Image

അകലെയാണ് നീ ( കവിത: പി. സീമ )

പി. സീമ Published on 10 June, 2024
 അകലെയാണ് നീ ( കവിത: പി. സീമ )

ക്ഷണികമോഹങ്ങള്‍
വ്യര്‍ത്ഥമാണെങ്കിലും 
വഴി തിരയുന്നു 
നിന്നിലേക്കെത്തുവാന്‍.

കാലമേറെ കഴിഞ്ഞു 
നാം കണ്ടതില്‍ 
സാന്ത്വനത്തിന്റെ 
സ്പര്‍ശമുണ്ടെങ്കിലും

അകലെയാണ് നീ 
നിന്നിലേക്കെത്തുവാന്‍ 
പടവുകളേറെ
പിന്നിടാനുണ്ടിനി

അക്ഷരക്കടല്‍ 
നീന്തിക്കടക്കണം.
അക്കമൊന്നും 
പിഴയ്ക്കാതെ 
കൂട്ടണം 
അകലെയാണ് നിന്‍ 
രാജ സിംഹാസനം.
മിഴികള്‍ തേടുന്ന 
പൂര്‍ണ്ണ ചന്ദ്രോദയം

എങ്കിലുമെന്‍ 
ഇരുള്‍ക്കാട്ടിനുള്ളിലെ 
വഴി തെളിക്കുന്ന 
സൂര്യനായീടു നീ 
എന്റെ വിണ്ണിലെ 
ചന്ദ്രനായീടു നീ.
എന്നില്‍ പൂക്കും 
നിശാഗന്ധിയാകു നീ.

നിറനിലാവായ് 
പ്രകാശം ചൊരിയുവാന്‍ 
കനവിലെ കടല്‍ 
മറി കടന്നീടണം.
വിജനവീഥിയില്‍ 
നിഴല്‍ മാഞ്ഞു പോകിലും 
നിശയൊടുങ്ങുവാന്‍ 
കാത്തു നിന്നീടണം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക