Image

ബി.ജെ.പി. എന്ത് ദ്രോഹം ചെയ്തു? വെറുതെ ഭീതി പരത്തുകയാണ് കേരളത്തിലെ ഇസ്‌ലാമിസ്റ്റുകൾ (വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 10 June, 2024
 ബി.ജെ.പി. എന്ത് ദ്രോഹം  ചെയ്തു? വെറുതെ  ഭീതി പരത്തുകയാണ് കേരളത്തിലെ ഇസ്‌ലാമിസ്റ്റുകൾ (വെള്ളാശേരി ജോസഫ്)

ഇന്ത്യയിൽ ബി.ജെ.പി.-യും, ആർ.എസ്.എസ്സും ആണല്ലോ കഴിഞ്ഞ പത്തു വർഷമായി ഭരിക്കുന്നത്; എന്നിട്ടെന്തു സംഭവിച്ചു? ഹിറ്റ്‌ലർ ജർമനിയിൽ ചെയ്തതുപോലെ കോൺസൻട്രേഷൻ ക്യാമ്പുകൾ ഇന്ത്യയിലും തുറന്നോ?  ലക്ഷകണക്കിന് മുസ്ലീങ്ങളെ ഇന്ത്യയിൽ കൊന്നൊടുക്കിയോ? ബി.ജെ.പി. ഭരണത്തെ ചൊല്ലി വെറുതെ ആവശ്യമില്ലാത്ത ഭീതി പരത്തുകയാണ് കേരളത്തിലെ ഇസ്‌ലാമിസ്റ്റുകൾ

തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ എത്രമാത്രം രോദനമാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നതെന്നൊന്ന് നോക്കുക. സുരേഷ് ഗോപി ഏത് പാര്‍ട്ടിയില്‍ പെട്ട ആളായാലും തൃശൂരിലെ ജനങ്ങള്‍ വോട്ടു ചെയ്തതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ ജയിച്ചത്. അതിനെ വര്‍ഗീയ കൂട്ടുകെട്ടായി വ്യാഖ്യാനിക്കേണ്ട ഒരു കാര്യവുമില്ല. സുരേഷ് ഗോപി ജയിച്ചത് തൃശ്ശൂരിലെ ജനങ്ങള്‍ തികച്ചും ജനാധിപത്യപരമായി തീരുമാനിച്ചതിനാലാണ്. ബാക്കി കേരളത്തില്‍ നിന്നുള്ള 19 എം.പി.-മാരും അങ്ങനെതന്നെയാണ് ജയിച്ചത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ വിധി എഴുതിയതിനെ ആരും എതിര്‍ക്കേണ്ട കാര്യമില്ല. എം.പി. എന്നുള്ള നിലയില്‍ സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങള്‍ മോശമായാല്‍ അത് ഇനി ചൂണ്ടിക്കാണിക്കുകയാണ് ജനാധിപത്യ സംവിധാനത്തില്‍ വേണ്ടത്. അതല്ലാതെ, ഇനിയും സുരേഷ് ഗോപിയെ അധിക്ഷേപിക്കുന്നത് തൃശൂരിലെ ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമായിരിക്കും.

സുരേഷ് ഗോപിക്കെതിരേയുള്ള വ്യക്തിപരമായ ആക്രമണങ്ങളുടെ യതാര്‍ത്ഥ ഗുണഭോക്താവ് സുരേഷ് ഗോപി തന്നെയാണെന്നുള്ള ലളിതമായ വസ്തുത പുള്ളിക്കെതിരേ ആക്രമണങ്ങള്‍ നടത്തുന്നവര്‍ ഒട്ടുമേ മനസിലാക്കുന്നില്ല. സുരേഷ് ഗോപിക്കും തൃശൂരുകാര്‍ക്കും എതിരായുള്ള അധിക്ഷേപങ്ങള്‍ ഭാവിയില്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.-ക്കും, സംഘ പരിവാറുകാര്‍ക്കും കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനേ പോകുന്നുള്ളൂ.

ഒരു ലോകസഭാ മണ്ഡലത്തിലും, ഏതാണ്ട് പത്തോളം നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തി. അതാണെന്നു തോന്നുന്നു പലര്‍ക്കും അമിതമായ ഉത്കണ്ഠ സമ്മാനിച്ചിരിക്കുന്നത്. ബി.ജെ.പി. കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതിനെ ചൊല്ലി ഇത്രമാത്രം ഉത്കണ്ഠകുലരാകുന്നവര്‍ മുസ്ലിം ലീഗ് രണ്ടു സീറ്റില്‍ വിജയിച്ചതിനെ പറ്റി എന്തെങ്കിലും മൊഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ സംഘ പരിവാറുകാരേക്കാള്‍ എത്രയോ ഭീകരമാണ് ഇസ്ലാമിക തീവ്രവാദികള്‍. എത്രയോ ഭീകരമായ കൊലവിളിയും, തെറി വിളിയുമാണ് പരസ്യമായി സോഷ്യല്‍ മീഡിയയില്‍ കൂടി തന്നെ ഇക്കൂട്ടര്‍ ഉയര്‍ത്തുന്നത്. അതുകൊണ്ട് വര്‍ഗീയതയുടെ കാര്യത്തില്‍, ഇസ്ലാമിക വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കാത്തവര്‍ക്ക് ഹിന്ദു വര്‍ഗീയതയെ വിമര്‍ശിക്കുവാന്‍ ധാര്‍മികമായി ഒരു അവകാശവുമില്ല.

പണ്ട് ഒരു ടി.വി. ചര്‍ച്ചയില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം 'അള്‍ട്ടിമേറ്റ്' നിയമം എന്ന് പറയുന്നത് 'ഇസ്ലാമിക ശരിയാ' ആണെന്നു പറഞ്ഞു. ചര്‍ച്ചയിലുണ്ടായിരുന്ന ജാവേദ് അക്തറും മറ്റുള്ളവരും ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റ്റെ പ്രസ്താവനയെ രൂക്ഷമായി എതിര്‍ത്തു. അന്ന് വെളിവുള്ള ജാവേദ് അക്തറും മറ്റുള്ളവരും ഇവിടെ ഉണ്ടായിരുന്നു; പക്ഷെ അത്തരക്കാരുടെ സംഖ്യ നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നതുപോലെയാണ് സോഷ്യല്‍ മീഡിയയിലെ ഡിബേറ്റുകള്‍ കാണുമ്പോള്‍ തോന്നുന്നത്.

ഇബ്രാഹിം സുലൈമാന്‍ സേട്ട്  'ഇസ്ലാമിക ശരിയ'-യോട് കൂറ് പ്രഖ്യാപിച്ചത് തന്നെ തികഞ്ഞ വര്‍ഗീയതയായിരുന്നു. ഇന്ത്യന്‍ ഭരണഘടന പ്രകാരം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരു എം.പി.-ക്ക് ആദ്യമായും അവസാനമായും കൂറ് തോന്നേണ്ടത് ഇന്ത്യന്‍ ഭരണഘടനയോട് മാത്രമാണ്. കേരളത്തില്‍ ജോസഫ് സാറിന്റ്റെ കയ്യും കാലും വെട്ടിയതും, രണ്ടു വര്‍ഷം മുമ്പ് രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍കാരനെ മതനിന്ദയുടെ പേരില്‍ കഴുത്തറുത്ത് കൊന്നതും 'ഇസ്ലാമിക ശരിയ' നിയമം അനുസരിച്ചായിരുന്നു. ഇതുപോലുള്ള ഗോത്രീയ ശിക്ഷാ രീതികള്‍ ആധുനിക ഭരണഘടനാ മൂല്യങ്ങള്‍ പുലരുന്ന ഒരു രാജ്യത്ത് അനുവദിക്കാന്‍ ആവില്ല. അഫ്ഗാനിസ്ഥാനിലും ഇറാനിലും ഇന്നും ഉള്ളതുപോലെ പരസ്യമായുള്ള കല്ലെറിഞ്ഞു കൊല്ലലും ഭരണഘടനാ മൂല്യങ്ങള്‍ പുലരുന്ന ഇന്ത്യയില്‍ അനുവദിക്കാന്‍ ആവില്ല.

കേരളത്തില്‍, 26 ശതമാനം വരുന്ന ശക്തമായ മുസ്ലീം 'വോട്ട് ബെയ്‌സ്' ഉണ്ട്. 1980-കള്‍ക്ക് ശേഷം, ഗള്‍ഫ് പണത്തിന്റ്റെ കുത്തൊഴുക്ക് മൂലം കേരളത്തിലെ മുസ്ലിം കമ്യൂണിറ്റി സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹ്യമായും ശക്തമായ നിലയിലുമാണ്. മലയാളികളില്‍ പലരും കേരളത്തിലെ 26 ശതമാനം വരുന്ന ഈ ശക്തമായ മുസ്ലീം 'വോട്ട് ബെയ്‌സ്' വെച്ചാണ് ഇന്ത്യയിലെ മൊത്തം മുസ്ലീംങ്ങളേയും നോക്കി കാണുന്നത്. സത്യം പറഞ്ഞാല്‍, കേരളത്തിലെ പോലെ മുസ്ലീങ്ങള്‍ ഉത്തരേന്ത്യയില്‍ അധികം സ്വാധീനമുള്ള കൂട്ടരല്ല. കേരളം, കാശ്മീര്‍, ഹൈദരാബാദ് - ഇങ്ങനെയുള്ള ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് സംഘടിതമായ ശക്തിയുള്ളത്. നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പോലെ ചില 'എലീറ്റ്' മുസ്ലിംസ് ഇന്ത്യയില്‍ എമ്പാടുമുണ്ട്. പണ്ടത്തെ നവാബുമാരും, സുല്‍ത്താന്മാരും ആയിട്ടുള്ള ഭരണവര്‍ഗത്തിന്റ്റേയും രാജ വംശങ്ങളുടേയും തുടര്‍ച്ചയായ ഇവരെയൊക്കെ മാറ്റി നിര്‍ത്തിയാല്‍, ഇന്ത്യയിലെ മുസ്ലീങ്ങളില്‍ ബഹു ഭൂരിപക്ഷവും ദരിദ്രരാണ്; അവര്‍ ശക്തമായ 'വോട്ട് ബെയ്‌സോ', സ്വാധീനമുള്ളവരോ അല്ല.

ഉത്തരേന്ത്യയില്‍ മുസ്ലീങ്ങളെ പൊതുവേ രണ്ടായി തിരിച്ചു പറയാറുണ്ട്. 'അഷ്റഫ് മുസ്ലീം' ആണ് അതിലൊന്ന്. 'അഷ്റഫ് മുസ്ലീം' എന്നുവെച്ചാല്‍ നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പോലുള്ള അപ്പര്‍ ക്ലാസ് മുസ്ലീമാണ്. ഉന്നത വിദ്യാഭ്യാസം, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒക്കെ കൈമുതലായുള്ള അപ്പര്‍ ക്ലാസ് മുസ്ലീംസ് ആണ് 'അഷ്റഫ്' മുസ്ലീം.

അടുത്ത വിഭാഗമാണ് 'അജ്ലഫ് മുസ്ലീം'. ഇവര്‍ പിന്നോക്ക ദളിത് വിഭാഗമാണ്. ഇവരാണ് സത്യം പറഞ്ഞാല്‍ ഹിന്ദു ഫണ്ടമെന്റ്റലിസ്റ്റുകളുടെ സ്ഥിരം ടാര്‍ഗറ്റ്. 'പശ്മണ്ട ജാതിയില്‍' പെട്ട ദളിത് മുസ്ലീംസും 'അപ്പര്‍ കാസ്റ്റ്' മുസ്ലീംസും തമ്മില്‍ ഉത്തര്‍ പ്രദേശിലൊന്നും ഒരു താരതമ്യം പോലും സാധ്യമല്ലാ. ഉത്തരേന്ത്യയിലെ എല്ലാം മുസ്ലീംസും 'ഖാനും പത്താനും' ഒന്നുമല്ല. ടൈംസ് ഓഫ് ഇന്ത്യയില്‍ സ്വാമിനാഥന്‍ അയ്യര്‍ ഒരിക്കല്‍ ഈ 'പശ്മണ്ട ജാതിയില്‍' പെട്ട ദളിത് മുസ്ലീംസിനെ കുറിച്ച് എഴുതിയിരുന്നു. ബനാറസ് സാരിയുണ്ടാക്കുന്നവരും, അലിഗറിലെ പൂട്ടുകളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ അനവധി 'ഒക്കുപ്പേഷണല്‍ കാസ്റ്റ്' കൂടി ഉത്തരേന്ത്യയിലെ മുസ്ലിം വിഭാഗത്തിലുണ്ട്.

ഉത്തരേന്ത്യയിലെ മഹാ ഭൂരിപക്ഷം മുസ്ലിംസും ചെറുകിട കച്ചവടക്കാരോ, ചേരി നിവാസികളോ, ഇലക്ട്രിക്ക് റിക്ഷ ഓടിക്കുന്നവരോ ഒക്കെയാണ്. ഹിന്ദുകളിലും ഇഷ്ടം പോലെ ദരിദ്രരുണ്ട്. പക്ഷെ മുസ്ലീങ്ങളില്‍ ഉള്ളതുപോലുള്ള ഒരുതരം 'ഗെട്ടോഐസേഷന്‍' (Ghettoization) ഹിന്ദുക്കളില്‍ സംഭവിച്ചിട്ടില്ല. ആധുനികവല്‍കരണ പ്രക്രിയയില്‍ അവര്‍ മുസ്ലീങ്ങളെക്കാള്‍ ബഹുദൂരം മുന്നിലുമാണ്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കെതിരേ സ്ഥിരം വയലന്‍സ് നടക്കുന്ന സ്ഥലമാണ് ഉത്തരേന്ത്യ. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിവസേനക്കാര്‍ മുംബയില്‍ ഓടിച്ചിട്ടു തല്ലിയത് പാവപ്പെട്ട ബീഹാറികളെ ആയിരുന്നു. ഒരു ഗതിയും പരഗതിയും ഇല്ലാത്തവരാകയാല്‍ ബീഹാറി 'മൈഗ്രന്റ്റ് ലേബറേഴ്സിനെ' ഓടിച്ചിട്ടു തല്ലുന്നത് ഉത്തരേന്ത്യന്‍ സോഷ്യല്‍ സെറ്റപ്പില്‍ വളരെ എളുപ്പമാണ്. മുസ്ലിം കമ്യൂണിറ്റിയില്‍ പെട്ട ചിലര്‍ക്കെതിരെ ഉത്തരേന്ത്യയില്‍ വയല്‍ന്‍സ് നടക്കുന്നതും ഈ 'പാറ്റേണിലാണ്'. ഉത്തരേന്ത്യയിലെ മഹാഭൂരിപക്ഷം മുസ്ലീങ്ങളും റിക്ഷാക്കാരും, പഴ കച്ചവടക്കാരും, പച്ചക്കറി കച്ചവടക്കാരും, വഴിയോര കച്ചവടക്കാരുമൊക്കെയായി താഴ്ന്ന വരുമാനക്കാരാകയാല്‍ അവര്‍ക്കെതിരെ വയലന്‍സ് ഉണ്ടായാല്‍ ചോദിക്കാനും പറയാനും ആളില്ല. സമൂഹത്തിലെ 'അണ്ടര്‍ ഡോഗ്‌സിനെതിരേയാണ്' പലപ്പോഴും വയലന്‍സ് ഉണ്ടാകുമ്പോള്‍ ആളുകള്‍ തിരിയുന്നത്.

ഇതിനു പരിഹാരം തേടേണ്ടത് വിദ്യാഭ്യാസപരമായും, സാമ്പത്തികമായുമുള്ള ഉന്നതിയില്‍ കൂടിയാണ്; അതല്ലാതെ മത തീവ്രവാദം ഇതിനൊരു പരിഹാരവുമല്ല. മത തീവ്രവാദം ഉണ്ടായാല്‍, ഉത്തരേന്ത്യയിലെ പാവപ്പെട്ട മുസ്ലീമുകള്‍ കൂടുതല്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാന്‍ മാത്രമേ പോകുന്നുള്ളൂ. ഉത്തരേന്ത്യയിലെ 'സ്ട്രക്ച്ചറല്‍ വയലന്‍സിന്റ്റെ' ഭാഗമായി മുസ്ലീംസിനെതിരേ എന്തെങ്കിലും അക്രമം ഉണ്ടായാല്‍, 'മുസ്ലീമിന് ഇവിടെ ജീവിക്കാന്‍ വയ്യേ' എന്നുപറഞ്ഞു വ്യാപകമായ പ്രചാരണം നടത്തുന്നവരാണ് കേരളത്തിലെ ഇസ്ലാമിസ്റ്റുകള്‍. ഇത്തരത്തിലുള്ള 'നറേറ്റീവുകള്‍' മുസ്ലിം കമ്യൂണിറ്റിക്ക് കൂടുതല്‍ ദോഷം മാത്രമേ ഉണ്ടാക്കുകയുള്ളൂ.

ഇന്ത്യയില്‍ ബി.ജെ.പി.-യും, ആര്‍.എസ്.എസ്സും ആണല്ലോ കഴിഞ്ഞ പത്തു വര്‍ഷമായി ഭരിക്കുന്നത്. എന്നിട്ടെന്തു സംഭവിച്ചു? ഹിറ്റ്ലര്‍ ജര്‍മനിയില്‍ യഹൂദര്‍ക്കെതിരെ ചെയ്തതുപോലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ മുസ്ലീങ്ങളെ കൊന്നൊടുക്കുവാന്‍ വേണ്ടി ഇന്ത്യയിലും തുറന്നോ? ഏതാണ്ട് 60 ലക്ഷം യഹൂദരെയാണ് ഹിറ്റ്ലര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ വഴി കൊന്നൊടുക്കിയത്. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് അത്തരത്തില്‍ ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് പോലും തുറക്കാനാവില്ല.  

തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തെ ചൊല്ലി വര്‍ഗീയത കുത്തിയിളക്കി കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനും, ആജീവനാന്തം കേരളം ഭരിക്കാനുമായി തന്ത്രങ്ങള്‍ മെനയുകയാണ് കേരളത്തിലെ ഇടതുപക്ഷം. സി.പി.എമ്മുകാര്‍ കുറെ കാലമായി കേരളത്തില്‍ പ്രചരിപ്പിക്കുന്നത് എന്താണെന്നു വെച്ചാല്‍, 'അവര്‍ മാത്രമേ മുസ്ലീമുകളുടെ രക്ഷക്കായി നില്‍ക്കുന്നുള്ളൂ' എന്നുള്ളതാണ്. 'മുസ്ലീംങ്ങള്‍ക്കെതിരെ കേരളത്തില്‍ പലരും വാളെടുക്കുന്നു' എന്ന പ്രതീതി ഉണ്ടാക്കി 'തങ്ങള്‍ മാത്രമേ അവരുടെ രക്ഷക്കുള്ളൂ' എന്നൊരു പുകമറ സൃഷ്ടിക്കാനാണ്  കേരളത്തിലെ സി.പി.എം. ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ബി.ജെ.പി. അധികാരത്തില്‍ വന്നാല്‍ മുസ്ലീംങ്ങളെ മുഴുവന്‍
ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ യഹൂദരുടെ കാര്യത്തില്‍ ചെയ്തതുപോലെ കൊന്നൊടുക്കുമെന്നും അതല്ലെങ്കില്‍ അവരുടെ ഇന്ത്യന്‍ പൗരത്വം എടുത്തുകളഞ്ഞു നാടു കടത്തുമെന്നൊക്കെയുള്ള വ്യാപകമായ വ്യാജ പ്രചാരണമാണ്  ഇസ്ലാമിസ്റ്റുകള്‍ ഇന്ത്യയില്‍ എമ്പാടും നടത്തുന്നത്. ഇത്തരത്തില്‍ വെറുതെ ആവശ്യമില്ലാത്ത ഭീതി പരത്തുകയാണ് കുറെ ഇസ്ലാമിസ്റ്റുകള്‍ കേരളത്തിലും. അവരുടെ മൂടു താങ്ങാനായി കുറെ ഇടതുപക്ഷക്കാരുമുണ്ട്. ഇടതുപക്ഷക്കാര്‍ ബംഗാളിലെ 'മാരീജാപ്പിയില്‍' കൊന്നൊടുക്കിയതുപോലെ ബി.ജെ.പി.-യും, സംഘ പരിവാറുകാരും ഇതുവരെ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് മുസ്ലീങ്ങളെ കൊന്നൊടുക്കിയിട്ടില്ലാ. ആര്‍ക്കെങ്കിലും അക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ഗൂഗിള്‍ തുറന്ന് 'മാരീജാപ്പി കൊലപാതകങ്ങളെ' കുറിച്ച് നന്നായൊന്ന് പഠിച്ചാല്‍ മാത്രം മതി.

ബി.ജെ.പി. ഇന്ത്യയില്‍ വീണ്ടും ഭരിക്കാന്‍ തുടങ്ങിയാല്‍ ഇവിടെ ഇസ്ലാമിസ്റ്റുകളും ഇടതുപക്ഷവും പ്രചരിപ്പിക്കുന്നതുപോലെ ഒരു കൊലപാതക പരമ്പരകളും വരില്ല. അമര്‍ത്യ സെന്‍ ചൈനീസ് ക്ഷാമത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതുപോലെ ഏകാധിപത്യമാണ് ചൈനയില്‍ മാവോയുടെ കാലത്ത് മുപ്പതു ദശലക്ഷം തൊട്ട് നാല്‍പ്പതു ദശലക്ഷം വരുന്ന ജനങ്ങളുടെ ജീവനെടുത്തത്. ആധുനിക ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെയുണ്ട്. അതുകൊണ്ട് ഇവിടെ ആളുകള്‍ ലക്ഷക്കണക്കിനൊന്നും ഒരു ക്ഷാമം കൊണ്ടും 1947-നു ശേഷം മരിച്ചിട്ടില്ല. അതു തന്നെയേ ഇന്ത്യയിലെ മുസ്ലീംസിന്റ്റെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നുള്ളൂ. ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും നിലനില്‍ക്കുന്നിടത്തോളം കാലം ഇന്ത്യയില്‍ ഒരു കൊലപാതക പാരമ്പരക്കും സാധ്യതയില്ലാ. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തിലാണെങ്കില്‍ ഒരു ഗവണ്‍മെന്റ്റിനും പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും, ജനങ്ങള്‍ തമ്മിലുള്ള കമ്യൂണിക്കേഷനും കൂച്ചുവിലങ്ങിടുവാന്‍ സാധിക്കുകയുമില്ലാ.

(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

 

Join WhatsApp News
സുരേന്ദ്രൻ നായർ 2024-06-10 19:22:35
കേരളത്തിലെ മാപ്രാകൾ പറയാൻ മടിക്കുന്ന വസ്തുതാവിവരണങ്ങളാണ് ലേഖകൻ പങ്കുവെക്കുന്നത്. തീർച്ചയായും മലയാളി മാറി ചിന്തിക്കേണ്ട കാലമായി. സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനമായതിൽ തികഞ്ഞ കുത്തിത്തിരുപ്പുമായി PG സുരേഷ്‌കുമാർ എന്ന പഴയ ക്യാമ്പസ് കമ്മി ചർച്ച ആരംഭിച്ചിരിക്കുകയാണ്. ഈ ചാനലുകളൊക്കെ അടച്ചുപൂട്ടി ജനങ്ങൾ ഇവറ്റകൾക്ക് മറുപടി കൊടുക്കണം. സത്യസന്ധമായി വസ്തുതകൾ പറഞ്ഞതിന് അഭിനന്ദനങ്ങൾ
അന്ത്രപ്പേർ 2024-06-10 19:59:15
ബിജെപ്പി ഏതെല്ലാം വേഷത്തിൽ എവിടൊക്കെ അവതരിച്ചാലും അടിസ്ഥാനപരമായി ഒരു വർഗ്ഗീയ സംഘടനയാണ്. ഒരു തൃശൂരുകാരൻ എന്ന നിലക്ക് പറയുകയാണ്, സുരേഷ് ഗോപി മോദിയുടെ വർഗ്ഗീയ സ്വഭാവം കാണിച്ചാൽ ഇപ്പോൾ കസേരയിൽ ഇരുത്തിയ ഞങ്ങൾ പൊക്കി താഴെ ഇരുത്തും. മോദി പഠിക്കേണ്ടത് 200 മില്യൺ മുസ്ലീങ്ങളെയും, 26 മില്യൺ ക്രിസ്ത്യാനികളേയും അതുപോലെ മറ്റുള്ള ന്യൂനപക്ഷങ്ങളെയും ചേർത്ത് ഭരിക്കാനാണ്. പക്ഷെ ജനങ്ങൾക്ക് അയാളിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു. വെള്ളാപ്പള്ളി ജോസഫിന് എന്തെങ്കിലും വ്യക്തിപരമായ ഗുണങ്ങൾ കിട്ടിയിട്ടുണ്ടങ്കിൽ അതിന്റെ നന്ദി വ്യക്തിപരമായി മോദിയെ അറിയിച്ചാൽ മതി. മറ്റൊരു കാര്യം അയോദ്ധ്യയിൽ ജനങ്ങളുടെ ടാക്സ് പണം കൊണ്ട് ഉണ്ടാക്കിയ അമ്പലത്തിന്റെ ഒരു ഭാഗം മോസ്‌ക്കായും മറ്റൊരു ഭാഗം പള്ളിയായി ഒരു ഭാഗംമായും തുറന്നു കൊടുത്ത് ജനാധിപത്യം നടപ്പാക്കണം.
Jacob 2024-06-10 20:03:26
Cancellation of article 370 was a huge success. Kashmir is now more peaceful and prosperous than anytime since 1947. Modi deserves credit for that.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക