Image

മോദി 3.0 മന്ത്രിസഭയില്‍ 33 പേർ പുതുമുഖങ്ങള്‍

Published on 11 June, 2024
മോദി 3.0 മന്ത്രിസഭയില്‍ 33 പേർ പുതുമുഖങ്ങള്‍

ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നരേന്ദ്ര മോദി മന്ത്രിസഭയില്‍ 33 പേർ പുതുമുഖങ്ങള്‍. ഇതില്‍ 6 പേർ വരുന്നത് രാജ്യത്തെ അറിയപ്പെടുന്ന രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നാണ്.

ശിവരാജ് സിങ് ചൗഹാൻ (മധ്യപ്രദേശ്), മനോഹർ ലാല്‍ ഘട്ടർ (ഹരിയാന), എച്ച്‌ ഡി കുമാരസ്വാമി (കർണാടക) എന്നീ മൂന്ന് മുൻ മുഖ്യമന്ത്രിമാരും ആദ്യമായി കേന്ദ്രമന്തിസഭയില്‍ എത്തിയിരിക്കുകയാണ്.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിനിധീകരിച്ചിരുന്ന മണ്ഡലമായ വിദിഷയില്‍ നിന്ന് ചൗഹാന്‍ അഞ്ച് തവണ എംപിയായിട്ടുണ്ട്.
മധ്യപ്രദേശില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

ഘടകകക്ഷികളില്‍ നിന്നായി ഏഴ് പുതുമുഖ മന്ത്രിമാരാണുള്ളത്. ടിഡിപിയില്‍ നിന്ന് കെ. രാം മോഹൻ നായിഡുവും ചന്ദ്രശേഖർ പെമ്മസനിയുമാണ് പുതുമുഖങ്ങള്‍. ജെഡിയുവിൻെറ ലല്ലൻ സിങ്ങും രാം നാഥ് താക്കൂറും പുതുമുഖങ്ങളാണ്. ആർഎല്‍ഡിയുടെ ജയന്ത് ചൗധരി, എല്‍ജെപിയുടെ ചിരാഗ് പാസ്വാനുമാണ് മറ്റ് പുതുമുഖ മന്ത്രിമാർ.

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ചരണ്‍ സിങ്ങിൻെറ ചെറുമകനും മുൻ കേന്ദ്രമന്ത്രി ചൗധരി അജിത് സിങ്ങിൻെറ മകനുമാണ് 45കാരനായ ജയന്ത് ചൗധരി. ബീഹാറിലെ പ്രധാന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്ന അന്തരിച്ച രാം വിലാസ് പാസ്വാൻെറ മകനാണ് ചിരാഗ് പാസ്വാൻ. 9 തവണ രാം വിലാസ് പാസ്വാൻ വിജയിച്ചിരുന്ന ഹാജിപൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ചിരാഗ് ലോക്സഭയില്‍ എത്തിയിരിക്കുന്നത്.

ജെഡിയുവില്‍ നിന്നുള്ള രാം നാഥ് താക്കൂർ മുൻ ബിഹാർ മുഖ്യമന്ത്രിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കർപ്പൂരി താക്കൂറിൻെറ മകനാണ്. കഴിഞ്ഞ വർഷം കർപ്പൂരി താക്കൂറിന് രാജ്യം ഭാരതരത്ന നല്‍കി ആദരിച്ചിരുന്നു. പഞ്ചാബ് മുൻ മുഖ്യമന്ത്രി ബീണ്ഡ് സിങ്ങിൻെറ മകൻ രവ്നീത് സിങ് ബിട്ടുവും കേന്ദ്ര മന്ത്രിസഭയില്‍ ഇടം പിടിച്ചിട്ടുണ്ട്.

മുതിർന്ന എൻസിപി നേതാവ് ഏക്നാഥ് കദ്സെയുടെ മകള്‍ രക്ഷ കദ്സെയാണ് രാഷ്ട്രീയ കുടുംബത്തില്‍ നിന്ന് വന്നിട്ടുള്ള മറ്റൊരാള്‍. മുൻ കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദയുടെ മകൻ ജിതിൻ പ്രസാദയും മന്ത്രിസഭയിലേക്ക് എത്തിയിട്ടുണ്ട്. 

കേരളത്തില്‍ നിന്ന് ആദ്യമായി ബിജെപിയുടെ ലോക്സഭാംഗമായി എത്തുന്ന മലയാളികളുടെ പ്രിയപ്പെട്ട സിനിമാതാരം സുരേഷ് ഗോപിയും മന്ത്രിമാരിലെ പുതുമുഖമാണ്. ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ നിന്നും ആദ്യമായി ജയിച്ച്‌ ലോക്സഭയിലെത്തുന്ന ടോക്കാൻ സാഹു മോദി 3.0 മന്ത്രിസഭയിലെ സർപ്രൈസ് മന്ത്രിയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി രാഷ്ട്രീയത്തില്‍ സജീവമാണെങ്കിലും അദ്ദേഹത്തിന് ഇതുവരെ അർഹിച്ച സ്ഥാനം ലഭിച്ചിരുന്നില്ല.

ബിജെപിയില്‍ നിന്നുള്ള മറ്റ് പുതുമുഖ മന്ത്രിമാ‍ർ ഇവരാണ്: കമലേഷ് പാസ്വാൻ (ഉത്തർപ്രദേശ്), സുകാന്ത മജുംദർ (പശ്ചിമ ബംഗാള്‍), ദുർഗാ ദാസ് ഉയ്കെ (മധ്യപ്രദേശ്), രാജ് ഭൂഷണ്‍ ചൗധരി (ബീഹാർ), സതീഷ് ദുബെ (ബിഹാർ), സഞ്ജയ് സേത്ത് (ജാർഖണ്ഡ്), സിആർ പാട്ടീല്‍ (ഗുജറാത്ത്), ഭഗീരഥ് ചൗധരി (രാജസ്ഥാൻ), ഹർഷ് മല്‍ഹോത്ര (ഡല്‍ഹി), വി സോമണ്ണ (കർണാടക), സാവിത്രി താക്കൂർ (മധ്യപ്രദേശ്), പ്രതാപ് റാവു ജാദവ് (മഹാരാഷ്ട്ര), ജോർജ് കുര്യൻ (കേരളം), കീർത്തി വർധൻ സിംഗ് (യുപി), ഭൂപതി രാജു ശ്രീനിവാസ വർമ്മ (ആന്ധ്രപ്രദേശ്), നിമുബെൻ ബാംബ്നിയ (ഗുജറാത്ത്), മുരളീധർ മോഹോല്‍ (മഹാരാഷ്ട്ര), പബിത്ര മാർഗരിറ്റ (അസം), ബണ്ഡി സഞ്ജയ് കുമാർ ( തെലങ്കാന).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക