Image

ശ്രേഷ്ഠം നങ്ങ്യാർകൂത്ത് (വിജയ് സി.എച്ച്)

Published on 10 June, 2024
ശ്രേഷ്ഠം നങ്ങ്യാർകൂത്ത് (വിജയ് സി.എച്ച്)

ഈയിടെ പ്രഖ്യാപിച്ച കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകളിൽ നങ്ങ്യാർകൂത്തിലെ മികവിന് ബിസ്മില്ലാ ഖാൻ യുവ പുരസ്കാരം നേടിയ ഡോ. അപർണ നങ്ങ്യാർ പറയുന്നു ദേശീയ തലത്തിലുള്ള അംഗീകാരം തൻ്റെ ഉത്തരവാദിത്വം വർധിപ്പിച്ചുവെന്ന്. ഈ ക്ലാസ്സിക് കലയുടെ പഠന-പാഠന-അവതരണ-ഗവേഷണ മേഖലകളിൽ കൂടുതൽ സൂക്ഷ്മതയോടെ പ്രവർത്തിക്കുന്നതും, വളർന്നുവരുന്ന തലമുറയ്ക്ക് ഇതിൻ്റെ അന്തസത്ത പകർന്നു നൽകുന്നതും തൻ്റെ കർത്തവ്യമെന്നും ഡോ. അപർണ കരുതുന്നു.
കേരള സംസ്കൃതിയുടെ പ്രതിരൂപമായ കഥകളിയ്ക്കു കണ്ണുകൊടുത്തത് കൂടിയാട്ടമാണെന്നാണ് രേഖകളിലുള്ളതെങ്കിൽ, അപർണ ഇന്നതിൻ്റെ വലിയ പ്രതീക്ഷ! കലാകാരിയുടെ വാക്കുകളിലൂടെ...


🟥 കൂടിയാട്ടം
രാജ്യത്തെ ഏറ്റവും പുരാതനമായ ശാസ്ത്രീയ നാടകമാണ് കൂടിയാട്ടം. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുനസ്കൊ അതിൻ്റെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏക ഭാരതീയ നാട്യകലാരൂപവുമാണ് കേരളക്കരയിൽ വളർന്നു വേരോടിയ കൂടിയാട്ടം. ചാക്യാർകൂത്തും, നങ്ങ്യാർകൂത്തും കൂടിയാട്ടത്തിൽ ഒരുമിച്ചെത്തുന്നു. നാടകത്തിലെ പുരുഷ കഥാപാത്രങ്ങളെ ചാക്യാർമാരും, സ്ത്രീ കഥാപാത്രങ്ങളെ നങ്ങ്യാർമാരും അവതരിപ്പിക്കുന്നു. ഈ കലാരൂപത്തിൽനിന്ന്, അനുക്രമമായി അവതരണത്തിൽ സവിശേഷതയുള്ള ചാക്യാർകൂത്തും നങ്ങ്യാർകൂത്തും വെവ്വേറെയുള്ള കലാരൂപങ്ങളായി പിറവികൊണ്ടു. വൈദിക കാലം മുതൽ കൂടിയാട്ടം അതിൻ്റെ പ്രാചീനമായ അവസ്ഥയിൽ നിലവിലുണ്ടായിരുന്നുവെങ്കിലും, ഒമ്പതാം നൂറ്റാണ്ടിലായിരിക്കാം ഇന്നു കാണുന്ന ചിട്ടകൾ രൂപപ്പെടാൻ തുടങ്ങിയത്. കൂടിയാട്ടത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഗുരുക്കന്മാരുടെ അർപണ മനോഭാവം കണ്ടുവളർന്ന വ്യക്തിയാണ് ഞാൻ. ആയതിനാൽ രംഗാവതരണങ്ങൾക്ക് എന്നെ പ്രാപ്തയാക്കിയ ആചാര്യരുടെ പാദങ്ങളിൽ ഈ ദേശീയ പുരസ്കാരം സമർപിക്കുന്നു.


🟥 പകർന്നാട്ടം
കൂടിയാട്ട അഭിനയത്തിൻ്റെ എടുത്തുപറയേണ്ട പ്രത്യേകത പകർന്നാട്ടമാണ്. ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തിൻ്റെ സ്ഥായിയും രസവും ഉൾക്കൊണ്ടുകൊണ്ട് മറ്റു കഥാപാത്രമായി അഭിനയിക്കുന്നതാണ് പകർന്നാട്ടം. മറ്റു ദൃശ്യ കലകളിൽ ഉള്ളതിലധികം പകർന്നാട്ട സാധ്യത കൂടിയാട്ടത്തിലുണ്ട്. ഇക്കാരണത്താൽ പകർന്നാട്ടം ഏറ്റവും ഗഹനമായതും വെല്ലുവിളി സൃഷ്ടിക്കുന്നതുമായൊരു പ്രതിഭാ വിലാസമാണ്. പക്ഷേ, ഒരു നടനോ നടിക്കോ തൻ്റെ അഭിനയമികവിനെ പ്രകടിപ്പിക്കുവാനുള്ള ഏറ്റവും വലിയ സാധ്യതയാണിത്. കഥകളിയിലും മറ്റും പതിവുള്ളതു പോലെ, കൂടിയാട്ട കലാകാരികൾ ആൺവേഷം കെട്ടാറില്ല എന്നതുകൊണ്ട്, പുരുഷ കഥാപാത്രങ്ങളുടെ ഭാഗങ്ങൾ അഭിനയിക്കാൻ പകർന്നാട്ടത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. സ്ത്രീകഥാപാത്രങ്ങളുടെ വേഷവിധാനത്തിൽ നിന്നുകൊണ്ട് കംസൻ, രാവണൻ, കൃഷ്ണൻ, ശ്രീരാമൻ, അർജുനൻ തുടങ്ങിയ പുരുഷ കഥാപാത്രങ്ങളുടെ സ്ഥായിയിലേക്കു മാറി അഭിനയിക്കാൻ അവസരം നൽകുന്നുവെന്നതാണ് കൂടിയാട്ടത്തിൻ്റെ മേന്മയും തനിമയും. രാവണനെപ്പോലെയുള്ള കഥാപാത്രങ്ങളുടെ പ്രശസ്താഭിനയാംശങ്ങളെ അതിൻ്റെ സ്വാഭാവികത ചോരാതെ അവതരിപ്പിക്കാൻ ഒരു കലാകാരിയ്ക്ക് സാധിക്കുന്നത് പകർന്നാട്ടത്തിലൂടെ മാത്രമാണ്. അതുപോലെ, സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ പുരുഷന്മാർക്കു സാധിക്കുന്നുവെന്നതും പകർന്നാട്ടത്തിൻ്റെ സാധ്യതയാണ്.


🟥 പരിശീലനം, അരങ്ങേറ്റം
കൂടിയാട്ടത്തിൻ്റെ വന്ദ്യഗുരു പത്മശ്രീ അമ്മന്നൂർ മാധവ ചാക്യാർ പിതാവിൻ്റെ അമ്മാമനായിരുന്നു. ഓർമവച്ച കാലം മുതൽ ഒരു കുടുംബമായി കലാഗ്രാമമായ ഇരിഞ്ഞാലക്കുടയിൽ ഒപ്പം ജീവിച്ചുപോന്നതാണ്. അദ്ദേഹത്തിൻ്റെ കൂടിയാട്ട അഭ്യസന കളരികൾ ഏറ്റവും വിജ്ഞാനപ്രദമായിരുന്നല്ലൊ. അഭിനയ പ്രധാനങ്ങളായ ഭാഗങ്ങൾ വളരെ നിഷ്കർഷയോടും അങ്ങേയറ്റം ശ്രദ്ധയോടും കൂടിയാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്. നിത്യമുള്ള കണ്ണുസാധക-മുദ്രാ ക്ലാസുകൾക്കു പുറമെ, നങ്ങ്യർകൂത്തിലെ പ്രസക്ത അഭിനയ ഭാഗങ്ങൾ അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിലാണ് പഠിച്ചത്. ചെറുപ്രായത്തിൽ തന്നെ കൂത്തും കൂടിയാട്ടവും കണ്ടുവളർന്ന ഞാൻ എട്ടാമത്തെ വയസ്സിൽ അച്ഛൻ അമ്മന്നൂർ കുട്ടൻ ചാക്യാർ, ഉഷാ നങ്ങ്യാർ, അമ്മന്നൂർ ഡോ. പരമേശ്വര ചാക്യാർ എന്നിവരുടെ ശിക്ഷണത്തിൽ കൂടിയാട്ട പഠനം ആരംഭിച്ചിരുന്നു. ഒമ്പതാമത്തെ വയസ്സിൽ തൃശ്ശൂർ വടക്കുന്നാഥൻ കൂത്തമ്പലത്തിൽ വച്ചായിരുന്നു അരങ്ങേറ്റം. തുടർന്ന് നങ്ങ്യാർകൂത്തിലെ മുഴുവൻ ഭാഗങ്ങളും പഠിച്ചു പതിവായി രംഗത്ത് അവതരിപ്പിച്ചുപോന്നു. അങ്ങനെ കൂടിയാട്ടത്തിലെ നിലവിലുള്ള എല്ലാ സ്ത്രീകഥാപാത്രങ്ങളെയും തൊട്ടറിഞ്ഞു. കൂടാതെ കൂടിയാട്ട കലാകാരികൾ അറിഞ്ഞിരിക്കേണ്ടതായ അംഗുലിയാങ്കം, മത്തവിലാസം തുടങ്ങിയവയെല്ലാം അഭ്യസിക്കാനും പ്രയോഗിക്കാനും കഴിഞ്ഞു. എല്ലാ ഗുരുക്കന്മാരെയും, 'ശാകുന്തളം' ഉൾപ്പെടെയുള്ള പുതിയ അവതരണങ്ങൾ പരിശീലിപ്പിച്ചതിന് കൂടിയാട്ടം പണ്ഡിതനും അവതാരകനുമായ ശ്രീ. വേണുജിയെയും, ഡോ. സി. ആർ. രാജഗോപാലിനെപ്പോലെയുള്ള കലാസ്നേഹികളെയും കൃതജ്ഞതാപൂർവം സ്മരിക്കുന്നു.


🟥 ഗവേഷക ഉണർന്നു
കൂടിയാട്ടത്തനിമ നിലനിർത്തിക്കൊണ്ടു നാടകങ്ങളെ ഏതെല്ലാം രീതിയിൽ വേദിയിൽ അവതരിപ്പിക്കാം എന്നതിനെക്കുറിച്ചൊരു ഉൾകാഴ്ചയുണ്ടാകാൻ എന്നെ ചില ചിട്ടപ്പെടുത്തലുകൾ സഹായിച്ചിട്ടുണ്ട്. ഇത്തരം അവതരണങ്ങളിലൂടെയാണ് ശക്തമായ കഥാപാത്രങ്ങൾ വരച്ചുകാട്ടാൻ എനിയ്ക്കു കഴിഞ്ഞിട്ടുള്ളതും. പിതാവ് ചിട്ടപ്പെടുത്തിയ 'മായാശിരസ്സ്' എന്ന കൂടിയാട്ടത്തിലെ സീത, ശ്രീ. വേണുജി ചിട്ടപ്പെടുത്തിയ 'ശാകുന്തള'ത്തിലെ വിവിധ കഥാപാത്രങ്ങൾ, ശ്രീമതി ഉഷ നങ്ങ്യാർ ചിട്ടപ്പെടുത്തിയ 'കാർത്യായനി പുറപ്പാട്' തുടങ്ങിയവയും, ദ്രൗപദി, മണ്ഡോദരി തുടങ്ങിയ ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ നിർവഹണ ഭാഗങ്ങളുമെല്ലാം സൃഷ്ടിച്ചെടുക്കുന്നതിൻ്റെ ഭാഗഭാക്കാകുവാൻ കഴിഞ്ഞത് എന്നിലെ ഗവേഷകയെ ഉണർത്തിയിട്ടുണ്ട്. സംവിധാന മികവെന്തെന്ന് അടുത്തറിയുകയായിരുന്നു ഞാൻ. എം.എ, എം.ഫിൽ, പി.എച്ച്.ഡി ബിരുദങ്ങൾക്കുവേണ്ടി ഏറ്റെടുത്ത പഠനങ്ങളും, ശ്രീ ശങ്കരാ സർവകലാശാലയിലെ ഉദ്യോഗവും, മറ്റു രാജ്യങ്ങളിലെ അവതരണ വേളകളിൽ സൈദ്ധാന്തികരായ വിദേശികൾ ഉന്നയിക്കാറുള്ള ചോദ്യങ്ങളും, സോദാഹരണ പ്രഭാഷണങ്ങളും അക്കാദമിക നിലവാരമുയർത്താൻ പ്രചോദനമായിട്ടുണ്ട്.


🟥 ദശമം കൂത്ത് പുനരുജ്ജീവിപ്പിച്ചു
ദീർഘകാലം അവതരണങ്ങൾ ഇല്ലാത്തതിനെ തുടർന്നു, വിസ്മൃതിയിലേയ്ക്ക് പോയ് മറഞ്ഞ ദശമം കൂത്ത് പുനർജീവിപ്പിച്ചതാണ് എൻ്റെ കലാജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ചില നിരൂപകർ കരുതുന്നത്. നങ്ങ്യാർ കൂത്തിൻ്റെ ഒരു വകഭേദമായി അറിയപ്പെടുന്ന ഈ ആവിഷ്കാരത്തെ വീണ്ടെടുത്തതിൽ തീർച്ചയായും അഭിമാനം തോന്നുന്നുണ്ട്. കാരണം, ദശമം കൂത്തിനെക്കുറിച്ചു വ്യക്തമായ രേഖകളൊന്നും ലഭ്യമല്ലാതിരുന്നൊരു കാലഗതിയിലാണ് അതിനെ തിരികെക്കൊണ്ടുവരികയെന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തത്. അഗ്നിഹോത്രം ചെയ്തൊരാൾ മരണമടയുമ്പോൾ അദ്ദേഹത്തിൻ്റെ സഞ്ചയനവുമായി ബന്ധപ്പെട്ട ഒരു കർമം എന്ന നിലയിൽ ചുടലയ്ക്കടുത്ത് താൽക്കാലികമായൊരു കൂത്തുമണ്ഡപം നിർമിച്ചു അവതരിപ്പിക്കുന്നതിനാൽ ചുടലക്കൂത്തെന്നും ഇത് അറിയപ്പെടുന്നു. ദശമം കൂത്തുമായി രംഗത്തു നിറഞ്ഞാടാൻ രണ്ടു തവണ അവസരം ലഭിച്ചത് കാലാജീവിതയാത്രയിലെ ഒരു നാഴികക്കല്ലായി ഞാൻ കാണുന്നു. മരണാനന്തര ക്രിയയുടെ ഭാഗമായതിനാൽ ആദ്യന്തം സമഗ്രതയോടെ ദശമം കൂത്ത് ആവിഷ്കരിക്കാനും, അതിലെ അഭിനയാംശത്തെ കൂടുതൽ വിപുലീകരിക്കാനുമായി ഗവേഷണാത്മകമായി പ്രവർത്തിക്കുകയാണ് ഞാനിപ്പോൾ. ദശമം കൂത്ത് ചിട്ടപ്പെടുത്തിയപ്പോൾ പ്രധാനമായും നേരിട്ട പ്രശ്നം ഇതിനെ എങ്ങനെ കൂടിയാട്ടത്തിൻ്റെ വഴിയിലൂടെ കൊണ്ടുപോകാം എന്നതായിരുന്നു. നാടകവുമായി ബന്ധപ്പെടുത്താതെ, ഏകാങ്കാഭിനയമായി തന്നെ ദശമം കൂത്തിനെ അവതരിപ്പിച്ചു എന്നതാണ് ആനന്ദ മുഹൂർതം! കുടിയാട്ടത്തിൻ്റെ നിയമമനുസരിച്ച് ഒരു രംഗം മുഴുവനായി അവതരിപ്പിച്ചുകഴിഞ്ഞാൽ ചെയ്യേണ്ടതായ 'മുടി' എന്ന കൃതിയും ദശമകൂത്തിൻ്റെ അവസാനത്തിൽ ചെയ്തുവെന്നത് തികവിൻ്റെ അടയാളമാണ്. രംഗത്തിനൊടുവിലാണ് സാമ്പ്രദായികമായി 'മുടിക്കിത്ത' ചെയ്തുവരുന്നത്. രംഗത്തിലെ നായകൻ ചെയ്യേണ്ടതാണിത്. ഇവിടെ ഏകാങ്കാഭിനയം ആയതുകൊണ്ട് അഭിനേത്രിയാണ് അത് ചെയ്തത്. സ്ത്രീകൾ മുടിയക്കിത്ത ചെയ്യുന്നത് കൂടിയാട്ട നിയമപ്രകാരം മറ്റെവിടെയും കാണാൻ കഴിയില്ല. ആവർത്തിച്ചു ചെയ്യുമ്പോഴാണ് ഏതൊരു ക്രിയയും കുറ്റമറ്റതാകുന്നത്. ദശമം കൂത്തിൻ്റെ ആവർത്തനങ്ങൾ കൊണ്ടു മാത്രമേ അത് സ്ഫുടം ചെയ്യപ്പെടൂവെന്നത് സത്യം. അതിനാൽ അതിലെ സൂക്ഷ്മമായ ഓരോ ഭാഗത്തെയും ഓരോ ചെറിയ അരങ്ങുകളായി രംഗത്ത് കൊണ്ടുവരാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.


🟥 സ്വതന്ത്ര ആവിഷ്കാരങ്ങൾ
ഞാൻ ചിട്ടപ്പെടുത്തിയ സ്വതന്ത്ര സൃഷ്ടികളിൽ പ്രധാനപ്പെട്ടവ മഹാഭാരതത്തെ അടിസ്ഥാനമാക്കി നവരസത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള നൂതന ആവിഷ്കാരവും, ശ്രീകൃഷ്ണ കഥകളുടെ സമ്പൂർണ അവതരണം എന്ന നിലയിൽ ദശമം കൂത്തുമാണ്. ഇതിൽ ആദ്യത്തേതിൽ നവരസ പ്രാധാന്യത്തോടെ മഹാഭാരതത്തിലെ ഒമ്പതു രംഗങ്ങളെ ആവിഷ്കരിക്കുന്നു. ഏതൊരു ഭാഗവും ചിട്ടപ്പെടുത്തുമ്പോൾ അതിൻ്റെ പരമാവധി ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുതന്നെ ചെയ്യണം എന്നതുകൊണ്ട് ഒമ്പതു ഭാഗങ്ങളും കൃത്യമായി പരിശോധിച്ചു അവയുടെ അന്തസ്സത്തയെ പരമാവധി ആസ്വാദ്യകരമാക്കാൻ ശ്രമിച്ചിട്ടുണ്ട്. രണ്ടാമത്തെ സ്വതന്ത്ര ആവിഷ്കാരം ദശമം കൂത്താണ്. ഇത് ചുടലക്കൂത്തെന്നും അറിയപ്പെടുന്നു. കൃഷ്ണകഥകൾ ശ്രീകൃഷ്ണചരിതം നങ്ങ്യാർകൂത്ത് എന്ന നിലയിൽ ഇപ്പോൾ ചെയ്തുവരുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട കൃഷ്ണകഥാ ഭാഗങ്ങൾ ഇന്ന് ചെയ്യുന്നില്ല എന്നതുകൊണ്ട് തന്നെ രുക്മിണീസ്വയംവരം, കുചേലവൃത്തം, സന്താനഗോപാലം, നരകാസുരവധം മുതലായ ദ്വാരക നിർമ്മാണം മുതൽ അങ്ങോട്ടുള്ള കൃഷ്ണകഥകൾ മുഴുവൻ വളരെ വിസ്തരിച്ച രീതിയിൽ രംഗത്തു കൊണ്ടുവരുവാനുള്ള പരിശ്രമത്തിലാണിപ്പോൾ. അതിലെ സൂക്ഷ്മമായ ഓരോ ഭാഗത്തെയും എടുത്ത് ഓരോ ചെറിയ അരങ്ങുകളായി രംഗത്ത് കൊണ്ടുവരാനാണ് ഇപ്പോൾ പരിശ്രമിക്കുന്നത്. മറ്റൊരു പ്രധാന ആവിഷ്കാരം ശ്രീകൃഷ്ണചരിതം നങ്ങ്യാർകൂത്തിൻ്റെ ഒടുവിൽ വരുന്ന 'സുഭദ്രാനുരാഗം' എന്ന ഭാഗമാണ്. അതിൽ ഗ്രന്ഥപ്രകാരം സുഭദ്ര സഖിമാരോടുകൂടി കളിച്ചുവളർന്നു എന്നു മാത്രമേ പരാമർശമുള്ളൂ. എന്നാൽ, സുഭദ്രാഹരണം പ്രബന്ധത്തിലെ 'പ്രഗുണിത ബഹു ശിക്ഷാ ചാതുരീ മാധവീ സാ' എന്ന ശ്ലോകത്തെ എടുത്തുകൊണ്ടു കൃഷ്ണൻ സുഭദ്രയെ ഓരോരോ അസ്ത്രവിദ്യകളും, അർജുനൻ്റെ തേര് ഓടിക്കുന്ന രംഗങ്ങളും മറ്റും കൂട്ടിച്ചേർത്തിട്ടുണ്ട്. ഇവയെല്ലാം സംതൃപ്തി നൽകിയ സ്വതന്ത്ര ആവിഷ്കാരങ്ങളാണ്.


🟥 അനുഭവങ്ങൾ, അന്വേഷണങ്ങൾ
സ്വതന്ത്രാവിഷ്കാരങ്ങളുടെ ഗുണങ്ങളും പ്രശ്നങ്ങളും അടുത്തറിഞ്ഞുകൊണ്ടിരിക്കുന്നു. നങ്ങ്യാർകൂത്ത് പൂർണമായി പഠിച്ചു ആദ്യം അവതരിപ്പിച്ചതും, രണ്ടാം ഘട്ടമായി സമ്പൂർണം ചെയ്തതും ഉള്ളിൽതട്ടിയ ഗവേഷണപരതയോടെയാണ്. ആദ്യം ചെയ്തതിൽ നിന്ന് എന്തെല്ലാം മാറ്റങ്ങൾ വരുത്താം, എത്ര ആഴത്തിൽ ഓരോ ഭാഗത്തിനും പുതു ജീവൻ നൽകാം എന്നൊക്കെയായിരുന്നു എൻ്റെ ചിന്തകൾ. നവരസത്തെ അടിസ്ഥാനമാക്കി മഹാഭാരതത്തിലെ ഒമ്പത് വ്യത്യസ്ത ഭാഗങ്ങളെ ഒറ്റ സ്വതന്ത്രാവിഷ്കാര അരങ്ങായി ചിട്ടപ്പെടുത്താൻ അവസരമുണ്ടായത് വേറിട്ട ഒരനുഭവമായിരുന്നു. മണ്ഡോദരീ നിർവഹണം ഒരിക്കലും മറക്കാനാവില്ല. ഗുരുനാഥൻ ചെയ്ത രാവണൻ്റെ ഓർമകൾ ഉള്ളിൽ മായാതെ കിടക്കുന്നതുകൊണ്ട് വീരവും ശൃംഗാരവും ചെയ്യുമ്പോൾ അതിലലിഞ്ഞുചേരാൻ കഴിഞ്ഞു. മറ്റൊന്ന് മലയവതി എന്ന കഥാപാത്രമാണ്. ഒരു സാധാരണ നായികയുടെ ഹൃദയവികാരങ്ങളിലൂടെ സഞ്ചരിച്ചു അവസാനം 'കെട്ടിഞാലൽ' എന്ന പ്രസിദ്ധമായ ഭാഗം പല തവണ അവതരിപ്പിക്കാൻ സാധിച്ചതും മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. പിന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കഥാപാത്രം ലളിതയാണ് (ശൂർപ്പണഖ). ഇവയെല്ലാം തീർച്ചയായും ആത്മാനുഭവം തന്ന അരങ്ങുകളാണ്. മഹാരഥന്മാരായ ഗുരുക്കന്മാരുടെ അനവധി പ്രബന്ധക്കൂത്തുകൾ കേൾക്കാനുള്ള അവസരം ലഭിച്ചത് കഥാപാത്ര സങ്കല്പം വാർത്തെടുക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. കഥാപാത്രമായി രംഗത്തു നിൽക്കുമ്പോൾ മാത്രമല്ല, അരങ്ങത്തിരുന്നു ശ്ളോകം ചൊല്ലുമ്പോഴും പാത്രസ്ഥായിയും രസവും നിലനിർത്താൻ സദാ ശ്രദ്ധിക്കാറുണ്ട്. വ്യക്തം, എല്ലാം മനസ്സു നിറഞ്ഞ അനുഭവങ്ങൾ!

ശ്രേഷ്ഠം നങ്ങ്യാർകൂത്ത് (വിജയ് സി.എച്ച്)
ശ്രേഷ്ഠം നങ്ങ്യാർകൂത്ത് (വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക