Image

സൂപ്പർ എട്ടിൽ പോരാട്ടം 19 മുതൽ (സനിൽ പി. തോമസ്)

Published on 16 June, 2024
സൂപ്പർ എട്ടിൽ പോരാട്ടം 19 മുതൽ (സനിൽ പി. തോമസ്)

ട്വൻ്റി 20 ലോക കപ്പിൽ സൂപ്പർ എട്ട് പോരാട്ടം 19 ന് ആൻ്റിഗ്വയിൽ തുടങ്ങുമ്പോൾ യു എസ്.എ. ദക്ഷിണാഫ്രിക്കയെ നേരിടും. തൊട്ടടുത്ത ദിവസം ബാർബഡോസിൽ അഫ്ഗാനിസ്ഥാനെ നേരിടും. ഇത്രയും ആകുമ്പോഴും സൂപ്പർ എട്ടിൽ രണ്ടു ബെർത്തുകൾ നിശ്ചയിക്കപ്പെട്ടിട്ടില്ല. ഗ്രൂപ്പ് എയിൽ നിന്ന്  ഇന്ത്യയും യു.എസ്.എയും അടുത്ത റൗണ്ടിൽ എത്തി. യു.എസ്.-അയർലൻഡ് മത്സരം മഴ മുടക്കിയതോടെ പാക്കിസ്ഥാന് അവശേഷിച്ചിരുന്ന നേരിയ പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു.
ഗ്രൂപ്പ് സി യിൽ നിന്ന് വെസ്റ്റ് ഇൻഡീസും അഫ്ഗാനിസ്ഥാനും സൂപ്പർ എട്ടിൽ കടന്നു.ഗ്രൂപ്പ് ബി യിൽ നിന്ന് ഓസ്ട്രേലിയയും ഗ്രൂപ്പ് ഡിയിൽ നിന്ന് ദക്ഷിണാഫ്രിക്കയും സൂപ്പർ റൗണ്ടിൽ എത്തി.

ഇനി അറിയേണ്ടത് ' ഗ്രൂപ്പ് ബിയിലും ഗ്രൂപ്പ് ഡിയിലും നിന്ന് അടുത്ത റൗണ്ടിൽ എത്തുന്ന ഓരോ ടീം ആരായിരിക്കും എന്നതാണ് . ഇംഗ്ലണ്ടിൻ്റെ കാര്യത്തിൽ മഴ വില്ലനാകുമോ എന്ന ആശങ്കയുണ്ട്. സ്കോട്ലൻഡ് കടന്നു കയറിയെന്നിരിക്കും .ഗ്രൂപ്പ് ഡിയിൽ ബംഗ്ലാദേശിനാണ് സാധ്യത. നെതർലൻഡ്സ് പൊരുതുന്നു.

പാക്കിസ്ഥാൻ, ശ്രീലങ്ക, ന്യൂസിലൻഡ്, ഇംഗ്ലണ്ട് ടീമുകൾ ഒരു പോലെ സൂപ്പർ എട്ടിൽ എത്താതെ വരുന്നത് ലോക ക്രിക്കറ്റിൽ അദ്ഭുഭുതമായിരിക്കും. പക്ഷേ, ഇത് ട്വൻ്റി 20 ആണ്.

സൂപ്പർ എട്ടിൽ രണ്ടു ഗ്രൂപ്പായിരിക്കും. ആദ്യ രണ്ടു സ്ഥാനക്കാർ സെമിയിൽ കളിക്കും. സെമി മുതൽ നോക്കൗട്ട് ആണ്.
ആതിഥേയത്വം വഹിച്ച രണ്ടു ടീമുകളും സൂപ്പർ എട്ടിൽ കടന്നുവെന്നത് സംഘാടകർക്ക് ആവേശം പകരും. ഇനി മത്സരങ്ങൾ എല്ലാം വെസ്റ്റ് ഇൻഡീസിലാണ്.യു.എസ്.മുന്നേറിയെന്നു പറയുമ്പോൾ പാക്കിസ്ഥാനാണ് നഷ്ടം സംഭവിച്ചത്.കപ്പ് നേടിയാൽ വൻ തുകയാണ് പാക്കിസ്ഥാന് കാഷ് അവാർഡ് പ്രഖ്യാപിച്ചിരുന്നത്. ഹോക്കിയിലും ക്രിക്കറ്റിലും പാക്കിസ്ഥാൻ്റെ പഴയ മികവ് വീണ്ടെടുക്കാൻ ഭരണകൂടം തന്നെ മുന്നിട്ടിറങ്ങിയപ്പോഴാണ് ഈ തിരിച്ചടി സംഭവിച്ചത്.

അതിനിടെ ഇന്ത്യ - പാക്കിസ്ഥാൻ മൽസരം നടന്നപ്പോൾ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെടുന്ന ബാനർ പ്രദർശിപ്പിച്ചൊരു വിമാനം സ്റ്റേഡിയത്തിന്നു മുകളിൽ പ്രത്യക്ഷപ്പെട്ടെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാക്കിസ്ഥാൻ ഒരേയൊരിക്കൽ ഏക ദിന ലോക കപ്പ് നേടിയപ്പോൾ നായകൻ ആയിരുന്നു ഇമ്രാൻ ഖാൻ. ഇപ്പോഴത്തെ പാക്കിസ്ഥാൻ ടീമിനെതിരെ വ്യാപക വിമർശനമാണ് പാക്കിസ്ഥാനിൽ ഉയർന്നിരിക്കുന്നത്.

കാനഡയുമായുള്ള ഇന്ത്യയുടെ പോരാട്ടം മഴ മൂലം  ഉപേക്ഷിച്ചു.

ശനിയാഴ്ച ഫ്ലോറിഡയിലെ  സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്ക് സ്റ്റേഡിയം ടർഫ് ഗ്രൗണ്ടിൽ നടക്കേണ്ടിയിരുന്ന  പുരുഷ ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയിലെ ഇന്ത്യയും കാനഡയും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു.  

ശ്രീലങ്ക-നേപ്പാൾ, അയർലൻഡ്-യുഎസ്എ ഏറ്റുമുട്ടലുകൾക്ക് ശേഷം  ഈ ടൂർണമെൻ്റിലെ തുടർച്ചയായ മൂന്നാം തവണയാണ് ശനിയാഴ്ചത്തെ ഏറ്റുമുട്ടൽ ഉപേക്ഷിക്കപ്പെടുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുനിൽ ഗാവസ്‌കറും സഞ്ജയ് മഞ്ജരേക്കറും   ഗ്രൗണ്ട് പൂർണമായി മഴ നനയാത്ത വിധത്തിൽ   മൂടാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചു.  മോശം കാലാവസ്ഥയിൽ വേദികൾ പൂർണ്ണമായും  മഴ നനയാതെ വിധം  ഐസിസി ടൂർണമെൻ്റുകളുടെ ചട്ടങ്ങളിൽ  വ്യവസ്ഥ ഉണ്ടാക്കണമെന്ന്  അവർ ശക്തമായി ശുപാർശ ചെയ്യുകയും ചെയ്തു.

ടീമുകൾ വേദിയിൽ എത്തുമ്പോൾ, ഔട്ട്ഫീൽഡ് നനഞ്ഞിരുന്നു.  

2007-ലെ ചാമ്പ്യൻമാരായ ഇന്ത്യ, നാല് കളികളിൽ നിന്ന് ഏഴ് പോയിൻ്റുമായി ഗ്രൂപ്പ് എയിൽ നിന്ന് തോൽവിയറിയാതെ സൈൻ ഓഫ് ചെയ്തു. ജൂൺ 20-ന് ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ അഫ്ഗാനിസ്ഥാനെതിരായ ആദ്യ സൂപ്പർ എട്ട് മത്സരത്തിലേക്ക് അവരുടെ ശ്രദ്ധ തിരിയും.

നേരത്തെ തന്നെ മത്സരത്തിൽ നിന്ന് പുറത്തായ പാകിസ്ഥാന് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്താൻ ഞായറാഴ്ച  അയർലൻഡിനെതിരായ അവസാന മത്സരം ജയിച്ചേ മതിയാകൂ.

ഫോട്ടോ: ഫ്ലോറിഡയിലെ ക്രിക്കറ്റ്  ആരാധകർ; മഴമൂലം ശനിയാഴ്ച  കാനഡയുമായുള്ള ഇന്ത്യയുടെ പോരാട്ടം  ഉപേക്ഷിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക