Image

വായനശാലയിലേക്കുള്ള മരക്കോവണികൾ : ലാലു കോനാടിൽ

Published on 09 June, 2024
വായനശാലയിലേക്കുള്ള മരക്കോവണികൾ : ലാലു കോനാടിൽ

മരക്കോവണികൾ എവിടെയായാലും
അതൊരു അടയാളമോ ശീലമോ
ഗൃഹാതുര സ്മരണകളോ വീണ്ടും
വീണ്ടും ഭാവനയിൽ കാണാനുള്ള
വിലപ്പെട്ട ഇടമോ ആണ്...

വായനശാലയും കലാസാംസ്കാരിക
വേദിയും ട്യൂഷൻ സെൻററും
ടൈപ് റൈറ്റിങ് പരിശീലനവും
ആധാരമെഴുത്ത് ഓഫീസും
മരക്കോവണി കയറി എത്തുന്ന
ഇടങ്ങളാണ്...

കാനം, മുട്ടത്തു വർക്കി, എം ടി
തകഴി, വൈക്കം മുഹമ്മദ്‌ ബഷീർ, 
തുടങ്ങിയ വിചാരങ്ങളിലേക്കു
നമ്മൾ കയറിപ്പോയത് ഈ മരപ്പലകകൾ
ഇളക്കി കൊണ്ടാണ്‌.. കയ്യിൽ കിട്ടിയ
ഖസാക്കിൻ്റെ ഇതിഹാസത്തിൽ
എന്തോ കണ്ട് സംശയിച്ചു നിന്നത്
ഈ മരക്കോവണികളിൽ തന്നെയാണ്...
കടമ്മനിട്ടയും ആറ്റൂരും അയ്യപ്പപണിക്കരും
തീയിട്ട പുൽമാടങ്ങളെ നമ്മളോർത്തത്
ഈ പൂപ്പൽ പടവുകളിൽ നിന്നാണ്...

കയറ്റിറക്കങ്ങളിൽ കണ്ടുമുട്ടിയവർ
ചില മണങ്ങളായും ഇളകിയ
കോവണിയിലെ മൗലികമായ
കാൽപെരുമാറ്റമായും പിന്നീട്
പല ചേതന കളിൽ മുളച്ചുപൊന്തിയിട്ടുണ്ട്...

അടിയന്തിരാവസ്ഥയും
ഇന്ത്യാ പാക് അതിർത്തിയും
സുവർണക്ഷേത്രവും കാശ്മീരും
പഞ്ചാബിലെ ഗോതമ്പുപാടങ്ങളും
ഉച്ചഭാഷിണിയിൽ നിന്നും തെറിച്ച്
കാതിൽ വീണത് മണൽ തരികൾ
പതിഞ്ഞു നില്ക്കുന്ന ഈ പടികളിലൂടെ
കയറുമ്പോഴോ ഇറങ്ങുമ്പോഴോ
ആരെയോ കാത്ത് കോവണി ചുവട്ടിൽ
തനിയെ നിന്ന നേരങ്ങളിലോ ആയിരിക്കും..

ചൂതാട്ടങ്ങളിൽ തോറ്റമ്പി തണുത്തു
വിറച്ചു കൊണ്ട് മറ്റൊരു നാട്ടിൽ
ദയ് സ്തോവ്സ്കി മരക്കോവണി
ചവിട്ടി ക്കയറിയത് നാട്ടിലെ തേക്കിൽ
തീർത്ത ആണികളിളകുന്ന
ഈ മരപ്പടവുകളിൽ തന്നെയാണ്...

തെരുവിൽ ചിന്തിയ രക്തവും
ചുവരിൽ പതിഞ്ഞ ചുവന്നക്ഷരങ്ങളും
വാഗ്ദാന പുസ്തകങ്ങളായതിനും
മരക്കോവണി തന്നെ സാക്ഷി...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക