Image

അയൽവീട്ടിൽ കറണ്ടുണ്ടോ ? : മിനി ബാബു

Published on 11 June, 2024
അയൽവീട്ടിൽ കറണ്ടുണ്ടോ ? : മിനി ബാബു

മഴ ഇങ്ങനെ പതുക്കെപ്പതുക്കെ എന്നാൽ അത്ര ഗൗരവത്തിലല്ലാതെ നിർത്തില്ലാതെ പെയ്തുകൊണ്ടിരിക്കുകയായിരുന്നു ഇതുവരെ. രാത്രിയിലെ എപ്പോഴോ തുടങ്ങിയതാണ്. റോഡ് നിറഞ്ഞു കവിഞ്ഞ വെള്ളമൊക്കെ ഇപ്പോൾ ഒഴുകി പോയിരിക്കുന്നു. ഇടയ്ക്ക് എപ്പോഴൊക്കെയോ കറണ്ട് പോയി. അയൽ വീട്ടിൽ കറണ്ടുണ്ടോ എന്ന് നോക്കാൻ സമയം തരാതെ തന്നെ തിരിച്ചു വന്നു.

നമ്മൾക്കൊരു ചെറിയ പിശക് അല്ലെങ്കിൽ കുറവ് സംഭവിക്കുമ്പോൾ, അടുത്തുള്ളവനും അങ്ങനെ തന്നെയാണോ, എന്നുറപ്പിക്കാൻ ആയിട്ട് നമ്മൾ ഉപയോഗിക്കുന്ന ഉദാഹരണമാണ് "അയൽവീട്ടിൽ കറണ്ടുണ്ടോ," എന്നത്. നമ്മുടെ വീട്ടിൽ പവർ പോയി, അടുത്ത വീട്ടിലും അങ്ങനെയെങ്കിൽ കുഴപ്പമില്ല സമാധാനം. എനിക്ക് മാത്രമല്ല, എനിക്കും അവനും ഒരുപോലെ. ഇത് മനുഷ്യന്മാരുടെ ഒരു മനോഭാവം എടുത്ത് കാണിക്കാൻ ഉപയോഗിക്കുന്നതാണ്.

ശരിക്കും അങ്ങനെയാണോ  ?എനിക്ക് അങ്ങനെയല്ല തോന്നിയിട്ടുള്ളത്. എന്റെ വീട്ടിൽ പെട്ടെന്ന് കറണ്ട് പോയാൽ അയൽ വീട്ടിൽ കറണ്ടുണ്ടോ എന്ന് നോക്കുന്നത്  ഈ തകരാറ് എല്ലാവർക്കും ആയിട്ടാണോ, ഒരു പ്രദേശത്തിനാണോ 
അതോ കുറച്ചു വീടുകൾക്ക് മാത്രമാണോ എന്ന് അറിയാൻ വേണ്ടിയിട്ടാണ്.

അതായത് എന്റെ വീട്ടിൽ മാത്രമാണോ. അയൽ വീട്ടിൽ കറണ്ടുണ്ട് എന്റെ വീട്ടിലില്ല എങ്കിൽ, എത്രയും പെട്ടെന്ന് ശരിയാക്കാമല്ലോ. ഒരു പ്രദേശം മുഴുവനായി പോയാൽ, അത് കെഎസ്ഇബി അറിഞ്ഞു ശരിയാക്കിക്കൊള്ളും, അല്ലെങ്കിൽ എന്തെങ്കിലും പണിക്കും മറ്റുമായിട്ട് അവർ സപ്ലൈ ഓഫ് ചെയ്തതായിരിക്കും. അത്രയേയുള്ളൂ
ഒരുമിച്ച് വരുമെന്ന് സമാധാനിക്കാം.

ഇതിനപ്പുറം മനുഷ്യന്റെ എന്ത് മനോഭാവമാണ് ഇതിലുള്ളത്. 
എനിക്കില്ല നിനക്കുമില്ല
എനിക്ക് പോയി നിനക്കും പോയി എന്ന മനോഭാവം കാണിക്കാൻ വേറൊരു ഉദാഹരണം കണ്ടെത്തേണ്ടിയിരിക്കുന്നു.

(പള്ളിയിൽ അച്ചന്മാർ ഉൾപ്പെടെ പലപ്പോഴും ഈ ഉദാഹരണം എടുത്തു പറയുന്നതായി കേട്ടിട്ടുണ്ട്)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക