Image

പാഠം - ഒന്ന്; മാതാപിതാക്കൾ (ലേഖനം:ഷുക്കൂർ ഉഗ്രപുരം)

Published on 16 June, 2024
പാഠം - ഒന്ന്; മാതാപിതാക്കൾ (ലേഖനം:ഷുക്കൂർ ഉഗ്രപുരം)

ജൂൺ നമുക്കെന്നും ഗൃഹാതുരത്വത്തിന്റെ  ഒരു മാസമാണ്, നമ്മുടെ പാഠശാലകളൊക്കെ ദീർഘ അവധി കഴിഞ്ഞ് വീണ്ടും ഒരു പുതിയ അധ്യയന വർഷത്തിന് നാന്ദി കുറിക്കുന്നത് ജൂണിലാണല്ലോ, മഴയത്ത് കുടയും ചൂടി സ്കൂളിലേക്കുള്ള യാത്ര ഒരു നനുത്ത ഓർമ്മയാണ്. ഇല്ലായ്മയിൽ അരവയറും, പഴയ നോട്ടുബുക്കുകളിലെ എഴുതാത്ത  പേജുകൾ തുന്നിക്കൂട്ടി പുസ്തകമാക്കിയതും , പുതിയ ബുക്കുകളുടെ പുതു ഗന്ധവും , സ്‌ളേറ്റും ,വെള്ളത്തണ്ടും ,പുസ്തകങ്ങളിടാൻ ബാഗിന് പകരമുപയോഗിച്ചിരുന്ന വലിയ കവറുമെല്ലാം ഉൽകൃഷ്ടതയുടെ തിരു ശേഷിപ്പുകളാണ് .

ഇന്ത്യയുടെ മുൻ  രാഷ്ട്രപതിയായിരുന്ന ഉഴവൂർക്കാരൻ  ഡോ .കെ .ആർ .നാരായണന്റെ പഠന കാലഘട്ടത്തിലെ പ്രയാസത്തിന്റെ തീക്ഷ്ണ കഥ നമ്മുടെ വിദ്യാർത്ഥികൾ  വായിക്കണം, നമ്മുടെ സുപ്രീം കോടതിയിലെ മലയാളി ചീഫ് ജസ്റ്റിസ് ആയിരുന്ന  ജസ്റ്റിസ് കെ .ജി .ബാലകൃഷ്ണന്  സ്കൂൾ പഠന കാലത്ത് പാഠപുസ്തകം വാങ്ങാൻ പണമില്ലാഞ്ഞിട്ട്  സഹപാഠിയുടെ ടെക്സ്റ്റ് പുസ്തകം വീട്ടിൽ കൊണ്ടുപോയി രാത്രി മുഴുവൻ ഉറക്കമൊഴിച്ച് ടെക്സ്റ്റ് പകർത്തിയെഴുതിയതടക്കമുള്ള ത്യാഗത്തിന്റെ കഥകൾ കുട്ടികളറിയണം. ഇന്ത്യയുടെ മിസൈൽ മനുഷ്യനും ,യുവാക്കളുടെ മാതൃകാ പുരുഷനുമായിരുന്ന ഡോ .എ.പി.ജെ .അബ്ദുൾകലാമും ,അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണും പഠന കാലത്തനുഭവിച്ച ത്യാഗത്തിന്റെ ഉത്തമ കഥകൾ നമ്മുടെ കുട്ടികൾ  മനസ്സിലാക്കണം .

വിദ്യാർത്ഥികളുടെ വായനയേയും ഉൽകൃഷ്ട ചിന്തകളേയും മൊബൈൽ സ്‌ക്രീനിന്റെ ചങ്ങലകളിൽ  തളക്കപ്പെട്ട യുഗത്തിൽ ത്യാഗത്തിന്റെ കഥകൾ അധ്യാപകർ തന്നെ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുക്കേണ്ടതുണ്ട് .എങ്കിൽ മാത്രമേ  വിദ്യാർത്ഥികളുടെ ഉൾക്കായഴ്ച വര്ധിക്കുകയുള്ളൂ .

അതിനെല്ലാമപ്പുറത്ത് സ്വന്തം മാതാപിതാക്കൾ പഠന കാലഘട്ടത്തിലും ,ജീവിതത്തിലനുഭവിച്ച ത്യാഗങ്ങളും, ഇപ്പോൾ തങ്ങൾക്കായി അനുഭവിച്ചു കൊണ്ടിരിക്കുന്ന നോവുകളും ഓരോ വിദ്യാർത്ഥികളും അറിഞ്ഞേ പറ്റൂ . എങ്കിൽ മാത്രമേ കുട്ടിക്ക് ജ്ഞാനിയായി വളരാനാകൂ. സ്വന്തം മാതാപിതാക്കളുടെ മൂല്യം തിരിച്ചറിയാൻ  കഴിയാതെ ഉൾക്കാഴ്ച നഷ്ട്ടപ്പെട്ട ഒരു സമൂഹം വളർന്നു വരുമ്പോൾ നമ്മുടെ കരിക്കുലത്തിൽ സാമൂഹിക പാഠ പുസ്തകത്തിലെ ഒന്നാം അദ്ധ്യായം മാതാപിതാക്കളായി മാറേണ്ടുന്നതിനെ കുറിച്ച്   നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കുട്ടിയുടെ സാമൂഹിക  വൽക്കരണ പ്രക്രിയ (Socialization) യിലെ പ്രധാന ഘടകങ്ങളാണ് മാതാപിതാക്കൾ, വീട്ടുകാർ, അയൽവാസികൾ, കൂട്ടുകാർ, പാഠശാല ,മീഡിയ തുടങ്ങിയവയെല്ലാം. എന്നാൽ ഇന്ന് മീഡിയയുടെ അമിതമായ തള്ളിക്കയറ്റം കാരണം തെറ്റായ രീതിയിലുള്ള സാമൂഹിക വൽക്കരണമാണ് നടന്നു കൊണ്ടിരിക്കുന്നത്. കലുഷിത കാലത്ത് തെറ്റായ സാമൂഹിക വൽക്കരണ പ്രക്രിയകളെ തിരുത്തി നേർവഴിയിൽ നടത്തേണ്ട ധാർമിക ബാധ്യതസമൂഹത്തിനുണ്ട് . പാഠപുസ്തകങ്ങളിലെ മതിൽക്കെട്ടുകൾക്കപ്പുറത്തുള്ള യാഥാർഥ്യത്തിന്റെ ലോകത്തെ നേർക്കാഴ്ചകൾളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്വo ഗുരുവര്യർക്കുണ്ട് .

ഈയിടെ ഒരു സുഹൃത്തിനെ കണ്ടു , കേരള പോലീസിൽ ഉയർന്ന ഉദ്യോഗസ്ഥനാണ് കക്ഷി. അയാൾ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് പുതിയ ടിഫിൻ ബോക്സ് ഇല്ലാത്തതിനാൽ ഒരിക്കൽ മാതാവിനോട് വഴക്കടിച്ച്‌ ഉച്ചഭകഷണമെടുക്കാതെ സ്‌കൂളിലേക്ക് പോയി, അങ്ങനെ കൃത്യം ഒന്നര മണിക്ക്  സ്‌കൂൾ ഉച്ചഭക്ഷണത്തിന് വിട്ടു. കുട്ടികളെല്ലാം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു , അവൻ ക്ലാസ്സിൽ നിന്നും പുറത്തിറങ്ങിയപ്പോൾ കണ്ടത് കൃഷിപ്പണിക്കാരനായ തന്റെ പിതാവ് മഴയത്ത് തൊപ്പിക്കുടയും ചൂടി പുതിയ ടിഫിൻ ബോക്സിൽ അവനായി ചോറുമെടുത്ത് വന്നതാണ്, മഴ നനയാതെ സ്കൂളിന്റെ ഓരത്ത് അവനെ ചേർത്തിരുത്തി   തന്റെ തഴമ്പിച്ച കൈകളാൽ അവനായി ചോറുരുളകൾ വാരിക്കൊടുത്തു അയാൾ ,വയലിലെ കൃഷിപ്പണിക്കിടയിൽ അദ്ദേഹം വീട്ടിൽ ഉച്ചഭക്ഷണത്തിനെത്തിയതായിരുന്നു .തന്റെ സീമന്ത പുത്രൻ ഒരുനേരം പോലും പട്ടിണി കിടക്കുന്നത് ആ മനുഷ്യന് സഹിക്കാനാവില്ല ,അതുകൊണ്ടാണ് ജോലിചെയ്ത് ക്ഷീണിച്ചിട്ടു പോലും ഒരു പിടി ആഹാരം കഴിക്കാൻ പോലും കാത്തിക്കാതെ വീട്ടിൽ വഴക്കടിച്ചു ഉച്ചഭക്ഷണമെടുക്കാതെ സ്കൂളിൽ  പോയ തന്റെ മകനായി  ചോറ്റു പാത്രവുമായി വന്നത്. ഇങ്ങനെയാണ് ഒട്ടുമിക്ക മാതാപിതാക്കളുടേയും മനസ്സ്  എന്ന്  തിരിച്ചറിയാൻ എല്ലാ മക്കൾക്കും സാധിക്കണം.

നമ്മുടെ മാതാപിതാക്കളെ  നാം തിരിച്ചറിഞ്ഞാൽ നമ്മുടെ ഏറ്റവും വലിയ ഹീറോയും സെലിബ്രിറ്റിയുമെല്ലാം അവർ   തന്നെയാവും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ  ഏറ്റവും വലിയ ഹീറോ അവരുടെ ബഹുവന്ദ്യ മാതാവാണ് , സച്ചിന്റെ ആത്മ കഥ പ്രകാശനം ചെയ്തത് അവരുടെ മാതാവായിരുന്നു. ഇന്ത്യൻ ക്രിക്ക റ്റ് താരം വീരേന്ദർ സെവാഗ് ക്യാൻസർ ബാധിച്ച്  കിടന്നപ്പോഴുള്ള തന്റെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി, സഹിക്കാനാവാത്ത വേദനയിൽ താൻ അലമുറയിട്ട് കരയുമ്പോൾ തനിക്ക് കരുത്തേകിയ തന്റെ സ്നേഹനിധിയായ അമ്മയെ കുറിച്ച് വളരെ വികാരഭരിതനായി അയാൾ പറയുന്നുണ്ട്. എബ്രഹാം ലിങ്കൺ എന്ന മഹാമനുഷ്യനെ ലോകത്തിനു സംഭാവന ചെയ്ത മാതാവ് തനിക്കായി അനുഭവിച്ചത്യാഗങ്ങളെ  കുറിച്ച്  ലിങ്കണിന്റെ ആത്മ കഥയിൽ വിവരിക്കുന്നുണ്ട് . ഡോ .എ .പി .ജെ .കലാം തന്റെ ആത്മകഥയുടെ ആമുഖത്തിൽ തന്റെ മാതാവിനെ വളരെ വൈകാരികമായി അനുസ്മരിക്കുന്നു . കലാമിന്റെ വളരെ പ്രശസ്തമായ ഒരു ക്വട്ടേഷനുണ്ട്; നിങ്ങൾ മാതാപിതാക്കളോട് മൂർച്ചയേറിയ വാക്കുകളാൽ സംസാരിക്കരുത്, കാരണം നിങ്ങളെ വാക്കുകളുപയോഗിച്ചും വാചകങ്ങളുപയോഗിച്ചും സംസാരിക്കാൻ പഠിപ്പിച്ചത് അവരാണ് !!
നമ്മുടെ എല്ലാവരുടെയും മാതാപിതാക്കൾ ഇതുപോലെ തന്നെയാണ് , അവരെല്ലാം ത്യാഗത്തിന്റെ പ്റര്യായങ്ങളാണ് .അവരെ നാം മനസ്സിലാക്കാൻ പരിശ്രമിക്കണം . ഒരിക്കൽ പ്രവാചക തിരുമേനിയായ മുഹമ്മദ് നബിയോട് തന്റെ ശിഷ്യൻ ചോദിച്ചു ,ഈ ഭൂമിയിൽ എനിക്ക് ഏറ്റവും കടപ്പാടുള്ളത് ആരോടാണ്? പ്രവാചകൻ പറഞ്ഞു നിന്റെ മാതാവിനോട് . ശിഷ്യൻ ചോദിച്ചു പിന്നെ ആരോടാണ് ? പ്രവാചകൻ വീണ്ടും പറഞ്ഞു നിന്റെ മാതാവിനോട് .ഇതേ ചോദ്യം മൂന്നു തവണ ആവർത്തിച്ചു ,അപ്പോഴെല്ലാം പ്രവാചകൻ ഉത്തരം നൽകിയത് മാതാവ്നോട്  എന്നാണ്, നാലാമത് ബാധ്യതയുള്ളത് പിതാവിനോട് എന്ന് പ്രവാചകൻ അരുളുന്നു .

മാതാപിതാക്കളോടുള്ള ബാധ്യതയെ കുറിച്ച് പ്രവാചകൻ പഠിപ്പിച്ചപ്പോലെ മറ്റൊരു തത്വചിന്തകനും പഠിപ്പിച്ചിട്ടില്ല !! നിന്റെ മാതാവിന്റെ കാൽപാതത്തിനു കീഴിലാണ് സ്വർഗ്ഗമെന്ന് പ്രവാചകൻ ! നിന്റെ പ്രാർത്ഥനകളിൽ നിന്റെ മാതാപിതാക്കളെ നീ ഉൾപ്പെടുത്തണം; ''എന്റെ മാതാപിതാക്കൾ എന്നോട് ചെറുപ്പത്തിൽ കരുണകാണിച്ചതു പോലെ നീ അവരോടും കരുണ കാണിക്കണേ '' എന്ന് പ്രാർത്ഥിക്കാത്ത ഒരു പ്രാർത്ഥനയും സർവ്വേശ്വരൻ സ്വീകരിക്കില്ലെന്ന് പ്രവാചകൻ പറയുന്നു!! നിന്റെ മാതാപിതാക്കൾ കിടപ്പിലായി പിച്ചും പേയും പറയുകയും കിടന്നിടത്ത്  തന്നെ മലമൂത്ര വിസർജ്ജനം നടത്തുകയും ചെയ്താൽ പോലും നീ അവരോട്  'ഛെ' എന്ന ഒരു വാക്കുപോലും പറയരുതെന്നും പ്രവാചകൻ പഠിപ്പിക്കുന്നു. വയസ്സായ മാതാപിതാക്കളെ ആരെങ്കിലും നല്ല രീതിയിൽ പരിപാലിച്ചാൽ അവർക്ക് സ്വർഗത്തിൽ കുറഞ്ഞ പ്രതിഫലമില്ലെന്നു പ്രവാചകൻ . വിശുദ്ധ ഖുർആനിലേക്കും ,കഅബാ ശരീഫിലേക്കും നോക്കിയാൽ പ്രതിഫലമുള്ളതുപോലെ സ്വന്തം മാതാവിന്റെ മുഖത്തേക്ക് നോക്കിയാലും അല്ലാഹുവിൽ നിന്നും പ്രതിഫലമുണ്ടെന്നു വിശുദ്ധ വചനം വിശ്വാസികളെ ഓർമപ്പെടുത്തുന്നു, ഇതെല്ലാം മാതാവിന്റെ പ്രാധാന്യത്തെയാണ് ഉദ്‌ഘോഷിക്കുന്നത് .
തന്റെ മക്കളെ കുറിച്ചാണ് ഇന്ന് ഓരോ രക്ഷിതാവിന്റെയും ആവലാതി, എന്നാൽ തങ്ങൾക്ക് വേണ്ടി വേവലാതിപ്പെടുന്ന രക്ഷിതാക്കളെ പലപ്പോഴും കുട്ടികൾ തിരിച്ചറിയപ്പെടുന്നില്ല; അവരുടെ പാഠ്യ പദ്ധതിയും ,അധ്യാപകരും ,സമൂഹവും അതിനുത്തരവാദികളാണ്. നാലാം ക്ലാസ്സിലെ കുട്ടിക്ക് പോലും ‘’അസൈൻമെന്റ്  ‘’ എഴുതാൻ കൊടുക്കുന്ന വിഷയം ''ആഗോള താപനം ആഗോള വൽക്കരണത്തെ സഹായിക്കുന്ന വിവിധ വിതാനങ്ങൾ '' ഇവയെ കുറിച്ചാകുമ്പോൾ വൈജ്ഞാനിക ശൂന്യതയുടെ ആഴത്തെ നമുക്ക് മനസ്സിലാക്കാം. നമ്മുടെ സ്കൂൾ കുട്ടികൾക്ക് ഇന്ന് എത്രയധികം അസൈന്മെന്റും ,പ്രൊജെക്ടുകളും ,സെമിനാർ പേപ്പറുകളുമാണ് എഴുതാനുള്ളത് !! നാലാം ക്‌ളാസ്സിലെ കുട്ടിക്ക് ആഗോള താപനവും ആഗോള വൽക്കരണവുമൊന്നുമറിയില്ല എന്ന് പാഠ്യ പദ്ധതി തയ്യാറാക്കുന്നവൻ മനസ്സിലാക്കണം ,കുട്ടികൾ വീട്ടിലെ ആരോടെങ്കിലും ചോദിച്ചു എഴുതിക്കൊണ്ടു പോകുന്നു ,അദ്ധ്യാപകൻ അതിനു ശരിയും സ്റ്റാറും നൽകുന്നു, ഇങ്ങനെ അബദ്ധ ജടിലവും വ്യർത്ഥവുമായി അധപതിക്കുകയാണ് നമ്മുടെ കരിക്കുലം .കരിക്കുലത്തിലെ തലതിരിഞ്ഞ പാശ്ചാത്യവൽക്കരണം തകർക്കുന്നത് നമ്മുടെ കുട്ടികളുടെ നിർമ്മാണാത്മക മനസ്സിനെയാണെന്നു നാം മറക്കരുത് . ഓരോ ദേശത്തിനും അനുയോജ്യമായ അവരുടേതായ പ്രാദേശിക  കരിക്കുലം സൃഷ്ടിക്കപ്പെടേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് ധൈഷണിക ചർച്ചകൾ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  അനാവശ്യമായ അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച് വിവരണമെഴുതാനുള്ള പദ്ധതികളെ പാടേ ഉപേക്ഷിക്കണം ,കുട്ടികൾ പേന  താഴെ വെച്ച് നിവർന്നിരുന്നു അവർക്കിഷ്ടമുള്ള പുസ്തകങ്ങൾ വായിക്കട്ടേ   ,അനാവശ്യമായി എഴുതി എഴുതി നമ്മുടെ കുട്ടികൾക്ക് മലയാളം എഴുതാനറിയാതെയായിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീറിന്റെയും, കമലാസുരയ്യയുടേയും,  ഉറൂബിന്റെയുമെല്ലാം സൃഷ്ടികൾ അവർക്ക് വായിക്കാൻ കൊടുക്കൂ. അവർ മലയാളം എഴുതാനും വായിക്കാനും കാര്യങ്ങൾ ചിന്തിക്കാനും പ്രാപ്തരാവും., ‘ആഗോളവൽക്കരണം’ ഉയർന്ന ക്ലാസ്സിലെത്തുമ്പോൾ അവർ തനിയെ പഠിച്ചുകൊള്ളും .നമ്മുടെ വിദ്യാഭ്യാസ പദ്ധതിയെ പ്രാദേശിക വൽക്കരിക്കേണ്ടതുണ്ട്, ഇപ്പോഴുള്ള രീതിയിൽ പേന മുൻപിലും ചിന്തയും നിർമ്മാണാത്മകതയും,വായനയും വളരെ പിന്നിലും എന്ന രീതി ശരിയല്ല. പടിഞ്ഞാറൻ വിദ്യാഭ്യാസ വിചക്ഷണർ വരച്ച വരയിലൂടെ മാത്രമേ നമ്മുടെ കുട്ടികളെ നടത്താവൂ എന്ന ചിന്തയിൽ നിന്നും നമ്മുടെ സർക്കാരും അധികൃതരും പിന്മാറേണ്ടതുണ്ട്. നമ്മുടെ വിദ്യാഭ്യാസ വിചക്ഷണർക്ക് ഒരവസരം നൽകൂ ,നമ്മുടെ ദിശ പിഴക്കുന്ന തലമുറക്ക് പൈതൃകത്തിലൂന്നിയ മൂല്യാധിഷ്ഠിത വിജ്ഞാനം  പകർന്നു നൽകാനുള്ള പാഠ്യ പദ്ധതി നിര്മിച്ചെടുക്കാൻ അവർ പ്രാപ്തരാണ്. വഴിപിഴക്കുന്ന അഭിനവ ‘’ടോട്ടോച്ചാൻ’’മാരേ നവ വിദ്യാഭ്യാസ പദ്ധതി വഴിയും സ്നേഹവും കരുതലും നൽകലിലൂടെയും നേർദിശയിൽ നയിക്കുന്ന അനേകം ‘’കൊബായാഷി മാഷ’’ന്മാരെ രൂപപ്പെടുത്താൻ കെൽപ്പുള്ള വിദ്യാഭ്യാസ വിചക്ഷണർ നമുക്കുണ്ട് ,അവരെ നാം ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ നമുക്ക് ഒരു മഹിത മാനവ സമൂഹത്തെ നിര്മിച്ചെടുക്കാനാവൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക