Image

ചിന്താവിഷ്‌ടനായ ശ്രീരാമൻ (തുടർച്ച-4, ശ്ലോകങ്ങൾ 64-ൽ 26-35 -രാജു തോമസ്)

Published on 13 June, 2024
ചിന്താവിഷ്‌ടനായ ശ്രീരാമൻ (തുടർച്ച-4, ശ്ലോകങ്ങൾ 64-ൽ 26-35 -രാജു തോമസ്)

‘മുനികാവ്യമതിന്റെ മർമ്മമാം
തനിദീർഘശ്രുത ’മാനിഷാദ‘യിൻ
മുനയേറ്റു പിടയ്ക്കയാണു ഞാൻ;
അനുനാദാൽ പിളരുന്നു കർണ്ണവും.’

‘ഉപജാപവുമഭ്യസൂയയും
അപമാനം പെരുതായിയറ്റിടും
നൃപനും ഭഗവാനുതന്നെയും--
അപരർ കണ്ടൂരസിച്ചുനിന്നിടും.

“"പടുരാക്ഷസരേതസീവിധം--
മുടിയാനുഗ്രഗരം--നതാംഗിയെ
കെടുതാക്കിയിട്ടു പൊടുന്നനെ
സ്ഫുടമായല്ലിത്!" കേട്ടപശ്രുതി.

"നെടുനാളസുരന്റെ മായയിൽ
പെടുവോർക്കിറ്റു പ്രലോഭനം പെടാം;
അരുവൈ അസുരപ്രസൂതിയായ്
വരവായ്, രാവണശാപമായുമേ."

30. ’ജനമെന്തറിയുന്നുവോ? അവർ
അനിയായ കൃപണോക്തികൾ പൊഴി-
ച്ചിനിയും തുനിയും മനം മറ-
ച്ചവനീശ്വരനുടെ ശ്രീ മറയ്‌ക്കാൻ.

‘ശ്രുതരാം ജമദഗ്നി, ഗൗതമൻ,
ഇതരാസക്തി ഭയന്നു തൽക്ഷണം
ദ്രുതശങ്കയതാൽ സ്വപത്നിമാർ-
ക്കതിഘോരാന്തമിയറ്റി ക്രുദ്ധരായ്.

’പരിശങ്കയെനിക്കു ചേർന്നതി,-
ല്ലരിയാലെന്നുടെ സീതയോ ഹൃത!
അകളങ്ക സരോജ ചെയ്യുമോ
അളിയാൽ സുര്യനിഷേധപാതകം?

‘അനലൻ പരിരക്ഷ ചെയ്കയാൽ
അനപായം നില മൽപരായണ;
അഹമേറിയ രാവണൻ വൃഥാ
ദഹനാഗ്നിക്കിരയായുമില്ലതാൽ.

’പരമാർത്ഥമിതിങ്ങനാകിലും
പരമാർത്ഥിക്കു വിളിപ്പേർ ‘സാധനം’.
അരുതാം വിധി ‘ഭ്രഷ്`ടു’മായിതേ--
ജരകൻ സ്മാർത്തൻ, വിചാരമെന്നിയേ.*3

‘പ്രിയ ലക്ഷ്മണനശ്രുവാൽ, നിലയ്-
ക്കുയരും ധാർമ്മികരോഷഭാഷണാൽ
മമ ധർമ്മമിതെത്ര ഘോരമെ-
ന്നെരിതീപോലെയിടഞ്ഞു നിന്നിനാൻ.’ *4
(തുടരും)

കുമാരനാശാനോടും എഴുത്തച്ചനോടുമുള്ള ആദരവിൽ എഴുതിയതാണിത്. അവർക്കെന്റെ ഉപഹാരമായി.
ആശാന്റെ 192 ശ്ലോകങ്ങളുള്ള സീതാകാവ്യത്തിന്റെ 1/3 മാത്രം ദൈർഘ്യം. അതേ വൃത്തം, വിയോഗിനി:
വിഷമേ സസജംഗവും സമേ  10
സഭരംലഗുരുവും വിയോഗിനി 11

*4. സിതാപരിത്യാഗത്തിൽ ലക്ഷ്മണനുണ്ടായ ദുഃഖത്തെപ്പറ്റിയേ എഴുത്തച്ഛൻ പാടിയുള്ളു.

Read: https://emalayalee.com/writer/290

 

Join WhatsApp News
Jayan varghese 2024-06-14 15:27:23
പ്രണയ പരവശേ ശുഭം നിന - ക്കുണരുക, യുണ്ടൊരു ദിക്കിൽ നിൻ പ്രിയൻ, ഗുണവതീ, നെടുമോഹനിദ്ര വി - ട്ടുണരുക ഞാൻ സഖി നിന്റെ മാധവി ! എന്ന കുമാരനാശാൻ കവിതയുടേത് പോലത്തെ ഒരു വായനാ സുഖം രാജു തോമസ്സിന്റെ കവിതയിൽ അനുഭവപ്പെടുന്നു. ആശംസകൾ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക