Image

തിരിഞ്ഞുനോക്കുമ്പോള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 14 June, 2024
തിരിഞ്ഞുനോക്കുമ്പോള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

എട്ടു ദശവര്‍ഷങ്ങളിലൂടെ ശാന്തമായൊഴുകിയ എന്റെ ജീവനദിയുടെ അവസാനമെന്നോ, എന്നറിയില്ല, അധികം ഒച്ചപ്പാടില്ലാതെ, അധികം ഓളമോ തിരയോ ഇല്ലാതെ ഒഴുകിക്കൊണ്‍ടിരിക്കുന്ന ആ നദിയുടെ തീരത്തിരുന്നുകൊണ്‍ട് ഞാന്‍ ഒരോട്ടപ്രദിക്ഷിണം നടത്തുകയാണിവിടെ. അതിനൊരു നിമിത്തമുണ്‍ട്. ഇന്ന് ജൂണ്‍16. എന്റെ ജന്മദിനം. ഉത്രൃട്ടാതി നാള്‍. 1000 പൂര്‍ണ്ണ ചന്ദ്രോദയം കാണാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തുനിക്കുന്ന ഈ വേളയില്‍ എന്റെ ജന്മസാഫല്യത്തിന്റെ ഓര്‍മ്മകള്‍,പിറന്നാള്‍ പായസമായി ഞാനിവിടെ വിളമ്പുന്നു. ഏവര്‍ക്കും ഈ ആഘോഷത്തിലേക്ക് സ്വാഗതം.

ഇത്രത്തോളം എന്നെ നടത്തിയ കാരുണ്യവാനായ ദൈവത്തെ സ്തുതിച്ചുകൊണ്‍ട്, എനിക്കു ജന്മമേകിയ വന്ദ്യ മാതാപിതാക്കളെ സ്മരിച്ചുകൊണ്‍ട്, എന്നെ ഞാനാക്കിയ എന്റെ ഗ്രാമത്തെയും ചാര്‍ച്ചക്കാരെയും കടന്നുപോയ എന്റെപാണനാഥയെും നമിച്ചുകൊണ്‍ട് ഈ ഓര്‍മ്മക്കുറിപ്പു തുടങ്ങട്ടെ !

ചെറുപ്പം മുതല്‍ക്കേ ഡയറി എഴുതുന്ന ഒരു ശീലം എന്റെ വന്ദ്യ പിതാവില്‍നിന്നു ഞാന്‍ നേടിയതാണ്. ഈ കുറിപ്പ്  എഴുതുമ്പോള്‍ എന്റെ ബാല്യകാലത്തില്‍ തുടങ്ങട്ടെ!. ബാല്യത്തിലെ കുടിപ്പള്ളിക്കൂടത്തിലെ ആശാന്റെ അടിയും കൊച്ച് ഓലക്കെട്ടിലെ അക്ഷരമാലയും എന്നും മനസ്സില്‍ നിഴലിച്ചു നില്‍ക്കുന്നു.

വയലേലകളും പുഴകളും കുന്നുകളും ചാരുത ചാര്‍ത്തിയ കടമ്പനാട് എന്ന ശാന്തസുന്ദരമായ ഗ്രാമപ്രദേശമാണ് എന്റെ ജന്മസ്ഥലം. അഞ്ച് ആണ്‍മക്കള്‍, മൂന്നു പെണ്‍മക്കള്‍, മാതാപിതാക്കള്‍ അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിലെ രണ്‍ടാമത്തെ കുട്ടി, മൂത്ത സഹോദരനും താഴെ ആറു പേരും. എന്റെ പിതാവ് ഒരു ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ,മാതാവ് ഗൃഹനാഥ. കര്‍ഷകരായിരുന്നു ഞങ്ങളുടെ ഗ്രാമത്തിലെ വര്‍ണ്ണരാജികള്‍. ചുരുക്കം ചില അദ്ധ്യാപകര്‍, പട്ടാളക്കാര്‍, ഒക്കെ അങ്ങിങ്ങുണ്‍ടായിരുന്നു. മിക്കതും ഓലമേഞ്ഞ വീടുകള്‍, ചെമ്മണ്‍ പാതകള്‍, മൈലുകള്‍ അകലെയുള്ള ടാറിടാത്ത റോഡിലൂടെ വല്ലപ്പോഴും ഓടുന്ന ബസുകള്‍, ഒന്നോ രണ്‍ടോ ടാക്‌സി കാറുകള്‍ മാത്രം ഉള്ള ഗ്രാമം. നാലു മൈലുകള്‍ ദൂരെയാണ്  ഒരു ഗവര്‍മ്മെന്റ് ആശുപത്രി, പലപ്പാഴും രോഗികളെ കട്ടിലില്‍ നാലാളുകള്‍ ചുമന്നുകൊണ്‍ടു് പോകുന്നതു കണ്‍ടിട്ടുണ്‍ട്. മൈലുകള്‍ നടന്നുവേണം സ്‌ക്കൂളിലും ദേവാലയത്തിലുമൊക്കെ പോകേണ്‍ടത്. ചെരുപ്പിടാത്ത കുഞ്ഞിക്കാലുകള്‍ പെറുക്കി ചെമ്മണ്ണും കല്ലുകളും മാത്രമുള്ള റോഡിലൂടെ ആ നാളുകളില്‍ നടന്നത് ആര്‍ക്കും അതൊരു ഭാരമോ ദൂരമോ ആയിരുന്നില്ല.

ഞങ്ങളുടെ ഊണുമുറിയില്‍ തുക്കിയിരുന്ന റ്റൈംറ്റേബിള്‍ വീട്ടില്‍ എവരും ഒരുപോലെ അനുസരിച്ചിരുന്നു. സന്ധ്യയ്ക്കു മെുകുതിരി കത്തിച്ച്, വിരിച്ചിട്ട പുല്‍പ്പായയില്‍ നിരന്നിരുന്നുള്ള പ്രാര്‍ത്ഥന എന്നും ഓര്‍മ്മയില്‍ നിഴലിച്ചു നില്‍ക്കുന്നു.സന്ധ്യാ പ്രാര്‍ത്ഥന കഴിഞ്ഞ് മക്കളെ തലയില്‍ കൈവച്ച് എന്റെ അപ്പച്ചന്‍ അനുഗ്രഹിച്ചിരുന്നു, കൂടുതല്‍ അനുഗ്രഹം എനിക്കു തരുമ്പോള്‍ എന്റെ അമ്മച്ചി പറയും മോള്‍ക്കുമാത്രം കൂടുതല്‍ അനുഗ്രഹം കൊടുക്കുന്നു എന്ന്, അപ്പോള്‍ അപ്പച്ചന്‍ പറയും, ഒരു പിതാവിന്റെ അനുഗ്രഹം നീരുറവയാണ്, അത് ഒഴുകിക്കൊണ്‍ടേയിരിക്കും, അര്‍ഹതയുള്ളവര്‍ക്കു ലഭിക്കും, എന്ന്.കഴിച്ച ഭക്ഷണമോ, ധരിച്ച വസ്ത്രമോ ഒന്നുമായിരുന്നില്ല ആനന്ദം. ഒരുമിച്ചിരുന്നുള്ള ഭക്ഷണം, പ്രാര്‍ത്ഥന, മാതാപിതാക്കളുടെ ശിക്ഷണത്തോടെയുള്ള വീട്ടിലെ ജീവിതം, ഉള്ളതില്‍ സംതൃപ്തി കണ്‍ടെത്തി ജീവിച്ച ദിനങ്ങള്‍ ഓര്‍മ്മയിലെ മായാത്ത വര്‍ണ്ണങ്ങളാണ്. ഓണം , വിഷു, ക്രിസ്ത്മസു് , റംസാന്‍ എല്ലാം ഗ്രാമത്തിലെ എല്ലാവരുടെയും ഒരുമിച്ചുള്ള ആഘോഷങ്ങളായി കരുതി ഏവരും സോദരത്വേന കഴിഞ്ഞ ഗ്രാമം. 
 
വീടുകള്‍ക്കു മതിലുകള്‍ ഇല്ലാതിരുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും അയല്‍ വീടുകളില്‍ കയറിച്ചെല്ലാമായിരുന്നു.അവിടെയുള്ളത് യഥേഷ്ടം കഴിക്കാമായിരുന്നു, പിറന്നാളുകള്‍ ഒരു പായസം വച്ച് ഏവരും ആഘോഷിച്ചിരുന്നു. ഔപചാരികതയില്ലാത്ത ലളിതജീവിതമായിരുന്നു എന്റെ ഗ്രാമത്തിന്റെ മുഖമുദ്ര. പണവും പലവ്യഞ്ജനങ്ങളും, അടുപ്പിലെ തീ വരെയും അടുത്ത വീട്ടില്‍നിന്നും കടം വാങ്ങുമായിരുന്നു.

ഉത്രാടനാളിലെ തത്രപ്പാടെത്രയും 
താളം തകര്‍ത്തുനിന്നെത്തും
ചിങ്ങമാസത്തിലെ തിരുവോണ സദ്യയില്‍
എല്ലാം മറന്നൊരെന്‍ ഗ്രാമം
കാളവണ്‍ടിയെന്നും നാട്ടിന്‍പുറത്തിന്റെ
നാരായ വേരായി നിന്ന്
കുടമണി തൂക്കിയ കാളകളെന്നും
ഭാരം വലിച്ചോരൂ നാട്ടില്‍ (എന്റെജന്മനാട് )

വീടിനടുത്തള്ള തോട്ടില്‍ തുണികള്‍ ശനിയാഴ്ച ശനിയാഴ്ച സോപ്പിട്ടലക്കി, പാറയില്‍ വിരിച്ചിട്ടുണക്കിയും, വീട്ടിലെ കൊച്ചു കൊച്ചു ജോലികള്‍ ചെയ്തും, ഉള്ള ഭക്ഷണം കഴിച്ചും,  അമ്മ തരുന്ന പൊതിച്ചോര്‍ റബ്ബറിട്ടു കെട്ടിയ പുസ്തകക്കെട്ടിനോടു ചേര്‍ത്ത് നടന്നു നീങ്ങിയ വിദൂരങ്ങളായ വിദ്യാലയ യാത്രകള്‍. മഴവരുമ്പോള്‍ എല്ലാവര്‍ക്കും കുടയില്ലാത്തതിനാല്‍ വാഴയില വെട്ടി തലയ്ക്കു മുകളില്‍ ചൂടി വയല്‍ വരമ്പിലൂടെയും പുഴ കടന്നും ഉള്ള യാത്രകള്‍.ഞയറാഴ്ചകളില്‍ മൂന്നുമൈലുകള്‍ അകലെയുള്ള ദേവാലയത്തിലേക്കുള്ള തീര്‍ത്ഥയാത്ര, പള്ളിയിലെത്തുമ്പോഴേക്കും വി. കുര്‍ബ്ബാന പകുതി കഴിഞ്ഞിരിക്കും. ഒരു വീട്ടില്‍ ഒരു കുര്‍ബ്ബാനക്രമമേ അന്നുണ്‍ടായിരുന്നുള്ളു, അതു് അമ്മയുടെ കയ്യിലായിരിക്കും, കുട്ടികള്‍ കേട്ടു ചൊല്ലും, ക്രമമൊക്കെ മനസിലാക്കിയത് അല്‍പ്പം അറിവായതിനു ശേഷമാണ്. എല്ലാം ഓര്‍മ്മയുടെ ചെപ്പിലെ മലര്‍മണികളാണ്. രാവിലെ ഉണര്‍ന്നാലുടന്‍ അര കപ്പു ആവി പറക്കന്ന കട്ടന്‍ കാപ്പി കിട്ടും, അതു കഴിഞ്ഞാല്‍ വിശാലമായ തെങ്ങിന്‍ തോപ്പു നിറഞ്ഞ പുരയിടത്തിലൂടെ ഒരോട്ടപ്രദിക്ഷണം നടത്തണം, ഒരുവിധം ഓടാവുന്നവര്‍ ഓടും, തെങ്ങുകളുടെ ചുവട്ടില്‍ തേങ്ങാ വീണുകിടക്കുന്നതു പെറുക്കിക്കൊണ്‍ടു വരുകയും, വ്യായാമം ലഭിക്കയുമാണ് പ്രധാന ഉദ്ദേശം. ഒരു തേങ്ങാ കൊണ്‍ുവരുന്നയാള്‍ക്ക് 10 പൈസ കൊടുക്കും, എന്താവേശമായിരുന്നു ഓട്ടത്തിന്. ഓട്ടം കഴിഞ്ഞ് വീടിനടുത്തുള്ള തോട്ടില്‍ കുളിയും കഴിഞ്ഞാണ് വരവ്. ഓരോരുത്തരും  കൊച്ചുകൊച്ചു ജോലികള്‍, ചെയ്തും പഠിത്തത്തില്‍ സമര്‍ദ്ധരായും മുന്നേറി.'വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം' എന്ന് എന്റെ വന്ദ്യപിതാവ് ഞങ്ങളെ ഓര്‍പ്പിച്ചിരുന്നു.

അധികം ആവശ്യങ്ങളും ആഡംബരങ്ങളും ഇല്ലാത്ത, ലളിതജീവിതം നയിച്ച ആ നാളുകള്‍. ബസും, വള്ളവും കയറി, എറെദൂരമുള്ള നടപ്പും ഒക്കെ നാളുകള്‍ എത്ര ആനന്ദപ്രദങ്ങളായിരുന്നു. ബസും, വള്ളവും കയറി,എറെദൂരമുള്ള നടപ്പും ഒക്കെയായി സ്‌ക്കൂള്‍ അടയ്ക്കുമ്പോള്‍ അമ്മവീട്ടിലേക്കുള്ള യാത്രകള്‍, വല്യമ്മച്ചിയുടെ അടുത്ത് എത്തുമ്പോഴേയ്ക്കും എല്ലാം മറന്നു സന്തോഷിക്കും    കുറച്ചു ദിവസം അടിച്ചു പൊളിച്ചു താമസിച്ചിട്ടു മടക്കം. തിരികെ  പോരുമ്പോള്‍ കൈനിറയെ പൈസ, പുത്തനുടുപ്പുകള്‍, ആകെ ആഘോഷപൂരിതം. കരഞ്ഞും തിരിഞ്ഞുനോക്കിയും മടക്കയാത്ര.  'ഉത്രൃട്ടാതി നാളും സീതയെന്നുള്ള പേരും വരല്ലേ' എന്റെ വല്യമ്മച്ചി പാടിയത് ഓര്‍ക്കുന്നു.  

ലപ്പോഴും  സ്‌ക്കൂളില്‍ പോകുമ്പോള്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ കയ്യിലെ ചോറുപൊതി വഴിയരികില്‍ ഇരിക്കുന്ന ധര്‍മ്മക്കാര്‍ക്കു കൊടുക്കയും ഉച്ചയ്ക്കു വെള്ളം കുടിച്ചു കൊണ്‍ട് ഇരിക്കയും ചെയ്തിരുന്നത് കറേ നാള്‍ കഴിഞ്ഞാണ് വീട്ടില്‍ അറിഞ്ഞത്, അമ്മച്ചി അത്ഭുതപ്പെട്ടുപോയി. പില്‍ക്കാലത്ത്'മാര്‍ഗ്ഗദീപം' എന്ന കവിത ഞാനെഴുതിയത് ഈ പശ്ഛാത്തലത്തിലാണ്.  

എല്ലാ വെള്ളിയാഴ്ചയും സ്‌ക്കൂള്‍ വിട്ടു പോരുമ്പോള്‍ കൂട്ടുകാരെ വിട്ട് ഞങ്ങളുടെ പള്ളിയുടെ മുന്നിലൂടെ പോകുന്ന റോഡിലൂടെയാണ് എന്റെ മടക്കയാത്ര. പള്ളിയുടെ വാതില്‍ക്കല്‍ കയറി പ്രാര്‍ത്ഥിക്കാനാണ് ആ വഴി വരുന്നത്. പള്ളിയുടെ പടിഞ്ഞാറെ വാതില്‍ അടഞ്ഞു കിടക്കും, വാതില്‍ക്കല്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിച്ചിട്ടു മടങ്ങും.ഒരു ദിവസം പള്ളിയിലെ കപ്യാര്‍ വന്നു പറഞ്ഞു, കൊച്ചിനെ അച്ചന്‍ അന്വേഷിക്കുന്നു എന്ന്. അവിടുത്തെ പാഴ്‌സണേജിലാണ് അച്ചന്‍ താമസിച്ചിരുന്നത്. ഞാന്‍ പേടിച്ചാണ് അച്ചനെ കാണാന്‍ ചെന്നത്, 12 വയസേ ഉള്ളു.'നീ എതാ' എന്ന് അച്ചന്‍ ചോദിച്ചപ്പോള്‍, മെല്ലെ പേരു പറഞ്ഞു, സെന്റ് തോമസ് ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് സാറിന്റെ മകളാണെന്നും.'നീ എന്താണു പ്രാര്‍ത്ഥിക്കുന്നത്?' നല്ല കുട്ടി ആക്കണേ, വീട്ടില്‍ എല്ലാരേം അനഗ്രഹിക്കണേ, നല്ല ഭാവി തരണേ' എന്ന്. പൊക്കോ, നന്നായി പഠിക്കണം, പ്രാര്‍ത്ഥിക്കണം , പള്ളിയില്‍ വരണം എന്നു പറഞ്ഞ് മടക്കി അയച്ചു.

കുട്ടികള്‍ വളര്‍ന്നു, ജീവിതം വേറൊരു തലത്തിലേക്കൊഴുകി, കെട്ടിലും മട്ടിലും മാറ്റങ്ങള്‍ വന്നു. എന്റെ വന്ദ്യപിതാവ് ഒരു ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്ററായിരുന്നുവെങ്കിലും എന്നും പണത്തിനു നന്നേ ഞെരുങ്ങിയിരുന്നു, എങ്കിലും മക്കളെയെല്ലാം വിദൂരങ്ങളായ കോളജുകളില്‍ വിട്ടു പഠിപ്പിച്ചു. സന്ധ്യയ്ക്കു കത്തിച്ച നിലവിളക്കിനു മുമ്പിലിരുന്നുള്ള പ്രാര്‍ത്ഥനയും രാമരാമാലാപവും ഗ്രാമത്തില്‍ ആത്മീയത നിറച്ചിരുന്നു. ഒരു വിധത്തിലും മാതാപിതാക്കളെ വിഷമിപ്പിക്കരുതെന്ന വൃതം എനിക്കുണ്‍ടായിരുന്നു. ഒരിക്കല്‍ എന്റെ അമ്മച്ചി എന്നോട് ഒരു ജോലി ചെയ്യുവാന്‍ പറഞ്ഞതു ഞാന്‍ അല്‍ചം താമസിച്ചു ചെയ്തതിനു പ്രായശ്ചിത്തമായി രാത്രിയില്‍ അമ്മ ഉറങ്ങിക്കിടന്നപ്പോള്‍ ആ കാലുകള്‍ ഒരു മൊന്തയില്‍ വെള്ളം കൊണ്‍ടുചെന്നു കഴുകിക്കുടിച്ചത് ഓര്‍ക്കുന്നു, പത്തു വയസ്സേ അന്നു പ്രായമുള്ളു. അമ്മയെ വിഷമിപ്പിച്ചാല്‍ കാല്‍ കഴുകി കുടിക്കണമെന്നു ഞാന്‍ കേട്ടിരുന്നു.

രണ്‍ടാം ലോകമഹായുദ്ധം കഴിഞ്ഞതോടു കൂടി നാട്ടില്‍ ക്ഷാമം അതിക്രമിച്ചു. അരി, മണ്ണെണ്ണ, തുണികള്‍ തുടങ്ങി സകലതിനും റേഷന്‍. രാത്രിയില്‍ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെട്ടത്തിലിരുന്നാണ് വീട്ടില്‍ കുട്ടികളുടെ പഠിത്തം, രണ്‍ടു മൂന്നുപേര്‍ ഒരുമിച്ചിരുന്നാണ് പഠിക്കുന്നത്. അതൊരു പ്രയാസമായി അന്നു തോന്നിയിരുന്നില്ല. വീട്ടില്‍ വളര്‍ത്തുന്ന പശുവിന്റെ പാലും, കോഴിയുടെ മുട്ടയും, അന്തിച്ചന്തയിലെ മീനും, വല്ലപ്പോഴും വാങ്ങുന്ന മാട്ടിറച്ചിയുമൊക്കെ സുഭിക്ഷത നല്‍കിയിരുന്നു. ഭക്ഷണത്തിന് ആരും ഒരു നിര്‍ബന്ധവും കാണിച്ചിരുന്നില്ല.
 
എന്റെ ഗ്രാമത്തിലെ ഒരു പ്രധാന നീരോട്ടമായിരുന്നു'വലിയ തോട്'. വെയിലത്തും മഴയത്തും നിറഞ്ഞൊഴുകുന്ന ആ തോട്ടില്‍ നീന്തിക്കുളിക്കുന്നതു് ഓര്‍ക്കയാണ്. ഇന്ന് ആ തോട്വിഷമൊഴുകുന്ന ഓടപോലെയായി. നടന്നുപൊയ്‌ക്കൊണ്‍ടിരുന്ന വലിയതോട്ടില്‍ ഒരു പാലമുയര്‍ന്നു. കേരളത്തില്‍ 44 നദികളുണ്‍ട്. അവ മിക്കതും മാലിന്യക്കൂമ്പാരങ്ങളായി, കുപ്പത്തൊട്ടികളായി പ്ലാസ്റ്റിക്കു നിറയുന്ന ഓടകളായി മാറിക്കഴിഞ്ഞിരിക്കുന്നു. നദികളെ അമ്മയെന്നു കരുതിയ ഒരു കാലമുണ്‍ടായിരുന്നു.

ഞാന്‍ ഹൈസ്‌ക്കൂള്‍ കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്ന ചിന്തയായി, അന്നൊക്കെ എന്റെ ഗ്രാമത്തിലെ മിക്ക ആണ്‍കുട്ടികളും മിലിട്ടറി, നേവി, എയര്‍ഫോഴ്‌സ് എന്നിവിടങ്ങളിലേക്കും  പെണ്‍കുട്ടികള്‍ ദുരസ്ഥലങ്ങളിലേക്കു നേഴ്‌സിംഗിനും, ചിലര്‍ ടൈപ്പും ഷോര്‍ട്ട് ഹാന്‍ഡും പഠിക്കാനും പോയിരുന്നു. നേഴ്‌സിംഗിനു് സ്റ്റൈപ്പെന്‍ഡ് കിട്ടിയിരുന്നത് ആശ്വാസമായിരുന്നു. 16 , 17 വയസുമാത്രം പ്രായമുള്ള  തളിരു പെണ്‍കിടാങ്ങള്‍ ഒരു തകരപ്പെട്ടിയും തൂക്കി കേരളത്തിനു പുറത്തേക്കു പോയവരാണ് പല്‍ക്കാലത്ത് കേരളത്തിന്റെ നട്ടെല്ലായി സ്വന്തം കുടുംബങ്ങളെ രക്ഷപ്പെടുത്തിയ ജ്യോതിസുകള്‍. ഉയര്‍ന്ന നിലയില്‍ ഹൈസ്‌ക്കൂള്‍ പാസായ എന്നെ കലാലയത്തിലയക്കണമെന്ന് അപ്പച്ചനാഗ്രഹം. അങ്ങനെ കൊല്ലം ഫാത്തിമാ മാതാ നാഷണന്‍ കോളജിലാണ് ഞാന്‍ കലാലയ വിദ്യാഭ്യാസം നടത്തിയത്. കുണ്‍ടറെ അമ്മവീട്ടില്‍ നിന്നും ട്രെയിനില്‍ പോയിവന്നായിരുന്നു യാത്ര. എന്റെഇളയ സഹോദരങ്ങളും താമസിയാതെ കോളജിലെത്തി,UC college Alwaye, University college, Trivandrum, Alleppey Medical College  എന്നിവിടങ്ങളിലായി പഠനം തുടര്‍ന്നത് എന്റെ പിതാവിന് അല്‍പം ഭാരമായിരുന്നു. ഇന്നത്തേപ്പോലെ അന്നു ലോണ്‍ ഒന്നും ലഭ്യമായിരുന്നില്ല. കൊല്ലം ഫാത്തിമാ കോളജില്‍ നിന്നും ഫസ്റ്റ് ക്ലാസോടെ ഞാന്‍ പാസായതും മെഡിസിനു പോകണമെന്നുള്ള ആഗ്രഹത്തില്‍ പൂനാ ആംഡ് ഫോഴ്‌സസ് ത്തമെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചുവെങ്കിലും, അത്ര ദൂരത്തേക്ക്, മിലിട്ടറി ഡോക്ടറാകാന്‍ വിടുന്നതിനോട് എന്റെ അമ്മച്ചിക്ക് വിയോജിപ്പായതിനാലും ആ ആഗ്രഹം സഫലമായില്ല, ഞാന്‍ ഒരാഴ്ച കരഞ്ഞു. അപ്പോഴേയ്ക്കും കൂനൂര്‍ സ്റ്റെയിന്‍സ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂളില്‍ റ്റീച്ചറായി ജോലി കിട്ടി, അതും അമ്മച്ചിക്ക് മകള്‍ അത്ര ദൂരത്തില്‍ പോകുന്നതിനു വിഷമമായിരുന്നതിനാല്‍ അമ്മയ്ക്ക് അസുഖമായി, കുറച്ചു മാസങ്ങള്‍ക്കകം എനിക്കു വിഷമത്തോടെ തിരികെപ്പോരേണ്‍ടി വന്നു. വളരെ ദുര്‍ഘടമായ  യാത്രയായിരുന്നു കൂനൂര്‍ യാത്ര.'മേട്ടുപ്പാളയ'ത്തുനിന്ന് ഒരു മലമുകളിലൂടെ പല്ലും പഴുതും ഉള്ള റെയില്‍ച്ചക്രങ്ങള്‍ പാമ്പിഴയുന്നതുപോലെ മെല്ലെ ഇഴഞ്ഞായിരുന്നു അന്നു ട്രെയിന്‍ നീങ്ങിയിരുന്നത,് ഇന്നു വ്യധവത്യസ്തമായിരിക്കാം. തിരികെയെത്തി പിന്നീട് ബി.എഡ്. കഴിഞ്ഞ് കടമ്പനാട് ഹൈസ്‌ക്കൂളില്‍ റ്റീച്ചറായി..1967ല്‍ 250 രൂപയായിരുന്നു മാസശമ്പളം.

1970 ജൂലൈ 27 ന ്എന്റെ വിവാഹം കഴിഞ്ഞു. കുമ്പഴ യോഹന്നാന്‍ ശങ്കരത്തില്‍ ശെമ്മാശന്‍, എന്ന ഒരു യുവകോമളന്‍, അന്ന് പ്രഗത്ഭനും പ്രശസ്തനുമായ ഒരു കണ്‍വന്‍ഷന്‍ പ്രാസംഗികനായിരുന്നു. മലയാളം സംസ്‌കൃതം എം.ഏ കഴിഞ്ഞ് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ജോലി കിട്ടിയതു വിട്ടിട്ട്,'മലങ്കര സഭ' (മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക നാവ്)യുടെ പത്രാധിപരായിരിക്കെയാണ് ഞങ്ങളുടെ വിവാഹം,  താമസിയാതെ വൈദികനായി, അദ്ദേഹത്തിനു ന്യൂയോര്‍ക്ക് യൂണിയന്‍ തീയോളജിക്കല്‍ സെമിനാരിയില്‍ നേരത്തേ പ്രവേശനം ലഭിച്ചിരുന്നതിനാല്‍ 1970 സെപ്റ്റമ്പര്‍ 10 നു് ന്യൂയോര്‍ക്കിനുയാത്രയായി.

ഞാന്‍ 1971 ജനുവരി ഒന്നിന്, ന്യൂയോര്‍ക്കിലെത്തി. സംഭവബഹുലമായ വര്‍ഷങ്ങള്‍ കടന്നുപോയി. വിരലിലെണ്ണാവുന്ന മലയാളികളേ ഇവിടെ അന്നുണ്‍ടായിരുന്നുള്ളു. 1972 ആയപ്പോഴേയ്ക്കും നേഴ്‌സിംഗ് രംഗത്ത് വിസാ ലഭ്യമാക്കിയതോടുകൂടി ആളുകള്‍ കൂടുതല്‍ വരുവാന്‍ തുടങ്ങി. പ്രത്യേക തൊഴില്‍ പരിജ്ഞാനമില്ലാഞ്ഞതിനാല്‍ അനേകം ചെറു ജോലികള്‍ ചെയ്തു, അച്ചന്‌. S.T.M  (Master of Sacred Theology) ഡിഗ്രി ലഭിച്ചു. 1971 മെയ് മുതല്‍ ജൂലൈ വരെ ന്യൂജേഴ്‌സിയിലുള്ള ഒരു സമ്മര്‍ ക്യാമ്പില്‍ രണ്‍ടുപേര്‍ക്കും ജോലി കിട്ടി, അച്ചന് ചാപ്ലൈന്‍ ആയും എനിക്ക് കൗണ്‍സലര്‍ ആയും. രണ്‍ടുമാസത്തേക്ക് രണ്‍ടുപേര്‍ക്കും കൂടി$2000കിട്ടി, അന്ന് അതൊരു വലിയ തുക.യായിരുന്നു  എന്തു പഠിച്ചാല്‍ നല്ല ജോലി കിട്ടും എന്നൊന്നും പറഞ്ഞുതരുവാന്‍  ആരുമില്ലായിരുന്നു, ആ തുക ആദ്യ ഫീസായി കൊടുത്ത് സിറ്റി യൂണിവേഴ്‌സിറ്റിയില്‍ എനിക്ക്‌ .M.Ed  ന് അഡ്മിഷന്‍ കിട്ടിയതിനു ചേര്‍ന്നു,  രണ്‍ടു വര്‍ഷത്തെ പഠിത്തം, റ്റീച്ചിംഗ് ലൈസന്‍സും നേടി, ഇടയ്ക്ക് ചെറിയ ജോലിയും ചെയ്തു. വളരെയധികം ദൂരെയുള്ള, ഒരു സ്‌ക്കൂളില്‍ കിട്ടിയ ജോലി തുടരാന്‍ പ്രയാസമായിരുന്നതിനാന്‍ അതു വിട്ടിട്ട് എന്‍ജിനീയറിംഗിനു ചേര്‍ന്നു, പകല്‍ ഒരു ലാബില്‍ ജോലി കിട്ടി, വൈകിട്ടു കോളജില്‍ പോക്ക്. പണത്തിനു നന്നേ ഞെരുക്കം, വൈദികനായി ശെമ്മാശന്‍ വന്നതിനാല്‍ മന്‍ഹാറ്റനിലെ ഒരു ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വൈദികനായി, പക്ഷേ വരുമാനമൊന്നും ഇല്ലായിരുന്നു, ഇതിനിടെ Immigrant visaകിട്ടി,ബ്രോംഗ്‌സില്‍ ഒരു സ്റ്റുഡിയോ അപ്പാര്‍ട്ടുമെന്റില്‍ താമസമായി, മാസം 110 ഡോളര്‍ വാടക, അതും വളരെ ഞെരുങ്ങിയാണു് കൊടുത്തത്. ഇതിനിടെ അച്ചന്റെ ഒരു ആത്മസുഹൃത്തായ ഒരു വൈദികനെ ഇവിടെ എത്താന്‍ സഹായിച്ചു, അദ്ദേഹവും ഞങ്ങളുടെ ഒറ്റ മുറിയിലെ ഒറ്റ ബെഡ്ഡിലും ഞങ്ങള്‍ തറയില്‍ ഷീറ്റു വിരിച്ചും കിടന്നു. ഏകദേശം ഒരു വര്‍ഷം കടന്നുപോയി, അന്നത്തെ ജീവിതം ഇന്ന് ഒരത്ഭുതമായി തോന്നുന്നു. അച്ചനും പഠിക്കാന്‍ തുടങ്ങി, ലോണ്‍ എടുത്തു പഠിച്ചു.

ഇതിനിടെ  Creedmore Psychiatric hospital, New York  ല്‍ അച്ചനു ജോലിയായി, എനിക്ക് നാസാ കൗണ്‍ടിDPW Engineer ആയി ജോലി കിട്ടി. ജീവിതം സാവധാനം മുന്നോട്ടു നീങ്ങി, രണ്‍ടു പുത്രന്മാര്‍ക്കു ജന്മം നല്‍കി, പല ദേവാലയങ്ങള്‍ ന്യൂയോര്‍ക്കിലും സമീപ ദേശങ്ങളിലും അദ്ദേഹം രൂപീകരിച്ചു, കാലാന്തരത്തില്‍ വിശ്രമരഹിതമായ ജീവിതത്താല്‍ ആകെ അഞ്ചു മാസ്റ്റര്‍ ബിരുദങ്ങള്‍(M.A.- Malayalam & Sanskrit (Kerala) , S.T.M.- Theology,  MS. – Rehabilitation Counseling, M.S. Therapeutic Recreation, M.S. Counseling Psychology, &  Doctorate –(Theology) അച്ചന്‍ സമ്പാദിച്ചു. ധാാരാളം ബന്ധുമിത്രാദികളെ അമേരിക്കന്‍ മണ്ണില്‍ എത്തിച്ചു, ഒരു വീടു വാങ്ങി, അന്ന് 60,000 ഡോളര്‍ വില, ഒരു വലിയ തുകയായിരുന്നു. എന്നും വീടുനിറയെ ആളുകള്‍.  

'കൂട്ടരു കരയെത്തിയല്‍പം കഴിഞ്ഞപ്പം
നീയെന്തു ചെയ്‌തെന്ന ചോദ്യം മിച്ചം'.

ഞങ്ങളുടെ രണ്‍ടു വീടുകളില്‍ നിന്നും സഹോദരങ്ങളെത്തി, അനേകം ബന്ധുിത്രാദികളെയും ഇവിടെയെത്തിച്ചു, എന്റെ കുഞ്ഞുങ്ങളുടെ ബാല്യത്തില്‍ എന്നും  വീടു നിറയെ ആളുകള്‍, പണത്തിനു ഞെരുക്കം, കുഞ്ഞുങ്ങളും വളര്‍ന്നു. അനേകം  തവണ ഓരോ ആവശ്യത്തിനു കേരളത്തിലേക്കുള്ള യാത്ര, വീട്ടുകാരെ സഹായിക്കണം, ഒരു ഡോളറിനു്7 രൂപ വില, ഞങ്ങള്‍ കൊണ്‍ടുവന്നവരെല്ലാം തന്നെ ഇന്ന് സന്തുഷ്ടിയില്‍ കഴിയുന്നു.1970 മുതല്‍ ഇന്നുവരെ 72  പ്രാവശ്യത്തെ കേരള യാത്ര, അത്ഭുതം തോന്നുന്നു. ''സംതൃപ്തമായ ഒരു കുടുംബജീവിതം ദൈവം ഞങ്ങള്‍ക്കുതന്നു, 50 വര്‍ഷത്തെ ദാമ്പത്യജീവിതം, പരാതിയോ പരിഭവങ്ങളോ ഇല്ലാതെ പരസ്പരം സ്‌നേഹിച്ചും, ബഹുമാനിച്ചും , ഭാരങ്ങള്‍ വഹിച്ചും, ദൈവകരങ്ങളില്‍ സമര്‍പ്പിച്ചും ജീവിച്ച നാളുകള്‍. എന്നിലെ കാവ്യ നാളത്തെ ഊതിപ്പെരുപ്പിച്ച് 13കാവ്യ തല്ലജങ്ങള്‍ വിടര്‍ത്താന്‍ പ്രേരിപ്പിച്ച്, ജീവിതത്തെ ധന്യമാക്കിയ എന്റെ പ്രാണനാഥനെ എന്നും സ്‌നേഹാദരങ്ങളോടെ നമിക്കുന്നു. ഒരിക്കലും ഒന്നു പിണങ്ങിയിരിക്കാന്‍ അനുവദിക്കാത്ത സ്വഭാവമായിരുന്നു അദ്ദേഹത്തിന് .ഞങ്ങളുടെ ഭവനം അമേരിക്കയിലെ ഒരു തറവാടായിരുന്നു അദ്ദേഹം ഇവിടെ ഉണ്‍ടായിരുന്നപ്പോള്‍.. ഇന്ന് എന്റെ അനാഥമായ ഭവനത്തില്‍ ആരും വരുന്നില്ല, പൂര്‍ണ്ണസംഖ്യയറ്റ പൂജ്യമായി, ഏകാന്തതയുടെ വിഷാദഭൂമിയായി, സുന്ദരസ്വപ്നങ്ങളുടെ ഓര്‍മ്മകളും പേറി, ഈ മനോഹര ഭവനത്തില്‍ ഞാന്‍ ഏകാകിയായി ജീവിക്കന്നു. മക്കള്‍ രണ്‍ടുപേരും മരുമകളും കൊച്ചമകളും സ്‌നേഹസാന്ത്വനങ്ങള്‍ പകര്‍ന്നു തരുന്നുണ്‍ട്. എന്നും ഏതിലും സന്തുഷ്ടിയും സംതൃപ്തിയും കാണുവാന്‍ കഴിയുന്ന ഒരു മനസ്സാണ് എന്റെ സമാധാനവും സന്തോഷവും.

വിശ്രമരഹിതനായി, സ്വദാ പരിശ്രമിയായി, ദൈവപരിളാനയില്‍ പരിലസിച്ച ആ വന്ദ്യദേഹം 2021 മാര്‍ച്ച് 20 നു് 85 ാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ ആഗ്രഹം, എഴുതി രേഖപ്പെടുത്തിയിരുന്ന പ്രകാരം, കോവിഡിന്റെപരിമിതിയില്‍ ഒരു വര്‍ഷം ന്യൂയോര്‍ക്ക് ക്യൂഗാര്‍ഡന്‍സ് മേപ്പിള്‍ഗ്രോവ് സെമിറ്ററിയില്‍ മൃതദേഹം സൂക്ഷിച്ചശേഷം 2022 മാര്‍ച്ചില്‍ കുമ്പഴെ സെന്റ് മേരീസ് വലിയ കത്തീഡ്രലില്‍ സംസ്‌ക്കരിച്ചു. അനേകം പേര്‍ തീര്‍ത്ഥാടനം പോലെ ആ ശവകുടീരം സന്ദര്‍ശിക്കുന്നു. ഒരു സ്വര്‍ഗ്ഗതുല്യമായ കുടുംബജീവിതത്തിനു തിരശീല വീണു. എഴുത്തും വായനയും പ്രാര്‍ത്ഥനയും എന്റെ സമയം അപഹരിക്കുന്നു.  അസുഖങ്ങളൊന്നും ഇതുവരെ അലട്ടാന്‍ തുടങ്ങിയില്ല, ആരെയും ആശ്രയിക്കാതെ കഷ്ടപ്പെടുത്താതെ ജീവിതം ദൈവേശ്ഛപോലെ നടത്തണേ എന്ന പ്രാര്‍ത്ഥനമാത്രം.

'സന്തോഷമാകിലും സന്താപമാകിലും
ഉള്ളില്‍ തുളുമ്പുന്നതാത്മഹര്‍ഷം മാത്രം'

കഴിഞ്ഞ രണ്‍ടു മാസങ്ങളിലേറെയായി ഞാന്‍ കേരളത്തില്‍. കുമ്പഴയില്‍ താമസിക്കയായിരുന്നു. വീടുകളില്‍ ഒന്നോ രണ്‍ടോ മാത്രം കുട്ടികളേ ഉള്ളു, അവരെല്ലാം ഹൈസ്‌ക്കൂള്‍ കഴിഞ്ഞാലുടന്‍ യു.കെ., കാനഡ. ഓസ്‌ട്രേലിയ, ജര്‍മ്മനി എന്നിവിടങ്ങളിലേക്കു ചേക്കേറുന്നു. പോകുന്നവരാരും തിരിച്ചുവരില്ല, കേരളം വൃദ്ധസദനമായി മാറിക്കൊണ്‍ടിരിക്കുന്നു, വൃദ്ധസദനങ്ങളം അനാഥാലയങ്ങളും വര്‍ദ്ധിക്കന്നു, എവിടെയും അടഞ്ഞ ജനാലകളുള്ള ഭവനങ്ങളും, സ്ഥലങ്ങളും വില്‍പ്പനയ്ക്കുള്ള പരസ്യങ്ങളും ധാരാളം. അന്യദേശക്കാരുടെ ആദേശം വര്‍ദ്ധിക്കുന്നു. വേഷവിധാനത്തിലും ഭക്ഷണരീതിയിലും വലിയ മാറ്റങ്ങള്‍, ഭക്ഷണക്രമത്തിലെ വ്യതിയാനം കൊണ്‍ട് വിവിധങ്ങളായ വ്യാധികള്‍ മനുഷ്യരെ അലട്ടുന്നു. ആതുരാലയങ്ങള്‍ വര്‍ദ്ധിക്കുന്നു. പണ്‍ട് 10 പൈസയ്ക്കു കിട്ടിയിരുന്ന ചായയ്ക്ക് 10 രുപയില്‍ കൂടുതല്‍. ദിവസം 8 അണയ്ക്കു് ഒരു ദിവസം മുഴുവന്‍ ജോലി ചെയ്തിരുന്ന ആണാള്‍ക്ക് ഇന്ന് 1000 രൂപ. പഴയ മനസ്സുകള്‍ക്ക് ഈ വ്യതിയാനം ഉള്‍ക്കൊള്ളുവാന്‍ പ്രയാസമത്രേ. പച്ചക്കറികള്‍ തമിഴ്‌നാട്ടില്‍ നിന്നു വരണം. മലയാളികള്‍ക്കു കൈകൊണ്‍ടു ജോലി ചെയ്യാന്‍ മടി. ഭയാനകമായ അന്തരീക്ഷം. 55 വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ വിവാഹസമയത്ത് ഒരു പവന്റെ വില 125 രൂപ, ഇന്ന് 55000 രൂപയില്‍ കൂടുതല്‍. അന്നു വീട്ടുജോലിക്കു വീട്ടില്‍ താമസിച്ചിരുന്ന ഒരു ആണ്‍കുട്ടിക്കോ പെണ്‍കുട്ടിക്കോ മാസം രണ്‍ടു രൂപാ ശമ്പളം. 60 വര്‍ഷങ്ങളായി എന്റെ ജന്മവീട്ടില്‍ ജോലിക്കെത്തിയ'മത്തായി'ക്ക് ഇന്ന് 75 വയസായി, ഇന്നും ഭാര്യയുമൊത്ത് ഞങ്ങളുടെ വീട്ടില്‍ താമസിച്ച് പഴയതിലും മോടിയായി വീടു സൂക്ഷിക്കുന്നു. മാതാപിതാക്കള്‍ വിടപറഞ്ഞുവെങ്കിലും മത്തായിയുടെ സാന്നിധ്യം വീടിനെ ചൈതന്യവത്താക്കുന്നു, രണ്‍ു പെണ്‍മക്കള്‍ വിവാഹിതരും മക്കളുമൊക്കെയായി അവരവരുടെ വീടുകളില്‍ താമസിക്കുന്നു. ഇന്ന് ഞങ്ങളുടെ വീടുുമെല്ലാം നോക്കി കഴിയുന്ന ഇതുപോലെയുള്ള ആളുകളെ കിട്ടാന്‍ ഒരിക്കലും സാദ്ധ്യമല്ല, ആരു ചെയ്ത സുകൃതമോ?

എന്റെ ജീവിതത്തെ ധന്യമാക്കിയ, എന്നിലെ സ്വപ്നങ്ങളില്‍ പ്രഭചൊരിഞ്ഞ, എന്റെ കാവ്യാഭിരുചി ഊതിക്കാച്ചിയ എന്റെ പ്രണേശ്വരന്റെ പാദാരവിന്ദങ്ങളെ പ്രണമിച്ചുകൊണ്‍ട് എന്റെ രചനകളുടെ ഒരു ചെറു വിവരണം കുറിക്കട്ടെ.

ആകെ 13 സാഹിതീ തല്ലജങ്ങള്‍ എന്റെ വിരല്‍ത്തുമ്പിലൂടെ വെളിച്ചം കണ്‍ടിട്ടുണ്‍ട്, 9 കവിതാസമാഹാരങ്ങള്‍, രണ്‍ു ലേഖനസമാഹാരങ്ങള്‍, ഗീതാഞ്ജലീ വിവര്‍ത്തനം ഇംഗ്ലീഷില്‍നിന്നും 450ല്‍ പരം വൃത്തബദ്ധമായ കവിതകളായള്ള രചന,എന്റെ പ്രാണനാഥന്റെ വിരഹത്തില്‍വാര്‍ന്നൊഴുകിയ ബാഷ്പധാര സ്വരുക്കൂട്ടിയ'സുഗന്ധസ്മൃതികള്‍' എന്ന സ്മരണിക.
17 ല്‍ പരം പ്രശസ്തങ്ങളായ പുരസ്‌ക്കാരങ്ങള്‍ക്കും അര്‍ഹയായിട്ടുണ്‍ട്.                                              

ഫൊക്കാനാ  ഫോമാ പുരസ്‌ക്കാരങ്ങള്‍ 1994, 1996, 1998, 2004, 2010, 2010 (ഫോമ)  (6 awards)
 

Jwala Award -Houston, US 1996
AKBS Award  - US. 1998
Nalappattu Narayana Menon Award, US  1998
Sankeerthanam Award, Kerala, India   1998 
Philadelphia Malayalee Association. Award 1998

Mammen Mapila Memorial Award, US  1999
Millenium Award , US. 2000
KCNA Baltimore- the Best Poet 2006
Malankara Orthodox Sabha Centenary Award    2012 (സാഹിത്യ പ്രതിഭ)
E-Malayalee- The Best Poet of America Award 2016
Kerala Center- 2019- the Best Poet Award 2016                                                          
                                               

കൃതികള്‍:

1. കന്നിക്കണ്‍മണി (1994)- 50 കവിതകള്‍ (NBS, Kottayam)
2. സ്‌നേഹതീര്‍ത്ഥം (1996) - 20 കവിതകള്‍ (NBS, Kottayam)
3. ദാവീദിന്റെ രണ്‍ടു മുഖങ്ങള്‍(1998)  -വിദ്യാര്‍0ര്‍ത്ഥിമിത്രം
4. ഗലീലയുടെ തീരങ്ങളില്‍ (1998)-Alois Graphics    
5. മൂല്യമാലിക                 (2000) 110 കവിതകള്‍ (Alois Graphics)
6. ഗീതാഞ്ജലി വിവര്‍ത്തനം)(2001) 450 കവിതകള്‍(D.C. Books)       
7. പിന്നെയും പൂക്കുന്ന സ്‌നേഹം (2005)Current Books
8. ജന്മക്ഷേത്രം   (2009)- 40 കവിതകള്‍ (പ്രഭാത് ബുക്ക്‌സ്)
9. നേര്‍ക്കാഴ്ചകള്‍ (2014)-കഥകള്‍, ലേഖനങ്ങള്‍ (പ്രഭാത്..)
10. True Perspectives (2016)         23 Articles, Stories - Creative Minds, Kottayam
11.ശങ്കരപുരി കുടുംബത്തിന്നടിവേരുകള്‍
12. കാവ്യദളങ്ങള്‍ (2020)-60 കവിതകള്‍ (Alois Graphics)
13. സുഗന്ധ സ്മൃതികള്‍(2022)- 39 സ്മാരണങ്ങള്‍ (Alois Graphics)

കുടുംബം:

ഭര്‍ത്താവ്, മലങ്കര ഓര്‍ത്തഡോകസ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ പ്രഥമ വികാരിയും, പ്രഥമ കോറെപ്പിസ്‌ക്കോപ്പായുമായിരുന്ന വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ, 2്ര021 മാര്‍ച്ച് 20 നു ദിവംഗതനായി). മക്കള്‍: മാത്യു യോഹന്നാന്‍ (ബിസിനസ്), തോമസ് യോഹന്നാന്‍Brinda Yohannan, Grand daughter  Luna Jaya Yohannan Address 58 Bretton Road Garden City Park““New York 11040 Email: Yohannan.elcy@gmail.com. Tel:,516-850-9153

അശീതീ ജന്മര്‍ഷമംഗളങ്ങള്‍ !!!!
 

Join WhatsApp News
ജോസഫ് നമ്പിമഠം 2024-06-14 21:48:35
ശ്രീമതി എൽസി ശങ്കരത്തിലിന് സ്നേഹാദരവുകളോടെ പിറന്നാൾ ആശംസകൾ നേരുന്നു. ആയുരാരോഗ്യത്തോടെ ഇനിയും എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Best wishes. Happy birthday.
Jacob George 2024-06-14 23:23:18
ഇത് എൽസി സങ്കരത്തിലിന്റെ മാത്രം കഥയല്ല. ആക്കാലത്തു വന്ന ഇല്ല മലയാളിയുടെയും കഥയാണ്. സ്നേഹാദരങ്ങൾ.
Jayan varghese 2024-06-15 00:21:25
അനുഭവങ്ങളുടെ ആഴങ്ങളിൽ മുങ്ങി വസ്തുതകളുടെ മുത്തുകൾ വാരി സഹജീവികൾക്ക് സമ്മാനിക്കുന്ന രണ്ട് വനിതകൾ. ശ്രീമതിമാരായ എൽസി യോഹന്നാൻ ശങ്കരത്തിലും മീനു എലിസബത്തും . അവരുടെ സത്യ സന്ധമായ വിവരണങ്ങളിലൂടെ അമേരിക്കൻ നാഗരികതയിൽ സ്വപ്നച്ചിറകുകളിൽ പറന്നിറങ്ങുന്ന പച്ചപ്പ്‌ മാറാത്ത മലയാള മനസ്സുള്ള മനുഷ്യരുടെ കണ്ണീരും പുഞ്ചിരിയും വിരിഞ്ഞിറങ്ങുന്നു. പിറകേ വരുന്നവർക്ക് വഴി വിളക്കുകളായി പരിണമിച്ചേക്കാവുന്ന ഈ വഴികാട്ടികൾക്ക് അഭിവാദനങ്ങൾ !
Jacob mathai 2024-06-15 00:58:23
I came to new York in 1972. Rented an apt in Bronx. The rent was $109. Lot of memories about the struggle of a new immigrant. Once I visited beloved Achan and Elsi Kochamma in New York. They provided a great lunch and we had good conversations. Achan went to be with the Lord and Kochamma is still a great inspiration for others.
Teresa Antony 2024-06-15 03:25:34
Beautiful story. Happy 80th Birthday dear Elsy. May God Bless you with good health , joy and Peace. I am so proud of all your accomplishments. What a collection of publications! and awards! Wishing you all the best
JOHN ELAMATHA 2024-06-15 12:48:02
ശ്രീമതിയിൽ സി യോഹന്നാന് ഈ ധന്യ മുഹൂർത്തത്തിൽ ജന്മദിനാശംസകൾ നേരുന്നു.ഒപ്പം സർവ്വ ഐശ്വര്യങ്ങളും ആയുരാരോഗ്യങ്ങളും നേരുന്നു!
Raju Mylapra 2024-06-15 11:44:17
ജീവിതയാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലു കൂടി പിന്നിടുന്ന ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിലിന് ആയുരാരോഗ്യങ്ങൾ നേരുന്നു. ശങ്കരത്തിൽ കുടുംബവുമായുള്ള ദീർഘകാല ഊഷ്‌മള ബന്ധം ഓർക്കുന്നു. 'കന്നികൺമണി' യുടെ പ്രകാശനവേള ഓർമ്മയിൽ ഇന്നും പ്രകാശം പരത്തി നിൽക്കുന്നു. എൽസികൊച്ചമ്മയുടെ ആദ്യകാല കവിതകൾ, അമേരിക്കയിലെ ആദ്യകാല പ്രസിദ്ധികരണമായ 'അശ്വമേധം' ത്തിന്റെ താളുകളിലാണ് ഇടം നേടിയിരുന്നത് എന്ന്, അതിന്റെ പത്രാധിപർ എന്ന നിലയിൽ അഭിമാനപൂർവം രേഖപ്പെടുത്തുന്നു. അതിഥി സൽക്കാരത്തിൽ എന്നും ആനന്ദം കണ്ടെത്തിയിരുന്ന, അച്ചന്റേയും കൊച്ചമ്മയുടേയും, 'homemade' വിഭവങ്ങൾ ഇന്നും സ്നേഹമധുരിമയോടെ നാവിൻ തുമ്പിൽ നിൽക്കുന്നു. ഒരിക്കൽ കൂടി എല്ലാ നന്മകളും നിറഞ്ഞ ഒരു ജന്മദിനം ആശംസിക്കുന്നു.
Hi Shame 2024-06-16 12:01:56
good article and while reading lots of memories going through my brain and I lived in a small village far away from Thiruvalla.Going to school hospital nil and roads are full of pebbles and no chapels.
Dr. Paul 2024-06-16 15:49:14
A good article indeed. But at the same time, I have noticed a comment of one of your commentators. He is talking about his brain, and I thought of commenting on it as well. It seems his brain is working but it could be read only memory. It is very important to have a brain. There are two types of memory. 1. Retroactive memory and 2. proactive memory. Since he is not sure about his memory is working or not, he has to check it out. Probably he has forgotten his name and that's why he may be writing under the name 'Hi Shame'. There is nothing to be ashamed of it. This can happen to anyone. So please check it out before it gets worse. Sincerely - Dr. Paul
Elcy Yohannan Sankarathil 2024-06-16 18:17:30
Thank you all my beloved friends, actually no enemies I have, on my great birthday, I wrote my small, narrow but long path I passed, I had a happy, blessed life so far, I still feel that I have not lived enough, but had a heavenly wedded life of 50.5 years with my beloved late better half who always kept my happiness above his, he was a godly man, no complaints or regrets I have, always a prayer echoes in my mind like a manthram that kept me going so far, love to all my beloved friends/well wishers, Elcy Yohannan Sankarathil.
Ammu Paulose 2024-06-17 01:12:23
പ്രിയപ്പെട്ട എൽസിക്കൊച്ചമ്മയ്ക്കു കൂപ്പൂകൈ! കൊച്ചമ്മയ്ക്ക് എല്ലാ വിധ ഭാവുകളും ആശംസകളും നേരുന്നു. ദൈവം അധികമായി അനുഗ്രഹിക്കട്ടെ.
Mary mathew 2024-06-17 07:17:18
Dear Elsy Kochamma even though I don’t know you,you accomplished a lot ,feel proud of you You mentioned about you came through the roads and had a beloved husband and got inspiration through your husband lot .All my best wishes on your 80th birthday and more years with good health and more writings .
Problem solver 2024-06-17 15:14:17
Everybody has a right to express themselves. Those comments are based on what they know. If you don't like it, ignore it. But putting down a person is not a good quality . This "Dr. Paul" showed his arrogance through his comment. He concluded that 'Hi shame' is using that name because he forgot his name. In general, doctors are considered smarter than ordinary folks. However, there are exceptions. Do we need prof? Are you the only one "Paul" who is a doctor? So, you shot yourself on the foot by being stupid. Learn to impart your medical knowledge to other less intelligent people in a way they will understand. That will be a noble service and will be appreciated. So change your writing style in a way without putting people down. Are you listenig "Dr. Paul" ? Problem Solved.
Joe 2024-06-17 16:22:10
You have been teasing me for a long time for my memory problem ' fake problem solver.' when you got a kick in the ass from Dr. Paul you started talking gi gi gibberish (sorry for my stutter".) Aren't you the same guy writing under the name 'Hi Shame' Jacob, Problem solver, and sunil ? "You have written another comment about me that Joe Biden had two brain freeze episodes in the last two weeks. Joe will not take a cognitive ability".(The New York Post wrote about the video of Biden under the headline “Biden appears to freeze up, has to be led off stage by Obama at mega-bucks LA fundraiser.” Biden was in California on Saturday for a fundraiser that reportedly brought in more than $30 million, Mediate reported.The event was hosted by late-night host Jimmy Kimmel. At the end of the event, both Obama and Biden were leaving the stage, waving goodbye to the crowd. Obama grabs Biden by the hand and pats him on the back before they walk away. The Hill has reached out to the Biden-Harris campaign for comment, but senior deputy press secretary Andrew Bates denied the New York Post’s characterization of what happened. “Fresh off being fact checked by at least 6 mainstream news organizations for lying about President Biden with cheap fakes, Rupert Murdoch’s sad little super pac, the New York Post, is back to disrespecting its readers and itself once again by pretending the President taking in an applauding crowd for a few seconds is somehow wrong,” Bates’s statement said. “Their ethical standards could deal with a little unfreezing.” In a post on the social media platform X, Eric Schultz, Obama’s senior adviser, reposted the New York Post’s article and said “this did not happen.”) Fifty years I was in Politics, I loved this country, I went through so many tests in my life which you may not understand. When you tease me, I can understand how you treat your parents and elders. America handed over a responsibility to me and I will try to fulfill it until I live. They know I am 81 but they trust me more than the criminal Trump. I travel more miles and interact with people than you imagine. You must me 250 LB like Trump. You better putt a wooden platform with caster wheel on it and try to move. Get the ass out of the couch and start working. 275000 job I created last month. You can easily find a job and can be slim like me. Whey you sleep I am working for you and you call me sleepy joe. Wake up guy wake up and stop watching rightwing News.
George Thumpayil 2024-06-19 00:06:39
പ്രിയ എൽസി കൊച്ചമ്മ, ഹരിത ഭംഗി നിറഞ്ഞ പുല്മേഡിലൂടെ സ്വച്ഛന്തമായി ഒഴുകിയിറങ്ങിയ ഒരു ജലപാതം പോലെ കൊച്ചമ്മയുടെ "തിരിഞ്ഞു നോക്കുമ്പോൾ " അനിർവചനീയമായ അനുഭൂതി പ്രദാനം ചെയ്യുന്നു. ഒരു വിശുദ്ധ കഥാകാരിയുടെ സൂചനകൾ അനുഭവപ്പെടുന്നു. കൊച്ചമ്മയുടെ കുറെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. എല്ലാ ആശംസകളും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക