Image

മാറ്റത്തിന്റെ മുറിപ്പാടുകൾ (കവിത: ജയശ്രീ രാജേഷ്)

Published on 09 June, 2024
മാറ്റത്തിന്റെ മുറിപ്പാടുകൾ (കവിത: ജയശ്രീ രാജേഷ്)

ഇല പൊഴിഞ്ഞ
നാട്ടുവഴികളിലും
നിലാവു വീണ
വയൽപ്പരപ്പിലും
കാലം പോറിയ 
നഖപ്പാടുകൾ

ഹൃദയം ചുരന്ന്
നാടുകടത്തിയ
ഗ്രാമപച്ചകളുടെ വഴിയാലേ 
നിസ്സഹായതയുടെ 
ചോരയൊലിപ്പിച്ച
മൊട്ട കുന്നുകൾ

വെട്ടിവീഴ്ത്തപ്പെട്ട
മഴക്കാടുകളുടെ 
ഒറ്റമരച്ചില്ലയിൽ
കൂടൊഴിഞ്ഞൊരു
വേനൽക്കിളിയുടെ
തേങ്ങലുകൾ

വേലിപ്പടർപ്പിൽ
പടർന്നു കയറിയ
ശംഖുപുഷ്പങ്ങൾക്ക്
കോൺക്രീറ്റ് ബന്ധനങ്ങൾ 
ചുറ്റുമതിൽ തീർത്ത
കാലത്തിൻ്റെ
മരണമണികൾ

ഋതുഭേദമോർക്കാതെ
തലയെടുപ്പോടെ 
അതിരുകൾ കാത്ത 
കടലാസ് പൂക്കൾ 
തലകുനിച്ചിരിപ്പുണ്ട് 
ചെടിചട്ടിയിലൊരു
ബോഗൻവില്ലയായ്

പെരുമഴ പെയ്ത്തിൽ
നൃത്തം ചവിട്ടിയ
ചരൽമുറ്റങ്ങളിൽ
സിമൻ്റു പാകിയ
വേനൽപ്പകർച്ചയുടെ
ഇഴഞ്ഞുനീങ്ങുന്ന
ഓർമ്മത്തുള്ളികൾ

തുളഞ്ഞു കയറുന്ന 
ഇരുമ്പു പൈപ്പുകളുടെ 
പ്രകമ്പനങ്ങളിൽ 
ഉറവ വറ്റിയൊരു 
കിണർ  ഭൂതകാലത്തിലേക്ക്
ഒരു കയർ തേടുന്നു

വാർദ്ധക്യത്തിൻ്റെ
ഏകാന്ത യാത്രകളിൽ
നിലാവിൻ്റെ നിഴൽ തേടി
അരികുപറ്റി ഒഴുകുന്നുണ്ട്
വലിച്ചെറിയലുകളുടെ 
അവശിഷ്ടങ്ങൾ 
പേറിക്കൊണ്ടൊരു പുഴ

സ്നേഹത്തിന്റെ 
രുചിക്കൂട്ടുമായി 
നടന്നു പതിഞ്ഞ 
ഒറ്റയടിപാതയിൽ 
മതിലുകൾ തട്ടി 
വഴിമുട്ടിയ അടുക്കള
അസ്വസ്ഥതകൾക്ക് 
വിരൽത്തുമ്പുകളിൽ 
അവസാനം

ചങ്ങലക്കിട്ട സ്നേഹത്തിൻ്റെ
കാരിരുമ്പാണിയിൽ
മുറിവേറ്റ് പിടയുന്നുണ്ട്
രക്ത ബന്ധങ്ങളുടെ
കരുതൽ കവചങ്ങൾ

വെട്ടിമുറിക്കപ്പെട്ട
തൊടികൾക്ക്
അതിരുകൾ പാകി
ഓടിത്തളർന്ന യാത്രയുടെ 
ഒറ്റപ്പെടലുകളിൽ 
മുക്കിലും മൂലയിലും 
തലയുയർത്തി നിൽപ്പുണ്ട്
പരസ്പരം അറിയാത്ത 
കുറെ വീടുകൾ....


മാറ്റം.... അനിവാര്യം...
എങ്കിലും ....

സ്വാർത്ഥത
വഴിയടച്ച ഉറവകളിൽ
നനുത്ത സ്നേഹ നനവിന്
പകരം എവിടെയോ ഒരു
ചുടുകാറ്റ് മൂളുന്നു ........

 

Join WhatsApp News
Sudhir Panikkaveetil 2024-06-10 11:36:44
മാറ്റത്തിന്റെ മാറ്റൊലി കേൾപ്പിക്കുന്ന കവിത. മാറ്റങ്ങൾ നല്ലതിനാകണമെന്നു വിലപിക്കുന്ന കവിത. മുന്നേ ഒരു കവി ഭൂമിക്കൊരു ചരമഗീതം എഴുതിയിരുന്നു. കവികൾ വിലപിക്കട്ടെ ഒരു തലമുറ അത് കേൾക്കുമെന്ന് ആശിക്കാം. ശ്രീമതി ജയശ്രീ രാജേഷിനു അഭിനന്ദനം.
ജയശ്രീ രാജേഷ് 2024-06-28 12:04:17
നന്ദി 🥰
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക