നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രിസഭയിൽ അംഗമായ പെമ്മസാനി ചന്ദ്രശേഖർ (48) സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നു 5705 കോടി രൂപ ആസ്തിയുള്ള ഡോക്ടറായി മാറിയ കഥയിൽ കഠിനാധ്വാനം നിറഞ്ഞു നിൽപ്പുണ്ട്. തെലുഗു ദേശം പാർട്ടിയുടെ എം പി യായി മന്ത്രിസഭയിൽ എത്തിയ അദ്ദേഹം യുഎസിലെ ഏറ്റവും സമ്പന്നരായ ഡോക്ടർമാരിൽ ഒരാളാണ്.
ഗുണ്ടുർ മണ്ഡലത്തിൽ വൈ എസ് ആർ കോൺഗ്രസിന്റെ കെ. വെങ്കട റോസയ്യയെ 344,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചന്ദ്രശേഖർ തോല്പിച്ചത്. ഗുണ്ടുർ ജില്ലയിലെ ബറിപാലേം ഗ്രാമത്തിൽ മുനിസിപ്പൽ സ്കൂളിൽ പഠിക്കുമ്പോൾ 60,000 കുട്ടികളിൽ 27ആമൻ ആയിരുന്നു.
ഉസ്മാനിയ മെഡിക്കൽ കോളജിൽ നിന്നു മെഡിക്കൽ ബിരുദം നേടിയ ശേഷമാണു യുഎസിൽ ഉപരിപഠനത്തിനു എത്തിയത്. പിന്നീട് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ സീനായ് ഹോസ്പിറ്റലിൽ പ്രഫസറായി. അന്നു പ്രായം വെറും 25.
മെഡിക്കൽ ലൈസൻസിങ് പരീക്ഷയിൽ കഷ്ടപ്പെട്ട ഡോക്ടർ അക്കാലത്തു അത്തരം പരീക്ഷകൾ എഴുതുന്നവർക്കായി ഓൺലൈൻ ക്ലാസ് തുടങ്ങി. യുവേൾഡ് എന്ന ആ പ്ലാറ്റ്‌ഫോം ഇന്ന് യുഎസിൽ ഏറെ പ്രസിദ്ധമാണ്.
ചന്ദ്രശേഖറും ഭാര്യ കൊനേരു ശ്രീരത്നയും ബിസിനസ് ചെയ്യുന്നു എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ രേഖകളിൽ കാണുന്നത്. 2020ൽ 'Entrepreneur of The Year Southwest Region' അവാർഡ് നേടി. ഫോബ്‌സ് ബിസിനസ് കൗൺസിൽ അംഗവുമാണ്.
മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്ത എൻ ആർ ഐ കൾക്കു ഡാളസിലെ പെമ്മസാനി മെഡിക്കൽ ഫൗണ്ടേഷൻ വഴി അദ്ദേഹം സഹായം നൽകുന്നു. ആന്ധ്രയിലെ പാൽനാട് ജില്ലയിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാനുളള പദ്ധതി നടപ്പാക്കി. ഫൗണ്ടേഷൻ വഴി മികച്ച വിദ്യാർഥികൾക്കു സ്കോളർഷിപ്പും നൽകുന്നുണ്ട്.
US-based billionaire doctor joins Modi govt