി വളരുന്നുവെന്നാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വരുംകാല കേരള രാഷ്ട്രീയത്തിൽ ബിജെപിയെ സംബന്ധിച്ചിടത്തോളം   ഇത് വലിയൊരു നേട്ടം തന്നെയാണ്.  
എന്തായാലും ജനാധിപത്യത്തിന്റെ മഹിമ വിളിച്ചോതുന്ന ചരിത്രപരമായൊരു വിധിയെഴുത്തിനാണ് രാജ്യം വേദിയായിരിക്കുന്നത് . കരുത്തുറ്റൊരു പ്രതിപക്ഷത്തെയാണ് ഈ തിരഞ്ഞെടുപ്പ് സഭയിലെത്തിക്കുന്നത് .ഏത് പ്രതിസന്ധികൾക്കിടയിലും  ഒളി മങ്ങാത്ത ഇന്ത്യൻ ജനാധിപത്യത്തിന്റെ  പ്രതീക്ഷയും അത് തന്നെയാണ് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക