Image

എന്റെ ആദ്യത്തെ സൂപർ സ്റ്റാർ ജയഭാദുരി (എസ്. ശാരദക്കുട്ടി)

Published on 11 June, 2024
എന്റെ ആദ്യത്തെ സൂപർ സ്റ്റാർ ജയഭാദുരി (എസ്. ശാരദക്കുട്ടി)

ഹിന്ദി മനസ്സിലാകാതിരുന്നിട്ടും ഞാനിഷ്ടപ്പെട്ട ആദ്യത്തെ സൂപർ സ്റ്റാർ ജയഭാദുരി ആയിരുന്നു. ഒരു പക്ഷേ അമിതാഭ് ബച്ചനും മുൻപേ സൂപർ സ്റ്റാർ ആയ അഭിനേത്രി.

അവരുടെ സൂക്ഷ്മഭാവപ്രകടനങ്ങൾക്ക് മുന്നിൽ ഭാഷ ഒരിക്കലും എനിക്ക് തടസ്സങ്ങളുണ്ടാക്കിയില്ല. സഞ്ജീവ് കുമാറിനൊപ്പം ജയഭാദുരി അവിസ്മരണീയമാക്കിയ കോശിശ് എത്രയാവർത്തിയാണ് കണ്ടിട്ടുള്ളത്.

ആ ചിത്രത്തിൽ അവർ കേൾവി ശേഷിയും സംസാരശേഷിയുമില്ലാത്ത  ദമ്പതികളായിരുന്നു. ഇന്നും കണ്ണുനിറയാതെ കണ്ടിരിക്കാനാവില്ല ആ ചിത്രം.  കളിപ്പാട്ടം കുഞ്ഞിനു ചുറ്റും കിലുക്കിയിട്ട് കുഞ്ഞ് ശബ്ദം തിരിച്ചറിയാതെ വരുന്ന സീനിലെ ദമ്പതികളുടെ പരിഭ്രമം ഇന്നും മറന്നിട്ടില്ല. ഒടുവിൽ  ഡോക്ടർ വന്ന് ആ കളിപ്പാട്ടത്തിനുള്ളിൽ മണികളില്ലെന്ന് കാണിച്ചു കൊടുക്കുന്നതും കുഞ്ഞിന് കേൾവിത്തകരാറില്ലെന്നറിയുമ്പോഴുള്ള അവരുടെ ആശ്വാസവും ആഹ്ലാദവും എത്ര റിയലിസ്റ്റിക്കായി കയ്യടക്കത്തോടെയാണ് ജയ ഭാദുരിയും സഞ്ജീവ് കുമാറും അവതരിപ്പിച്ചത്. അങ്ങനെ ഞാനവരുടെ നിത്യാരാധികയായി ഞാൻ മാറി.
സൗന്ദര്യം കൊണ്ടോ അഭിനയം കൊണ്ടോ കരിയറിൽ ജയഭാദുരി നിലനിർത്തിയ  തലപ്പൊക്കം എനിക്കെന്തിഷ്ടമായിരുന്നു. സ്മിതാ പാട്ടീലോ ശബ്നാ ആസ്മിയോ പോലും വ്യക്തിപരമായി എന്നെ ഇത്രക്ക് ആകർഷിച്ചില്ല.

പിന്നീടവർ അമിതാഭ് ബച്ചൻ്റെ ജീവിത പങ്കാളിയായി. രാഷ്ട്രീയ നേതാവായി. പാർലമെൻ്റംഗമായി. തനിയെ നടക്കുന്ന, സ്വന്തം പേരിൽ വിശ്വാസമുള്ള ആർജ്ജവമുള്ള സ്ത്രീ. ജനക്കൂട്ടത്തിൽ എവിടെയും താഴ്ത്താത്ത ആ തലയെടുപ്പ് ഗർവ്വെന്ന് വിശേഷിപ്പിക്കപ്പെട്ടു. പക്ഷേ എനിക്കതിഷ്ടമായി.

അവരുടെ ബച്ചൻപ്രണയത്തിൻ്റെ സുന്ദരനിമിഷങ്ങൾ ആലേഖനം ചെയ്യപ്പെട്ട ചിത്രങ്ങൾ ധാരാളം കിട്ടാനുണ്ടായിട്ടും ആരാധകർ അവർക്കെതിരെ എപ്പോഴും ബച്ചനൊപ്പം രേഖയുടെ ചിത്രങ്ങൾ മാത്രം ആഘോഷിച്ചു. എവിടെ ബച്ചനുണ്ടോ, എവിടെ ജയ ഉണ്ടോ അവിടെയെല്ലാം രേഖയെ കൊണ്ടുവന്ന് ഒരു തരം തോൽപിക്കൽവാശി അനുഭവിക്കുകയാണ് ഇന്നും ആരാധക സമൂഹം. അവർ ഒരുമിച്ച്  പങ്കെടുക്കുന്ന വമ്പൻ ചടങ്ങുകൾ പോലും തങ്ങളുടെ അന്തസ്സില്ലായ്മയാൽ പാപ്പരാസികൾ ആഘോഷിക്കുകയാണ് ഇന്നും.
ഒരു വശത്ത് കുടുംബത്തിൻ്റെയും ദാമ്പത്യത്തിൻ്റെയും മഹത്വവും അന്തസ്സും  ഘോഷിക്കുക.  ദാമ്പത്യേതര പ്രണയത്തെ അപഹസിക്കുക. അതേ സമയം  തന്നെ ദമ്പതികളുടെയിടയിലേക്ക്  'പ്രണയമാഹാത്മ്യം' വാഴ്ത്തിക്കൊണ്ട് പഴയ പ്രണയത്തെ എടുത്തിടുക എന്ന ഇരട്ടത്താപ്പ് ഇന്നും ആവർത്തിക്കുന്നു.

ജയയും ബച്ചനും പ്രണയിച്ചിരുന്നു. രേഖയും ബച്ചനും പ്രണയിച്ചിരുന്നു. രണ്ടും നല്ല കാര്യം. അതിലെന്താണിത്ര കാലം കഴിഞ്ഞിട്ടും സമൂഹത്തിനിടപെടാൻ മാത്രമുള്ളത്?

മല്ലികാസുകുമാരൻ്റെ ഏത് ചിത്രത്തിനടിയിലും വന്ന് അവരുടെ ചെറുപ്പത്തിൽ സംഭവിച്ചു പോയ പ്രണയ ബന്ധത്തെ ഓർമ്മപ്പെടുത്തുന്നതു കാണുമ്പോഴും വല്ലാത്ത ദേഷ്യം തോന്നാറുണ്ട്.

പണ്ടവർ പ്രണയിച്ചിരുന്നിരിക്കും. പിന്നീട് അവരെത്രയോ കാലം മറ്റൊരു ജീവിതം ജീവിച്ചു. ചിലരുടെ ഉള്ളിൽ  ഇപ്പോഴും അതിൻ്റെ വർണ്ണപ്പൊട്ടുകളോ കാലുഷ്യമോ എന്തെങ്കിലുമൊക്കെ അവശേഷിക്കുന്നുമുണ്ടാകും.ചില രതെല്ലാം കുടഞ്ഞു കളഞ്ഞിരിക്കും. അതൊക്കെ സ്വാഭാവികമല്ലേ?

സെൻ ബുദ്ധകഥയിൽ ചോദിക്കുന്നതു പോലെ, അവർ പുഴക്കടവിൽ ഇറക്കിവെച്ചിട്ടു പോയ പെൺകുട്ടിയെ നിങ്ങളിപ്പോഴും ചുമന്നു നടക്കുന്നതെന്തിനാണ്?

അമിതാഭ് ബച്ചൻ്റെയും ജയഭാദുരിയുടെയും 51-ാം വിവാഹ വാർഷികദിനത്തിൽ എങ്കിലും അവരുടെ സ്വകാര്യതയെ മാനിച്ച് അന്തസ്സുള്ള ജനതയായി ഒരാശംസ അർപ്പിക്കാൻ കഴിയാത്ത സമൂഹത്തിൻ്റെ ഈ രോഗത്തിനെന്താണ് പേരിടേണ്ടത് !!ചൊറിയാൻ മാത്രം പഠിച്ച സമൂഹമായി ഇങ്ങനെ വളർച്ചയില്ലാതെ തുടരുന്നതിൽ ലജ്ജ തോന്നുന്നില്ലല്ലോ!! ഏറ്റവും സുഖമുള്ള രോഗം ഒരു പക്ഷേ ചൊറിച്ചിൽ തന്നെ ആയിരിക്കും.

ആരാധ്യയും ആദരണീയയുമായ   ജയാബച്ചൻ ഗ്രേസ് ഫുൾ ആയി, മനോഹരമായ അഴകോടെ അവരുടെ വാർധക്യത്തിലേക്ക് നടന്നു പോകുന്നത് ഏറെ ബഹുമാനത്തോടെ കണ്ടു നിൽക്കുകയാണ്. ജീവിത പങ്കാളികളായ സൂപർ സ്റ്റാറുകൾക്ക് സ്നേഹം നിറഞ്ഞ ആശംസകൾ.
എസ്. ശാരദക്കുട്ടി
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക