കുവൈറ്റിൽ ഉണ്ടായ ദാരുണമായ അപകടം കേരളജനതയെ ഞെട്ടിച്ചു. അപകടത്തിൽ മരിച്ച 50 പേരിൽ 41 ഇന്ത്യക്കാരും അതിൽ തന്നെ 24 പേർ മലയാളികളുമാണ്. അപകടത്തിന്റെ കാര്യകാരണങ്ങൾ എന്തുമാകട്ടെ, കേരളത്തെ സംബന്ധിച്ചിടത്തോളം കേരള ജനതയെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു. 12-ആം തീയതി വെളുപ്പിനെ നാലരയോടു കൂടിയാണ് ലേബർ ക്യാംപിൽ തീപിടുത്തമുണ്ടായത്. നിർഭാഗ്യവശാൽ ഉറക്കത്തിലായിരുന്നവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഒരു പെട്ടി സ്വപ്‌നങ്ങളുമായി പ്രവാസ ലോകത്തേക്കു ചേക്കേറിയവർ ഓർക്കാപ്പുറത്തു ചേതനയറ്റു പെട്ടിയിൽ വീട്ടുമുറ്റത്തു വന്നു കയറുന്നത് ആർക്കു സഹിക്കാനാവും?
ആ കുടുംബാംഗങ്ങളുടെ തീവ്രമായ ആത്മവ്യഥയുടെ ആഴം തിരിച്ചറിഞ്ഞ കേരളാ മുഖ്യമന്ത്രി സ്വന്തം കാബിനെറ്റിലെ ഏറ്റവും വിശ്വസ്‌തയായ ആരോഗ്യമന്ത്രി വീണാ ജോർജിനെ കുവൈറ്റിലേക്ക് അയയ്ക്കാൻ തീരുമാനിക്കുന്നു. വീണ അതനുസരിച്ചു യാത്രയാകാൻ തയാറാകുന്നു. വിമാനത്താവളത്തിൽ വച്ച് യാത്രയാകുന്നതിനു തൊട്ടു മുൻപ് ഡൽഹിയിൽ കേന്ദ്ര ഗവണ്മെന്റിന്റെ അനുമതിക്കായി അയച്ചിരുന്ന കത്തിന്റെ മറുപടി വന്നു. “വീണ തത്ക്കാലം പോകണ്ട!”
ഇതെന്തു പണിയാണ്? മരിച്ച 24 പേരുടെ മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുവരണം. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് വേണ്ട പരിചരണം ഉറപ്പാക്കണം, അങ്ങനെ എന്തെല്ലാം! മറുപടിയായി കേന്ദ്ര മന്ത്രാലയം പറഞ്ഞു, വീണേ, മൃതദേഹങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കയറ്റിക്കൊണ്ടിരിക്കുന്നു. പരുക്കേറ്റവരെല്ലാം ആശുപത്രിയിൽ പ്രത്യേക പരിചരണത്തിൽ കഴിയുന്നു. ഇന്നലെ രാവിലെ സംഭവം അറിഞ്ഞയുടൻ തന്നെ വിദേശകാര്യ മന്ത്രിയെ വിളിച്ചു പ്രധാനമന്ത്രി വേണ്ട കാര്യങ്ങളെല്ലാം ചെയ്യാൻ നിർദ്ദേശിച്ചു.
വിദേശകാര്യ സഹമന്ത്രി മണിക്കൂറുകൾക്കകം കുവൈറ്റിലേക്ക് പറന്നു. കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ നിന്നും അംബാസഡർ ഉൾപ്പെടെ ഒരു സംഘം സംഭവ സ്ഥലത്തു ക്യാമ്പ് ചെയ്‌തു കാര്യങ്ങൾ നേരിട്ട് നിയന്ത്രിച്ചു. നമ്മുടെ വിദേശകാര്യം കുവൈറ്റിലെ അമീറുമായി നേരിട്ട് ബന്ധപ്പെട്ടു കാര്യങ്ങൾക്കു തീരുമാനമുണ്ടാക്കി. ഇന്നിപ്പോൾ ഏതാണ്ട് രണ്ടു മണിക്കൂറിനുള്ളിൽ മൃതദേഹങ്ങളുമായി നമ്മുടെ വിമാനം കുവൈറ്റിൽ നിന്നും പറന്നുയരും. അവർ കൊച്ചിയിലേക്കാണ് വരുന്നത്. അതുകൊണ്ടു വീണ ഇപ്പോൾ അങ്ങോട്ട് പോകണ്ട.
സന്ദേശം കേട്ടപ്പോൾ തന്നെ വീണ രാഷ്ട്രീയത്തിൽ തന്റെ തലതൊട്ടപ്പനായ കാരണഭൂതനെ കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹം മുഷ്‌ടി ചുരുട്ടി പ്രതിഷേധിച്ചു. മാധ്യമങ്ങൾ അതേറ്റു പിടിച്ചു. അപ്പോൾ പ്രതിപക്ഷ നേതാവിന് വെറുതെ ഇരിക്കാൻ പറ്റുമോ? അദ്ദേഹവും പ്രതിഷേധിച്ചു. പക്ഷേ, വീണ എന്തിനാണ് പോകുന്നതെന്ന് മാത്രം ആർക്കും മനസ്സിലായില്ല. ഇപ്പോൾ പറയുന്നത് കേന്ദ്രം കേരളത്തെ അവഗണിച്ചു എന്നാണ്.
കുവൈറ്റിൽ നമ്മുടെ പ്രിയപ്പെട്ടവർ മരിച്ചിട്ടു 48 മണിക്കൂറിനുള്ളിൽ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു നിയമനടപടികൾ പൂർത്തീകരിച്ചു പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു എന്നത് നിസ്സാരകാര്യമല്ല. വീണാ ജോർജ് ഒരു സംസ്ഥാനത്തിന്റെ മന്ത്രി മാത്രമാണ്. എംബസിയിലെ ജീവനക്കാരെയോ കുവൈറ്റിലെ പോലീസിനെയോ അന്വേഷണ ഉദ്യോഗസ്ഥന്മാരെയോ നിയന്ത്രിക്കാനോ ശുപാർശ ചെയ്യാനോ അവർക്കാകില്ല. പോകാനായിരുന്നെങ്കിൽ സംഭവം നടന്നു മണിക്കൂറുകൾക്കുള്ളിൽ പോകണമായിരുന്നു. അവിടെ സർക്കാർ ഉണർന്നു പ്രവർത്തിച്ചു കാര്യങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കി. കെഎംസിസി പോലെയുള്ള സന്നദ്ധ സംഘടനകൾ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഇന്ത്യാ ഗവണ്മെന്റിന്റെ നിശ്ചയദാർഢ്യവും കുവൈറ്റ് ഗവണ്മെന്റിന്റെ കാര്യക്ഷമതയും സന്നദ്ധസംഘടനകളുടെ ആത്മാർഥമായ ഇടപെടലും കൂടി ഏകോപിച്ചപ്പോൾ കാര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയായി.
എന്നാൽ അപ്പോഴൊന്നും ഒന്നും ചെയ്യാതെ കാര്യങ്ങളൊക്കെ അവിടെ ഏതാണ്ട് തീരുമാനമായപ്പോൾ വീണയെ അങ്ങോട്ട് കെട്ടി എഴുന്നെള്ളിക്കാൻ മുഖ്യൻ തീരുമാനിച്ചത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. ഇത്രയും കാര്യക്ഷമതയോടെ പ്രവർത്തിച്ച ഇന്ത്യാ ഗവൺമെന്റിന് അഭിനന്ദനങ്ങൾ!
_________________