Image

നടപ്പാതവക്കത്തെ കുസുമഹാരങ്ങൾ (സുധീർ പണിക്കവീട്ടിൽ)

Published on 17 June, 2024
നടപ്പാതവക്കത്തെ കുസുമഹാരങ്ങൾ (സുധീർ പണിക്കവീട്ടിൽ)

(ലാനയുടെ നടപ്പാതയിലെ കവിതാ വിഭാഗം ഒരു അവലോകനം)


ആന്തോളജി അഥവാ  സമാഹാരങ്ങളുടെ ഗുണം അത് ഒന്നിലധികം എഴുത്തുകാരുടെ രചനകൾ വായനക്കാർക്ക് ഒരേസമയം നല്കുന്നുവെന്നാണ്. ആന്തോളജിക്ക് സാഹിത്യമാല എന്നുകൂടി അർത്ഥമുള്ളതുകൊണ്ട്  കവിതകളെ അതിലെ പൂക്കളായി കരുതാം. അതുകൊണ്ട് ആരു  വാങ്ങുമിന്നാരു വാങ്ങുമീ ലാനക്കാരുടെ രോമാഞ്ചം എന്ന് ആരോ വിളിച്ചുപറയുന്നത്  ശ്രദ്ധിച്ചാൽ കേൾക്കാം. 
അമേരിക്കൻ മലയാളികളുടെ സാഹിത്യസംഘടനയായ ലാന പ്രസിദ്ധീകരിച്ച "നടപ്പാത" എന്ന സമാഹാരത്തിൽ ഇരുപത്തിരണ്ട് കവിതകൾ ഉണ്ട്. നടപ്പാതവക്കത്തെ ആ കവിതാകുസുമങ്ങളുടെ സുഗന്ധം ആസ്വദിക്കാം, അതിൽ നിന്നും ചിലത് നുള്ളിയെടുക്കാം.  സമാഹാരങ്ങൾ നിരൂപണം ചെയ്യുമ്പോൾ അതിൽ നിന്നും തെരഞ്ഞെടുക്കുന്നവരുടെ കൃതികളെപ്പറ്റി മാത്രം എഴുതരുതെന്നു ഒരു അലിഖിത നിയമമുണ്ട്. അതിൽ വാസ്തവമുണ്ട്. കാരണം കുറച്ചുപേരുടെ കൃതികൾ മാത്രം പരാമർശിക്കപ്പെടുമ്പോൾ  മറ്റു രചനകൾ അവഗണിച്ചുവെന്ന പരാതിയുണ്ടാകാം. അതുകൊണ്ട് എല്ലാ പൂക്കളുടെയും  അടുത്തു ഇത്തിരി നേരം നിന്ന് അതിന്റെ ഭംഗിയും സൗന്ദര്യവും ആസ്വദിക്കാം.

ഈ കവിതകൾ അമേരിക്കൻ മലയാളി എഴുത്തുകാരെ മുഴുവൻ പ്രതിനിധാനം  ചെയ്യുന്നില്ല.ഇത് കുറച്ചുപേര് അവരുടെ അഭിരുചിയും അറിവുമനുസരിച്ച് തെരഞ്ഞെടുത്തതാണ്. അതുകൊണ്ട് ഈ കവിതകളെ അമേരിക്കൻ മലയാളികളുടെ തെരഞ്ഞെടുത്ത കവിതകൾ എന്ന് ആരും തെറ്റിദ്ധരിക്കരുത്. എന്നാൽ ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കേണ്ടതുണ്ട്. കാരണം അവർക്ക് ഇത്രയുമെങ്കിലും ചെയ്യാൻ സാധിച്ചല്ലോ എന്നചാരിതാർഥ്യം. 



ഈ സമാഹാരത്തിലെ കവിതകളിൽ ഭൂരിപക്ഷവും ആധുനികതയുടെ തലപ്പാവുമായി നിൽക്കുന്നവയാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. ആധുനിക കവിതകൾ തലച്ചോറുകൊണ്ടാണ് വായിക്കേണ്ടത്. പലരുടെയും അറിവിന്റെ, പരിചയത്തിന്റെ അടിസ്ഥാനത്തിൽ കവിതകൾ  വ്യാഖ്യാനിക്കപ്പെടുക  സാധാരണയാണ്, വായനക്കാരന്റെ മനസ്സിൽ അവയൊക്കെ തങ്ങി നിൽക്കുമോ എന്ന് സംശയമാണ്. കാരണം ഇത്തരം കവിതകൾ മനസ്സിലാക്കുക  ദുർഗ്രഹമാണ്. ഇതിലെ കവിതകളെക്കുറിച്ചുള്ള ഈ ലേഖകന്റെ തന്നെ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ അറിവിന്റെ പരിമിതിയിൽ കുടുങ്ങി കിടക്കുന്നവയാണ്. ആധുനിക കവിതകൾ ഒരാളുടെ അറിവിനനുസരിച്ച്  പല തലങ്ങളിലേക്ക് ചർച്ചചെയ്യപ്പെടാം. 

1, ഇതിലെ ആദ്യത്തെ കവിത ശ്രീ ചെറിയാൻ കെ ചെറിയാന്റെതാണ് ഇദ്ദേഹം അറുപതുകളിൽ അറിയപ്പെട്ടിരുന്ന കവിയാണ്. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ കവിതകളിൽ അറുപതുകളുടെ അസ്തിത്വവാദ/അസംബന്ധവാദ ആധുനികത കടന്നുവരുന്നതിൽ അതിശയിക്കാനില്ല. അസംബന്ധ കവിതകൾ ഫോക്കസ് ചെയ്യുന്നത് മനുഷ്യരുടെ/ ഈ ലോകത്തിന്റെ അർത്ഥശൂന്യമായ ഉദ്യമങ്ങളിൽ എന്തെങ്കിലും പൊരുൾ ഉണ്ടോ എന്നാണു. അവരുടെ കഥാപാത്രങ്ങൾ ജീവിതത്തിന്റ അർത്ഥം  കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. വായിക്കുമ്പോൾ വളരെ അസംബന്ധമായി തോന്നുന്ന കാര്യങ്ങൾ അവർ വിവരിക്കുന്നു. ഓരോരുത്തരും എങ്ങനെ മനസ്സിലാക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും കവിതയുടെ വിജയം. അതായത് വായനക്കാരനിൽ ഒരു  പ്രതികരണം ഉണ്ടാക്കാൻ കവിക്ക് കഴിയണം. ഇതിലെ ആദ്യഭാഗങ്ങൾ അവിശ്വസനീയവും അസംബന്ധവുമാകുന്നു. മുടിയനായ പുത്രൻ പഠിക്കാനുള്ള മടികൊണ്ട് പുസ്തകത്തിലെ അക്ഷരങ്ങളെ കുടഞ്ഞു കളയുന്നു. എന്നിട്ടവൻ അത് ചവറ്റുകുട്ടയിൽ എറിയുന്നു.    പക്ഷെ കവി പിന്നെ പറയുന്നത് അക്ഷരങ്ങൾ അറിവിന്റെ മുഖ്യ ഘടകങ്ങൾ ആണ് അവ ചവറ്റുകുട്ടയെ  പ്രബുദ്ധമാക്കുന്നുവെന്നാണ്. ഈ ചവറ്റുകുട്ട വീണ്ടും എഴുതുന്നു. അതൊക്കെ കടുക്മണി ചുമക്കുന്ന എണ്ണയുറുമ്പായി അവനു തോന്നുന്നു.  പിന്നെയും അവന്റെ അലസതയെ, മടിയെ ഭ്രമകല്പനകളിൽ മുക്കി രചിച്ച വർണ്ണനകൾ ഉണ്ട്. അവസാനം അവൻ എന്താണോ മുമ്പ് ചെയ്തിരുന്നത് അതിൽ തന്നെ വ്യാപൃതനാണ്. അസംബന്ധകവിതകൾ വായനാസുഖം  തരുന്നില്ല. അവ ആസ്വാദകരങ്ങളുമല്ല. ബുദ്ധികൊണ്ട് മനസ്സിലാക്കേണ്ടവയാണവ. അസംബന്ധകവിത ശാഖയോട് ശ്രീ ചെറിയാൻ നീതി പുലർത്തിയിട്ടുണ്ട്.

2. ആവർത്തനം ഫലിച്ചാലോ എന്ന കവിത എഴുതിയ കവി ശ്രീ മാടശ്ശേരി നീലകണ്ഠനാണ്.  ആശയാവിഷ്കാരങ്ങളുടെ സൗന്ദര്യം ഈ കവിതയിൽ പ്രകടമാണ്. ഇതൊരു ആധുനിക കവിതയല്ലാത്തതിനാൽ വായനാസുഖം പകരുന്നതിനോടൊപ്പം തന്നെ അവരെ ചിന്തിപ്പിക്കുന്നു. ശബ്ദവും അർത്ഥവും മനോജ്ഞമായി സമ്മേളിക്കുന്നതാണ് കവിത എന്ന ഭാമഹന്റെ (ഏഴാം നൂറ്റാണ്ടിനോടടുത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന സംസ്കൃതകവിയാണ് ഭാമഹൻ അലങ്കാരപ്രസ്ഥാനത്തിലെ പ്രമുഖാചാര്യനാണു). നിർവ്വചനത്തോട് ഈ കവിത ചേർന്നു   നിൽക്കുന്നു. ഈ ഭൂമിയിൽ ജീവൻ ഉണ്ടായതിനെ കവി വിശേഷിപ്പിച്ചിരിക്കുന്നത് അതൊരു പൂവാണ് അത്യന്തദുർലഭ സൂനമെന്നാണ്. അതായത് നമ്മൾ ഈശ്വരന്റെ ഉത്കൃഷ്ടമായ സൃഷ്ടി. പക്ഷെ നമ്മൾ അന്യോന്യം വെറുക്കുന്നു, ചോര ചിന്തുന്നു. ഈ തട്ടകം, നമ്മുടെ പ്രിയമേദിനി ചുട്ടുരുകുമ്പോൾ  നമ്മൾ ഒന്നായി നിൽക്കണമെന്ന സന്ദേശം കവി നൽകുന്നു. ഈ ആശയങ്ങൾ പുതുമയല്ലാത്തതുകൊണ്ടായിരിക്കും കവി ആവർത്തനങ്ങൾ ഫലിച്ചാലോ എന്ന് ആലോചിക്കുന്നത്.

3. ശ്രീ ജോസഫ് നമ്പിമഠത്തിന്റെ കവികളുടെ ശ്മശാനം എന്ന കവിത രസമായി വായിച്ചുപോകാവുന്നതും ഒപ്പം ഉള്ളിൽ തട്ടുന്നതുമാണ്. കവിതയുടെ ജീവൻ പോയാൽ പിന്നെ കവികൾക്ക് വിധിച്ചിരിക്കുന്നത്  ശ്മശാനം തന്നെ. ആരും കവിതകൾ കേൾക്കാൻ തയ്യാറില്ല അതുകൊണ്ട് കവികൾ രാത്രിയുടെ യാമങ്ങളിൽ ഒത്തുചേരുന്നു. കവിതയുടെ പ്രഭാവക്കാലത്തെപ്പറ്റി ചർച്ചകൾ ചെയ്യുന്നു. നാറാണത്ത്  ഭ്രാന്തന്റെ ഒരു സൂചന  ചില  വരികളിലുണ്ട്. അദ്ദേഹം ഭിക്ഷയാചിച്ച്  പകൽ മുഴുവൻ അലഞ്ഞു രാത്രീയിൽ എവിടെ വെള്ളവും തീയും കിട്ടുന്നു അവിടെ അടുപ്പു കൂട്ടി ഭക്ഷണം ഉണ്ടാക്കി കഴിച്ചു കിടന്നുറങ്ങി വീണ്ടും രാവിലെ തന്റെ ഭിക്ഷാടനം തുടരും. കവികൾ പക്ഷെ പകൽ മുഴുവൻ ഉറങ്ങി രാത്രിയിലാണ് പ്രത്യക്ഷപ്പെടുന്നത്. അതും ശ്മശാനങ്ങളിൽ. അവിടെ മരിച്ചവർ സുഖമായി ഉറങ്ങുന്നു. രാത്രിതോറും കവിതകളെപ്പറ്റി പാടാൻ. അവർക്ക് പ്രതീക്ഷയുണ്ട് കവിതകൾ ഉയർത്തെഴുന്നേൽക്കുമെന്നു.

4. ശ്രീ ജയൻ കെ സിയുടെ ക്രിസംഘി എന്ന കവിത പേരുപോലെ തന്നെ കുഴപ്പക്കാരനാണ്. യേശുവോ രാമനോ രക്ഷകൻ എന്ന് ചിന്തിക്കുന്ന സാധാരണ മനുഷ്യന്റെ ചിന്തകളും അതിൽ  കടന്നുകൂടുന്ന അനിവാര്യമായ വർഗീയതയും. മാർക്കം കൂടിയവർ അവരുടെ പൂർവ്വജാതി അന്വേഷിക്കുന്നു. എന്നിട്ടു കർത്താവിനോട് മാപ്പു ചോദിക്കുന്നു. ജാതിമത ചിന്തകളിൽ കുടുങ്ങിപ്പോയ ഒരു സമൂഹത്തിന്റെ നേർകാഴ്ചയാണീ  കവിത.

5.  ശ്രീ സന്തോഷ് പാലായുടെ ഊർന്നിറങ്ങുന്നത് എന്ന കവിത ദൈനദിന ജീവിതത്തിലെ സാധാരണയായ സംഭവങ്ങളുടെ വിവരണമാണ്.  തനിയെ വീഴുന്നതും ഊർന്നു വീഴുന്നതും വ്യത്യാസമുണ്ട്. ഒന്ന് ഭൂഗുരുത്വം കൊണ്ടാകാം മറ്റേത് അതിനു വീഴാതിരിക്കാൻ കഴിയില്ലെന്നതുകൊണ്ടാണ്. അതിനു ഒരു കഥ പറയാനുണ്ടാകും. അതുണ്ടായ കഥ. കവിതയിൽ രണ്ടിടത്ത് കർഷക എന്നപരാമർശമുണ്ട്. ഒന്ന് വിത്തുകൾ ഓർക്കുന്നതും രണ്ടു പ്രഭാതത്തിന്റെ സന്ദേശവുമായി എത്തുന്ന കാക്ക വിളിക്കുന്നതും എന്തായിരിക്കും കവി ഉദ്ദേശിച്ചിരിക്കുക? ഊർന്നിറങ്ങുന്നത് ഒരു അനുഭവമാണ് ഒരു സന്ദേശമാണ് എന്നാകാം.

6.ശ്രീ അബ്ദുൽ പുന്നയൂർക്കുളത്തിന്റെ കാടെരിയുന്നു എന്ന് കവിത പ്രകൃതിയെ നിരന്തരം നശിപ്പിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്റെ ക്രൂരതകൾക്ക് നേരെ ഉയർത്തുന്ന ശബ്ദമാണ്. ശക്തിയുള്ളവൻ  ശക്തിയില്ലാത്തവനെ  ചൂഷണം ചെയ്യുന്ന സാമൂഹ്യനീതിക്ക് നേരെയുള്ള ശബ്ദം. പലപ്പോഴും ഇത്തരം ദുർഘടനകൾ സംഭവിക്കുന്നതിനു പിന്നിൽ ആരൊക്കെയോ ലാഭം കൊയ്യുന്നുണ്ടു. ഖാണ്ഡവവനം ദഹിപ്പിച്ചത് ഇന്ദ്രപ്രസ്ഥം പണിയാനായിരുന്നു. ഇരകൾക്ക് സഹായം ഈശ്വരനോടുള്ള പ്രാർത്ഥനമാത്രം. കവി പറയുന്നത് അത് തന്നെ, ഒരു മഴ പെയ്തെങ്കിൽ, മാലാഖമാർ ഇറങ്ങി വന്നെങ്കിൽ. അത് സംഭവിക്കുക വളരെ വിരളം. സാർത്ഥതാല്പര്യങ്ങൾക്കായി മനുഷ്യൻ പ്രകൃതിയെയും മനുഷ്യനെ  തന്നെയും സംഹരിക്കുന്നു.



7. അമേരിക്കയിലെ  വർണ്ണ വിവേചനത്തിന്റെ ഒരു ദയനീയ ചിത്രമാണ് ശ്രീമതി ബിന്ദു ടിജിയുടെ  മായാത്ത കറുപ്പ് എന്ന കവിതയിൽ. ഇന്നും അവസാനിക്കാത്ത അടിമത്തത്തിന്റെ തിക്തഫലങ്ങൾ വിളയുന്ന മണ്ണായി അമേരിക്ക തീരുന്നതിലുള്ള ധാർമ്മികരോഷം  കവി പ്രകടിപ്പിക്കുന്നു. അമേരിക്കയിലെ മുൻകാലകവികളിൽ ഭൂരിപക്ഷം പേരും അന്നുകാലത്ത് അടിമകൾ അനുഭവിച്ചിരുന്ന യാതനകളുടെയും പീഡനങ്ങളുടെയും വിവരങ്ങൾ കവിതയിലൂടെ പറഞ്ഞിരുന്നു. അതിനൊക്കെ ഫലമുണ്ടാവുകയും ചെയ്തു. അമേരിക്കയിൽ കുറച്ചുവർഷങ്ങൾക്ക്മുമ്പ് ഒരു വെളുത്ത നിയമപാലകനാൽ കൊല്ലപ്പെട്ട കറുത്ത വർഗ്ഗക്കാരനെകുറിച്ചാണീ കവിത. അവന്റെ നിറം കറുപ്പാണെന്നു കവി പറയുന്നു എന്തുകൊണ്ടാണ് കറുപ്പ്. കാരണം കണ്ണിൽ വെളിച്ചമില്ലാത്തവർക്ക് ഒരു  നിറമെ അറിയൂ.  അത് ഇരുട്ടിന്റെ നിറം. അവനെക്കുറിച്ച് പറയുമ്പോൾ കവി അമേരിക്കയുടെ ഭൂതകാലത്തേക്കും സഞ്ചരിക്കുന്നുണ്ട്. അന്ന് ചാട്ടവാറടികൊണ്ടു പൊട്ടിപൊളിഞ്ഞ കറുത്ത ദേഹങ്ങളുടെ രോദനം അവർ നമ്മെ കേൾപ്പിക്കുന്നു. കവിത അവസാനിപ്പിക്കുന്നത് ചില വാഗ്‌ദാനങ്ങൾ നൽകിക്കൊണ്ടാണ്. അനീതിയുടെ അസമതത്വത്തിന്റെ കരിനിഴൽ വീശാത്ത ഒരു സ്വതന്ത്രഭൂമി, അടിമത്തത്തിൽ നിന്നും മോചനം. ഇതെല്ലാമാണ് കവിയുടെ സങ്കല്പങ്ങൾ. അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റിനെപോലെ വാഗ്‌ദാനങ്ങൾ പാലിക്കാൻ കവി തയ്യാറെടുക്കുന്നു.

8. ശ്രീമതി എൽസി നീലിമ മാത്യു എഴുതിയ കണക്കൻ എന്ന കവിതക്ക് കണക്ക് പഠിച്ചവൻ എന്നും കണക്കൻ എന്ന മുക്കുവസമുദായക്കാരൻ എന്നും അർത്ഥമുണ്ട്  കവിതയിൽ കണക്കു പഠിച്ചവൻ എന്നർത്ഥമാണ്  ഉപയോഗിക്കുന്നത്. കണക്കിന്റെ തുറന്ന പുസ്തകങ്ങളും പിന്നെ മറച്ചുവയ്ക്കപ്പെടുന്ന പുസ്തകങ്ങളും അതിലൂടെ മനുഷ്യർ കബളിപ്പിക്കപ്പെടാനുള്ള സാധ്യതകളും നമുക്ക് അനുമാനിക്കാം. കണക്കിന്റെ അളവ് സമ്പ്രദായങ്ങളിൽ ചെറിയ ഒരു ചതി നടത്തി (മൂന്നു അടി) മൂന്നു ലോകവും തട്ടിച്ചെടുത്ത വാമനന്മാർ ഇപ്പോഴുമുണ്ടെന്ന സൂചന കവിത തരുന്നു.

9. ശ്രീ ജേക്കബ് ജോണിന്റെ നിറങ്ങളുടെ പിന്നാലെ എന്ന കവിതയിൽ കാറ്റുകളെപ്പറ്റി പറയുന്നുണ്ട്. അന്ധനായ കാറ്റിനേയും, കവിയുടെ കാഴ്ച്ചയുള്ള കാറ്റിനേയും. കാറ്റിനെ ഈശ്വരന്റെ പ്രതീകമായും കാണുന്നുണ്ട്. കാറ്റ് ചിലപ്പോഴൊക്കെ പ്രകൃതിയുടെ  അനിയന്ത്രിതമായ, പരുക്കനായ ശക്തിയായിട്ടാണനുഭവപ്പെടുക. അത് അശക്തരെ പറപ്പിച്ചുകൊണ്ടുപോകുന്നു. ഇതിൽ ഒരു ചിത്രകാരനെപ്പറ്റി പറയുന്നുണ്ട്. ഏറ്റവും വലിയ ചിത്രകാരൻ ഈശ്വരനാണ്. കവിതയിലെ വിവരണങ്ങളിൽ നിന്ന് ഈശ്വരൻ ഈ പ്രപഞ്ചത്തെ വർണ്ണപ്രഭാമയമാക്കുന്നു, അതെല്ലാം കാണാൻ ആയിരം കണ്ണുകൾ വേണം. പക്ഷെ കാഴ്ചയുള്ള കവി പിന്നെ കാണുന്നത് പ്രകൃതിയുടെ വിനാശമാണ്. നഷ്ടപ്പെട്ട പ്രകൃതിയുടെ ഭംഗിയിൽ ദുഃഖിതനായി കവി ഏകനായി സഞ്ചരിക്കുന്നു.  സൗന്ദര്യം ഘനീഭവിച്ചുപോയ നിശ്ശബ്ദതയിൽ കാലുകൾ തെന്നുന്ന  ഒരു മഞ്ഞുമലയിലേക്ക് കയറുന്നപോലെ.

10. കാൽപ്പനികതയുടെ തുടിപ്പുകൾ അനുഭവപ്പെടുന്ന കവിതയാണ്  സിന്ധു നായർ എഴുതിയ അയാൾ. പ്രണയത്തിന്റെ ഉന്മാദനിമിഷങ്ങൾ ഹൃദയമിടിപ്പോടെ വായനക്കാർക്ക് പകർന്നിരിക്കയാണ് കവി. "കത്തി നിന്ന പകലും മഴ പെയ്ത നിലാവും എന്നോ കണ്ടുമുട്ടിയപ്പോൾ സന്ധ്യയായി പൂത്തിറങ്ങിയവരും", സങ്കൽപ്പ സുന്ദരമായ വരികൾ.  ഊഷ്മളമായ വികാരങ്ങളുടെ പകൽ ചൂടിനെ തണുപ്പിക്കുന്ന മഴയുടെ സാന്ത്വനം അത് പിന്നെ നിലാവായി വീണ്ടും സന്ധ്യയായി പൂക്കുന്നു. പ്രണയവസന്തത്തിന്റെ സൂചന. കണ്ടുമുട്ടിയവൻ ആദ്യം നിഴലായ്, പിന്നെ നിനവായ്, പതിയെ വേനൽപ്പൊതിയും മഴയായ്, ഇപ്പോൾ ഇരുളിൽ പോലും മിഴിയായ് അയാൾ, അവൻ നീ, ഞാൻ. പ്രണയത്തിന്റെ ദ്രാക്ഷാമാധുരി കോരികുടിക്കുന്ന സുഖാനുഭൂതി നൽകുന്ന വരികൾ.

11. . സീന ജോസഫിന്റെ പേടിയുടെ കൂടുകൾ എന്ന കവിത അമേരിക്കക്കാർ പറയുന്ന ഒഴിഞ്ഞ കൂടിനെ ഓർമ്മിപ്പിക്കുന്നു. മക്കൾ വലുതായി വീട് വിട്ടുപോകുമ്പോൾ വീട്ടിൽ തനിയെയാകുന്ന വൃദ്ധരായ മാതാപിതാക്കൾ.  ഇലയനക്കങ്ങളെ ഭയന്ന് സൂര്യന് മുന്നേ ഉണർന്നു മക്കളെയോർത്ത് പിടയുമ്പോൾ മക്കളിലും ഭീതിയാണ്. മാതാപിതാക്കളെ കൂടെ കൂട്ടണമെന്ന്. പക്ഷെ അതിനു അവർ തയ്യാറല്ല.ഇത്രനാളത്തെ ജീവിതം ഇനിയെന്തായാലെന്ന നിസ്സംഗ മനോഭാവം മാതാപിതാക്കൾക്ക്. ഈ കൊച്ചുകവിതയിൽ അമേരിക്കയിലെ  മുതിർന്ന പൗരന്മാരുടെ ആകുലതകളെ അതിഭാവുകത്വമില്ലാതെ സരളമായി ആവിഷ്‌കരിച്ചിരിക്കുന്നു.

12. ശ്രീ ജോസ് ഓച്ചാലിന്റെ "നന്ദി" എന്ന കവിത ലളിതമാണ്. നന്ദിയുള്ളവരായിരിക്കുക എന്ന അവസ്ഥയെ പ്രകീർത്തിക്കുന്നതാണ്. കോപം, ക്രോധം തുടങ്ങിയ തിന്മകളെ മനസ്സിൽ നിന്നും ഒഴിവാക്കി നന്മയുടെ വഴികളിലൂടെ സഞ്ചരിക്കണമെന്ന സന്ദേശവും നൽകുന്നു

13. ദീപ വിഷ്ണുവിന്റെ പൊള്ളലുകൾ എന്ന കവിത ഇന്ന് ലോകത്ത് നടക്കുന്ന അക്രമങ്ങളുടെ അശാന്തിയുടെ വളരെ ഭയാനകമായ ഒരു ചിത്രം വരച്ചുകാട്ടുന്നു. പ്രകൃതിയുടെയും മനുഷ്യന്റെയും ക്രൂരതകളുടെ യാഥാർഥ്യങ്ങൾ നമ്മെ അള്ളിപ്പിടിക്കുന്നു. ഭീതിപ്പെടുത്തന്ന  ദൃശ്യങ്ങളുടെ വിവരണങ്ങൾ വായനക്കാരനെ ചിന്തിപ്പിക്കാൻ പര്യാപ്തമാണ്‌. ചൂഷകന്റെ, വിനാശം വിതക്കുന്നവന്റെ, സംഹരിക്കുന്നവന്റെ കൈകളിൽ നിന്നും രക്ഷപ്രാപിക്കേണ്ട ആവശ്യകത കവിതയിൽ പ്രതിധ്വനിക്കുന്നു.

14. ജെസ്സി ജയകൃഷ്ണൻ എഴുതിയ സാധ്യതകളുടെ ദൂരം അമിതമായ ശുഭാപ്തിവിശ്വാസം വച്ചുപുലർത്തുന്ന പ്രസന്നമായ ഒരു കവിതയാണ്. കുഞ്ഞുമോഹങ്ങളിൽ തുടങ്ങി മോഹം അതിരു വിടുന്നു. "എത്രയോ നൂറ്റാണ്ടുകൾക്ക് ശേഷം കണ്ണിൽ നക്ഷത്രം കൊളുത്തണമെന്നു മോഹിക്കുന്നു. അതിന്റെയർത്ഥം  അവരിൽ ആവേശവും പ്രത്യാശയും നിറയുന്നുവെന്നാണ്. പലപ്പോഴും നിറവേറ്റാൻ കഴിയാത്ത മോഹങ്ങളെപ്പറ്റി തന്റെ കഴിവിനെ പെരുപ്പിച്ച് കണ്ടു അവർ ദിവാസ്വപ്‌നം കാണുന്നു.  അതേസമയം മരണം വരെ ശാന്തമായി ഉറങ്ങാനും കഴിയുമെന്നു അവർ വിശ്വസിക്കുന്നു. അമേരിക്കൻ കവയിത്രി എമിലി ഡിക്കിൻസൺ പ്രതീക്ഷയെപ്പറ്റിയെഴുതിയ കവിതയിൽ അതിനു ചിറകുകൾ ഉണ്ടെന്നു എഴുതിട്ടുണ്ട്  ശ്രീമതി ജെസ്സി ജയകൃഷ്ണൻ ആ ചിറകുകൾ നെയ്യുന്നു.

15. ഗൺ ക്ളബ് ഈസ് എ ഫൺ ക്ലബ് ഒരു ചെറിയ തമാശയിലൂടെ രണ്ടു രാജ്യത്തെ സംസ്കാരങ്ങളുടെ വ്യത്യാസം കവിയുടെ അനുഭവത്തിലൂടെ പറയുന്നു. കാരണം പൊതുവെ അങ്ങനെയുള്ള വ്യത്യാസങ്ങൾ നില നിൽക്കുന്നുണ്ടോ എന്നറിയില്ലല്ലോ. ഗൺ ക്ലബ് എന്ന് പറയുന്നത് അമേരിക്കയിലുണ്ടായിരുന്ന വാദ്യമേളക്കാരുടെ ഒരു കൂട്ടമാണ്. അതേസമയം അതേപേരിൽ തോക്ക് സംബന്ധമായുള്ള ക്ലബുകളും ഉണ്ടാകാം. പോർട്ടോറിക്കോകാരി ഗൺ ക്ലബ് ഫൺ ക്ലബ്ബെന്നു പറഞ്ഞത് വാദ്യമേള കൂട്ടത്തെ ആയിരിക്കാം. 

16. ചാക്കോ ഇട്ടിച്ചെറിയ എഴുതിയ കാഴ്ചയുള്ള കുരുടൻ എന്ന കവിത ഒരു ഉപദേശം നൽകുന്നു. ഭിക്ഷ യാചിക്കുന്ന ഒരു കുരുടൻ തെരുവിൽ ജീവിത മാർഗ്ഗവും  തേടുന്നത് നിരീക്ഷിക്കുന്ന കവി സ്വയം പറയുകയാണ് നമ്മൾ കണ്ണുള്ളവർ കാണേണ്ടത് കാണുന്നില്ല. നമ്മൾ മണ്ണിലെ മനോഹര ദൃശ്യങ്ങൾക്ക് മുന്നിൽ മിഴി നട്ടു നിൽക്കുന്നു. ഈശ്വരദർശനമാണ് ആനന്ദകരം. എന്റെ ചിന്തകളെ നിന്നിലേക്ക് നയിക്കുവെന്നു കവി ഈശ്വരനോട് പ്രാർത്ഥിക്കുന്നു

17. ശ്രീ ഫ്രാൻസിസ് എ തോട്ടത്തിലിന്റെ ഭൂമികന്യക എന്ന കവിത ഭൂമിക്കുള്ള ഒരു പ്രണയഗീതമാണ്. പ്രണയിനിയുടെ സൗന്ദര്യം അവളുടെ അംഗോപാംഗങ്ങളിലേക്ക് കണ്ണോടിച്ച്  വർണ്ണിച്ചിട്ടുണ്ട്  അവളുടേ ആലോലപാണികൾ കവിയെ ചുറ്റിപിടിച്ചു അവളിൽ ഉറങ്ങാൻ കൊതിക്കുന്നു കവി. പ്രണയരസം തുളുമ്പുന്ന കാവ്യം

18. ശ്രീ ജോസ് ചെരിപുറം  സംഹാരം എന്ന കവിതയിൽ പറയാൻ ഉദ്ദേശിക്കുന്നത് മനുഷ്യർ ഈ ഭൂമി പ്രതിദിനം നശിപ്പിച്ചുകൊണ്ടിരിക്കയാണെന്നാണ്. ഭൂമി സർവം സഹയാണ്. എല്ലാം സഹിക്കുന്നവൾ. പക്ഷെ അതിക്രമങ്ങൾ ചുറ്റിലും നടമാടുമ്പോൾ കവിയിലെ ധാർമ്മിക രോഷം ഉയരുന്നു. കവി വസുന്ധരയോട് ചോദിക്കയാണ് നിർദോഷികളുടെ രക്തം വീണു നീ കലുഷിതയാകുമ്പോൾ എന്തിനു ക്ഷമ? പ്രതികാരദാഹിയാകു. കവി അക്രമത്തിനു പ്രോത്സാഹനം നൽകുന്നു. കവിക്ക് അതിനുള്ള ന്യായങ്ങൾ ഉണ്ട്. ഇതിനെ poetic violence എന്ന് പറയുന്നു.

19. അനശ്വരം മാമ്പിള്ളിയുടെ എന്തിനീ എന്ന കവിതയിൽ മുഴങ്ങുന്നത് ജാതിക്കെതിരായ കവിയുടെ അസംതൃപ്തിയാണ്.  മഹാകവി കുമാരനാശാൻ ജാതിപിശാചിനെതിരെ കവിതകൾ എഴുതിയ കവിയാണ്. കവികളുടെ ധർമ്മം സമൂഹത്തിന്റെ ഉച്ചനീചത്വങ്ങളെ മനുഷ്യരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ് ഈ കവിതയിലും സ്നേഹത്തിന്റെ ശക്തിയെപ്പറ്റി കവി പറയുന്നുണ്ട് സ്നേഹത്താൽ വൃദ്ധി തേടുന്നു എന്ന് പഴയ കവി പറയുമ്പോൾ "കരളാലെ വർണ്ണിച്ചിടാം സ്നേഹം കാന്ത സ്മേരയെ കൈകൾ കോർത്ത് പുണർന്നീടാം എന്ന് കവി പറയുന്നു. ജാതിമത ചിന്തകളില്ലാതെ എല്ലാവരും ഒന്നിച്ച് ഒരു നല്ല നാളേക്ക് വേണ്ടി ഗമിക്കണമെന്നു കവി അഭ്യർത്ഥിക്കുന്നു.
5,7,10. ശ്രീമതി ഡോണ മയൂരയുടെ ജലശില്പത്തിലെ കടൽപൂവ്, ശ്രീമതി ഗീതാ  രാജന്റെ കാണാക്കാഴ്ചകളുടെ നിഴലനക്കങ്ങൾ ഡോക്ടർ സുകുമാറിന്റെ ഞാനതിൻ രസികനേകൻ എന്നീ കവിതകളും ശ്രദ്ധേയങ്ങളാണ്.

ഇങ്ങനെ ഒരു നിരൂപണം തയ്യാറാക്കാൻ എന്നോട് ആവശ്യപ്പെട്ട ശ്രീ അനിൽ  ശ്രീനിവാസന്  ഞാൻ നന്ദി പറയുന്നു. ഈ സമാഹാരത്തിലെ കഥകളെക്കുറിച്ചുള്ള നിരൂപണം തയ്യാറാക്കികൊണ്ടിരിക്കുന്നു. ഉടനെ പ്രസിദ്ധീകരിക്കും.
എല്ലാ കവികൾക്കും സുശോഭനമായ കാവ്യജീവിതം ആശംസിക്കുന്നു.

ശുഭം
 

Join WhatsApp News
Jayan varghese 2024-06-17 10:09:20
അപ്പോൾ നമ്മുടെ ബാബു പാറയ്ക്കലിന്റെ നടപ്പാതയല്ലേ ഈ നടപ്പാത ? സമാന്തരമായി നീളുന്ന ഈ രണ്ട് സമകാലീന നടപ്പാതകൾ നടക്കാൻ പോകുന്നവന് കൺഫ്യൂഷൻ സമ്മാനിക്കുന്നു?
അനിലാൽ ശ്രീനിവാസൻ 2024-06-17 13:04:04
പ്രിയ സുധിർ പണിക്കവീട്ടിൽ സർ , നടപ്പാത വായനയിൽ ഉൾപ്പെടുത്തിയതിനും നിഷ്പക്ഷമായി നിരൂപണം ചെയ്തതിനും ലാനയുടെ സ്നേഹവും നന്ദിയും.
A LANA Member 2024-06-17 13:38:31
ശ്രീ ജയൻ വർഗീസ് ചോദിച്ചതിന് ഉത്തരമില്ലേ? ലാനാ പുസ്തകത്തിന് ഈ തലക്കെട്ട് കൊടുത്തപ്പോൾ തന്നെ ഞങ്ങൾ ഇക്കാര്യം പറഞ്ഞതാണ്. തന്നെയുമല്ല, ഈ പുസ്തകവും ഈ തലക്കെട്ടുമായി എന്തു ബന്ധം? ശ്രീ പാറയ്ക്കലിന്റെ ലേഖനങ്ങൾ കൂടുതലും നടക്കാൻ പോകുമ്പോൾ സുഹൃത്തുക്കൾ തമ്മിലുള്ള സംവാദങ്ങൾ ആണ്. ആ ലേഖന പരമ്പര ഏതാനും വർഷങ്ങളായി ഉള്ളതാണ്. കവിതാ സമാഹാരത്തിനു കുറച്ചുകൂടി നല്ലൊരു തലക്കെട്ടാകാമായിരുന്നു.
vayanakaaran 2024-06-17 14:04:08
അമേരിക്കൻ മലയാള സാഹിത്യ നിരൂപണങ്ങൾ എന്ന പേരിൽ സുധീർ പണിക്കവീട്ടിൽ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നാമത്തെ പുസ്തകം ഉടനെ പുറത്തിറക്കുമെന്ന് അദ്ദേഹം പറയുന്നു. പുസ്തകങ്ങളുടെ പേരുകൾ " പയേറിയയിലെ പനിനീർപ്പൂക്കൾ (നിരൂപണം ഭാഗം ഒന്ന്) 2 . അമേരിക്കൻ മലയാള സാഹിത്യ നിരൂപണങ്ങൾ - ഭാഗം രണ്ടു. അച്ചടിയിൽ - അമേരിക്കൻ മലയാള സാഹിത്യ നിരൂപണങ്ങൾ ഭാഗം മൂന്നു. ഞങ്ങൾ വായിക്കില്ല അതുകൊണ്ടു ഞങ്ങൾക്കറിയില്ല എന്നത് സത്യമാകുന്നില്ല. ശ്രീ സുധീറിന് എല്ലാ നന്മകളും നേരുന്നു.
കുഞ്ചത്തു തുഞ്ചൻ നമ്പ്യർ 2024-06-17 15:21:29
തലയുണ്ടെങ്കിൽ അല്ലെ തലകെട്ട് ശരിയാകു. ഏലിയൻസ് ഇവിടെ നമ്മുടെ ഇടയിൽ ഉണ്ടെന്ന് ഈ അടുത്തിട വായിക്കാൻ ഇടയായി. ഈ ആധുനികന്മാർ അവരായിരിക്കും. സുധീർ പണിക്കവീട്ടിൽ ഇവരെ കണ്ടെത്താനുള്ള ചില അടയാളങ്ങൾ വായനക്കാർക്ക് നൽകിയിട്ടുണ്ട്. മനുഷ്യരുമായി ബന്ധമില്ലാത്ത ഇവരിൽ നിന്ന് മാറി നടക്കാൻ അത് നല്ലൊരു വഴികാട്ടിയാണ്.
Abdul 2024-06-17 17:17:07
Lana collecting American Malayalees poems and making a book, it's encouraging...
Adhunikan 2024-06-17 19:17:46
ഒരു സംശയം - ഇതിൽ മൂന്നു കവികഉടെ രചനകൾ ശ്രദ്ധേയങ്ങളാണെന്നു സുധീർ എഴുതുന്നു. എന്തുകൊണ്ട് മറ്റു കവിതകൾപോലെ വിവരിക്കുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക