Image

കന്നട സൂപ്പര്‍ താരം ദര്‍ശന്‍ തൂഗുദീപ, കൊലപാതകക്കേസില്‍ അറസ്റ്റില്‍

ദുര്‍ഗ മനോജ് Published on 11 June, 2024
കന്നട സൂപ്പര്‍ താരം ദര്‍ശന്‍ തൂഗുദീപ, കൊലപാതകക്കേസില്‍ അറസ്റ്റില്‍

സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊന്ന കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ അറസ്റ്റിലായി. പവിത്ര ഗൗഡ എന്ന കന്നട അഭിനേത്രിയുടെ സുഹൃത്താണ് ദര്‍ശന്‍. ഈ മാസം എട്ടിന് ബംഗളൂരു കാമാക്ഷിപുരത്തെ ഓടയില്‍ കാണപ്പെട്ട മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് കൊലപാതകിയെക്കുറിച്ച് തുമ്പു നല്‍കിയത്. ചിത്രദുര്‍ഗ സ്വദേശി രേണുകാ സ്വാമിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗിരി നഗറില്‍ നിന്നുള്ള മൂന്നു പേര്‍ പോലീസ് പിടിയിലായി.തങ്ങളാണ് കൊലപാതകം നടത്തിയതെന്ന് അവര്‍ സമ്മതിച്ചു. തുടര്‍ന്നാണ് മരിച്ചതാരാണെന്നും മരണകാരണവും പുറത്തു വരുന്നത്. ആദ്യം സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ലൈപാതകത്തിനു കാരണം എന്നായിരുന്നു മൊഴികള്‍.

സംഭവവുമായി ബന്ധപ്പെട്ട് മൈസൂരിലെ ഫാം ഹൗസില്‍ വെച്ചാണ് പോലീസ് ദര്‍ശനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്.

രേണുകാ സ്വാമി അയച്ച അശ്ലീല സന്ദേശങ്ങളെക്കുറിച്ചറിഞ്ഞ ദര്‍ശന്‍, ചിത്രദുര്‍ഗയിലെ തന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ ബന്ധപ്പെട്ടിരുന്നു. രേണുകാ സ്വാമിയെ ചിത്രദുര്‍ഗയില്‍ നിന്നും സിറ്റിയില്‍ എത്തിച്ച് കൊലപ്പെടുത്തി ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസില്‍ ഇതുവരെ പത്തു പേര്‍ അറസ്റ്റിലായിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക