ബെംഗളൂരു: കന്നഡ ചലച്ചിത്ര താരം ദര്‍ശനെ കൊലക്കേസില്‍ പോലിസ് അറസ്റ്റ് ചെയ്തു. ചിത്രദുര്‍ഗ സ്വദേശി രേണുക സ്വാമിയെ ബെംഗളൂരുവിലെ കാമാക്ഷിപാളയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി.
മൈസൂരുവിലെ ഫാംഹൗസില്‍ നിന്നാണ് ദര്‍ശന്‍ തൂഗുദീപയെ അറസ്റ്റ് ചെയ്തത്. ദര്‍ശന്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓണ്‍ലൈനിലൂടെ അശ്ലീല സന്ദേശം അയച്ചതിനാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. കൊലപാതകം സംബന്ധിച്ച് അന്വേഷിച്ച് ബെംഗളൂരു ലോക്കല്‍ പോലിസ് ഒമ്ബതുപേരെ ചോദ്യം ചെയ്തതില്‍നിന്നാണ് ദര്‍ശന കുറിച്ച് വിവരം ലഭിച്ചത്. രണ്ട് മാസം മുമ്ബ് രേണുക സ്വാമിയെ ദര്‍ശന്റെ ഉടമസ്ഥതയിലുള്ള മൈസൂരു ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാമാക്ഷിപാളയയിലെ അഴുക്കുചാലില്‍ തള്ളിയെന്നാണ് പോലിസ് കണ്ടെത്തിയത്.
ചിത്രദുർഗയിലെ അപ്പോളോ ഫാർമസി ശാഖയില്‍ ജോലി ചെയ്യുകയായിരുന്നു രേണുക സ്വാമി. നടി പവിത്ര ഗൗഡയുമായി ബന്ധപ്പെടുത്തി ദര്‍ശന്‍റെ ഭാര്യ വിജയലക്ഷ്മിക്ക് സ്വാമി അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും ഇതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നുമാണ് വിവരം. കൂടാതെ പവിത്രക്കെതിരെയും രേണുക സ്വാമി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. പവിത്രക്ക് അശ്ലീലസന്ദേശങ്ങളും അയച്ചിരുന്നു. വിജയലക്ഷ്മിയും പവിത്രക്കെതിരെ രംഗത്തെത്തിയിരുന്നു.
ദര്‍ശനും പവിത്രയും സുഹൃത്തുക്കളാണെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വാമി സന്ദേശങ്ങള്‍ അയക്കാറുണ്ടെന്ന് മനസിലാക്കിയ ദർശൻ ചിത്രദുർഗയിലെ ഫാൻസ് അസോസിയേഷൻ പ്രസിഡൻ്റിനെ ഫോണില്‍ വിളിച്ചു. ചിത്രദുർഗയില്‍ നിന്ന് നഗരത്തിലെത്തിച്ച രേണുക സ്വാമിയെ ശനിയാഴ്ച ഷെഡിനുള്ളില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയില്‍ തള്ളുകയായിരുന്നു. മകനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും രണ്ട് ദിവസം കൂടി കാത്തിരിക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. സ്വാമിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെ കസ്റ്റഡിയിലെടുത്തത്.