Image

ആന്‍ഡ്രു പറഞ്ഞ ഇന്ത്യയിലെ ജാതിവ്യവസ്ഥ (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 23- സാംസി കൊടുമണ്‍)

Published on 16 June, 2024
ആന്‍ഡ്രു പറഞ്ഞ ഇന്ത്യയിലെ ജാതിവ്യവസ്ഥ (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 23- സാംസി കൊടുമണ്‍)

ആന്‍ഡ്രു പറഞ്ഞ ഇന്ത്യയിലെ ജാതിവ്യവസ്ഥ

ഇന്ത്യയിലെ അടിമവ്യവസ്ഥ നിറത്തിന്റെ അടിസ്ഥനത്തില്‍ അല്ലെങ്കിലും അതില്‍ നിറവും, ജാതിയും, ജാതിയിലൂടെതൊഴിലും എല്ലാം കൂടിക്കലര്‍ന്ന ഒരു സങ്കീര്‍ണ്ണ വ്യവസ്ഥിതിയായി അതുമാറുന്നു. ആന്‍ഡ്രു ഒരു വ്യക്തതയില്ലാതെ പറഞ്ഞുതുടങ്ങി. സവര്‍ണ്ണരും, അവര്‍ണ്ണരും എന്ന തരംതിരുവില്‍ തന്നെ നിറം ഒരു പ്രധാന ഘടകമാകുന്നുണ്ട്. സാമിനു ചിലപ്പോള്‍ അതിന്റെ ആന്തരിക വകഭേതങ്ങളെക്കുറിച്ച് അത്രകണ്ടു മനസിലാകുമോ എന്നറിയില്ല. ചാതുര്‍വര്‍ണ്ണങ്ങളിലാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥ പടുത്തുയര്‍ത്തിയിക്കുന്നത്. ആ നാലു വര്‍ണ്ണങ്ങള്‍ തൊഴില്‍വ്യവസ്ഥയും ഒപ്പം ജാതിവ്യവസ്ഥയുമാണ്. മനുസ്മൃതികളാണ് ഇന്ത്യയുടെ ചാതുര്‍വര്‍ണ്യത്തിന്റെ അടിത്തറ പ്രമാണം. ഒരോ പ്രദേശത്തും അതാതു നാടിന്റെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഒരോ വര്‍ണ്ണത്തിന്റേയും അധികാരാവകാശങ്ങള്‍ വ്യത്യസ്ഥമായിരിക്കും. ഉദാഹരണമായി പറഞ്ഞാല്‍ കേരളത്തിലെ ബ്രാഹ്മണരില്‍ നിന്നും ഒത്തിരിയേറെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റമുള്ളവരായിരിക്കും വടക്കേ ഇന്ത്യയിലെ ഇക്കൂട്ടര്‍. അവരുടെ ഇടയില്‍ ഒത്തിരിയേറെ ഉപവിഭഗങ്ങളും, അവരുടെ അധികാരപരുധിയും വ്യത്യസ്ഥമായിരിക്കും.

ഈ നാലുവര്‍ണ്ണങ്ങളും ബ്രഹ്മാവിന്റെശരീരത്തില്‍ നിന്ന് ഉല്‍ഭവിച്ചവരെങ്കിലും കര്‍മ്മത്തില്‍ അവര്‍ തുല്ല്യരല്ല.മുഖത്തുനിന്നു ജനിച്ച ബ്രാഹ്മണന്‍ ശ്രേഷ്ഠനും, എല്ലാവര്‍ക്കും മീതെ അധികരമുള്ളവനും, ഈശ്വരപൂജാകര്‍മ്മങ്ങളുടെ ചുമതലക്കാരും, ഗുരുക്കന്മാരും ആയി. നെഞ്ചില്‍ നിന്നും ജനിച്ചവര്‍ ക്ഷത്രിയര്‍. അവര്‍ വീരന്മാരും പരാക്രമികളുമായി രാജാക്കന്മാരും, യോദ്ധാക്കളുമായി രാജ്യഭരണത്തിന്റെ ഭാഗമായി. തുടകളില്‍ നിന്നും ജനിച്ച വൈശ്യര്‍ കൗശലക്കാരയതിനാല്‍ കച്ചവടക്കാരും, വ്യവസായികളുമായി. ഇനി നാലമത്തെ കൂട്ടര്‍ പാദങ്ങളില്‍ നിന്നും ജനിച്ചവര്‍, മറ്റു മൂന്നുകൂട്ടരുടെയും സേവകരും, കൃഷിക്കാരുമായി. നോക്കു എത്രമാത്രം ബുദ്ധിപൂര്‍വ്വമായ വേര്‍തിരുവുകള്‍. ഇതിലൊന്നും പെടാത്ത അഞ്ചാമത്തെ കൂട്ടര്‍ പഞ്ചമര്‍ അല്ലെങ്കില്‍ തൊട്ടുകൂടാത്തവര്‍ എവിടെ നിന്നു വന്നു. ചിലപ്പോള്‍ ഭൂഖണ്ഡങ്ങള്‍ ഒന്നായിക്കിടന്നിരുന്ന കാലത്ത് ആഫ്രിക്കയില്‍ നിന്നും കുടിയേറിയവര്‍ ഇവിടെയും എത്തിയിട്ടുണ്ടാകും. അനേകം പരിണാമങ്ങളിലൂടെ അവര്‍ തൊട്ടുകുടാത്തവര്‍ എന്ന ഗണത്തില്‍ കണ്ണിചേര്‍ക്കപ്പെട്ടതാകാം. വെറും ഊഹങ്ങള്‍ മാത്രം. തെളിവുകള്‍ എന്റെ പക്കല്‍ ഇല്ല. പക്ഷേ ആഫ്രിക്കന്‍ വംശജര്‍ ഇന്ത്യയുടെ പലഭാഗങ്ങളിലും കുടിയേറ്റക്കാരായി വന്നിട്ടുണ്ടെന്നും, തെക്കേ ഇന്ത്യയിലെ ആദ്യമനഷ്യര്‍ അവരായിരുന്നു എന്നും പറയപ്പെടുന്നു. അവരുടെ നിറം കറുപ്പായിരുന്നു.

ബി. സി. 2300 കളില്‍ തെക്കേ ഇന്ത്യ ദ്രാവിഡര്‍ മാത്രം ഉണ്ടായിരുന്ന ഒരു സ്ഥലമായി ചരിത്രം കാണുമ്പോള്‍, അവര്‍ തദേശിയര്‍ എന്നതിലുപരി കറുത്ത വംശജര്‍ എന്നു പറയുന്നതാകും ശരി. സാം ... നിനക്ക് ഞാന്‍ പറയുന്നതത്രയും മനസ്സിലായോ എന്തോ... ഇന്ത്യയിലെ ജാതിയുടെ പേരിലുള്ള തൊട്ടുകൂടാഴ്മ്യയുടെയും, തീണ്ടിക്കുടാഴ്മ്യയുടെയും തീക്ഷണത എത്രമാത്രം ആഴത്തില്‍ വേരോടിയ ഒരു വ്യവസ്ഥയാണെന്നു പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്. അല്ലെങ്കില്‍ മറ്റൊരുവിധം പറഞ്ഞാല്‍ ബി.സി 2000 ത്തോടടുപ്പിച്ച് ഹിമാലയത്തിന്റെ വടക്കു പടിഞ്ഞാറു വഴി ആര്യന്മാരുടെ വരവോളം ഇന്ത്യയില്‍ ജാതിവ്യവസ്ഥയോ, അതില്‍നിന്നും ഊരിത്തിരിഞ്ഞ ശ്രേണികരണമോ ഉണ്ടായിരുന്നില്ല എന്നു വേണം കരുതാന്‍.ആര്യന്മാരുടെ ശ്രേഷ്ഠ വംശം എന്ന ഹുങ്ക് അവര്‍ അന്നുമുതല്‍ ഇന്നും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടെയിരിക്കുന്നു. പണവും, അറിവും, ആയുധവും എന്നും അവരുടെ കയ്യില്‍ ആയിരുന്നു. ബലവാന്‍ ബലഹീനനെ അടിമയാക്കി. ഇവിടുത്തെ അടിമജീവിതത്തില്‍ നിന്നും വിഭിന്നമായിരുന്നു അവിടെ. ഇവിടെ പ്ലന്റേഷനുകളിലെ അടിമച്ചങ്ങലയില്‍ ബന്ധിതരായ അടിമകളുടെ സഞ്ചാരമ്പോലും വിലക്കിയിരുന്നപ്പോള്‍, തൊഴില്പരമായ ചങ്ങലയിലെ ബന്ധികള്‍ക്ക് അവരുടെ അടിമത്വത്തെക്കുറിച്ച് ബോദ്ധ്യമുണ്ടായിരുന്നോ എന്നു ചോദിച്ചാല്‍, അവര്‍ക്ക് അവരുടെ അതിര്‍വരമ്പുകളെക്കുറിച്ച് ബോദ്ധ്യമുണ്ടായിരുന്നു എന്നുതന്നെ വേണം കരുതാന്‍. വടക്കേ ഇന്ത്യയിലെ കീഴാളര്‍ മേല്‍ജാതിക്കാരന്റെ തോട്ടിപ്പണിക്ക് നിയോഗിക്കപ്പെട്ടവരായിരുന്നു.

എല്ലാത്തരം ഹീനജോലികള്‍ക്കുമായി നിയോഗിക്കപ്പെട്ടവര്‍ സ്വന്തം വിധിയില്‍ വിശ്വസിച്ച് വിധേയപ്പെട്ടു. അവരെ ചങ്ങലിയില്‍ എക്കാലവും തളയ്ക്കാന്‍ മേല്‍ജാതിക്കാര്‍ ദൈവങ്ങളേയും മതങ്ങളേയും തങ്ങളുടെ കൂട്ടാളികളാക്കി. എക്കാലത്തും ബലഹീനന്‍ മതങ്ങളുടേയും ദൈവങ്ങളുടേയുംതടവറയിലെ ബന്ധികളാണല്ലോ...? ഒരു നേരത്തെ ആഹാരം മാത്രമാണവരുടെ ശരണമന്ത്രം. സാം ഞാന്‍ ഇത്ര ലളിതമായി പറയുന്നതുകൊണ്ട് അവരുടെ ജീവിത യാതനകളെ നിങ്ങള്‍ നിസാരമെന്നു തള്ളരുത്. അമേരിക്കന്‍ അടിമകളില്‍ നിന്നും അവരുടെ ജീവിത നിലവാരം ഒട്ടും വ്യത്യസ്ഥമായിരുന്നില്ല എന്നു മാത്രമാണു ഞാന്‍ പറയുന്നത്. ഒരു കാര്യം അവര്‍ ഏറെയൊന്നും ബലാല്‍സംഘത്തിനു വിധേയരായിരുന്നില്ല. അതിനു കാരണം അവര്‍ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ആയിരുന്നു. എന്നിരുന്നാലും അവര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തീരെ ഇല്ലായിരുന്നു എന്നും കരുതെരുത്... അമേരിയ്ക്കന്‍ സ്ലേവുകളെ തികച്ചും ചരക്കുകളായി കണ്ടിരുന്നു. ക്രയവിക്രയത്തിനുള്ള ചരക്കുകള്‍. ഇന്ത്യയിലെ അടിമ വംശചരിത്രത്തില്‍ സ്ത്രീകള്‍ക്കു നേരെ കുറെ വിശാലത ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍.

ആന്‍ഡ്രു ഇന്ത്യയിലെ അടിമവംശത്തിന്റേയും ജാതിവ്യവസ്ഥയുടേയും കഥകള്‍, ഇന്ത്യന്‍ വേരുകള്‍ എവിടെയോ ഇനിയും പിടിവിട്ടിട്ടില്ലാത്ത സാമിനോടു പറയാന്‍ തുടങ്ങി, മഹാപ്രളയത്തില്‍ പിടിവിട്ടവനെപ്പോലെ നിന്നു പതച്ചു. എവിടെ തുടങ്ങി എവിടെ അവസാനിപ്പിക്കണം എന്നറിയാത്ത ഒരു പ്രബന്ധകാരനെപ്പോലെ. വര്‍ഷങ്ങള്‍ക്ക് മുമ്പെന്നോ പഠിച്ച ചരിത്രക്ലാസുകളിലെ പാഠങ്ങള്‍ ഓര്‍മ്മയില്‍ എവിടെയോ ഒളിച്ചിരിക്കുന്നു. പിന്നെ നെഹ്രുവിന്റെ ലോകചരിത്രത്തിലേക്കുള്ള ഒരെത്തിനൊട്ടത്തില്‍ കേരളത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് വ്യക്തതയോട് ഓര്‍മ്മയില്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഇ. എം. എസ്സിന്റെ കേരളചരിത്രം കുറച്ചുനാള്‍ പുസ്ത ശേഖരത്തില്‍ ഉണ്ടായിരുന്നു. മറ്റു ചരിത്രകാരന്മാരുടെ ചിലതൊക്കെ വായിച്ചിട്ടുണ്ടെങ്കിലും, ഒന്നും ഓര്‍മ്മയില്‍ ഇല്ലാതെപോയി.ജീവിതത്തില്‍ ഇങ്ങനെ ഒരു ദശാസന്ധിയില്‍ എത്തുമെന്നു നേരത്തെ ചിന്തിച്ചിരുന്നില്ല. എന്തിനും ഏതിനും രാഷ്ട്രിയം പറഞ്ഞുനടന്നിരുന്ന, ഒരു ബുദ്ധിജീവി, അമേരിയ്ക്കയില്‍ വന്ന് ജീവിതയാഥാര്‍ത്ഥങ്ങളെ കണ്ട്, പഴയതെല്ലാം അടിച്ചു നനച്ച് പുതുക്കപ്പെട്ട്, പഴയതൊക്കെ മറന്നുതുടങ്ങിയപ്പോഴാണ്, സാമിനെ കണ്ടുമുട്ടുന്നതും, സീതയുടെ നാടിനെക്കുറിച്ചു ചോദിക്കുന്നതും. സീതയുടെ നാട്ടുകാരന്‍ എന്ന നിലയില്‍ ആ നാട്ടിലെ ജാതിവ്യവസ്ഥയെക്കുറിച്ച് അല്പം വാചാലനാകാന്‍ നോക്കിയപ്പൊഴാണ് തിരിച്ചറിയുന്നത്, തന്റെ അറിവുകള്‍ക്കപ്പുറമാണ് പറയാനുള്ള വിഷയം എന്ന്. എങ്കിലും പഠിച്ച പാഠങ്ങള്‍ക്കൊപ്പം കേട്ടറിവുകളും, കണ്ടറിവുകളും ഓര്‍മ്മകളില്‍ തിരഞ്ഞ് ആന്‍ഡ്രു സാമിനെ നോക്കി.

സാമിനറിയേണ്ടിയിരുന്നത്; ഇഷ്ടപ്പെട്ട രണ്ടു വ്യക്തികള്‍ തമ്മില്‍ വിവാഹിതരാകുന്നതില്‍ എന്തിത്ര എതിര്‍പ്പ് എന്നായിരുന്നു. സാമിന്റെ ചോദ്യം ഒരു പടിഞ്ഞാറന്‍ സാംസ്‌കാരിക പാരമ്പര്യത്തില്‍ നിന്നു ചിന്തിക്കുമ്പോള്‍ ശരിയായിരുന്നു. എന്നാല്‍ ഒരു ഇന്ത്യന്‍ പാരമ്പര്യവാദിക്ക് സാമിനെ മനസിലാകുന്നതെങ്ങനെ. സാമിനെപ്പോലെയുള്ളവരുടെ സാംസ്‌കാരിക പൈതൃകങ്ങളത്രയും പ്രവാസങ്ങളില്‍ നഷ്ടപ്പെട്ടവരായി, പാരമ്പര്യങ്ങളിലൂറ്റം കൊള്ളാന്‍ ഒന്നും ഇല്ലാത്തവരായി, ഒഴിഞ്ഞ പാത്രങ്ങളായവര്‍ക്ക് ഒരു നായര്‍ തറവാടിയുടെ തറവാടുമഹമയില്‍ ചേര്‍ക്കപ്പെടുന്ന കളങ്കത്തിന്റെ വലുപ്പംമനസ്സിലാകുമോ... പ്രത്യേകിച്ചും ശിവശങ്കരന്‍ നായരെപ്പോലെ പടനായകാനായിരുന്ന ഏതോ ഒരു മുത്തച്ഛന്റെ തുരുമ്പിച്ച വാളുമായി നടക്കുന്നവന്. അവന്റെ രക്തം തിളയ്ക്കും. അനുസരണക്കേടുകാണിക്കുന്ന മകള്‍ക്കു നേരെ തന്റെ ശകാരങ്ങളെ കെട്ടഴിച്ചുവിട്ടിട്ട്, അവളെ മുറിയില്‍ പൂട്ടി, കാവലിരിക്കും. ഇതൊന്നും പടിഞ്ഞാറന്‍ സംസ്‌കാരത്തില്‍ വളര്‍ന്ന സാമിനു മനസിലായി എന്നുവരില്ല. അവരെ സംബന്ധിച്ച് ഇത് ജാതിപരമായ, വംശിയമായ, സാംസ്‌കാരികമായ ഒരു കടന്നുകയറ്റമാണ്.

പണ്ടെങ്ങോ ഒരു നാട്ടുപ്രമാണിയായിവാണ്, അനേകം കീഴാളരുടെ ജന്മിയായിരുന്നവരുടെ ക്ഷയിച്ചുപോയ പരമ്പരയില്പെട്ട ശിവശങ്കരന്‍ നായര്‍ എങ്ങനെ ഒരു ഗയാനക്കാരനെ മരുമകനായി സ്വീകരിക്കും. തലതിരിഞ്ഞവളെ കൊന്നുകളയുന്നതല്ലെ അതിലും നന്ന്.... ശിവശങ്കരന്‍ നായര്‍ അല്പം ഉറക്കത്തന്നെ അതു ചോദിച്ചു. ഞങ്ങള്‍ക്ക് കൊല്ലും, കൊലയും അത്ര പുത്തരിയൊന്നുമല്ല. ആന്‍ഡ്രൂ തനിക്കറിയാമോ; എന്റെ ഒരു വല്ല്യപ്പച്ചി ഒരു സമ്പന്നനായ നമ്പൂതിരിയുമായുള്ള സംബന്തത്തിനു സമ്മതിക്കാതെ, ഒരു തേങ്ങാക്കച്ചോടക്കാന്‍ നസ്രാണിയുടെ കൂടെ ഒളിച്ചൊടാന്‍ തീരുമാനിച്ചുറച്ചു. തറവാട്ടുകാരണവരായിരുന്ന വല്ല്യമ്മാവന്‍ എങ്ങനെയോ കാര്യങ്ങളറിഞ്ഞ്, അപ്പച്ഛിയെ അറയിലടച്ച് മൂര്‍ഖന്‍പാമ്പിനെ വരുത്തി കൊത്തിച്ചു. ആരും അറിഞ്ഞില്ല. ഞങ്ങള്‍ക്ക് അഭിമാനമാ വലുത്.ശിവശങ്കരന്‍ നായര്‍ നിന്നു കിതച്ചു. ആന്‍ഡ്രുവും ശിവശങ്കരന്‍ നായരും സുഹൃത്തുക്കള്‍ ആണ്. അതുകൊണ്ടാണ് സാമിനുവേണ്ടി വക്കാലത്തുമായി പോയത്. ജോലിയില്‍ ആന്‍ഡ്രു സൂപ്പര്‍വൈസറും, ശിവശങ്കരന്‍ നായര്‍ കീഴ്ജീവനക്കാരനുമാണ്. എന്നിരുന്നാലും അവര്‍ കണ്ടുമുട്ടിയകാലം മുതല്‍ സ്വന്തം ഭാഷയും സംസ്‌കാരവും ഉള്ളവര്‍ ഒരന്യദേശത്തു കണ്ടുമുണ്ടുമ്പോള്‍ഉണ്ടാകുന്ന ഒരു ഉള്ളടുപ്പത്തോട് ഇടപെട്ടു. സമയം കിട്ടുമ്പോഴോക്കെ തന്റെ കുടുംബമഹിമയെക്കുറിച്ച് ഒത്തിരി പറയുന്ന നായര്‍ക്ക് (ജോലിയില്‍ എല്ലാവരും അങ്ങനെയണു വിളിക്കുന്നത്) ജാതിയും, മതവും, ആചാരങ്ങളുമൊക്കെ വളരെ പ്രധാനമാണ്.

നായരുടെ വീട്ടില്‍ വല്ലപ്പോഴും പോകുന്ന ആന്‍ഡ്രു ഏറെനേരംകുടിയേറ്റത്തെക്കുറിച്ചും, മക്കളുടെ ഭാവിയെക്കുറിച്ചുമുള്ള സ്വപ്നങ്ങള്‍ പങ്കുവെയ്ക്കും. 'ഗീത പഠിക്കാന്‍ മിടുക്കിയാണ്. അവളെ ഒരു ഡോക്ടര്‍ ആക്കണം' നായരും, ഗായത്രിയും തങ്ങളുടെ പ്രതീക്ഷകളില്‍ നിവര്‍ന്നിരുന്ന് മകളെ നോക്കും.ആന്‍ഡ്രു കൊണ്ടുവരുന്ന സന്തോഷം നായര്‍ ഗ്ലാസുകളില്‍ പകരും. ഗായത്രി തൊട്ടുകൂട്ടാനുള്ള എന്തെങ്കിലും എടുത്തുകൊണ്ടുവരും .ലഹരി നായരുടെ ബലഹീനതയാണ്. ഒരു വിധം ലഹരിയിലായിക്കഴിഞ്ഞാല്‍ നായര്‍ തറവാട്ടുകാരണവരുടെ നായാട്ടു ജീവിതത്തെക്കുറിച്ചു പറയും. ഒത്തിരിയേറെ സ്വത്തുക്കള്‍ പല നമ്പൂതിരികുടുംബങ്ങളില്‍ നിന്നും കാലാകാലങ്ങളായി ചാര്‍ത്തിക്കിട്ടിയതൊക്കെ, കാരണവര്‍ കരക്കാരായ പല നായര്‍ വീടുകളിലും സംബന്ധം കൂടിയ വകയില്‍ എഴുതിക്കൊടുത്തു. സ്വന്തമായി ഭാര്യയുണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ ഇല്ലായിരുന്നു എന്നു പറയാമെങ്കിലും, പല ഭാര്യമാരിലായി നാട്ടിലാകെ കുറെ മക്കള്‍ ഉണ്ടായിരുന്നു. അന്നത്തെ സാമുഹ്യവ്യവസ്ഥയില്‍ അതില്‍ തെറ്റൊന്നും ഇല്ലായിരുന്നു. പ്രത്യേകിച്ചും നായര്‍ തറവാടുകളിലെ സ്ത്രീകള്‍ക്ക്, പടിഞ്ഞാറന്‍ നാടുകളില്‍ പോലും കിട്ടാതിരുന്ന തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഒരു ബന്ധം ഉപേക്ഷിക്കണമെങ്കില്‍, പായും തലയിണയും എടുത്തു പുറത്തുവെച്ചാല്‍ മതി. നിയമത്തിന്റെ നൂലാമാലകളൊന്നുമില്ല. രാത്രിയില്‍ സേവകൂടാന്‍ വരുന്ന സംബന്ധക്കാരന്‍ കിടക്ക വെളിയില്‍ കാണുമ്പോള്‍ കാര്യം മനസ്സിലാക്കി, ഒന്നും പറയാതെ മറ്റൊരു സംബന്ധം തേടും. പുരുഷ്യനു സ്ത്രീയുടെമേല്‍ അധികാരം ഇല്ലാതിരുന്ന ഒരു കാലം. അതു മരുമക്കത്തായ കാലമായിരുന്നു. സ്ത്രീയായിരുന്നു കുടുംബത്തിന്റെ നെടും തൂണ്. പിന്നിട് മക്കത്തായ സമ്പ്രദായത്തിലേക്ക് സമൂഹം മാറിയപ്പോള്‍ കാര്യങ്ങളൊക്കെ മാറി. ആന്‍ഡ്രു അപ്പാള്‍ ഓര്‍ത്തത് ഒ. ചന്തു മേനോന്‍ ഇന്ദുലേഖ എന്ന നോവലില്‍, മാധവനും, ഇന്ദുലേഖയും തമ്മിലുള്ള ഒരു സംഭാഷണത്തില്‍ നിങ്ങള്‍ നായര്‍ പെണ്ണുങ്ങള്‍ക്ക് എത്രപേരെവേണമെങ്കിലും ഭര്‍ത്തവായി സ്വീകരിക്കാമല്ലോ എന്നു പറയുന്ന ഭാഗമാണ്. നൂറു, നൂറ്റിമുപ്പതു വര്‍ഷം മുമ്പെഴുതിയ ആ നോവല്‍ അന്നത്തെ സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചാണു പറയുന്നത്.

ചിന്തകള്‍ എങ്ങോട്ടെന്നില്ലാതെ കാടുകയറുകയാണെന്ന് സ്വയം മനസിലാക്കിയ ആന്‍ഡ്രു സാമിനോടായി പറഞ്ഞു; സാമേ നീ വിചാരിക്കുന്നപോലെ കാര്യങ്ങള്‍ അത്ര നിസാരമല്ല. ജാതിവ്യവസ്ഥയില്‍ അത്രമാത്രം ഉറച്ചുപോയ ഒരു സമൂഹത്തില്‍നിന്നും വന്ന ശിവശങ്കരന്‍ നായരും, ഗായത്രിയും നിങ്ങളുടെ ബന്ധം സമ്മതിച്ചു തരില്ല. പിന്നെ ഒളിച്ചോട്ടവും, രജിസ്റ്റര്‍ മാര്യേജുമാണൊരു മാര്‍ഗ്ഗം. പ്രായപൂര്‍ത്തിയായ നിങ്ങള്‍ക്ക് അതിനുള്ള അവകാശമുണ്ട്.' സാം അങ്ങനെയെന്നു തീരുമാനിച്ച് ഒരു ജേഷ്ഠ സഹോദരനെന്നപോലെ ആന്‍ഡ്രിവിനെ നോക്കി. മണിപ്പാലിനു പോകാനുറപ്പിച്ചിരുന്നതിന്റെ തലേദിവസം സീത സാമിനൊപ്പം ജീവിതം തുടങ്ങി.ആ ജീവിതം എങ്ങനെ ആയി. അന്‍ഡ്രുവും, സാമും പിന്നീട് തമ്മില്‍ കാണുമ്പോഴൊക്കെ കണ്ണില്‍ കണ്ണില്‍ നോക്കി നെടുവീര്‍പ്പിടും. ശിവശങ്കരന്‍ നായരും, ഗായത്രിയും ആന്‍ഡ്രുവിനെയാണു മുഖ്യശത്രുവായി കണ്ടതും, തങ്ങളുടെ ജീവിതത്തെ താറുമാറക്കിയതിന്റെ ഉത്തവാദിത്വം ആന്‍ഡ്രുവിന്റെ മേല്‍ ആരോപിക്കുകയും ചെയ്യുമ്പോഴൊക്കെ നിസംഗതയുടെ മുഖാവരണവുമായി ഒരു കുറ്റവാളിയെപ്പോലെ അവര്‍ക്കു മുഖംകൊടുക്കാതെ ഒഴിഞ്ഞു നടക്കും. അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. അവര്‍ അത്രമാത്രം അവരുടെ ജാത്യാചാരങ്ങളില്‍നീന്തിത്തുടിക്കുന്നവരായിരുന്നു. ഇപ്പോള്‍ അഭിമാന ക്ഷതവും, ഏതോ ഒരു ഗയാനിയുടെ കൂടെ ഒളിച്ചോടിയ മകളുടെ അച്ഛനും അമ്മയും എന്ന പേരും പേറി കൂട്ടുകാരുടെയും, ബന്ധുക്കളുടെയും മുന്നില്‍ തലകുനിച്ചു.

നൂറ്റാണ്ടുകളായി മനുഷ്യന്‍ കൊണ്ടുനടക്കുന്ന ആചാരനുഷ്ഠനങ്ങളിലെ തെറ്റും ശരിയും വേര്‍തിരിക്കാന്‍ ആരും ശ്രമിക്കാറില്ല. ഗീതയും,സാമും ജീവിതം ജീവിക്കാന്‍ തീരുമാനിച്ചു. സാമിന്റെ അമ്മ മരിച്ച് കൂടൊഴിഞ്ഞിരുന്നുവെങ്കിലും, ജേക്കിന്റെ ആമ്മയുടെ നോട്ടം എത്താത്ത മറ്റൊരിടം തേടി അവര്‍ മറ്റൊരപ്പാര്‍ട്ടുമെന്റിലേക്കു മാറി. ജീവിതം സന്തോഷമായിരുന്നുവോ....? ആരുടെയെങ്കിലും ജീവിതം പൂര്‍ണ്ണമായും സന്തോഷമാകാറുണ്ടോ.സാം ചിലപ്പോഴൊക്കെ ജീവിതത്തിലെ ചിലക്രമക്കേടുകളെക്കുറിച്ച് ആന്‍ഡ്രുവിനോടു പറയാറുണ്ട്. സീത തന്റെ കുടുംബത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ എന്തൊ നഷ്ടപ്പെട്ടവളെപ്പോലെ വിമ്മിഷ്ടപ്പെടും. അവരെ ഉപേക്ഷിക്കേണ്ടിയിരുന്നില്ല എന്നു സ്വയം കുറ്റപ്പെടുത്തും. സാമിനെ വിട്ടുപിരിയാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല. ആ സ്‌കൂള്‍ വരാന്തയില്‍ തനിക്കു മുന്നില്‍ പ്രത്യക്ഷനായി തന്നെ രക്ഷിച്ചവനോടു തോന്നിയ അടുപ്പം. അവന്റെ കഥനകഥകളിലൂടെ സഹതാപ തരംഗമായി, സ്‌നേഹമായി, അവനു തണലായിരിപ്പാന്‍ കൊതിച്ചവളുടെ മനസ്സ് അധികമാര്‍ക്കും മനസ്സിലാകുമായിരുന്നില്ല. ഡോക്ടറാകേണ്ടിയിരുന്നവള്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ടുമെന്റിലെ ക്ലാര്‍ക്കായി. ജീവിതം ഏതെല്ലാം വഴികളിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന ഒരു പുഴയാണന്നവള്‍ തിരിച്ചറിഞ്ഞു. ആദ്യത്തെ മകന്‍ ജനിച്ചപ്പോള്‍ അമ്മയെ കാണണമെന്നു വല്ലാതെ മോഹിച്ചു. അച്ഛന്‍ അപ്പോഴേക്കും കള്ളിനടിമയായി, ജോലിക്കു പോകാതായി, അമ്മകൊണ്ടുവരുന്ന ശമ്പളത്തില്‍ ആശ്രയിച്ച് ലിവിങ്ങ്‌റൂമില്‍ ഒതുങ്ങിക്കൂടി.

പ്രേമത്തിനുവേണ്ടിയുള്ള ഒളിച്ചോട്ടം ത്യാഗമായി കാണേണ്ടതുണ്ടോ...? സാമിനുവേണ്ടി ഒരു ത്യാഗംചെയ്തവള്‍ എന്നു ചിലപ്പോഴൊക്കെ ചിന്തിച്ച്, സഹോദരങ്ങളേയും, മാതാപിതാക്കളേയും ഉപേക്ഷിച്ചവള്‍ സ്വയംന്യായികരിക്കാന്‍ ശ്രമിക്കും. അമ്മയെക്കാണണമെന്നും, അച്ഛനോട് ക്ഷമചോദിക്കണമെന്നും ഉള്ളില്‍ ഒരു വടം വലി ഏറെ നാള്‍ കൊണ്ടുനടന്നു. ഒടുവില്‍ സാം തന്നെയാണ് അനുജത്തിമാരില്‍ക്കൂടി അമ്മയിലേക്കെത്താനുള്ള മാര്‍ഗ്ഗം തുറന്നത്. കോളേജില്‍ പഠിക്കുന്ന അനുജത്തിമാര്‍, പലപ്പോഴും രഹസ്യമായി വരാന്‍ തുടങ്ങി. കൊച്ചുമോന്റെ ഫൊട്ടോകള്‍ കണ്ട അമ്മയും കൊച്ചുമകനെത്തേടി, ഗ്രോസറി സ്റ്റോറിന്റെ പാര്‍ക്കിങ്ങ് ലോട്ടില്‍ കാവല്‍ നിന്നു. പിന്നെ വാര്‍ത്ത അച്ഛനിലേക്കെത്തി. കൊച്ചു മകന്‍ വീണ്ടും അവരെ ഒന്നാക്കുന്നതിന്റെ പാലമായി. അച്ഛന്‍ വീണ്ടും തന്റെ തുരുമ്പിച്ച വാളുമായി കൊച്ചുമകനു കഥകള്‍ പറഞ്ഞു കൊടുത്തു. കൂട്ടത്തില്‍ മകളെ കുറ്റപ്പെടുത്താനും മറക്കാറില്ല. അതൊന്നും ആരും അത്രകാര്യമായി കണ്ടില്ല. ജീവിതത്തില്‍ നഷ്ടപ്പെട്ടുപോയി എന്നു കരുതിയ കുറെ സന്തോഷങ്ങള്‍ തിരികെ കിട്ടിയെങ്കിലും, സീതയുടെ മനസ്സ് അശാന്തമായിരുന്നു. കാരണം സാമിനെതിരെയുള്ള അച്ഛന്റെ മനോഭാവമായിരുന്നു. ചിലപ്പോഴൊക്കെ ആന്‍ഡ്രുവിനേയും വെറുതെവിട്ടിരുന്നില്ല. ‘ആ നസ്രാണിയാ ഇതിനൊക്കെ ചുക്കാന്‍ പിടിച്ചത്. അവന്‍ നിരീശ്വരനാ അവനെ ഞാന്‍ വെറുതെ വിടില്ല’. അച്ഛന്‍ ആരോടെന്നില്ലാതെ പറയും.

രണ്ടാണിനു ശേഷം മകള്‍ ജനിച്ചപ്പോള്‍ അകലം തീരെ കുറച്ച് തറവാടിന്റെ അനന്തര അവകാശി എന്ന് സീതയുടെ മാതാപിതാക്കള്‍ ഊറ്റം കൊണ്ടു. തറവാടില്ലാത്ത ഒരു രാജ്യത്ത് എന്തൊക്കയോ മതിഭ്രമങ്ങളില്‍ ജീവിക്കുന്നവരായിരുന്നവര്‍. സീത ഏറെ സമയവും പൂജകളില്‍ സ്വയം ലയിച്ചു. അവളില്‍ വലിയ ഒരു രോഗം വളരുന്നതവള്‍ അറിഞ്ഞിരുന്നു. പല കീറിമുറിക്കലിലൂടെ കടന്നുപോയിട്ടും, ഇടക്കിടെ അവന്‍ തലപൊക്കും. മകളെക്കുറിച്ചവള്‍ ആശങ്കപ്പെട്ടു. താനില്ലാതെപോയാല്‍ അവര്‍ സാമിനൊപ്പം ആയാല്‍ എങ്ങനെ ശരിയാകും. മകളെ പൂര്‍ണ്ണമായും, അമ്മയുടെ ചുമതലയിലാക്കി. സാമിനും അതു സമ്മതമായിരുന്നു. സീത തന്റെ ദൈവങ്ങളില്‍ ജീവിക്കാന്‍ തുടങ്ങി. ജീവിതം ചിലപ്പോഴൊക്കെ ദുരന്തമാണ്. സാമിനെ ഒരിക്കലും ദുരന്തങ്ങള്‍ വിട്ടൊഴിഞ്ഞില്ല. ജീവിതത്തില്‍ ഒറ്റപ്പെട്ടവന്‍ അവന്റെ പതിനെട്ടിനു മുമ്പുള്ള ജീവിതത്തിലേക്ക് പതുക്കെ തിരിച്ചുപോകാന്‍ തുടങ്ങുന്നത് തിരിച്ചറിഞ്ഞ ആന്‍ഡ്രു അവനെ പുറത്തുതലോടി, ജിവിതത്തിലെ ദുരന്തങ്ങള്‍ക്കു കിഴടങ്ങുന്നവനു ചരിത്രത്തില്‍ ഇടമില്ലെന്നും, പുതിയ ജീവിതത്തെ നാം കണ്ടെത്തെണമെന്നും പറഞ്ഞു. ഒരു കുടിയേറ്റക്കരന്റെ ഇടം എവിടെ...? അച്ഛനെ കണ്ടു കൊതിതീര്‍ന്നില്ല. ചേച്ചി അനേകരുടെ സന്തോഷങ്ങളിലെ പങ്കാളിയായി എങ്ങോട്ടോ പോയി. അമ്മ ദുരന്തങ്ങള്‍ എല്ലാം അനുഭവിച്ച് വീരസ്വര്‍ഗ്ഗം പ്രാപിച്ചു. എല്ലാം മറവിക്ക് വിട്ടുകൊടുത്ത്, സീതയില്‍ ജീവിതം കണ്ടെത്തിയവന്, ജീവന്റെ ജീവനായ സിതയും അവളില്‍ ജനിച്ച രണ്ടാണ്‍ മക്കളും എവിടെയോ മറഞ്ഞു. മകള്‍ മുത്തശ്ശിയുടെ കൂടെ ആയി അച്ഛനെ മറന്നു. ആന്‍ഡ്രുവും പറഞ്ഞു; പെണ്‍ ്കുട്ടികള്‍ക്ക് അമ്മമാരുവേണം. വീണ്ടും ആരുമില്ലാത്തവനായി. അങ്ങനെയാണ് ആന്‍ഡ്രു പറഞ്ഞപോലെ ചരിത്രമില്ലാത്തവരുടെ ചരിത്രസമരത്തിലേക്കേക്കിറങ്ങണമെന്നു തോന്നിയത്.

ലെമാറില്‍ നിന്നാണ് ക്യുന്‍സി പ്ലാന്റേഷനെക്കുറിച്ചും, അടിമജീവിതത്തെക്കുറിച്ചും ഒക്കെ കേട്ടത്. പിന്നെ റീനയുമായുള്ള അടുപ്പം കൂടുതല്‍ കഥകള്‍ തന്നു. തനിക്കു ചുറ്റും എന്നും അടിമകളായിരുന്നവരുടെ ജിവിത പോരാട്ടങ്ങളുടെ കഥകള്‍ ഉണ്ടായിരുന്നു. താന്‍ അതൊന്നും കേട്ടില്ല. ഇപ്പോള്‍ ലെമാറിന്റെ അടക്കത്തിനുപോയപ്പോള്‍, അങ്കിള്‍ ടോം പറഞ്ഞ കഥകളില്‍ അടിമകളുടെ ജീവിതം ഉണ്ടായിരുന്നു. ഇപ്പോഴും ചിലരെങ്കിലും അവരെ അടിമകളായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ കഥകള്‍ കേള്‍ക്കുന്നു. അങ്കിള്‍ ടോം എവിടെ മറഞ്ഞു. ലഹരി വിട്ടകലാന്‍ തുടങ്ങിയപ്പോള്‍ സാം കാലത്തില്‍ കേട്ട കഥകള്‍ പറഞ്ഞയാള്‍ ശരിക്കും, ലെമാറിന്റെ അങ്കിള്‍ തന്നെയോ...ആരെങ്കിലും ആകട്ടെ... ചിലപ്പോള്‍ അങ്ങനെ ഒരാള്‍ ഉണ്ടാകില്ല. പക്ഷേ ലെമാറും, റീനയും, തെരേസയും മറ്റനേകം ജീവിതങ്ങളൂം സത്യമാണ്.ആന്‍ഡ്രുവിന് ചരിത്രം അറിയാമായിരിക്കും. നാളെ കാണുമ്പോള്‍ ചോദിക്കണം. സാം തീരുമാനിച്ചുറച്ച്, ഒരു ശീലുകൂടി ഉറങ്ങാനുള്ള വട്ടം കൂട്ടി.


Read: https://emalayalee.com/writer/119

 

Join WhatsApp News
ചാണക്യൻ 2024-06-19 13:45:45
മഹാനായ അയ്യങ്കാളിയെ എല്ലാവരും മറന്നോ?? ഇ മലയാളിയിലെ എഴുത്തുകാർക്ക് എന്ത് പറ്റി ? ''ജൂൺ 18 മഹാത്മാ അയ്യൻ‌കാളി സ്മൃതി ദിനം കല്ലായ ദൈവത്തിന് കാണിക്കവെക്കാതെ ആ പണം കൊണ്ട് നിന്റെ കുഞ്ഞിന് ആഹാരം വാങ്ങി കൊടുക്കുക. നമ്മളെ കൊല്ലുമ്പോള്‍ നമ്മളെ സംരക്ഷിക്കാത്ത ദൈവത്തെ നമുക്ക് വേണ്ടടാ മക്കളേ...! ഇത്രയും സത്യസന്ധവും ധീരവുമായി കാര്യങ്ങളെ കണ്ട ഒരു സമരനായകനെ കേരളം മനസ്സിലാക്കുന്നതില്‍ തെറ്റു പറ്റി. അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടും തിരിച്ചറിയാത്ത ഭാവം കാണിച്ചു... വിദ്യാഭ്യാസം മറ്റെന്തിനെക്കാള്‍ പ്രാധ്യാന്യത്തോടെ കരുതിയ മഹാന്‍..! അറിവില്ലെങ്കില്‍ അരിവിളയിക്കില്ലെന്ന് പ്രഖ്യാപിച്ച ആ ദീര്‍ഘദര്‍ശിത്വത്തെ അത്യന്തം ഹീനമായാണു കേരളചരിത്രം കൈകാര്യം ചെയ്തത്..! അതുകൊണ്ടാണ് തിരിച്ചും മറിച്ചും ശ്ലോകം ചൊല്ലുകയും റബർ പോലെ അർത്ഥം വലിച്ചുനീട്ടുകയും ചെയ്ത് ചില ശ്രീനാരായണീയരെ ഹിന്ദുത്വവാദികളാക്കി എടുക്കുകയല്ലാതെ സമൂഹത്തിൽ വേറൊരു ഇടപെടലും നടത്തിയിട്ടില്ലാത്ത ചില കാവി വേഷദാരികൾക്ക് അദ്ദേഹം ഇപ്പോഴും സെക്കൻഡ് ഗ്രേയ്‌ഡ്‌ ആയി തോന്നുന്നത്. സമരം തന്നെ ജീവിതം എന്നൊക്കെ വിശേഷിപ്പിക്കാവുന്നത് യഥാർത്ഥത്തിൽ അയ്യൻകാളിയുടെ കാര്യത്തിലാണ്. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും സമരമാക്കിയ അയ്യങ്കാളിക്ക് എഴുതാന്‍ അറിയില്ലായിരുന്നു. എന്നാല്‍ ആ വാക്കുകളെപ്പോലെ ആര്‍ജ്ജവപൂര്‍ണ്ണവും ഉജ്ജ്വലവുമായി കേരളത്തില്‍ അധികമൊന്നും വാക്കുകള്‍ മുഴങ്ങിയിട്ടില്ല..! സാധുജന പരിപാലന സംഘം സ്ഥാപിച്ചുകൊണ്ട് ഉപജാതി ഇല്ലാതാക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ജാതിയില്ലായ്മയിലേക്ക് സഞ്ചരിക്കാനാണു അയ്യങ്കാളിയും ആഗ്രഹിച്ചത്. മഹാത്മാ അയ്യൻകാളിയുടെ മഹത്തായ സമരവീര്യം ഉയർത്തിപ്പിടിക്കേണ്ട ദളിതൻ പിൽക്കാലത്തു അധികാരത്തിന്റെ നക്കാപ്പിച്ചക്കു വേണ്ടി രാഷ്ട്രീയക്കാരുടെ അടിമകളായി മാറിയതാണ് സമകാലിക ചിത്രങ്ങൾ. ശ്രീ. അയ്യൻ‌കാളി രൂപികരിച്ച 'സാധുജനന പരിപാലന യോഗം ' യെന്ന സംഘടന വിസ്മൃതിയിൽ ആണ്ടു പോയി. പുലയർ മഹാസഭ ഓരോ നേതാവിന്റെ പേരിലും ഓരോന്നായി. ദളിത് സംഘടനകൾ ആവട്ടെ ഡസൻ കണക്കിന്. സ്വാർത്ഥത കൊണ്ടും ഈഗോ ക്ലാഷ് കൊണ്ട് ഈ ഒരു സംഘബലം ഇങ്ങനെ ഗ്രൂപ്പ് കളിച്ചു തകർക്കപ്പെട്ടു എന്നത് ഒരു സത്യം അല്ലേ ? മഹാത്മാ അയ്യങ്കാളിയെ പാടിപുഴ്ത്തിയാൽ മാത്രം പോരാ... അദ്ദേഹം തെളിച്ചിട്ട വഴിയിലൂടെ മുന്നേറാനും ഉള്ള ദൃഢതയുള്ള നല്ല ബുദ്ധി തെളിയണം.. ഈ സ്മൃതി ദിനത്തിൽ ആശംസകളോടെ ⚘ ********** ഇതേ ഗതികേടിലെക്കല്ലേ ഈഴവ സമുദായത്തെ വെള്ളാപ്പളി നയിക്കുന്നത്?? ശ്രീനാരായണൻ തുറന്ന മാർഗം ശ്രീനാരായണനെ വെച്ച് തന്നെ അടച്ചു കഴിഞ്ഞു വെള്ളാപ്പള്ളി നടേശൻറെ വർഗ്ഗീയ പ്രസ്‌താവനകൾ കണ്ട് അങ്ങേര് കേരള നവോത്ഥാനത്തെ നശിപ്പിച്ചതായി വേവലാതിപ്പെട്ടുകൊണ്ടുള്ള ചില പോസ്റ്റുകൾ കണ്ടു. അതൊക്കെ അതിനു മുൻപേ തുടങ്ങിയതാണ്. വാസ്തവത്തിൽ ഇപ്പോൾ വെള്ളാപ്പള്ളി നടേശൻ പറയുന്നത് തന്നെയാണ് ഇവിടുത്തെ 90% ഈഴവരുടെയും അഭിപ്രായം. വേറെ നിലപാടുള്ള ഒരു 10% ഉല്പതിഷ്ണുക്കൾ ആ വിഭാഗത്തിൽ കാണുമായിരിക്കും. ബാക്കിയെല്ലാം അങ്ങനെതന്നെ ചിന്തിക്കുന്നവരാണ്, സംശയമുണ്ടെങ്കിൽ നിങ്ങളുടെ ചുറ്റുമുള്ള ഒരു 10 ഈഴവരോട് ഇതേക്കുറിച്ച് സംസാരിച്ചു നോക്കൂ. അവരുടെ സാമൂഹ്യനീതിയെക്കുറിച്ചുളള സങ്കൽപ്പമൊക്കെ അപ്പോൾ മനസിലാകും. അവർ ചിലപ്പോൾ വെള്ളാപ്പള്ളി നടേശൻ എന്ന വ്യക്തിയോട് യോജിപ്പില്ലാത്തവരായിരിക്കും പക്ഷേ അതിൽ ഒരാളെങ്കിലും വെള്ളാപ്പള്ളി നടേശൻ പറഞ്ഞ ആശയത്തിൽനിന്നും വ്യത്യസ്തമായി ചിന്തിക്കുന്നവരല്ല എന്ന് മനസിലാവും. ആ സമുദായത്തിന് അർഹനായ നേതാവ് തന്നെയാണ് വെള്ളാപ്പള്ളി നടേശൻ. വെറുതെയാണോ അയാൾ ഇങ്ങനെ മൂന്ന് പതിറ്റാണ്ടോളമായി ശ്രീനാരയണ ധർമ്മം പരിപാലിച്ചുകൊണ്ടിരിക്കുന്നത്? ഒരു ജനതയെ നശിപ്പിക്കാൻ ആ ജനതയുടെ ചരിത്രം നശിപ്പിച്ചാൽ മതി. ശ്രീനാരയണ ഗുരുവിൻറെ പേര് ദുരുപയോഗം ചെയ്തുകൊണ്ട് ഉണ്ടാക്കപ്പെട്ടിട്ടുള്ള വിവിധ പ്രസ്ഥാനങ്ങളാൽ പൂർണ്ണമായും ഹൈന്ദവ വൽക്കരിക്കപ്പെട്ട ഒരു സമുദായമായി ഈഴവ സമുദായം മറിക്കഴിഞ്ഞു. അവരെല്ലാം സവർണ്ണരാവാനും കർമ്മബ്രാഹ്മണനാകാനും വെമ്പി നടക്കുന്നവരാണ്. ശ്രീനാരായണ ഗുരു ഇന്നൊരു പൂജാ ബിംബം മാത്രമാണ്. അതിനെ ഇനി ഹിന്ദുത്വത്തിനെതിരായ ഒരു സമര ബിംബമായി ഉയർത്തിക്കൊണ്ടുവരാനൊന്നും പറ്റില്ല. അതിനായി ചിലർ നടത്തുന്ന ശ്രമങ്ങൾക്കു പിന്നിലെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നെങ്കിലും അത് ഇനി പ്രയോഗികവുമല്ല വിജയിക്കുകയുമില്ല. ഇതിങ്ങനെയെ വരൂ എന്ന് മുൻകൂട്ടി കണ്ടയാളാണ് സഹോദരൻ അയ്യപ്പൻ. അദ്ദേഹം പറയുന്നു "ശ്രീനാരായണൻ പറയേണ്ടതെല്ലാം പറഞ്ഞു. അതെല്ലാം കണ്ണും പൂട്ടി വിശ്വസിച്ചാൽ മതി എന്ന് വച്ചു കൂടാ. അത് ശ്രീനാരായണ ദർശനത്തിന് കടക വിരുദ്ധമായിരിക്കും. മനുഷ്യസമുദായം പുതിയ പുതിയ പ്രശ്നങ്ങൾ ഉദിച്ചും പുതിയ പുതിയ തീരുമാനങ്ങൾ കണ്ടും എന്നും മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എന്നന്നേക്കു മാത്രം എല്ലാറ്റിനുമായും ഉള്ള ഒറ്റമൂലി തീരുമാനം മനുഷ്യ പുരോഗതിയിൽ ഇല്ല. വിപ്ലവകരമായ മാറ്റങ്ങളാൽ പൊതുവേ മനുഷ്യസമുദായ ഗതിയിലോ പ്രത്യേക ജനങ്ങളുടെ ഗതിയിലോ പുതിയ മറ്റു വഴികൾ വെട്ടി തുറക്കുന്ന പല മഹാന്മാരെയും വെച്ച് അവർ തുറന്ന മാർഗങ്ങൾ തന്നെ അവരുടെ അനുയായികളുടെ ഭക്തി പാരവശ്യം അടച്ചു കളഞ്ഞിട്ടുണ്ട്. ശ്രീനാരായണൻ തുറന്ന മാർഗം ശ്രീനാരായണനെ വെച്ച് അടയ്ക്കാൻ ഇട വരാതിരിക്കട്ടെ".- സഹോദരൻ അയ്യപ്പൻ അദ്ദേഹം ഉൽക്കണ്ഠപ്പെട്ടത് പോലെ തന്നെ സംഭവിച്ചുകഴിഞ്ഞു. അവരെ സംബന്ധിച്ച് ഇനി 'ഗുരു പുഷ്പാഞ്ജലി'യോ 'ചതയ പൂജ'യോ ഒക്കെ നടത്തി പ്രാർത്ഥിച്ചാൽ മതി. നമുക്കും ഗുരുവിൻറെ ചില വചനങ്ങളും നിലപാടുകളുമൊക്കെ ഹിന്ദുത്വത്തെ പ്രതിരോധിക്കാൻ താത്കാലികമായി ഉപയോഗിക്കാമെന്നല്ലാതെ ശാശ്വതമായ പരിഹാരമല്ല അത്. അതും ആദ്യം മനസിലാക്കിയത് ഗുരുവിൻറെ ശിഷ്യനായ സഹോദരൻ തന്നെയായിരുന്നു. കേരളത്തിലെ ആദ്യത്തെ അംബേദ്കറൈറ്റ് ആയ സഹോദരനെ മനസിലാക്കാൻ ഈഴവർക്കും കഴിഞ്ഞില്ല ദളിതർക്കും കഴിഞ്ഞില്ല. ഹിന്ദുത്വത്തിനെതിരെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ, സഹോദരനെയും അംബേദ്കറെയും തിരിച്ചുപിടിച്ചുകൊണ്ടല്ലാതെ സനാതന അധർമ്മത്തെ പ്രതിരോധിക്കാമെന്ന് ആരും കരുതണ്ട. *ഒരു സമുദായത്തെ ഇല്ലാതാക്കാൻ കൂടുതലൊന്നും ചെയ്യണ്ട; അവരുടെ ചരിത്രം തിരുത്തിയാൽ മാത്രമേ വേണ്ടു -{ചാണക്യൻ -മേൽ എഴുതിയിട്ടുള്ളവക്ക് പത്രാധിപർ ഉത്തരവാദി അല്ല}
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക