കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സൗലോസ് ചിലിമയും (51) ഭാര്യയും ഉൾപ്പെടെ 10 പേർ തിങ്കളാഴ്ച്ച വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി ചൊവാഴ്ച പ്രസിഡന്റ് ലാസറസ് ചക്‌വെര അറിയിച്ചു. അറ്റോണി ജനറലിന്റെ സംസ്കാര ചടങ്ങിനു വേണ്ടി യാത്ര തിരിച്ചപ്പോഴാണ് ചിക്കൻഗാവ മലനിരകളിൽ വിമാനം തകർന്നു വീഴുകയായിരുന്നു.
പ്രസിഡന്റ് ദുഃഖാചരണം പ്രഖ്യാപിച്ചു. വിമാനത്തിനും മരിച്ചവർക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. യുഎസ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ തിരച്ചിലിൽ സഹായിക്കുന്നുണ്ട്.
മലാവി തലസ്ഥാനമായ ലീലാൻഗ്വേയിൽ നിന്നു പറന്നുയർന്നു വൈകാതെ വിമാനത്തിന് തകരാറുണ്ടായെന്നു ചില റിപ്പോർട്ടുകളിൽ കാണുന്നു. വിമാനം പൊടുന്നനെ റഡാറിൽ നിന്ന് അപ്രത്യക്ഷമായി.
കാലാവസ്ഥ ഏറെ പ്രതികൂലമായിരുന്നു. കാഴ്ച അസാധ്യമായിരുന്നുവെന്നു എയർ ട്രാഫിക് ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യം ഭീതിയിലും ആശങ്കയിലും ആണെന്നു പ്രസിഡന്റ് പറഞ്ഞു. 2025ൽ ചിലിമ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. അദ്ദേഹത്തിനെതിരായ അഴിമതി ആരോപണങ്ങൾ കോടതി തള്ളിയിരുന്നു.
Malawi VP dies in plane crash