Image

എന്നും ഓടുന്നവർ ( ഉയരുന്ന ചിന്ത : ലാലു കോനാടിൽ )

Published on 11 June, 2024
എന്നും ഓടുന്നവർ ( ഉയരുന്ന ചിന്ത : ലാലു കോനാടിൽ )

ഓരോന്നിനും അതതിന്റെ വേഗമുണ്ട്,
ഒച്ചിന്റെ വേഗമല്ല ഒട്ടകത്തിന്; പുലിയുടെ
വേഗമല്ല പരുന്തിന്...

ഒരേപോലെ കാണപ്പെടുന്ന എല്ലാവരും
ഒരേ ദിശയിലും ഒരേ വേഗത്തിലും
സഞ്ചരിക്കണമെന്നും അവയുടെ
താരതമ്യത്തിലൂടെ മികവ്
നിശ്ചയിക്കണമെന്നുമുള്ള
തെറ്റിദ്ധാരണയാണ് പലരുടെയും
സ്വത്വം നഷ്ടപ്പെടാൻ  കാരണം...

തന്റെ ഉത്തമവേഗം കണ്ടെത്തുക
എന്നതാണ് യാത്ര സംതൃപ്തവും
സന്തോഷകരവുമാകുന്നതിനുള്ള മാർഗം.. 
ജീവിതം മന്ദഗതിയിലാണെങ്കിൽ
സഞ്ചരിക്കുന്ന ലക്ഷ്യത്തിനും സ്വന്തം
ശേഷിക്കുമനുസരിച്ച് വേഗം കൂട്ടണം...
ചിന്തകളും ദിനചര്യകളും
ദ്രുതതഗതിയിലാകണം...

അമിതവേഗം അപകടകരവും മന്ദഗതി
അരോചകവുമാണ്.. കൃത്യമായ വേഗം 
നിലനിർത്തുന്നുണ്ടെങ്കിൽ പിന്നെ
പരിശോധിക്കേണ്ടത് ശരിയായ
ദിശയിലാണോ എന്നതാണ്...

അരമണിക്കൂർ മുൻപേ എത്തുന്നത്
എവിടെയെങ്കിലും ആയാൽ പോരാ
എത്തേണ്ടിടത്തുതന്നെ എത്തണം...

എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്ന്
അറിയാത്തവർ എന്തിനാണ്
സഞ്ചരിക്കുന്നത്..? 
ഒന്നും നേടാനില്ലാത്ത യാത്രകളാണ്
ജീവിതം അർഥരഹിതമാക്കുന്നത്...
വഴിമാറിയെന്നറിഞ്ഞാൽ അപ്പോൾ 
അവിടെവച്ചെടുക്കുന്ന യൂടേണിന്
ശേഷം വേഗം കൂട്ടുകയാണ് വേണ്ടത്...

കഠിനാധ്വാനികളല്ല, കൃത്യമായ 
വിലയിരുത്തലുകളും പുന:ക്രമീകരണവും
നടത്തുന്ന കഠിനാധ്വാനികളാണ് 
വിജയിക്കുന്നത്.. മത്സരയോട്ടം നടത്തുന്ന
ബസുകൾ ആളെ കയറ്റാതെ
ആദ്യമെത്തിയിട്ട് എന്തുകാര്യം..?
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക