Image

സാം സീതയോടു പറഞ്ഞതും, സീത സാമിനോടു പറഞ്ഞതും (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 22- സാംസി കൊടുമണ്‍)

Published on 09 June, 2024
സാം സീതയോടു പറഞ്ഞതും, സീത സാമിനോടു പറഞ്ഞതും (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 22- സാംസി കൊടുമണ്‍)

ബീയറിന്റെ ലഹരിയില്‍ കണ്ണില്‍ ഉറക്കം ഭരതനാട്യം ആടാന്‍ തുടങ്ങിയപ്പോള്‍ നര്‍ത്തകിയില്‍ അവളുടെ മുഖമായിരുന്നു; സീത...!സീതയെ എന്നാണ് ആദ്യം കണ്ടതെന്ന ഓര്‍മ്മകള്‍ പഴകിത്തുടങ്ങിയിരിക്കുന്നു.പക്ഷേ അന്നു കണ്ട ആ മുഖത്തിന്റെ ഭാവം മറക്കില്ല. പേടിച്ചരണ്ട ഒരു മുയല്‍ക്കുഞ്ഞിനെപ്പോലെ എന്നു പറഞ്ഞാല്‍ ശരിയാകില്ല. വേട്ടക്കാരുടെ മുന്നില്‍ അകപ്പെട്ട ഒരു ഇര രക്ഷപെടാനുള്ള പഴുതുതേടുന്ന കണ്ണുകളുമായി ഇടംവലം നോക്കി, പിന്നെ ഇടയ്ക്ക് പുറകിലേക്കൊന്നു നോക്കി,ജാന്‍സ് സ്‌പോട്ടിന്റെ സ്‌കൂള്‍ ബാഗ് തോളിലിട്ട് പുറകില്‍ വരുന്നആരില്‍ നിന്നൊക്കയോ രക്ഷപെടാനുള്ള ഓട്ടത്തിനും നടപ്പിനും ഇടയിലുള്ള കാല്‍വെയ്പില്‍ അവള്‍ നാട്യകലയിലെ ഏതോ ഒരു ഭാവം അഭിനയിക്കയാണന്നു തോന്നി. ഒറ്റനോട്ടത്തില്‍ത്തന്നെ അവളില്‍നിന്നും എന്തോ ഒരു കാന്തികവലയം തന്നെ അവളിലേക്ക് വലിച്ചെടുക്കുന്നപോലെ ഒരു തോന്നല്‍. അവള്‍ അടുത്തു വന്നപ്പോള്‍ എന്താണ് പ്രശ്‌നമെന്നും, തന്റെ സഹായം എന്തെങ്കിലും വേണൊ എന്ന ചോദ്യവും അവള്‍ കേട്ടതായി തോന്നിയില്ല. തന്റെ അരികില്‍ അവള്‍ വേഗം കുറച്ചു. എന്തെങ്കിലും പറ്റിയാല്‍ ഒരു സാക്ഷി ഉണ്ടാകട്ടെ എന്ന മനോഭാവം ആയിരുന്നു അപ്പോള്‍ അവളില്‍ വായിച്ചത്.

അവള്‍ ഒരു കുടിയേറ്റക്കാരിയാണെന്ന തിരിച്ചറിവില്‍, ഒരു കുടിയേറ്റക്കാരനു പുതിയ ജീവിതപരിസരത്തില്‍ നേരിടെണ്ടിവരുന്ന വിവേചനത്തെക്കുറിച്ച് നന്നായി അറിയാവുന്ന ഒരുവനെന്ന നിലയില്‍ അവളെ തനിച്ചാക്കി ഒളിച്ചോടാന്‍ തോന്നിയില്ല. അവള്‍ക്കു പിറകില്‍ അവര്‍ മൂന്നുപേരുണ്ടായിരുന്നു. അവര്‍ മൂന്നും തന്റെ സ്‌നേഹിതരായിരുന്നു എന്ന തിരിച്ചറിവില്‍ അവര്‍ക്കുനേരെ ചിരിച്ച്, ഇതെന്റെ ഗേള്‍ഫെണ്ടാണന്നങ്ങു പറഞ്ഞു. അതോടുകൂടി തുടര്‍ച്ചോദ്യങ്ങള്‍ ഉണ്ടായില്ല. തന്റെ കൂട്ടുകാര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരെങ്കിലും, തന്റെ കാമുകിയെ അവര്‍ ഇനി ഉപദ്രവിക്കില്ലന്നറിയാമായിരുന്നു. ഫ്രണ്ട്ഷിപ്പിന് അങ്ങനെ ചില ഗൂണങ്ങളുണ്ട്. പരസ്പരമുള്ള ബഹുമാനത്തിന്റെ ഭാഗമാണത്.

സീത താന്‍ പറഞ്ഞതിന്റെ അര്‍ത്ഥം തീരെ മനസ്സിലാകാത്തെവളെപ്പോലെ തുറിച്ചുനോക്കി പകച്ചുനിന്നു. ഒരു കെണിയില്‍ നിന്നും മറ്റൊന്നിലേക്കാണൊ ചാടിവീണതെന്ന സന്ദേഹം ആ നോട്ടത്തില്‍ ഉണ്ടായിരുന്നു. താന്‍ അവളുടെ മട്ടും ഭാവവും കണ്ടു ചിരിച്ചതെയുള്ളു.ഗേള്‍ഫ്രണ്ടും, ബോയ്ഫ്രണ്ടുമൊക്കെ ഈ രാജ്യത്തിന്റെ സംസക്കാരമായിരിക്കെ അതൊക്കെ സദാചാരവിരുദ്ധമെന്നു കാണുന്ന ഒരു കുടിയേറ്റ കുടുംബത്തിലെ ടീനേജുകാരിക്ക് അതിനെ ഉള്‍ക്കൊള്ളാന്‍ എങ്ങനെ കഴിയും. മാത്രമല്ല നാളിതുവരെ കണ്ടിട്ടില്ലാത്ത ഒരുവന്‍ ഗേള്‍ഫ്രെണ്ടെന്നവകാശപ്പെടുമ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത ആ നിസംഗത തുളുമ്പുന്ന നോട്ടം ഇന്നും കണ്ണൂകളില്‍. പിന്നീട് കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍, അവന്മാരില്‍ നിന്നും രക്ഷപെടാന്‍ അതേ മാര്‍ഗ്ഗമുള്ളായിരുന്നു. അല്ലെങ്കില്‍ തനിക്കും അവരോടൊപ്പം കൂടേണ്ടി വന്നേനെ എന്നവളോടു പറഞ്ഞപ്പേള്‍, മുഖം തെളിഞ്ഞവള്‍ ചിരിച്ചു.. നാളിതുവരെയുള്ള എല്ലാ അസംബന്ധങ്ങള്‍ക്കും ഞങ്ങള്‍ നാലാള്‍ ഒന്നിച്ചായിരുന്നു. ആറാം ക്ലാസുമുതലുള്ളകൂട്ടാണവര്‍. തൊലിയുടെ നിറം കറുത്തതായിരുന്നു എന്നുള്ള കുറ്റത്തിന് അനുഭവിക്കേണ്ടിവരുന്ന അവഗണനയുടെ പക ഉള്ളില്‍ കത്തുന്നതിന്റെ ചൂടും പുകയും അവരുടേ കണ്ണുകളില്‍ കാണാമായിരുന്നു. ആ സമാന മനസ്‌കതയായിരിക്കാം തന്നേയും, ആരെന്നോ എന്തെന്നോ അറിയാതെ അവര്‍ക്കൊപ്പം കൂടാന്‍ പ്രേരിപ്പിച്ചത്.

അവര്‍ തികച്ചും മാനുഷികത നഷ്ടപ്പെട്ടവരായിരുന്നു. ആരേയും, ഒന്നിനേയും സ്‌നേഹിക്കാനറിഞ്ഞുകൂടാത്തവര്‍. എല്ലാം തച്ചുടയ്ക്കാനുള്ള പ്രവണതയില്‍ മുന്നില്‍ വരുന്നതാരെന്നു വിവേചിച്ചറിയാന്‍ അവര്‍ക്കറിയില്ല. മോക്ഷണവും, പിടിച്ചുപറിക്കലും, എന്തിനു കൊലപാതകവും അവരില്‍ അടിസ്ഥാന പ്രവണതയായി വര്‍ത്തിക്കുന്നു എന്ന തിരിച്ചറിവില്‍, തനിക്കും ആരെയൊക്കയോ കൊല്ലണമെന്ന ആശ വളര്‍ന്നു വരുന്നുണ്ടായിരുന്നു. അവര്‍ സൗത്ത് കരോലീനയില്‍ നിന്നും പലായനം ചെയ്ത അടിമവംശത്തിന്റെ അനന്തരവകാശികളില്‍ പെട്ടവരായിരുന്നു. അവരുടെ പൂര്‍വ്വികരൊട് ചെയ്ത ക്രൂരതയുടെ പക തലമുറകളിലൂടെ അവരിലേക്ക് ഒഴുകിയെത്തിയതാകാം. അവര്‍ അവസരം കിട്ടിയപ്പോഴോക്കെ ആരെന്നു നോക്കാതെ അവരുടെ പകയെ ഇറക്കി. ഒടുവില്‍ അവരെ ക്രിമിനല്‍സ് എന്ന് മുദ്രചാര്‍ത്തി സമൂഹം ഭയന്നു. തന്റെ ഉള്ളിലെ പക ആരോടാണ്?.സമൂഹത്തോടു മൊത്തം പകയാണ്. അച്ഛനെ വെടിവെച്ചു കൊന്നവരോട്, ചേച്ചിയുടേയും അമ്മയുടെയും ജീവിതം താറുമാറക്കിയവരോട്. തന്റെ ജീവിതം ഇങ്ങനെയൊക്കെ ആക്കിയവരോട് പകയില്ലെങ്കില്‍ താന്‍ വികരങ്ങളില്ലാത്തവനാകണം.

അച്ഛന്‍ ഗയാനയില്‍നിന്നും മെച്ചപ്പെട്ട ഒരു ജീവിതം സ്വപ്നം കണ്ടാണ് ചേച്ചിയും, താനും, അമ്മയും അടങ്ങുന്ന കുടുംബത്തേയും കൈപിടിച്ചിവിടെക്കു വന്നത്. ബ്രിട്ടീഷ്‌കാര്‍ തോട്ടം മേഘലയില്‍ നിന്നു പിന്മാറുകയും, തദ്ദേശികള്‍ ഭരണത്തില്‍ വരുകയും ചെയ്തപ്പോള്‍, സാമ്പത്തിക മാന്ദ്യത്തിനൊപ്പം, തലമുറകളായി അവിടെ ജനിച്ചുവളര്‍ന്ന വിദേശികളെ അവര്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങി. ഇന്ത്യയില്‍ നിന്നും വന്ന മൂന്നാം തലമുറയില്‍ ആയിരുന്നു അച്ഛന്‍ പിറന്നതെങ്കിലും, ഇപ്പോഴും ഇന്ത്യക്കാരായി അടയാളപ്പെടുത്തി വിവേചനത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളിലെ വീര്‍പ്പുമുട്ടല്‍ സഹിക്കവയ്യാതെയാണ് കുടിയേറ്റ സ്വപ്നവുമായി ഇവിടെയെത്തിയത്. ഇവിടെയും എന്തു വ്യത്യാസം. ഇതു വര്‍ഗ്ഗവിവേചനത്തിന്റെ നാടാണ്. തൊലിയുടെ നിറമാണ് അധികാരിയെനിശ്ചയിക്കുന്നത്. വെളുത്തവര്‍ വരേണ്യവര്‍ഗ്ഗഗര്‍വ്വുമായി തനിക്കു താഴെയുള്ളവനെ അടിമെയന്നടയാളപ്പെടുത്തുന്നു. ഇന്ത്യയില്‍ ജാതിയില്‍ അതിഷ്ഠിതമായ തൊഴില്‍ ശ്രേണികളില്‍ തലമുറകളെ തളച്ചിടുന്നു. ജാതിയിലെ തന്നെ കുറഞ്ഞ ഉപജാതിയില്‍ പിറന്ന മുത്തച്ഛന്‍ ജാതിയുടെ മൂടുപടത്തില്‍ നിന്നും ഒളിച്ചോടിയായിരിക്കാം ബ്രിട്ടീഷ്‌കാരുടെ കരിമ്പിന്‍ പാടാത്തെ തൊഴിലാളിയായി മറ്റൊരു അടയാടയില്‍ കയറിപ്പറ്റിയത്. വേഷം മാറിയതുകൊണ്ട് മനുഷ്യന്റെ ഉള്ളില്‍ വേരുറച്ച അടിസ്ഥാന വിശ്വാസങ്ങള്‍ മാറുമോ...?

മുത്തച്ഛന്‍ ക്രിസ്ത്യാനിയായി പുതിയ ഒരു അസ്ഥിത്വം ഉറപ്പിക്കാന്‍ ശ്രമിച്ചിട്ടും, മുത്തശ്ശിക്ക് തന്റെ ശീലങ്ങളെ പാടെമറക്കാന്‍ കഴിഞ്ഞില്ല. വീട്ടില്‍ സ്വന്തം സംസ്‌കാരത്തിന്റെ ഭാഗമായ അഘോഷങ്ങളും, ആചാരങ്ങളും തുടരുന്നതില്‍ മുത്തച്ഛന്റെ എതിര്‍പ്പുകളെ വകവെച്ചില്ല. അതു തലമുറകള്‍ ഉള്‍ക്കൊണ്ടോ...? അച്ഛനില്‍ അതൊട്ടും ഇല്ലായിരുന്നു. അച്ഛന്റെ അച്ഛന്‍ സമ്പാദിച്ച മൂന്നേക്കര്‍ കരിമ്പിന്‍ തോട്ടം വിറ്റപണവും, ഹൈസ്‌കൂള്‍ പാസായ അറിവുമായിട്ടാണ് ഈ പുതിയ കുടിയേറ്റഭൂമിയിലേക്ക് അച്ഛന്‍ വന്നത്. പക്ഷേ ആ അറിവുകള്‍ ഇവിടെ മാന്യമായ ഒരു തൊഴില്‍ തരില്ലെന്നു് പെട്ടന്നു തന്നെ ബോദ്ധ്യമായി. അവിടെ ആ നാട്ടിന്‍പ്പുറത്തെ വലിയ പഠുത്തക്കാരനായി ആളുകള്‍ തന്നെ ബഹുമാനിച്ചിരുന്നതിന്റെ ഓര്‍മ്മകളുമായി അച്ഛന്‍ ഏറെ അലഞ്ഞു. ഒടുവില്‍ ടാക്‌സി എന്ന അത്താണിയില്‍ തന്റെ ചുമടുകള്‍ ഇറക്കി. ആഹാരത്തിനും, വസ്ത്രത്തിനും, കിടപ്പാടത്തിനുമുള്ള വകകണ്ടെത്തിയ ഒരു കുടിയേറ്റ കുടുംബം മക്കളുടെ ഭാവിയുറപ്പിക്കാനായി അവര്‍ക്ക് നല്ല വിദ്യാഭ്യാസം സ്വപ്നം കണ്ടു. ചേച്ചിയെ നാലാംക്ലാസിലും, തന്നെ ഒന്നാംക്ലാസിലും ചേര്‍ത്ത്, മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി എന്തൊക്കയോ കണക്കുകളുമായി അമ്മയോടച്ഛന്‍ പറഞ്ഞതൊന്നും മനസിലാകുന്ന പ്രായമായിരുന്നില്ല തനിക്കന്ന്. അച്ഛന്‍ ഒരോ ദിവസവും നടക്കുന്ന തെരുവുനാടകങ്ങളെക്കുറിച്ച് അമ്മയോടു പറഞ്ഞ് നെടുവീര്‍പ്പിടുന്നതും, മിച്ചമായ പണം സൂക്ഷിക്കാന്‍ അമ്മയെ ഏല്പിക്കുന്നതും ഓര്‍മ്മയുണ്ട്.

ഒരു കച്ചവടക്കാരനാകുന്ന സ്വപ്നങ്ങള്‍ അച്ഛന്‍ അമ്മയുമായി പങ്കിടുന്നതു കേള്‍ക്കാറുണ്ടായിരുന്നു. എന്നും പുതിയ ആശകളുടെ പിന്നാലെ ആയിരുന്നച്ഛനെന്ന് അമ്മയും പറയുന്നത് കേട്ടിട്ടുണ്ട്. അച്ഛന്റെ ആശകളും സ്വപ്നങ്ങളും എല്ലാം ഒരു ദിവസം ഇല്ലാതായി. അന്ന് താന്‍ നാലാം ക്ലാസിലും ചേച്ചി എട്ടാം ക്ലസിലും ആയിരുന്നു. മരണം എന്തെന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും, മരണത്തിന്റെ തരിപ്പ് എവിടെയോ കുത്തിനോവിച്ചു. അമ്മയും ചേച്ചിയും കരയുന്നു. ഫൂണറല്‍ ഹോമിലെ മരണത്തിന്റെ മണം അന്നു മുതല്‍ തന്നോടൊപ്പം ഉണ്ട്. അച്ചനെ കൊന്നവര്‍ക്ക് കിട്ടിയത് ചിലപ്പോള്‍ പത്തോ പതിഞ്ചോ ഡോളറായിരിക്കാം. ആ പതിനഞ്ചു ഡോളര്‍ അച്ഛന്റെ മക്കളുടെ ഡാല്‍പൂരിയ്ക്കും, വീടു വാടകയ്ക്കും ഉള്ള ഒരു ദിവസത്തെ മിച്ചമായിരുന്നു എന്ന്, എവിടെനിന്നോ മോഷ്ടിച്ച തോക്കിലെ ഒരു ഉണ്ടയുടെ അദ്ധ്വാനത്തില്‍, അപരന്റെ ജീവിതത്തിനു വിലകല്പിക്കാത്ത കൊള്ളക്കാര്‍ക്കറിയില്ലല്ലോ.അതാണവരുടെ തൊഴില്‍. മോക്ഷണവും, പിടിച്ചുപറിയും, കൊലപാതകവും അവരുടെ മനസാക്ഷിയെ നോവിക്കുന്നില്ല. സ്വയം അദ്ധ്വാനിക്കാതെ മറ്റുള്ളവരുടെ വിയര്‍പ്പിന്റെ വിലയില്‍ ജീവിക്കുന്നവര്‍ക്ക് ഒന്നിനേക്കുറിച്ചും ഓര്‍ക്കേണ്ടതില്ലായിരിക്കും. കെലയാളികള്‍ കറുത്ത വര്‍ഗ്ഗക്കാരായിരുന്നു എന്ന പൊതുജന തീര്‍പ്പിനെ ശരിവെയ്ക്കാനെന്നവണ്ണം നീതിപാലകര്‍ കറുത്തവനു വിലങ്ങുമായി പതിയിരുന്നതല്ലാതെ ആരേയും പിടിച്ചതായി അറിയില്ല.

പാരമ്പര്യ ജനിതകങ്ങളിലടിഞ്ഞിരിക്കുന്നത്, ജനിക്കുമ്പോള്‍ മുതലുള്ള ഒറ്റപ്പെടലും, അതിജീവനത്തിനുള്ള പ്രേരണയുമാണ്. അതുമാത്രമേ പൈതൃകമായി കിട്ടിട്ടുള്ളു. സ്ത്രിയെ ഒരു പ്രസവയത്രമായി കണ്ടിരുന്ന, യജമാനന്റെ കോട്ടന്‍ പ്ലന്റേഷനിലെ അടിമ വംശത്തന്റെ പിന്‍ഗാമികളില്‍ ചിലരൊക്കെ വഴിതെറ്റിയ മാലഖമാരായി എന്നെയുള്ളു. ഇവരെ കൂടുതല്‍ അറിയുന്തോറും, അച്ഛനെ കൊന്നവരോടുള്ള പക ആവിയാകാന്‍ തുടങ്ങി. അല്ലെങ്കില്‍ തന്നെ ഒരു പത്തൊ പതിനോന്നോ വയസുകാരന്റെ ഉള്ളിലെ പകയുടെ ആയുസ്സെത്ര... പക്ഷേ തന്റെ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദി ആരെന്ന ചേദ്യം ഉള്ളില്‍ മുഴങ്ങാറുണ്ട്. അപ്പോള്‍ എല്ലാ കറുത്തവനേയും ഒരു തോക്കിനിരയാക്കണമെന്ന പ്രതികാര ചിന്ത പൂക്കും. പക്ഷേ കാലം തന്ന തിരിച്ചറിവുകളില്‍, എല്ലാ കറുത്തനിറക്കാരും കുറ്റവാളികളല്ലെന്നു തിരിച്ചറിയുന്നു.

സീതയിലേക്ക് കൂടുതല്‍ അടുക്കുംന്തോറും താന്‍ ഒരു പുതിയ മനുഷ്യനായി മാറുകയായിരുന്നു. ഒരിക്കല്‍ സീത ചോദിച്ചു; 'സാം എന്തിനാണ് ഈ ചീത്തക്കുട്ടുകാരുമായി നടക്കുന്നത്.'

ഉള്ളിലെ ചിരിയൊതുക്കി സാം എല്ലാം പറയണമോ വേണ്ടയോ എന്ന് ഒന്നു ശങ്കിച്ചു. എന്തോ സീതയോടുള്ള ഉള്ളടുപ്പത്താല്‍, അല്ലെങ്കില്‍ തന്നെ ആര്‍ക്കെങ്കിലും ഒന്നു തുറന്നു കാണിക്കണമെന്ന ആഗ്രഹത്താല്‍ അവന്‍ പറഞ്ഞു; ' ഈ നാട് എന്റെ കുടുബത്തോടും കാണിച്ച അന്യായം നിനക്കറിയില്ല. അവര്‍ എന്റെ അച്ഛനെ വെടിവെച്ചു കൊന്നു. അനാഥമായ എന്റെ കുടുംബം കടന്നുപോകുന്ന ദുരന്തങ്ങളെക്കുറിച്ച് നിനക്കെന്തെങ്കിലും അറിയാമോ...? അമ്മയും പെങ്ങളും സഞ്ചരിക്കുന്ന അഴുക്കു ചാലുകളുടെ ആഴവും നാറ്റവും നീ അറിയണ്ട.'

സീതയുടെ മുഖപേശികള്‍ വലിഞ്ഞുമുറുകുന്നു. അവളിലെ ആകാംഷയുടെ വേലിയേറ്റങ്ങളെ തിരിച്ചറിഞ്ഞ സാം പറഞ്ഞു: എന്റെ ചേച്ചിക്കിപ്പോള്‍ എത്രവയസായിട്ടുണ്ടാകും. എന്നേക്കേള്‍നാലുവയസ്മാത്രം കൂടുതലുള്ള, ഇപ്പോള്‍ കോളേജില്‍ പഠിക്കേണ്ടവള്‍, ഇന്നെവിടെയാണന്നെനിക്കു തന്നെ നിശ്ചയമില്ല. ഏതോ സമയത്ത് വീട്ടിലെത്തുന്നവളുടെ കൈകാലുകള്‍ നിലത്തുറയ്ക്കാത്തപോലെ. കള്ളും. കഞ്ചാവും, വീര്യമുള്ള മറ്റുമയക്കുമരുന്നുകളിലും അവര്‍ തന്റെ നഷ്ടങ്ങളെ തളച്ചിടാന്‍ ശ്രമിക്കുന്നു. പലര്‍ പങ്കിടുന്ന ശരീരത്തിന്റെ നൊമ്പരങ്ങളില്‍ നിന്നും ആത്മാവിനെ മാറ്റിനിര്‍ത്താന്‍ സ്വബോധം ഇല്ലാത്തവളായി പറന്നു നടക്കാന്‍ ഇതല്ലാതെ ഞാനെന്തു ചെയ്യാന്‍...ഒരിക്കല്‍ കുറ്റപ്പെടുത്തി ഒച്ചവെച്ചപ്പോള്‍ തന്നോടു ചിരിച്ചു കൊണ്ട് ചേച്ചി പറഞ്ഞതങ്ങനെയാണ്.

ചേച്ചിയുടെ നിസംഗതയില്‍ കണ്ണുകള്‍ നിറഞ്ഞ തന്നെ അരുകില്‍ ചേര്‍ത്ത് ചേച്ചി പറഞ്ഞു: 'സാം നീ സങ്കടപ്പെടണ്ട.... നമ്മള്‍ രണ്ടാളും പഠിച്ച് വലിയ നിലയിലാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. നമ്മള്‍ ഇവിടുത്തെ വരേണ്യവര്‍ഗ്ഗത്തോളം ഉയരണമെങ്കില്‍ നീ പഠിക്കണം. ചേച്ചിയുടെ ജീവിതം കര്യമാക്കണ്ട. അച്ഛന്റെ മരണശേഷം എന്തുചെയ്യണമെന്നറിയാതെ അവര്‍ പെരുവഴിയില്‍ നാല്‍ക്കവലയില്‍ നിന്നു. ആരും സഹായഹസ്തവുമായി വരുന്നില്ല എന്ന തിരിച്ചറിവില്‍ നില്‍ക്കവേ ഹില്‍സൈഡിലെ ഡങ്കിന്‍ഡോണറ്റിന്റെ പാര്‍ക്കിങ്ങ് ലോട്ടില്‍ നിന്നും തങ്ങളെ ആരോ കൈകൊട്ടിവിളിയ്ക്കുന്നു. അച്ഛന്റെ ഒരു സ്‌നേഹിതനും, ഒരേ തൊഴില്‍ ചെയ്തിരുന്നവരും ആയിരുന്നു. അച്ഛന്റെ ദുരന്തം അറിഞ്ഞ് ഒന്നു രണ്ടു തവണ വീട്ടില്‍ വരുകയും, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നതോര്‍ത്ത് അമ്മക്ക് സന്തോഷമായിരുന്നു. ഒരു പുരുഷന്റെ തണലില്‍ ജീവിക്കുകയും, തനിക്കു ചുറ്റും നടക്കൂന്ന മറ്റൊന്നും അറിയാത്ത ഒരു വീട്ടമ്മക്ക്, തണല്‍ നഷ്ടപ്പെട്ടപ്പോള്‍ കിട്ടുന്ന ഒരോ വഴികളും പ്രധാനമായിരുന്നു.

അയാള്‍ ഗയാനയില്‍ നിന്നുതന്നെ കുറെക്കാലം മുന്നേ വന്ന ഒരാളായിരുന്നു. ഗയാനയില്‍ ഗോള്‍ഡ് മര്‍ച്ചന്റായിരുന്നു എന്നയാള്‍ അവകാശപ്പെടുന്നു. അതിനടയാളമായി പതിനാറുകാരറ്റിന്റെ കുറെ ചെയിനുകളും, കൈയ്യുടെ എല്ലാ വിരലുകളിലും കുറെ മോതിരങ്ങളും ഉണ്ടായിരുന്നു. എപ്പോഴും അയാള്‍ കയ്യും, കഴുത്തും ചൊറിഞ്ഞുകൊണ്ടിരിക്കും. പരിശുദ്ധിയില്ലാത്ത മെറ്റല്‍ അലര്‍ജിയായിരിക്കാം. അയാളുമായുള്ള പരിചയമാണ് അച്ഛനെ ടാക്‌സിക്കരനാക്കിയത്. അയാള്‍ക്ക് സ്വന്തമായി ഒരു ടാക്‌സി ഉണ്ടായിരുന്നു. അയാള്‍ കൂടുതലും ടാക്‌സി ഓടിക്കാന്‍ പോകാറില്ല. പകരം മറ്റൊരു തൊഴിലിന്റെ കരാറുകാരനും നടത്തിപ്പുകാരനും ആയിരുന്നു. ക്ലീനിങ്ങ് സര്‍വ്വീസ്. മന്‍ഹാസെറ്റിലും മറ്റുമുള്ള വലിയ വീടുകളിലെ, പൊടിയൂം, അഴുക്കും തുടയ്ക്കുക, ബാത്ത്‌റൂം വൃത്തിയാക്കുക. ജനാലയും കര്‍ട്ടനും അടിച്ചു വൃത്തിയാക്കുക, കിടക്കവിരികള്‍ കഴുകിക്കൊടുക്കക, ഇങ്ങനെ പണക്കാര്‍ സ്വയം ചെയ്യാത്ത ജോലികളുടെ കരാര്‍ ഏറ്റെടുത്ത് ചെയ്യുകയും, ചെയ്യുപ്പിക്കുകയും ചെയ്യുക എന്നത് ഒരു വലിയ ബിസിനസായി വളരുന്നുണ്ടായിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ഒരു വീട്ടില്‍ പോകണം. മൂന്നു നാലുമണിക്കൂറിലെ പണി. അമ്പതുമുതല്‍ നൂറുരുപ വരെ വരുമാനം. അതായിരുന്നു തുടക്കം. ജീവിതം ജീവിക്കാമെന്നു തോന്നിത്തുടങ്ങി. കൗമാരക്കാരിയായ ഒരു സുന്ദരിയോട് പലര്‍ക്കും ഒറ്റക്കു കിടപ്പുമുറി വൃത്തിയക്കിക്കൊടുക്കാമൊ എന്ന ചോദ്യത്തിന്റെ പൊരുള്‍ ക്രമേണ തലയില്‍ ഉദിച്ചുയര്‍ന്നു. തൊഴില്‍ ദാദാവും അതിനു പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. അയാളുടെ മകളും ഭാര്യയും അതെ തൊഴിലിന്റെ ഭാഗമാണെന്ന് പറയുന്നതില്‍ അയാള്‍ക്ക് മടിയില്ലായിരുന്നു. മദ്യവും, മയക്കുമരുന്നും സുലഭമായി ലഭിച്ചു. പിന്നെ അമ്മമാത്രം ക്ലീനിങ്ങ് ജോലിക്കു പോയി. ചേച്ചി വഴിമാറി... സ്വന്തം വഴികള്‍ കണ്ടെത്തി.

ഈ കഥകളൊക്കെ സാം പറയുന്നത് സീതയെ തന്റെ കൂട്ടുകാരില്‍ നിന്നും രക്ഷിച്ചതിനു ശേഷമുള്ള പരിചയപ്പെടലിന്റെ ദിവസങ്ങളിലായിരുന്നു. സീതയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്ന സാമിന്റെ ചോദ്യ നോട്ടത്തില്‍ സീത അല്പനേരം ഉടക്കി നിന്നു.

തന്റെ ചോദ്യത്തിലെ പരിചയഭാവത്തില്‍ എന്തോ അരുതാഴ്മ കണ്ടെത്തിയവളെപ്പോലെയായിരുന്നു സീത അപ്പോള്‍ എന്നു സാമിനു തോന്നി. പിന്നീട് അവള്‍ കെട്ടുകള്‍ ഇല്ലാത്തവളെപ്പോലെ സംസാരിക്കാന്‍ തുടങ്ങി. അവളുടെ ചിരിയില്‍ ഒരു നിഷ്‌ക്കളങ്ക ഭാവം ഉണ്ടായിരുന്നു. എണ്ണതേച്ച മുടി മുട്ടറ്റത്തോളം നീണ്ടു കിടന്നു. ശരീരത്തിനു പാകമാകുന്നതിലും വലുപ്പമുള്ള ഷര്‍ട്ടും പാന്റ്‌സും അവളുടെ അവയവ വടുക്കളെ മറച്ചു. സംസാരിക്കുമ്പോള്‍ കൈകള്‍ നെഞ്ചിനെ മറയ്ക്കാന്‍ ശ്രമിക്കുന്നപോലെ. ചിരിക്കുമ്പോള്‍ നുണക്കുഴികള്‍ തെളിഞ്ഞു വരുന്നു. “എന്റെ പേര് സീതാദേവി നായര്‍..” സ്വയം പരിചയപ്പെടുത്താനെന്ന പോലെ സീത പറയാന്‍ തുടങ്ങിയപ്പോള്‍ സാമിന് ചിരിവരാതിരുന്നില്ല. ് “ആറുവര്‍ഷമേ ആയിട്ടുള്ളു കുടിയേറ്റഭൂമിയില്‍ എത്തിയിട്ട്. അമ്മ നെഴ്‌സാണ്. അച്ചന്‍ പോസ്റ്റാഫിസിലെ മെയില്‍ സോര്‍ട്ടറായി ജോലിനോക്കുന്നു. അനുജത്തിമാരായി രണ്ടുപേരുണ്ട്. കേരളത്തിലെ നായര്‍തറവാടിന്റെ ഗര്‍വ്വുമായി നടന്ന അച്ഛനെ അമ്മാവന്റെ മകള്‍ നെഴ്‌സ് കല്ല്യാണം കഴിച്ചത് ഇഷ്ടപ്പെട്ടിട്ടോ, മാതാപിതാക്കന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയോ എന്ന് ഇന്നും അമ്മയില്‍ നിന്നും വ്യക്തമായ മറുപടി ഇല്ല. എന്നാല്‍ അമ്മക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ബന്ധം കിട്ടുമായിരുന്നു എന്ന് അമ്മ പറയുന്നതിന്റെ പൊരുള്‍ എന്തെന്നു ഇനിയും പിടിയില്ല.” മറകളില്ലാതെ അവള്‍ അതു സാമിനോട് പങ്കിട്ടു ചിരിച്ചു.

സാം ഒരു മുതിര്‍ന്ന ആളേപ്പോലെയായിരുന്നു അപ്പോള്‍; “സീതേ... ആരും ഒന്നിലും തൃപ്തരല്ല. അക്കരപ്പച്ചകള്‍ തേടിയുള്ള യാത്രയാണ്.ചിലപ്പോള്‍ നിന്റെ അമ്മക്ക് മറ്റൊരു സ്വപ്നം ആയിരുന്നിരിക്കാം.”

“സാം പറഞ്ഞതു ചിലപ്പോള്‍ ശരിയായിരിക്കാം. എല്ലാവരും അവരവരുടെ സ്വപ്നങ്ങളിലാണ്.”

ഇടയ്ക്കിടെ ഉണ്ടാകാറുള്ള വീട്ടുകലഹങ്ങളെക്കുറിച്ചോര്‍ത്ത് സീതയൊന്നുനെടുവീര്‍പ്പിട്ട് സാമിനെ നോക്കി ചിലതെല്ലാം പറഞ്ഞു. അതു തന്റെ കുടുംബത്തെക്കുറിച്ച് ഇതുവരെ പറയാത്ത ചിലകാര്യങ്ങള്‍ ആയിരുന്നു. “അച്ഛന്‍ വൈകിട്ട് ജോലികഴിഞ്ഞു വന്നാല്‍ തന്റെ മദ്യക്കുപ്പിക്കു മുന്നില്‍ പഴയകാല വീരകഥകളെ നിരത്തി, ഒരുവെച്ചുവാണിഭക്കാരനെപ്പോലെ ചുറ്റും നോക്കി എന്തൊക്കയൊ പറയുന്നു. ഭിത്തിയില്‍ തൂക്കിയ ഒരു തുരുമ്പുപിടിച്ച വാള്‍ തന്റെ പൂര്‍വ്വികരുടെ വീരഗാഥകളിലേക്കുള്ള താക്കാലാണന്നാണ് എല്ലാ വായാട്ടിന്റേയും സാരം.പണ്ടു തിരുവതാംകൂര്‍ രാജാവിന്റെ കാലാള്‍ പടയിലെ നാലാം ദളത്തിന്റെ നാലാം അധികാരിയായിരുന്നത്രെ അച്ഛന്റെ പിതാമഹന്റെ പിതാവ്. അന്ന് രാജാവ് പ്രത്യേക സമ്മാനമായി കൊടുത്ത വാള്‍ തറവാടിന്റെ ഭിത്തില്‍ ആര്‍ക്കും വേണ്ടാതെ തുരുമ്പുപിടിച്ച്, ഐശ്യര്യക്കേടെന്ന്, മുടിഞ്ഞുകൊണ്ടിരുന്ന തറവാട്ടുകാരണവര്‍ വിലപിച്ച്, കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍, അച്ഛന്റെ അച്ഛന്‍ അതാരും അറിയാതെ നിലവറയിലേക്കു മാറ്റി എണ്ണപുരട്ടി തുരുമ്പുമാറ്റി മറ്റൊരു കൈവഴിയിലേക്ക് യുദ്ധത്തേയും, വീരനായകന്മാരേയും കുടിയിരുത്തി. അങ്ങനെ അതച്ഛനില്‍ വന്നു ചേര്‍ന്നതാണ്. സാമിനിക്കഥകളൊന്നും മനസ്സിലായിട്ടില്ലെന്നെനിക്കറിയാം. കേരളത്തിന്റെ കുടുംബ ബന്ധങ്ങളേക്കുറിച്ചും മരുമക്കത്തായ ഭരണത്തേക്കുറിച്ചും ഒക്കെ പറഞ്ഞു തരാന്‍ എനിക്കേറെയൊന്നും അറിയില്ല.” സീത അങ്ങനെ പറഞ്ഞു സാമിനെ ഒന്നു നോക്കി.

സാം ഒന്നും മനസിലാകാത്തവനെപ്പോലെ സീതെയെ നോക്കുന്നുണ്ടായിരുന്നെങ്കിലും, സീതയുടെ വീടിന്റെ ലിവിങ്ങ് റൂമിലെ വാളും പരിചയം പലപ്രാവശ്യം, കണ്ടിട്ടുണ്ടായിരുന്നു. സ്‌കൂളില്‍ നിന്നും തിരിച്ചു പോകുന്നത് സീതയുടെ വീടിനുമുന്നിലൂടെയാണ്. അവിടെവരെ അവര്‍ ഒപ്പം നടക്കും. വീട്ടില്‍ ആരും ഇല്ലാത്ത ദിവസങ്ങളില്‍ സീത സാമിനുവേണ്ടി വീടു തുറക്കും. അങ്ങനെയാണ് ആ വാള്‍ കണ്ടത്. അന്നുമുതല്‍ അങ്ങനെ ഒരു വാള്‍ തനിക്കും വേണമെന്നുള്ള മോഹം ഉള്ളില്‍ കൊണ്ടു നടക്കുന്നു. എന്തിനാണു വാള്‍. അതിനെ തന്റെ പൂര്‍വ്വികര്‍ കൃപാണ്‍ എന്നായിരുന്നു വിളിച്ചിരുന്നത്. തന്റെ പൂര്‍വ്വികര്‍ കൊണ്ടുനടന്നിരുന്ന വാളിന് ഇത്ര നീളം ഉണ്ടായിരുന്നുവോ...? കണ്ടിട്ടില്ല. അമ്മയില്‍ നിന്നും കേട്ടറിവുകളില്‍, ഇന്ത്യയില്‍ സിംഗ് വംശജകര്‍ക്ക് സ്വരക്ഷക്കായി കൃപാണ്‍ എന്നു വിളിക്കുന്ന ഈ ആയുധം കൊണ്ടു നടക്കാമായിരുന്നു. അതില്‍ ഒത്തിരിയേറെ കഥകളും ഉപകഥകളും ഉണ്ട്. രണ്ടു മൂന്ന് തലമുറയായി, കൃസ്ത്യാനികളായി, പാരമ്പര്യങ്ങളില്‍ നിന്നും ഒളിച്ചൊടിയവര്‍ക്ക് ആ കഥകളിലെ, ജാതി, ഉപജാതി പിരിവുകളെക്കുറിച്ചൊന്നും അറിയില്ല. അമ്മയില്‍ നിന്നും തങ്ങള്‍ സിക്കുവംശിയരാണെന്നും, രാംചരണ്‍ സിംഗ് എന്ന തന്റെ പാരമ്പര്യപ്പേരിനൊപ്പം സാം എന്ന ക്രിസ്തിയ നാമം കൂട്ടിച്ചേര്‍ത്ത് നവികരിക്കയണുണ്ടായതെന്നും ഉള്ള അറിവുകള്‍ വെറും അറിവുകളായി നിന്നു. എപ്പോഴെങ്കിലും മൊത്തം പേരും ഉപയോഗിക്കുമ്പോള്‍ മാത്രം ഓര്‍ക്കുന്ന പാരമ്പ്യര്യങ്ങള്‍. അല്ലാത്തപ്പോള്‍ സാം എന്ന വെറും പേരുകാരന്‍. പക്ഷേ കൃപാണിനെക്കുറിച്ചുള്ള ആവേശം പാരമ്പര്യ സൂക്ഷിപ്പിനുവേണ്ടിയായിരുന്നില്ല. കൊല്ലാനുള്ള ആയുധമായിട്ടായിരുന്നു അതിനെ സ്‌നേഹിച്ചത്. തന്റെ അച്ഛനെ കൊന്നവരോടുള്ള പക തീര്‍ക്കാന്‍.

പക്ഷേ സീതയുടെ ന്യായവാദങ്ങളില്‍ പകയുടെ അടിത്തറയിളകി.താന്‍ ആരോടാണു പകവീട്ടുന്നത്. അച്ഛനെ വെടിവെച്ചു കൊന്നത് ആരെന്നാരറിഞ്ഞു. കറുത്ത വംശജര്‍ എന്നു പറഞ്ഞാല്‍ എല്ലാ കറുത്തവരേയും കൊന്ന് നിനക്ക് പകവീട്ടാന്‍ കഴിയുമോ... സീതയുടെ ചോദ്യത്തിന്റെ മുന ഉള്ളില്‍ തട്ടുന്നു. ആരോടാണു പകവിട്ടെണ്ടത്....ഈ സാമൂഹ്യവ്യവസ്തിതിയോടാണു പൊരുതേണ്ടത്. തന്റെ കൂട്ടുകാരെപ്പോലെയുള്ളവര്‍ വെറും ഇരകള്‍ മാത്രം. അവര്‍ക്കു മയക്കുമരുന്നും, തോക്കും കൊടുത്തിറക്കിവിടുന്നവര്‍ ഏതോ കാണാമറയത്തിരുന്നു ചരടുവലിക്കുന്നു. എങ്കിലും തന്റെ കുടുംബത്തിന്റെ പതനം ഓര്‍ക്കുമ്പോള്‍ കലി പിന്നേയും ഉള്ളില്‍ ഉറഞ്ഞു കൂടും. സീതയുമായുള്ള അടുത്ത കൂടിവരവില്‍ അതു വീണ്ടും അലിഞ്ഞു പോകും.

സീതയുടെ അച്ഛനേയും അമ്മയേയും ആദ്യം കണ്ടത് അവരുടെ വീട്ടില്‍ വെച്ചു തന്നെയാണ്. ഈ രാത്രിയിലെ ഓര്‍മ്മയില്‍ അവരുണ്ട്. സീതയുമായി പരിചയം ഏറും തോറും ബന്ധത്തിന്റെ ആഴം ഏറിവരുന്നതു രണ്ടുപേരും തിരിച്ചറിയുന്നുണ്ടായിരുന്നു. രണ്ട് എട്ടാം ക്ലാസുകാരുടെ അടുപ്പം എന്നതിനുപരി, അമേരിയ്ക്കയില്‍ പറഞ്ഞുപോലും കേട്ടിട്ടില്ലാത്ത പ്രേമം എന്ന വികാരം ആയിരുന്നുവോ അത്.എന്തായാലും അങ്ങനെ ഒരു ബന്ധത്തിലേക്ക് അതിനെ വളര്‍ത്തിയതും, സീതയുടെ മനസ്സിലെ വാശിക്കാരിയെ ഉണര്‍ത്തിയതും, അന്നത്തെ അവളുടെ അച്ഛനമ്മമാരുടെ പ്രതികരണമായിരുന്നു.സ്‌കൂളില്‍ അവസാന രണ്ടുക്ലാസുകളിലെ അദ്ധ്യാപകര്‍ ഒഴിവാണന്നറിഞ്ഞപ്പോള്‍, എന്നാല്‍ വീട്ടില്‍ പോകമെന്നു സീതയാണു പറഞ്ഞത്. അതില്‍ അപാകതയൊന്നും തോന്നിയിട്ടില്ല. ഇതിനുമുമ്പും പലപ്പോഴും അങ്ങനെ ചെയ്തിട്ടുണ്ട്. അവളുടെ അമ്മ പാചക്ം ചെയ്ത, ബീഫ് കറിയും, ചിക്കന്‍ക്കറിയും, ഇഷ്ടമായിരുന്നു. ചപ്പാത്തിയും കറിയും നല്ല ഇഷ്ടമാണ്. അമ്മ ടാല്‍പൂരിയും മട്ടണ്‍കറിയും വെച്ചു തന്ന് ഇന്ത്യയുടെ രുചിയെ പരിചയപ്പെടിത്തിയിട്ടുണ്ടായിരുന്നതിനാല്‍, ഈ കറികളും, ഇന്ത്യയുടെ കറികള്‍ എന്നു രുചിച്ചറിഞ്ഞു. അവരുടെ മീന്‍കറി എരിവും പുളിയും നിറഞ്ഞതായിരുന്നെങ്കിലും മറ്റെങ്ങും കിട്ടുമായിരുന്നില്ല. അന്നും സീത വീട്ടില്‍ പോകാമെന്നു പറഞ്ഞപ്പോള്‍, അവളുടെ വീട്ടിലെ രുചി നാവില്‍ ഊറി.

വീട്ടില്‍ അപ്പോള്‍ ആരും ഇല്ലായിരുന്നു. അനുജത്തിമാര്‍ രണ്ടാളും സ്‌കൂളില്‍ നിന്നും വരാറായിട്ടില്ല. അമ്മയും അച്ഛനും ജോലിയിലായിരിക്കും. അതൊക്കെ സാധാരണമായിരുന്നു. സാമിനെ സോഫയിലിരുത്തി, ചോക്കളറ്റ് കുക്കിയുമെടുത്ത് സീതവരുമ്പോള്‍, സാം അവിടെയിരുന്ന ആല്‍ബം നോക്കുകയായിരുന്നു. സീതയും സോഫയില്‍ ചേര്‍ന്നിരുന്ന്, കുക്കി ഷെയറുചെയ്യിന്നതിനിടയില്‍ ഫോട്ടൊയിലെ ഒരോരുത്തരേയും, സന്തോഷത്തോട് പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. സാമിനവരൊക്കെ മറ്റേതൊ ലോകത്തെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ മാതിരിയാണു തോന്നിയത്. പെട്ടെന്നാണ് കതകു തുറന്ന് സീതയുടെ അച്ഛനും അമ്മയും, പ്ലസ്റ്റിക്ക് ബാഗുകളില്‍ തൂക്കിപ്പിടിച്ച ഗ്രോസറിയുമായി കയറിവന്നത്. പ്രതീക്ഷിക്കാത്തതെന്തോ കണ്ടവരെപ്പോലെ അവരാകെ സ്തംഭിതരായി ഒരു നിമിക്ഷം നിന്നു. എന്നിട്ട് സമനില വീണ്ടെടുത്തവരായി, ഗ്രോസറി ബാഗുകള്‍ തീന്‍മേശയില്‍ വെയ്ക്കുന്നതിനിടയില്‍ ഇതാരാ എന്ന മട്ടില്‍ സീതയെ നോക്കി.

“ഇത് സാം... എന്നോടൊപ്പം പഠിക്കുന്നു. ക്ലാസ് നേരത്തെ തീര്‍ന്നു മൂന്നുനാലുബ്ലോക്ക് താഴെയാ താമസം. പോകുന്ന വഴി ചില നോട്ടുകള്‍ നോക്കാന്‍ കറിയതാ.”. സീത എന്തൊക്കയോ പറയുന്നു. ഏതോ ഒരു വലിയ കുറ്റത്തിനു പിടിക്കപ്പെട്ടവളെപ്പോലെയായിരുന്നു അപ്പോള്‍ അവളുടെ നില്പും, സ്വരവും. അതെന്തിന് എന്നു മാത്രം സാമിനു മനസിലായില്ല. സീതയുടെ അച്ഛന്‍ ശിവശങ്കരന്‍ നായര്‍ അത്ര മയമില്ലാത്ത ഒരു നോട്ടത്തില്‍ സാമിനെ സ്വാഗതം ചെയ്തപ്പോള്‍, അമ്മ ഗായത്രി ഒരു നല്ല മന്ദഹാസത്തില്‍ മകളുടെ കൂട്ടുകാരനെ വരവേറ്റു. ശിവശങ്കരന്‍ നായര്‍ തന്റെ നാടിനെപ്പറ്റിയും, നാട്ടിലെ തന്റെ തറവാട് മഹിമയെപ്പറ്റിയും എന്തൊക്കയോ പറയുന്നു. ‘ഈ രാജ്യത്തു വരേണ്ട ഒരാവശ്യമില്ലായിരുന്നു. പറമ്പില്‍ കൊഴിഞ്ഞുവീഴുന്ന തേങ്ങപറക്കി വിറ്റാല്‍ ഇപ്പം ഉണ്ടാക്കുന്നതില്‍ കൂടുതല്‍ ഉണ്ടാക്കാം’. ഇത്രയും പറഞ്ഞപ്പോഴേക്കും ഗായത്രി ഭര്‍ത്താവിനെ അകത്തെക്കു വിളിച്ച് കൂച്ചുവിലങ്ങിടുന്നതിന്റെ വിമ്മിഷ്ടങ്ങള്‍ കേള്‍ക്കാമായിരുന്നു. എന്തായാലും അയാള്‍ പറഞ്ഞതൊന്നും സാമിനു മനസിലാലില്ല എന്നു മാത്രമല്ല കേരളം എവിടെയെന്നുപോലുമുള്ള അറിവ് ഇല്ലായിരുന്നു. ഒരു വിധം സീത സാമിനെ വലിയ പരുക്കുകളില്ലാതെ പുറത്തിറക്കി.

പിറ്റെ ദിവസം സീത, സാം പോന്നുകഴിഞ്ഞ് വീട്ടില്‍ നടന്ന കഥകള്‍ പറഞ്ഞു. അമ്മ അച്ചനെ ശകാരിച്ചതും. എവിടെയാണു തെങ്ങിന്‍ തോപ്പുള്ളതെന്നും, എത്ര തേങ്ങാ കിട്ടുമെന്നും ഒക്കെ ചേദിച്ചപ്പോള്‍ ഉത്തരമില്ലാതെ അച്ഛന്‍ ദയനിയമായി തന്നെ നോക്കിയതും, അച്ഛന്റെ ഇത്തരം പൊങ്ങച്ചങ്ങള്‍ കേട്ട് കലിയിളകുന്ന അമ്മയെ ഇതിനു മുമ്പും കണ്ടിട്ടുള്ളതും സാമിനോടു പങ്കുവെച്ച് സീത പറയാത്ത ചില കാര്യങ്ങളുടെ ഓര്‍മ്മയിലായി. അമ്മ അയച്ചുകൊടുക്കുന്ന ചെറിയ മാസപ്പടിയില്‍ ജീവിക്കുന്ന നാട്ടിലെ കുടുംബത്തെക്കുറിച്ചുള്ള അച്ചന്റെ അമിത സങ്കല്പങ്ങളാണു പലപ്പോഴും പുറത്തുവരുന്നത്. അമ്മയുടെ മുന്നില്‍ അച്ചന്‍ ഒരു കോമാളിയാണ്. ഉള്ള ജോലിക്കു പോകും. പിന്നെ കള്ളിനോടാണു സ്‌നേഹം.ആരെങ്കിലും കൂട്ടുകാരെ കിട്ടിയാല്‍ നേരം വെളുക്കും വരെ കുടിക്കും. അമ്മക്കു മുന്നില്‍ അച്ഛന്റെ നാവുപൊന്തില്ല. അല്ലെങ്കിലും പഴയകാല നായര്‍തരവാടുകളില്‍ എന്നും സ്ത്രീകളുടെ സ്ഥാനം അങ്ങനെ ആയിരുന്നു. സീതയെ വേണ്ടുവോളം അവര്‍ പറഞ്ഞു രണ്ടാരോപണങ്ങള്‍ അവള്‍ക്കു മേല്‍ ചാര്‍ത്തപ്പെട്ടു. ഒരു കറത്തവനെ (ഗയാനക്കാരന്‍ എന്നാണവര്‍ അര്‍ത്ഥമാക്കുന്നത്) പ്രേമിക്കുന്നു.. ഒരു മലയാളി സ്ത്രിയുടെ, ഒരു തറവാടി നായരുടെ മാനം ഇല്ലാതാക്കി. ഈ രണ്ടാരോപണങ്ങളേയും ഓര്‍ത്തപ്പോള്‍ അവര്‍ ചിരിച്ചതെയുള്ളു. കാരണം അവര്‍ക്കതെന്തന്നറിയില്ലായിരുന്നു. എന്നാല്‍ ആ സംഭവത്തിനു ശേഷമാണ് തങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നു എന്നു മനസ്സിലാക്കിയത്.

സാമിന് വിട് ഒരു സത്രം മാതിരിയായിരുന്നു. അമ്മ സുഖമില്ലാതായിരിക്കുന്നു. ചേച്ചി എപ്പോഴൊക്കയോ വീട്ടില്‍ വരുന്നു. കുറെ പണം തന്നാല്‍ പിന്നെ എവിടെയാണന്നറിയില്ല. ഡ്രഗ് ഓവര്‍ഡോസായിട്ട് പലപ്പോഴും ഹോസ്പറ്റലില്‍ സ്വയം അഡ്മിറ്റാകും. ഇതില്‍നിന്നും രക്ഷപെടണമെന്നു ചേച്ചിക്കാഗ്രഹമുണ്ട്. പക്ഷേ കഴിയുന്നില്ല. മൂന്നാലാഴ്ചകളായി ചേച്ചിയുടെ വിവരങ്ങളൊന്നുമില്ലാതിരുന്നപ്പോള്‍ അമ്മ നിലവിളിക്കാന്‍ തുടങ്ങി.കാരണക്കാരി അമ്മതന്നെയെന്നെണ്ണിയെണ്ണി പറയുന്നു. സങ്കടപ്പെടുകയല്ലതെന്തു ചെയ്യും. എട്ടാം ക്ലാസില്‍ ചേച്ചിയില്‍ നിന്നുമുള്ള വരവു കുറഞ്ഞപ്പൊഴാണ്, സ്‌കൂളുകഴിഞ്ഞ് വെന്‍ഡീസില്‍ നാലുമണിക്കൂര്‍ ജോലിക്കു പോകാന്‍ തുടങ്ങിയത്. അങ്ങനെ ഒരു ദിവസം ജോലിക്കു പോയിവരുമ്പോഴാണ് നാല്‍ക്കവലയിലെ കള്ളുകടയ്ക്കു മുന്നിലെ ആള്‍ക്കുട്ടത്തിനു നടുവില്‍. ചേച്ചി നാമമാത്രമായ തുണിയില്‍ ഒരോന്നഴിച്ചെറിയുന്നു. ഒരു കയ്യിലെ വോഡ്കാ കുപ്പി കുടിക്കുന്നു. നാക്കും കാലും കുഴയുന്നു. വട്ടത്തില്‍ കൂടിയ ഒരോരുത്തരുടെയും മുന്നില്‍ ചിരിക്കുന്നു.

ഒരാംബുലന്‍സ് വിളിച്ച് ചേച്ചിയെ ആശുപത്രിയിലാക്കി, കഥയറിഞ്ഞ സീത, ഇനി ചേച്ചിയെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ സഹായിക്കാമെന്ന വാക്കുകളുടെ ബലം നള്‍കിയ ഉന്മേഷത്തില്‍, മൂന്നാം നാള്‍ ചേച്ചിയെ കൂട്ടിക്കൊണ്ടുവരാന്‍ ഹോസ്പറ്റലില്‍ ചെന്നപ്പോള്‍, ചേച്ചിയുടെ അമിതമായ ലഹരി ഉപയോഗത്തില്‍ ആശങ്കയുള്ള ചില ജീവനക്കാര്‍ പറഞ്ഞത് ചേച്ചി ഇന്നലെ പോയി എന്നാണ്. പിന്നിട് ചേച്ചിയെ ഒരിക്കലും കണ്ടിട്ടില്ല. ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ ആവോ..? ഉണ്ടെങ്കില്‍ ... എന്നെങ്കിലും തിരിച്ചു വരുമായിരിക്കും. ഇല്ല വരാനായിരുന്നുവെങ്കില്‍ അമ്മ മരിച്ചപ്പോഴെങ്കിലും വരേണ്ടതാതായിരുന്നു. ചേച്ചി പോയിപിന്നെ അധികകാലം അമ്മ ജീവിച്ചില്ല.. അമ്മ മരിക്കുവാനുള്ള കാരണം എന്തായിരുന്നു. ഒരാള്‍ മരിക്കാന്‍ എന്താണു കാരണം. ലെമാര്‍ മരിച്ചില്ലെ എന്തായിരുന്നു കാരണം. മരണം വന്നു എന്നു പറഞ്ഞാല്‍ മതിയോ... അമ്മ മരണത്തെ തേടി ചെന്നതാണോ...? അതോ മരണം അമ്മയെത്തേടി വന്നതോ? എന്തായാലും മകനെക്കുറിച്ചുള്ള ആധി മരണകാരണമായില്ല എന്നെന്തിനു പറയുന്നു. അതെ സാം എന്ന ഈ മകന്‍ തന്നെയാണു കാരണം.... പക്ഷേഈ മകന്‍ സീതയുടെ ചരണങ്ങളില്‍ ആയതിനുശേഷം എല്ലാ തെറ്റുകളില്‍ നിന്നും ഒഴിഞ്ഞു മാറിനടന്നില്ലെ…?തെറ്റു ചെയ്യാത്തവനെയല്ലെ അവര്‍ കുറ്റക്കാരനാക്കിയത്. സീതയെ കാണുന്നതിനു മുമ്പായിരുന്നുവെങ്കില്‍ ചിലപ്പോള്‍ …!

ജീവിതത്തിലെ ചില ഇരുണ്ട മൂലകളില്‍ ഒരിക്കലും വെളിച്ചം വീഴാതിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു. പത്താം ക്ലാസിലെ ഫൈനല്‍ പരീക്ഷ കഴിഞ്ഞ്, ജോലിക്കു പോകുന്നതിനുമുമ്പുള്ള സമയം ബസ്സ്-സ്റ്റോപ്പിലെ ബഞ്ചിലിരുന്ന് സീതയുമായി അന്നത്തെ വിശേഷം പങ്കുവെയ്ക്കാന്‍ ഇരുന്നു. ഇപ്പോള്‍ പഴയതുപോലെ സീതയുടെ വീട്ടില്‍ പോകാന്‍ കഴിയുന്നില്ല. അവളുടെ മാതാപിതാക്കള്‍ അവള്‍ക്ക് നേരെ തിരിഞ്ഞിരിക്കയാണ്.

''സീതെ എനിക്ക് ഇനി പഠിപ്പുതുടരാന്‍ കഴിയില്ല.അമ്മക്ക് വയ്യ. ചേച്ചിയുടെ വിവരങ്ങളൊന്നുമില്ല. അമ്മയുടെ സംരക്ഷണം ഇനിയും ഞാന്‍ ഏറ്റെടുത്തില്ലെങ്കില്‍ അതൊരു വലിയ കുറ്റമായിരിക്കും. ഞാന്‍ ഒരു ഫുള്‍ടൈം ജോലിയെക്കുറിച്ചു ചിന്തിക്കുന്നു. പതിനെട്ടു തികഞ്ഞാല്‍ എവിടെയെങ്കിലും ജോലികിട്ടുമായിരിക്കും.'' സീത ഒന്നും പറഞ്ഞില്ല വെറുതെ സാമിനെ നോക്കിയതെയുള്ളു. അപ്പോള്‍ അവര്‍ക്കുമുന്നില്‍ ഒരു കാറുവന്നു നിന്നു.കാറില്‍ നിന്നും ഒരു നല്പതുകാരി സാമിനെ നോക്കി ചിരിച്ചു. ''ഹലോസാം... നീ ഇപ്പോള്‍ എവിടെയാണ്... നിന്നെ കാണാന്‍ പോലും ഇല്ലല്ലോ..'' അവരുടെ കണ്‍കോണുകളിലെ ചിരിയുടെ അര്‍ത്ഥം എന്തേ എന്നറിയാതെ തന്നെ നോക്കുന്ന സീതയെ സാം കണ്ടു.''ഇതെന്റെ അയല്‍ക്കാരിയും സ്‌നേഹിതന്റെ അമ്മയുമാണ്.''സീതയോടായി അവന്‍ പറഞ്ഞു. അവന്റെ സ്വരത്തില്‍ വ്യക്തത പോരായിരുന്നു. അവരുടെ നോട്ടവും ഭാവവും അവനെ അസ്വസ്ഥനാക്കുന്നപോലെ. അവന്‍ പോകാനെന്നപോലെ എഴുനേറ്റു.

''ഇതാരാ നിന്റെ ഗേള്‍ഫ്രണ്ടാണോ... ഇവള്‍ സുന്ദരിതന്നെ...'' അവര്‍ എന്തോക്കയോ ഗൂഡാര്‍ത്ഥത്തില്‍ പറഞ്ഞ് കാറുവിട്ടുപോയി. സാമിന്റെ കണ്ണുകള്‍ ആ വണ്ടിക്കുപിന്നാലെ അരിശം തുപ്പി.മൂശേട്ട... ആരോടെന്നില്ലാതെ അവന്‍ പറഞ്ഞു. സീത അവനെ തന്നെ ശ്രദ്ധിച്ച് ഒന്നും പറയാതെ അവനൊപ്പം നടന്നു. അവളുടെ വീടിനു മുന്നില്‍ അവളെ ദയനീയമായി ഒന്നു നോക്കി ഒന്നും പറയാതെ അവന്‍ നടന്നു.

അവന്‍ ഒരു പന്ത്രണ്ടു വയസുകാരനായി പുറകിലേക്കു നടന്നു. ജേക്ക് തന്റെ കൂട്ടുകാരനും അടുത്ത വീട്ടിലെ താമസക്കാരനുമായിരുന്നു. സ്‌കൂളില്‍ നിന്നുവന്നാല്‍ അവര്‍ ഒന്നിച്ചായിരുന്നു കളികള്‍. ചിലപ്പോള്‍ ജേക്ക് ഇങ്ങോട്ടു വരും അല്ലെങ്കില്‍ താന്‍ അങ്ങോട്ടു പോകും. അവിടെ പോകുന്നതിഷ്ടമായിരുന്നു. ജേക്കിന്റെ അമ്മ എപ്പൊഴും എന്തെങ്കിലും തിന്നാന്‍ തരും. ചോക്കളേറ്റ് കുക്കിയും, പാലും ഇഷ്ടമായിരുന്നു. അഞ്ചാംക്ലാസ് കഴിഞ്ഞപ്പോള്‍ ജേക്ക് കാത്തലിക് സ്‌കൂളില്‍ ചേര്‍ന്നു. ഈ സമയത്ത് അച്ഛന്‍ മരിച്ചതിന്റെ ഒറ്റപ്പെടലും, ജീവിയത്തില്‍ എന്തു ചെയ്യണം എന്നറിയാതെയുള്ള വീര്‍പ്പുമുട്ടലുകളുമായി കളിക്കാന്‍ ആരെയൊക്കെ കിട്ടുമോ അവരുമായി ഒക്കെ കൂട്ടുകുടി. ജേക്കിനെ പലപ്പൊഴും കളിക്കാന്‍ കിട്ടാതെയായി. അവന്‍ മിടുക്കാനായ കുട്ടി എന്ന നിലയില്‍ പല പ്രോഗ്രാമുകളിലും പോകേണ്ടതുള്ളതിനാല്‍ ഇനി കളിക്കാന്‍ അധികം വരേണ്ട എന്ന ധ്വനി അവന്റെ അമ്മയില്‍ നിന്നും ഉണ്ടായി. അവര്‍ ഒരു വീട്ടമ്മയായിരുന്നെങ്കിലും, ഭര്‍ത്താവിന്റെ ആട്ടോ റിപ്പയര്‍കടയിലെ കണക്കുകള്‍ ശരിയാക്കാന്‍ കുറെ സമയം പോകാറുണ്ട്. അങ്ങനെ കടയില്‍ നിന്നും വന്ന ഒരു ദിവസം സ്‌കൂളില്‍ പോകാതെ വീടിനു വെളിയിലിരുന്ന തന്നെ നോക്കി അവര്‍ ചോദിച്ചു;

''സാമെന്താ ഇന്നു സ്‌കൂളില്‍ പൊയില്ലെ... എന്നാല്‍ ഗ്രോസറിക്കൊന്ന് സഹായിക്ക്''., അവര്‍ കാറിന്റെ ഡിക്കിതുറന്നു പറഞ്ഞു.

അവരുടെ ബാഗുകള്‍ അകത്തു വെച്ചു പോകാന്‍ നേരം അവര്‍ പറഞ്ഞു; ''നീ പോകല്ലെ ഞാന്‍ ഡ്രസുമാറി വന്ന് നിനക്കു ഹാട്ട് ചോക്കളറ്റ് മില്‍ക്ക് തരാം.'' അതൊരു പ്രലോഭനം തന്നെയായിരുന്നു. ആ പ്രലോഭനത്തില്‍ നിന്നും അവരെന്നെ കൂട്ടുകാരന്റെ അമ്മയെന്ന ബന്ധത്തില്‍ നിന്നും മോചിപ്പിച്ചു. അവരുടെ ശരീരത്തിന്റെ ബന്ധനത്തില്‍ ആക്കി. സീതയെ കണുന്നതുവരെ അതു തുടര്‍ന്നു. സീത തന്നില്‍ ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചു. ശരിയും തെറ്റും കാണിച്ചു തന്നു. അവരുടെ വഴിയില്‍ പോകാതെയായി. ഇപ്പോള്‍ അവര്‍ തന്നെ തേടിയിറങ്ങിയിരിക്കുന്നു.

സീതയോട് ഈ കഥകള്‍ മാത്രമേ ഒളിച്ചുള്ളു. ഇതു കൂടിപറഞ്ഞാല്‍ ലോകത്തിലെ എറ്റവും നീചനായവന്‍ അവളുടെ കണ്ണില്‍ താനായിരിക്കും എന്നവള്‍ കരുതും. തനിക്കവളെ നഷ്ടമാകും.അമ്മയോട് സീതയെക്കുറിച്ചെല്ലാം പറഞ്ഞിട്ടുണ്ട്. അമ്മ സന്തോഷത്താല്‍ ഒന്നു പുഞ്ചിരിക്കമാത്രം ചെയ്തു. അമ്മ അച്ഛനെ ഓര്‍ത്തിട്ടുണ്ടാകും. അച്ഛന്റെ ആഗ്രഹം പോലെ ജീവിതം കൊണ്ടെത്തിക്കാന്‍ കഴിഞ്ഞില്ല എന്ന സങ്കടത്തില്‍ അമ്മ കരയാറുണ്ട്.ഇനി സീതയോട് എല്ലാം പറയണം. സ്വന്തമായി ഒരു ജോലി ആയാല്‍, സീതക്ക് സമ്മതെമെങ്കില്‍ ഒന്നിച്ചു താമസിക്കണം. അമ്മയെ നോക്കണം.സാം നടക്കവെ ഇങ്ങനെ ഒരോന്നാലോചിച്ചു. സീതയെ സ്വന്തമാക്കുക അത്ര എളുപ്പമായിരിക്കില്ല. അവളുടെ വീട്ടുകര്‍ അത്ര വലിയ സമ്മര്‍ദ്ദത്തിലാണ്. ഇന്നലെവരെ പരിചിതമല്ലാത്ത ഒരു സംസ്‌കാരത്തില്‍ ലയിച്ചു ചേരാന്‍ കഴിയാത്തതിന്റെ വിമ്മിഷ്ടം. മക്കളെക്കുറിച്ച് കേരളീയ സാമസ്‌കാരിക സങ്കല്പവുമായി ജീവിക്കുന്നവരുടെ മനോവികാരം എന്തൊക്കെയായിരിക്കും. എന്തായാലും ശരിയാകുമായിരിക്കും.സീതയെ ഇഷ്ടമാണ്.

രാവിലെ സാമിന്റെ വീടിനു മുന്നില്‍ ഒരു പോലീസ് വണ്ടി. കുറെ നാളുകളായി അവര്‍ ഈ വഴി വരാറില്ലായിരുന്നു. തന്റെ കൂട്ടുകാരയിരുന്നവര്‍ എന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടിട്ടുണ്ടാകും. ചിലപ്പോള്‍ അവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനും ഇങ്ങനെ വരാറുണ്ട്. ഒരിക്കല്‍ പോലീസ് റിക്കാര്‍ഡില്‍ പേരു ചേര്‍ക്കപ്പെട്ടാല്‍ പിന്നെ അവര്‍ നമ്മുടെ പിന്നാലെ ആയിരിക്കും. ചെയ്യാത്ത കുറ്റങ്ങളും ചാര്‍ത്തിക്കിട്ടും. ലോകത്തിലെ എല്ലാ പൊലീസും ഒരുപോലെയായിരിക്കും. വാര്‍ത്തകളില്‍ അങ്ങനെയാണു വായിക്കുന്നത്. അമ്മ വന്നു പറഞ്ഞപ്പോള്‍ തെറ്റുകളൊന്നും ചെയ്യാത്തവന്റെ ഉള്‍ക്കരുത്തുമായാണ് എഴുനേറ്റത്. സീത മനസ്സിലൂടെ ഒന്നു മിന്നി.

വാതില്‍ തുറക്കാന്‍ താമസിക്കുന്നതില്‍ അക്ഷമരായ പോലീസുകാര്‍ തോക്കുമായി വാതിലിനിരുവശമായി നിന്നു. അപ്രതീക്ഷിതമായി അകത്തുനിന്നും പ്രതി ആക്രമിച്ചാല്‍ സ്വയം രക്ഷക്കുള്ള കവചമാണത്. ഇപ്പോള്‍ തുറന്നില്ലെങ്കില്‍ വാതില്‍ ചവുട്ടിപ്പൊളിക്കും എന്ന ആക്രോശത്തില്‍ അമ്മയാശങ്കപ്പെടുന്നതിനിടയില്‍ അമ്മ വാതില്‍ തുറന്ന് എന്തേ എന്ന മട്ടില്‍ മിഴിച്ചു നോക്കി. സാം എവിടെ...?അവര്‍ക്കു വേണ്ട ആളെ അവര്‍ അടയാളപ്പെടുത്തിയപ്പോള്‍ ആ അമ്മയുടെ ഉള്ളൊന്നു പിടഞ്ഞു.

സാം കിടക്കയില്‍ നിന്നും എഴുനേറ്റു വരുന്നതെയുള്ളായിരുന്നു. നിന്നെ അറസ്റ്റു ചെയ്തിരിക്കുന്നു. കൈവിലങ്ങിട്ട് വണ്ടിയിലേക്കു നടത്തുമ്പോള്‍ അയല്‍ വീടുകളിലെ ജനാലക്കര്‍ട്ടനുകള്‍ക്കിടയില്‍ തുറിച്ചു നോട്ടക്കാരെ സാം കണ്ടു. ജേക്കിന്റെ അമ്മയുടെ ചിരി അവനെ വല്ലാതെ അലോസരപ്പെടുത്തി. തന്റെ കുറ്റമെന്തന്ന അമ്മയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് 'ബലാല്‍ സംഘശ്രമം'' എന്നവര്‍ പറയുന്നതു കേട്ട അമ്മ രണ്ടു കൈയ്യും തലയ്ക്കു വെച്ച് ഒന്നു കരയാന്‍ പോലും കഴിയാതെ ഇരുന്നു. ഈശ്വരന്‍ എനിക്കു തന്ന 'കുരു' അവര്‍ സ്വയം പറഞ്ഞു

'ഞാന്‍ ഒന്നും ചെയ്തിട്ടില്ല...ഞാന്‍ നിരപരാധിയാണ്. ഇത് മറ്റാരുടേയോ പേരിലുള്ള കുറ്റമാണ്...' സാം അമ്മയോടായി വിളിച്ചു പറയുന്നുണ്ടായിരുന്നു. പോലീസുകാര്‍ ഊറിച്ചിരിച്ചതെയുള്ളു.

അമ്മ അവനെ വിശ്വസിച്ചപോലെ അവനു തോന്നി. അവന്‍ ഇപ്പോള്‍ ഇങ്ങനെ ചെയ്തിട്ടുണ്ടാവില്ല... ഇന്നലെയും അവന്‍ സീതയെക്കുറിച്ചു പറഞ്ഞിരുന്നു. ഇതില്‍ എന്തോ ചതിയുണ്ട് അവര്‍ ഉറച്ചു. ആരൊടു പറയും... അവര്‍ രാവിലെ തന്നെ തൂത്തുതുടയ്ക്കാന്‍ പോകുന്ന വക്കിലിന്റെ വീട്ടിലേക്കോടി.വക്കീലിനവരുടെ കഥകളൊക്കെ അറിയാം എന്നിരിക്കെ സാം അങ്ങനെ ചെയ്‌തോ എന്നുറപ്പില്ലാത്തതിനാല്‍ ഒന്നു താളം ചവുട്ടിയെങ്കിലും അവരെ സഹായിക്കമെന്നേറ്റു.

ബലാല്‍ക്കാര കേസുകളില്‍ സ്ത്രീയുടെ വാക്കിനാണു കൂടുതല്‍ തൂക്കം. പ്രത്യേകിച്ചും പോലിസിന്റെ നോട്ടപ്പുള്ളിയായ ഒരുവനെതെരെയാകുമ്പോള്‍. പോലീസിന്റെ ചോദ്യം ചെയ്യലില്‍ അവര്‍ മൊഴിമാറ്റി മാറ്റിപ്പറഞ്ഞതില്‍ വക്കീല്‍ പിടിമുറുക്കി. ആദ്യം അവര്‍ പറഞ്ഞത്, രാത്രി എട്ടുമണിയോടടുത്ത് കാര്‍ പാര്‍ക്കുചെയ്തിറങ്ങുമ്പോള്‍, അവന്‍ ഒപ്പം കൂടി. പരിചയക്കാരന്‍ ആയതിനാല്‍ സംശയിച്ചില്ലെന്നും, വാതില്‍ തുറന്നപ്പോള്‍ തനിക്കൊപ്പം അകത്തേക്കു തള്ളിക്കേറി കടന്നു പിടിച്ചുവെന്നുമാണ്.എന്നാല്‍ ആ സമയത്ത് താന്‍ ജോലി കഴിഞ്ഞ് ഈ പറയുന്ന സ്ഥലത്തെത്തിയിട്ടില്ല എന്ന വാദം വക്കില്‍ ആവര്‍ത്തിച്ചപ്പോള്‍, അവര്‍ കഥമാറ്റി. രാത്രി പത്തുമണികഴിഞ്ഞ് അവന്റെ കിടപ്പുമുറിയുടെ ജനാലയില്‍ കൂടി ശരീരഭാഗങ്ങള്‍ കാണിച്ച് പ്രലോഭിപ്പിച്ചു എന്നു മാറ്റി. ഒപ്പം ഇതൊരു പതിവാണെന്നും, മറ്റൊരു ദിവസം തന്നെ പീഡിപ്പിച്ചു എന്നും കഥയില്‍ കൂട്ടിച്ചേര്‍ത്തതോട് ജഡ്ജിവക്കീലിനെ നോക്കി ഒന്നു ചിരിച്ചു. കേസ് വിജയിച്ച സന്തോഷത്തില്‍ വക്കീലും ചിരിച്ചു. ഇനി കുഴപ്പങ്ങളില്‍ ചെന്നു ചാടെരുതെന്ന താക്കിതില്‍ ജഡ്ജി കേസ് തള്ളി. പുറത്തിറങ്ങിയപ്പോള്‍ സീതയെ നോക്കി ഒന്നു പുഞ്ചിരിക്കാനുള്ള ത്രാണി ഇല്ലായിരുന്നു. ഒരു കുറ്റവാളിയെപ്പോലെ അവളെ നോക്കി. അവളുടെ അപ്പോഴത്തെ മുഖഭാവം എന്തായിരുന്നു. അവളുടെ മനസ്സില്‍ എന്തൊക്കെ വടം വലികള്‍ നടന്നിട്ടുണ്ടാകും.

അന്നത്തെ കേസില്‍ താന്‍ നിരപരാധിയാണന്നവള്‍ക്കുറപ്പുണ്ടായിരുന്നു. പക്ഷേ എല്ലാ സംഭവങ്ങളും അവളോടേറ്റുപറയാനായി അന്ന് അവള്‍ക്കൊപ്പം രാത്രി ഏറെ വൈകുവോളം ഉണ്ടായിരുന്നു എന്നവള്‍ കോടതില്‍ സാക്ഷിപറയാന്‍ വിളിച്ചു വരുത്തേണ്ടി വന്നു. എല്ലാം അവളോടു പറയണമെന്നു മനസ്സു പറഞ്ഞില്ലായിരുന്നുവെങ്കില്‍, താന്‍ ഒരിക്കലും രാത്രിയില്‍ അവളുടെ അടുത്തെത്തുമായിരുന്നില്ല. എങ്കില്‍ ചിലപ്പോള്‍ എല്ലാവരും തന്നെ കുറ്റവാളിയാക്കുമായിരുന്നു. അങ്ങനെ നിരപരാധിയായ കുറ്റവാളികള്‍ ഇന്നും ജയിലില്‍ ഉണ്ട്. ഇവിടുത്തെ നിയമവ്യവസ്ഥ ഇന്നും വര്‍ണ്ണവിവേചനത്തിന്റേതാണ്. ഒരേ കുറ്റത്തിന് കറുത്തവനും, വെളുത്തവനും രണ്ടു തരം ന്യായവിധിയാണ് നീതിദേവത വിധിക്കുന്നത്.

പൊയ്മുഖമാണ് നാം കാണുന്നതത്രയും. ജേക്കിന്റെ അമ്മയോടു താന്‍ എന്തു തെറ്റാണു ചെയ്തത്. അവരുടോരമ്മയോടെന്നപോലെയല്ലെ ഇടപെട്ടത്. പക്ഷേ അവര്‍ തന്നെ അവരുടെ വൈകൃതങ്ങളുടെ ഉപകരണമാക്കി. ഓടിപ്പോകാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ അറിയില്ലായിരുന്നു. സ്വയം തിരിച്ചറിഞ്ഞപ്പോള്‍ മാറി നടന്നു. അതാണവരെ പ്രകോപിപ്പിച്ചത്. തന്നോടൊപ്പം സീതയെ കണ്ടപ്പോള്‍ അവര്‍ തന്നെ കുടുക്കാനുള്ള കെണിവെയ്ക്കാന്‍ തുടങ്ങി. ആരും പെട്ടന്നു വിശ്വസിക്കുന്നതും, അവരുടെ നേരെ അധികം ചോദ്യമുനകള്‍ ഉയരാന്‍ സാദ്ധ്യത ഇല്ലാത്തതുമായ ഒരു മുനമ്പില്‍ തന്നെ തളയ്ക്കാനാണവര്‍ ശ്രമിച്ചത്. ഒരു വരുത്തന്‍ അത്ര ആളാകണ്ട എന്നൊരു ചിന്തയും ഉണ്ടായിരുന്നിരിക്കാം. അവരുടെ നോട്ടവും സംസാരവും ഒരു ഇരയ്ക്കുമേലുള്ള ആധിപത്യം നഷ്ടപ്പെട്ടവളുടേതാണന്ന തിരിച്ചറിവ് ഭയപ്പെടുത്തി. അതുകൊണ്ടാണ് അപ്പോള്‍ സീതയോട് ഒന്നും പറയാതെ നടന്നു മറഞ്ഞെങ്കിലും, ജോലിക്കിടയില്‍ സീതയുടെ കണ്ണുകളിലെ അവര്‍ ആരെന്ന ചോദ്യം അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെയാണ് എല്ലാം സീതയോടു പറയാന്‍ ജോലികഴിഞ്ഞ് തിരിച്ചു വന്നത്. അതു തന്റെ ജീവിതത്തിന്റെ വഴിത്തിരിവായി.

സീതയുടെ ജനാലിയില്‍ പതുക്കെ മുട്ടുമ്പോള്‍ മറ്റാരെങ്കിലും കേള്‍ക്കോമോ എന്ന ഭയം ഉണ്ടായിരുന്നു. അവളുടെ മുറിയ്ക്കും ഗരാജിനുമിടയിലെ ഒളിയിടത്തിലേക്കവള്‍ അടുക്കളവഴി ഇറങ്ങിവരുമ്പോള്‍ എന്തു പറയണമെന്നൊരു രൂപവും ഇല്ലായിരുന്നു. എന്നാല്‍ പതിനെട്ടുതികായാന്‍ പോകുന്ന ഒരു ചെറുപ്പക്കാരന്റെ ആത്മവിശ്വാസം ഉള്ളില്‍ ധൈര്യപ്പെടുത്തി. എന്തു വന്നാലും കള്ളം പറയില്ലെന്നും തീരുമാനിച്ചു. ആദ്യം ഒന്നു പരുങ്ങിയെങ്കിലും അവള്‍ ചോദിച്ചു. അവര്‍ ആരായിരുന്നു. അവളെയും ആ സ്ത്രി വല്ലാതെ അസ്വസ്ഥപ്പെടുത്തുണ്ടെന്ന തോന്നല്‍ ശരിയായി വന്നു. അതൊരു തിരിച്ചറിയലിന്റെ ഉറപ്പിക്കല്‍ക്കൂടിയായിരുന്നു.സീത തന്നെ സ്‌നേഹിക്കുന്നു. അതുകൊണ്ടു തന്നെ തന്റെ കഥയില്‍ ഒട്ടും മായം ചേര്‍ക്കാന്‍ തോന്നിയില്ല. കാരണം സീതയെ താനും സ്‌നേഹിക്കുന്നു.താന്‍ പറഞ്ഞതത്രയും സീത കേട്ടു. അവള്‍ തിരിച്ചൊന്നും ചോദിച്ചില്ല. പിറ്റെദിവസം അവള്‍ തനിക്കുവേണ്ടി സാക്ഷി പറഞ്ഞു. അതുമറ്റൊരു സമരമുഖം തുറന്നു.

അവളുടെ വീട്ടില്‍ അവള്‍ സമരത്തില്‍ ആയിരുന്നു. ഊരും പേരുമില്ലാത്ത ഏതോ ഒരു കറുത്തവനെ സ്‌നേഹിക്കാന്‍ ആഢ്യജാതി സംസ്‌കാരത്തിന്റെ തലപ്പാവുമായി നടക്കുന്നവര്‍ ഒരിയ്ക്കലും സമ്മതം മൂളിയില്ല. ഒരു പ്രവാസിക്ക് മറ്റൊരു പ്രവാസിയോടുള്ള മനോഭാവം ആയിരുന്നുവോ അത്.ഇതൊരു സാംസ്‌കാരിക യുദ്ധം ആയിരുന്നു. അവരുടെ കണ്ണില്‍ താന്‍ ഒരു ഇന്ത്യന്‍ വംശജന്‍ ആയിരുന്നില്ല. ഗയാനക്കാരനായ ഒരു കറുത്തവന്‍. യാതൊരു ധാര്‍മ്മികതയും, സദാചാരനന്മകളും ഇല്ലാത്തവര്‍. കുടുംബ ബന്ധങ്ങളെ മാനിക്കാത്തവര്‍, വിവാഹത്തെ പവിത്രമായി കാണാത്തവര്‍. ഇങ്ങനെ ഉള്ള ഒരുവന് എങ്ങനെ പെണ്ണിനെ കൊടുക്കും. മാത്രമല്ല തന്റെ കുടുബത്തിലെ പോരാഴ്മകളുടെ എണ്ണിപ്പറച്ചിലില്‍, അമ്മയും, പെങ്ങളും മാത്രമല്ല ഇപ്പോള്‍ റേപ്പിസ്റ്റായ തന്നേയും ഉള്‍പ്പെടുത്തിയിരിക്കുന്നു. മകളെ പഠിപ്പിച്ച് ഡോക്ടറാക്കണമെന്ന ഒരു സാധാരണ കുടിയേറ്റ മലയാളി മാതാപിതാക്കളുടെ വലിയ സ്വപ്നത്തെയാണ് ഞങ്ങളുടെ മോഹങ്ങള്‍ മാന്തിപ്പൊളിക്കുന്നത്. അവരുടെ കാഴ്ചപ്പാടില്‍ അതു ശരിയല്ലെന്നു പറയാന്‍ പറ്റില്ല.

പക്ഷേ സീതയ്ക്ക് അതൊന്നും മനസിലാകില്ലായിരുന്നു. അവള്‍ പറഞ്ഞു: 'വീട്ടുകാരുടെ സമ്മതത്തോട് നമുക്ക് വിവാഹിതരാകാന്‍ പറ്റില്ല. രണ്ടുപേര്‍ക്കും ജോലിയാകുന്നവരെ നമുക്ക് ഒളിച്ചു കളിക്കാം'. അവള്‍ പറയുന്ന എന്തിനും തനിക്കു സമ്മതമായിരുന്നു. തങ്ങള്‍ പരസ്പരം കാണുന്നില്ല എന്ന സമാധാനത്തില്‍ വീട്ടുകാര്‍ മകളുടെ മനമാറ്റത്തില്‍ സന്തോഷിക്കുകയും, വീട്ടില്‍ പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്തു. പന്ത്രണ്ടാം ക്ലസുകഴിഞ്ഞാല്‍ അവളെ മണിപ്പാലില്‍ അയച്ച് പഠിപ്പിച്ച്, പടത്തലവ പാരമ്പര്യത്തിലെ ഒരു നായര്‍ പയ്യനെ കണ്ടെത്തി അവളുടെ വിവാഹം വരെയുള്ള സ്വപ്നങ്ങള്‍ അച്ഛനും അമ്മയും പങ്കുവെയ്ക്കുന്നതവള്‍ അനുജത്തിമാരില്‍ നിന്നും അറിഞ്ഞ് ഒന്നും മിണ്ടാതെ നടന്നു. സാമിന് ജീവിക്കാന്‍ പറ്റിയ ഒരു തൊഴില്‍ കിട്ടുന്നതുവരെ താന്‍ ആരോടും ഒന്നും പറയില്ലന്നവള്‍ ഉറപ്പു പറഞ്ഞിരുന്നു. സീതയുടെ അച്ഛനെപ്പോലെ പോസ്റ്റല്‍ സര്‍വ്വീസിലെ ജോലിയെക്കുറിച്ച് സീതതന്നെയാണ് ഉല്‍സാഹിപ്പിച്ചത്. പത്താംക്ലാസുകാരന് അതില്‍ കൂടുതല്‍ എന്തുകിട്ടാന്‍. രണ്ടു മൂന്നു പ്രാവശ്യം എഴുതിയ ടെസ്റ്റില്‍ ഒന്നു പാസ്സായപ്പോള്‍, പോസ്റ്റുമാനായി ജോലി കിട്ടിയപ്പോള്‍, ആരാണു കൂടുതല്‍ സന്തോഷപ്പെട്ടത്. അമ്മയോ, സീതയോ, താനോ.മൂന്നുപേരുടേയും സന്തോഷങ്ങള്‍ വെവ്വേറെ ആയിരുന്നു. അമ്മ മകന്റെ ഉറച്ച ഭാവിയില്‍ സന്തോഷിച്ചപ്പോള്‍, സിതയുടെ സന്തോഷം ഒരു ഒളിച്ചോട്ടത്തിനു ഉറപ്പുള്ള ഒരു തറകോരി എന്നുള്ളതായിരുന്നു. തനിക്കോ...? ഇവരുടെ എല്ലാം സന്തോഷങ്ങളുടെ പൂര്‍ത്തികരണത്തിനുള്ള ഒരു ഉപകരണമായല്ലോ എന്നതിനുപരി, അച്ഛന്റെ പൂര്‍ത്തിയാകാത്ത കുടിയേറ്റ സ്വപ്നങ്ങളില്‍ ഒരദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കലായിരുന്നു.

അച്ഛന്റെ ജീവിതത്തിലെ അവസാന ആദ്ധ്യായം ഒരു വെടിയുണ്ടയില്‍ അവസാനിച്ചു. പക്ഷേ അച്ഛന്‍ എഴുതാന്‍ ഉദ്യേശിച്ച, അല്ലെങ്കില്‍ ആഗ്രഹിച്ച കഥ അങ്ങനെ അയിരുന്നോ...? എഴുതപ്പെടാത്ത എത്രയെത്ര താളുകള്‍... എഴുതേണ്ട ചുമതല അച്ഛന്‍ തന്നെ ഏല്പിച്ചിരിക്കുന്നുവോ...? ഇല്ല ഇന്നലെവരെയുള്ള കഥകളെ എനിക്കെഴുതാന്‍ കഴു.അല്ലെങ്കില്‍ എല്ലാവരും അങ്ങനെ തന്നെയായിരുക്കും. നാളെ എങ്ങനെ എന്നാരെങ്കിലും എഴുതിയിട്ടുണ്ടോ...? അങ്ങനെ എഴുതിയവരുടെ കഥയൊക്കെ ശരിയായിവന്നിട്ടുണ്ടോ...? അല്ലെങ്കില്‍ പണ്ടൊരപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവര്‍ക്ക് ധാരാളം സ്വത്തുവകകളൊക്കെ ഉണ്ടായിരുന്നു. മക്കളും കൊച്ചുമക്കളുമായി അവര്‍ എന്നേക്കും സസുഖം സന്തോഷമായി കഴിഞ്ഞു എന്നൊക്കെ എഴുതിയാല്‍ മതിയോ...പക്ഷേ സുഖവും സന്തോഷവും ആര്‍ക്ക് എവിടെ..?ചിലപ്പോള്‍ എല്ലായിടത്തും അതു കാണുമായിരിക്കും. അല്ലെങ്കില്‍ അതെങ്ങും ഉണ്ടാകില്ല.

അച്ഛന്‍ എഴുതാതു പോയ കഥയില്‍ അതുണ്ടായിരിന്നുവോ...? അച്ഛന്‍ അതെന്നെങ്കിലും കണ്ടെത്തിയോ...? അമ്മക്കും, ചേച്ചിക്കും എങ്കിലും അതെന്തെന്നറിയാമോ.... അവരും അന്വേഷിച്ചതതുതന്നെയായിരിക്കും. അമ്മയുടെ കഥയില്‍ എന്തായാലും സന്തോഷം എന്നൊരു വാക്കേയുണ്ടാകാന്‍ വഴിയില്ല. അവരുടെ സന്തോഷങ്ങളൊക്കെ രണ്ടുമക്കളായി ഊതിക്കെടുത്തി എന്നു രേഖയില്‍ ഉണ്ടാകുമോ... ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ലല്ലോ എന്നമ്മ സ്വയം സമാധാനിച്ച് മാപ്പു തരുമായിരിക്കും. അമ്മയേറയും വേദനിച്ചത് ചേച്ചിയുടെ ജീവിതം ഓര്‍ത്താണ്. അതിനു അമ്മ ഉത്തരം പറഞ്ഞേ മതിയാകു എന്നമ്മ എപ്പോഴും പിറിപിറുത്തുകൊണ്ടിക്കും. താന്‍ സീതയെ കണ്ടതിനു ശേഷം തനിക്കുണ്ടായ മാറ്റത്തില്‍ അമ്മ ലഘൂകരിക്കപ്പെട്ട്, ചുണ്ടുകളില്‍ ചിരിയോളം വരുന്ന ഒരു ഭാവം കൈക്കൊണ്ടു. അധികമൊന്നും വര്‍ത്തമാനമില്ല. വല്ലപ്പോഴും സീതയെക്കുറിച്ചെന്തെങ്കിലും ചോദിക്കും. സീതക്കൊപ്പം ജീവിക്കാന്‍ അമ്മകാത്തില്ല.. സീത തനിക്കൊപ്പം വരുമെന്ന് അമ്മയൊരിക്കലും പ്രതീക്ഷിച്ചില്ല. അമ്മ അതേറെ ആഗ്രഹിച്ചിരുന്നുവെങ്കിലും. മനുഷ്യ മനസ്സിന്റെ വേലിക്കെട്ടുകളെക്കുറിച്ച് അമ്മക്ക് ഏറെ അറിയാമായിരുന്നിരിക്കാം.

അമ്മയും ഒരിക്കല്‍ അങ്ങനെ ഒരു വേലിക്കെട്ടു പൊളിച്ച് അച്ചന്റെ കൂടെ ഇറങ്ങിപ്പുറപ്പെട്ടവളല്ലേ... അമ്മയുടെ വീട്ടുകാര്‍, അച്ഛന്റെ ജാതിക്കുള്ളിലെ ഉപജാതിയേക്കാള്‍ അല്പം മുന്തിയ ഇനമായിരുന്നു എന്ന ന്യായത്തില്‍, അമ്മ വീട്ടുകാര്‍ക്ക് അച്ഛനുമായുള്ള അമ്മയുടെ ബന്ധം ഇഷ്ടമായിരുന്നില്ല.എവിടെയും മതില്‍ക്കെട്ടുകളാണ്. മതിലുകള്‍ പൊളിയ്ക്കുന്നവര്‍ പുരോഗതിയുടെ പുതിയ അടയാളക്കല്ലുകള്‍ ആകുമായിരിക്കും. സീത തന്റെ സ്വാതന്ത്ര്യത്തിന്റെ പുതുമയിലേക്ക് ഇറങ്ങിവരുന്നതിനു മുമ്പേ അമ്മ വിടവാങ്ങി. അത്മകഥയുടെ പുസ്തകത്താളുകളില്‍ അമ്മയൊന്നും കുറിച്ചിരുന്നില്ല. ഒത്തിരിയേറെ പറയാന്‍ കാണുമായിരുന്നു. ഒടുവില്‍ പറഞ്ഞത്; 'മോനെ ചേച്ചികുറ്റക്കാരിയല്ല' എന്നുമാത്രമാണ്. ഒരിക്കലും ചേച്ചിയെ കുറ്റക്കാരിയായി കാണുകയില്ലന്നമ്മക്കു വാക്കുകൊടുത്തു. അമ്മയുടെ ചുണ്ടില്‍ ചിരിവിടര്‍ന്നു, കണ്ണില്‍ നീരുറവ പൊട്ടി. നിറഞ്ഞകണ്ണുകളുമായി അമ്മയുടെ കണ്ണുകള്‍ അടഞ്ഞു. ആ മിഴികള്‍ നിറഞ്ഞത് ആര്‍ക്കുവേണ്ടിയായിരുന്നു. ബലിയായ ഒരോ കുടിയെറ്റക്കാരനും അതിന്റെ ഓഹരി അവകാശപ്പെടാം.ആ കണ്ണുനീര്‍ ഭൂമിയുടെ ഉള്ളില്‍ തിളച്ചു മറിയുന്ന ലാവയായിരുന്നു. ചേച്ചിയും മറ്റനേകരം, മറുകരതേടി അതിലേക്ക് എടുത്തുചാടിയിട്ടുണ്ടാകും. എല്ലാം എരിഞ്ഞടങ്ങട്ടെ... ഒരോ ആത്മകഥകളും ഒരോ ശവകുടിരങ്ങളാണ്. ഇപ്പോള്‍ ഈ രാവിന്റെ എരിവില്‍ അങ്കിള്‍ ടോമിനെ എവിടെയോ ഉപേക്ഷിച്ച്, ലെമാറിന്റെ ദുഃഖത്തിനൊപ്പം, റീനയുടെ മടിയില്‍ തലവെച്ച്, സീതയെ അന്വേഷിക്കുന്നവന്റെ ഉറക്കക്കിടക്കിയില്‍ സീതയുടെ ചിരി.

ആദ്യം കണ്ട സീതയില്‍ നിന്നും വളരെ മാറിയ സീതയായിരുന്നത്. മുടിയൊക്കെ മുറിച്ച്, അല്പം ശൃംഗാരച്ചുവയുള്ള വസ്ത്രങ്ങളില്‍, പുരികം ഒതുക്കി, മുഖം ഫേഷല്‍ ചെയ്യിച്ച്, തികച്ചും ഒരു ആധുനിക സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള ഒരു പരിഷ്‌കാരിയായായ സീത. അതെങ്ങനെ സംഭവിച്ചു.അവള്‍ പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. സ്വയം അമേരിക്കന്‍ രീതികളിലേക്കുള്ള ഇഴുകിച്ചേരല്‍. ചിലപ്പോള്‍ ഗയാനക്കാരനായ തന്നോടൊപ്പം ചേരാന്‍ അങ്ങനെ ഒക്കെ മാറണമെന്നവള്‍ ആഗ്രഹിച്ചിട്ടുണ്ടാകും. അവള്‍ മാറി. തന്നോടൊപ്പം ഇറങ്ങിവന്നു. പക്ഷേ ജീവിതം എവിടെ എത്തി. അതാരുടെ കുറ്റം. കുറ്റവും കുറവും ആരുടേതായാലും ജീവിതം ഇങ്ങനെയൊക്കെയായി. അവളുടെ കഥയുടെ താളുകള്‍ മറിയ്ക്കുമ്പോള്‍ വായിക്കാനെന്തൊക്കെയണുള്ളത്.അല്ലെങ്കില്‍ അതൊക്കെ വായിക്കാനാരാണുള്ളത്.

ആദ്യം അവള്‍ തന്നെ കൂട്ടുകെട്ടുകളുടെ ഗുണദേഷങ്ങളെക്കുറിച്ചു പഠിപ്പിച്ചു. കൂട്ടുകാരെ ഉപേക്ഷിച്ചില്ലെങ്കിലും, അവരുടെ തിന്മകളില്‍ നിന്നും അകന്നു നിന്നു. അതുകൊണ്ടാണ് അമ്മക്ക് സീതയെ ഏറെ ഇഷ്ടമായത്. അമ്മയതു പറഞ്ഞിട്ടുണ്ട്.;‘ആ കുട്ടിയോടു നീ അന്യായമൊന്നും കാണിക്കരുത്; ഒന്നുമല്ലെങ്കില്‍ ആ കുഞ്ഞല്ലെ നിന്നെ ഒരു മനുഷ്യനാക്കിയത്’. ദിവസങ്ങള്‍ കഴിയുംന്തോറും അതു കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വന്നു. ജീവിതത്തിന് അടുക്കും ചിട്ടയും ഏറി. ചേച്ചിയുടെ ശരീരം വിറ്റുകിട്ടുന്ന പണം ഇനി കൈകൊണ്ടു തൊടില്ലെന്നു തീരുമാനിച്ചു. അതായിരിക്കാം ചേച്ചി വീട്ടിലേക്കുള്ള വരവു കുറച്ചതും, മദ്യത്തില്‍ കൂടുതല്‍ ആശ്രയം വെച്ചതും.അവരുടെ ജീവിതത്തിന് അര്‍ത്ഥമില്ലന്നവര്‍ക്കു തോന്നിട്ടുണ്ടാകും. തന്റെ ജീവിതം അനുജനും, അമ്മക്കും വേണ്ടി ഹോമിക്കുന്നു എന്നൊരു ത്യാഗമനോഭാവത്തെ വെടിയാന്‍ മനസനുവദിക്കുന്നുണ്ടാവില്ല.

ഒരു പാര്‍ട്ട് ടൈം ജോലി എന്നതു സീതയുടെ ഉപദേശമായിരുന്നു. അമ്മയുടെ കണ്ണില്‍ ആദ്യമായി ചിരിവിരിയുന്നതു കണ്ടത് അന്നാണ്. തന്റെ ഭാവിയെക്കുറിച്ചും, തന്റെ കൂട്ടുകെട്ടുകളേക്കുറിച്ചും അമ്മക്ക് ഏറെ ആധിയുണ്ടായിരുന്നു. കൂട്ടുകാരില്‍ ഒരാള്‍ മോക്ഷണശ്രമത്തിനിടയില്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു എന്നറിഞ്ഞപ്പോള്‍, സീതയോടു നന്ദിപറഞ്ഞു. അവര്‍ ചെയ്യുന്ന എല്ലാകുറ്റങ്ങളിലും പങ്കാളിയായിരുന്നവന്‍ വഴിമാറി നടക്കാന്‍ കാരണക്കാരി അവളായിരുന്നു. മറ്റൊരു കൂട്ടുകാരന്‍ ഡ്രഗ് ട്രാഫിക്കിങ്ങില്‍ പിടിക്കപ്പെട്ട് ഇപ്പോഴും ജയില്‍. മറ്റൊരുവന്‍ മറ്റേതോ സ്ഥലത്തേക്ക് ഒളിച്ചുപൊയതോ, ആരെങ്കിലും അപായപ്പെടുത്തിയതോ എന്ന് ഇനിയും അറിയില്ല. സീതയില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ താന്‍ ഒരു റേപ്പിസ്റ്റ് എന്ന ലേബലില്‍ ജയിലറകളില്‍ എവിടെയോ വിരിവെച്ചുറങ്ങുന്നുണ്ടാകുമായിരുന്നു. അതിനൊക്കെ അവളുടെ വീട്ടുകാരില്‍ നിന്നും അവള്‍ക്കു നേരിടേണ്ടി വന്ന പീഡനം ഏറെയായിരുന്നു. അവള്‍ തന്നില്‍ എന്തുതരം വിശ്വാസമാണര്‍പ്പിച്ചത്. ഇന്നും അറിയില്ല. പക്ഷേ അവളുടെ ജീവിതത്തില്‍ സന്തോഷം കൊടുക്കാന്‍ തനിക്കു കഴിഞ്ഞോ...?

അമ്മ മരിച്ച് ഏകാനായപ്പോള്‍ ഭ്രാന്തിന്റെ വക്കോളമെത്തി, എന്തും വരട്ടെ എന്നു വെച്ചാണവളെ കാണാന്‍ പോയത്. ഇനി തമ്മില്‍ കണ്ടാല്‍ അച്ഛന്‍ വിഷം കഴിക്കുമെന്ന ഭീഷണിയെ അവഗണിച്ച് എന്തിനവള്‍ തനിക്ക് വാതില്‍ തുറന്നു. ഒന്നിനും വിശദീകരണങ്ങള്‍ ഇല്ല. സംഭവിക്കേണ്ടതൊക്കെ സംഭവിക്കുമായിരിക്കും. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കേണ്ടതായിരിക്കും. അവള്‍ മണിപ്പാലിനു പോകാനുള്ള അവസാനദിവസങ്ങളിലെ ഒരുക്കത്തിലായിരുന്നു. അമ്മയുടെ മരണത്തില്‍ ഒറ്റപ്പെട്ടവനെ അവള്‍ ഏറെനേരം ആശ്വസിപ്പിച്ചു. മണിപ്പാലിനു പോകുന്നതിന്റെ തലേദിവസം രാവിലെ പത്തുമണിക്ക് കാറുമായി വരാന്‍ അവള്‍ പറഞ്ഞു. ഒരൊളിച്ചോട്ടം അവള്‍ ആസൂത്രണം ചെയ്തിരിക്കുന്നു. വളരെ നാളുകളായി അവള്‍ വീട്ടുകാരില്‍ നിന്നും അനുഭവിക്കുന്ന മാനസിക പീഡനത്തിനുള്ള മറുപടിയായിരുന്നത്. ജീവിതം ഏതെല്ലാം അറിയപ്പെടാത്ത വഴികളിലൂടെയാണു മുന്നേറുന്നത്. പഠിച്ച് ഒരു ഡോക്ടറാകേണ്ടവള്‍, അവളുടെ മോഹങ്ങളും, സ്വപ്നങ്ങളും ഉപേക്ഷിച്ച്, ആരോരുമില്ലാത്തവന്റെ സംരക്ഷകയായി. അതും നന്മയുള്ള മനസ്സിന്റെ പുണ്യപ്രവര്‍ത്തിയായി കാണാന്‍ എത്രപേര്‍ക്കു കഴിഞ്ഞു. പകരം ഒറ്റപ്പെടുത്തലും, അപരാധികളോടെന്നമട്ടിലുള്ള തുറിച്ചു നോട്ടവും. മൂത്ത മകള്‍ ഒരു കറുത്തവന്റെ കൂടെ ഒളിച്ചോടി എന്ന അടുക്കള വാര്‍ത്താ വിശേഷങ്ങളില്‍ തളര്‍ന്ന അവളുടെ അച്ഛനും, അമ്മയും ആരേയും നേരിടാന്‍ ധൈര്യമില്ലാത്തവരായി അവരവരുടെ മുറികളില്‍ ഒറ്റപ്പെട്ടു. അവരുടെ ജീവിതത്തിന്റെ സന്തോഷങ്ങള്‍ ഊതിക്കെടുത്തിയവന്‍ എന്ന കുറ്റബോധത്തില്‍ സീതയുടെ കണ്ണുകളിലെ ശരിതെറ്റുകളെ വായിച്ചെടുക്കാന്‍ കഴിഞ്ഞില്ല.അവള്‍ ആദ്യം ചെയ്തത്; ജേക്കിന്റെ അമ്മയുടെ കണ്ണില്‍പെടാത്ത ഒരിടത്തേക്കു താമസം മാറ്റുക എന്നുള്ളതായിരുന്നു. അവള്‍ ഒരോന്നായി തനിക്കുവേണ്ടി ചെയ്തു. ഹോംലെസുകള്‍ക്കായുള്ള ഹൗസിങ്ങ് ഡിപാര്‍ട്ടുമെന്റില്‍ ക്ലര്‍ക്കായി ജീവിതം ഒന്നുകൂടി സുരക്ഷിതമാക്കി.

വിവാഹം രജിസ്റ്റര്‍ ചെയ്യാനും മറ്റു സഹായങ്ങള്‍ക്കും ആന്‍ഡ്രു കൂടെയുണ്ടായിരുന്നു. അവളുടെ ഭാഷയിലും സംസ്‌കാരത്തിലും ജനിച്ചു വളര്‍ന്ന ആന്‍ഡ്രു ജോലിയില്‍ കയറിയ കാലം മുതലുള്ള നല്ല സുഹൃത്തും, സഹോദരതുല്ല്യനുമായിരുന്നു. തനിക്കൊരു സഹോദരന്‍, അല്ല ആരുമില്ലാത്തവന്റെ വേദനയും ദുഃഖങ്ങളും ആന്‍ഡ്രുവുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. നല്ല ഇച്ഛാശക്തിയുള്ള, എന്തിനേയും ഉള്‍ക്കൊള്ളാന്‍ മനസുള്ള, അറിവുള്ള, വിദ്യയുടെ ബലമുള്ള ആന്‍ഡ്രുവിനെ സ്‌നേഹിതനായി കിട്ടിയപ്പോള്‍ അയാള്‍ക്കൊപ്പം ഉയരമുള്ളവനാകാന്‍ കൊതിച്ചു. അയാളോട് ഉള്ളുതുറന്ന്, മറകളില്ലാതെ എല്ലാം പറഞ്ഞു. സീതയ്ക്കും അയാളെ ഇഷ്ടമായി. അയാള്‍ സീതയുടെ നാടിനെക്കുറിച്ചും അവിടുത്തെ നാട്ടാചാരങ്ങളേക്കുറിച്ചും പറഞ്ഞു. അവിടെ നിലവിലുള്ള ജാതിസമ്പ്രദായങ്ങളേക്കുറിച്ചും ഒക്കെ പറഞ്ഞു.


https://emalayalee.com/writer/119

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക